” ഇതെന്താടാ പതിവില്ലാതെ വണ്ടി കഴുകലൊക്കെ .. എവിടെ പോവാ നീ “
രാവിലേ എണീറ്റ് വണ്ടി കഴുകുമ്പോ ആണ് ഉമ്മ പുറത്തേക്ക് വന്നത് ..
” എവിടെ പോവാനാ ഉമ്മാ .. കഴുകണമെന്ന് തോന്നി കഴുകി.. കുറേ ആയില്ലെ എന്റെ വണ്ടി വെള്ളം കണ്ടിട്ട് .. “
” അതൊന്നും അല്ല ഉമ്മീ .. എനിക്കറിയാം എന്തിനാ കഴുകുന്നതെന്ന് “
എന്റള്ളോഹ് ..ഈ പിശാച് രാവിലെതന്നെ എണീറ്റ് വന്നോ ..
“ഇന്ന് നിനക്ക് ക്ലാസ്സില്ലെടീ .. പോയി റെഡിയാകാൻ നോക്ക് “
” ഇന്ന് ശനിയാഴ്ചയാ .. എനിക്കും അമ്മായിക്കും ഇന്ന് ക്ലാസ്സില്ല.. “
ഒരു കള്ളച്ചിരിയോടെ ആണ് അവളത് പറഞ്ഞത് .. മിക്കവാറും ഉമ്മാക്കും പിടികിട്ടിക്കാണും ..
” ഓഹ് .. അപ്പൊ അതാണല്ലെ കാര്യം .. നടക്കട്ട് നടക്കട്ട് .. അതിനി ഇത്ര നേരത്തേ പോകണോ.. ചോറൊക്കെ കഴിച്ച് പോയാ പോരേ .. “
ഉമ്മാക്കും പിടികിട്ടി .. എനി കളവ് പറഞ്ഞിട്ട് കാര്യമില്ല ..
” ആഹ് ഉമ്മാ .. ഇപ്പൊ പോകുന്നില്ല .. വണ്ടിക്ക് കുറച്ച് പണിയുണ്ട് .. അതൊക്കെ കഴിഞ്ഞ് ഉച്ചക്ക് ശേഷേ പോകൂ .. “
അതും പറഞ്ഞ് ഞാനെന്റെ പണി തുടർന്നു .. പിന്നെ നേരെ വർക്ക്ഷോപ്പിലേക്ക് പോയി വണ്ടിക്കുള്ള പണിയും കഴിഞ്ഞ് വരുമ്പോഴാണ് അവളുടെ കോൾ വന്നത് ..
” ഇക്കാ .. ഇങ്ങൾ അവിടുന്ന് വിട്ടൊ .. വിടുമ്പൊ പറയണംട്ടൊ .. റെഡിയാകാനാണ് .. “.
” ആഹ് ഫറീ .. ഞാൻ വിട്ടാലും ഒരുമണിക്കൂർ വേണ്ടേ അവിടെ എത്താൻ .. എത്താനാകുമ്പോ വിളിക്കാം .. അപ്പൊ ഇറങ്ങിയാൽ മതി .. ഉച്ചക്ക് ശേഷേ ഞാനിറങ്ങൂ .. “
” ആഹ് .. എന്നാ ശരി ഇക്കാ .. അപ്പുറം പണിയുണ്ട് .. വരുമ്പോ വിളിക്ക് .. “
വീട്ടിലെ എല്ലാ പണിയിലും അവൾ ഉമ്മാനെ സഹായിക്കാറുണ്ടെന്നാ ന്റുമ്മ പറഞ്ഞത് .. ക്ലീനിങ് ആയാലും അടുക്കള പണി ആയാലും എല്ലാത്തിലും അവൾടെ കയ്യെത്തും .. അങ്ങനെയാണ് അവരവളെ വളർത്തിയത് ..
ഓരോന്ന് ആലോചിച്ച് വീടെത്തിയതറിഞ്ഞില്ല .. വേഗം പോയി കുളിച്ച് നിസ്ക്കാരവും കഴിഞ്ഞ് ഫുഡും കഴിച്ച് ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി .. ഹൈവേയിൽ കിറുക്കന്മാരുടെ ശല്ല്യം ഉണ്ടാവൂന്ന് അറിയുന്നത് കൊണ്ട് ഹെൽമെറ്റും സൈഡ് ഗ്ലാസ്സും വെച്ചിട്ടാണ് പോയത് .. പോകുന്ന വഴിക്ക് വെച്ച് തന്നെ അവളെ വിളിച്ച് പറഞ്ഞു .. അവിടെ എത്തുമ്പോഴേക്ക് പെണ്ണ് റെഡിയായി പുറത്ത് നിൽക്കുന്നതാണ് കണ്ടത് ..
എന്നെ കണ്ട അവളുടെ ഉമ്മ അകത്തേക്ക് വിളിച്ചെങ്കിലും പോകാൻ തോന്നിയില്ല .. നിക്കാഹ് മാത്രല്ലെ കഴിഞ്ഞുള്ളൂ .. കല്ല്യാണം കൂടി കഴിഞ്ഞിട്ട് പോകാമെന്ന് കരുതി ..
അവൾ വന്ന് എന്റെ ബൈക്കിന്റെ പിറകിൽ ഇരിക്കുമ്പോ ഇതുവരെയില്ലാത്ത സന്തോഷമാണ് തോന്നിയത് ..
” ഹെല്ലൊ ഇക്കാ . എന്താ വിടുന്നില്ലെ .. “
” ആഹ് .. പോകാം .. ഞാൻ വേറെന്തോ ചിന്ദയിലായിരുന്നു .. പിടിച്ചിരുന്നോളൂട്ടോ .. “
അത് കേട്ട അവൾ ഒരു കള്ളച്ചിരി ചിരിച്ച് എന്റെ തോളിൽ കൈ വെച്ചു .. എന്റെ സാറേ .. കെട്ടാൻ പോകുന്ന പെണ്ണിനെ ബൈക്കിന്റെ പിറകിൽ ഇരുത്തി പോകുമ്പോ കിട്ടുന്ന സുഖം .. ഉഫ്ഫ്ഫ്ഫ്ഫ് .. ആരു കണ്ടാലും പ്രശ്നം ഇല്ല .. സ്വതന്ത്രമായി പറക്കാം .. വല്ലത്തൊരു ഫീൽ ആയിരുന്നു അപ്പൊ ..
” ഇക്ക മെല്ലെ പോയാ മതി കെട്ടൊ “
” അതെന്താ പെണ്ണേ .. സ്പീഡ് പേടിയാണോ.”
” ആഹ് .. കുറച്ച് പേടിയാണ് .. എനിക്ക് ബൈക്കിനേക്കാളും ഇഷ്ടം കാറാണ് .. അതാകുമ്പോ ഒരു സേഫ്റ്റി അല്ലെ .. “
” ആഹ് .. ബട്ട് എനിക്ക് കാറിനേക്കാളും ഇഷ്ടം ബൈക്കാണ് .. ഇന്നത്തെ ട്രിപ്പ് കഴിയുന്നതിനി മുമ്പ് നിന്റെ ഇഷ്ടവും ഞാൻ മാറ്റിയിരിക്കും .. “
അന്ന് അവളേം കൂട്ടി കുറച്ച് ദൂരെയുള്ള പാർക്കിലേക്കാണ് പോയത് .. അതുകൊണ്ട് തന്നെ തിരിച്ച് വരുമ്പോൾ നേരം ഇരുട്ടിയിരുന്നു ..
” ഇക്കാ .. എനി കുറച്ച് സ്പീഡിൽ വിട്ടോളൂ .. നേരം കുറേ വൈകിയില്ലെ .. ഉപ്പ ഫോൺ വിളിക്കാൻ തുടങ്ങി .. “
” ആഹ് .. ആയ്ക്കോട്ടേ .. നി മെല്ലെ പോകാൻ പറഞ്ഞതോണ്ട് മാത്രാണ് ഇങ്ങനെ പോയത് .. “
അതും പറഞ്ഞ് ഞാൻ ബൈക്കിന്റെ സ്പീഡ് കുറച്ച് കൂട്ടാൻ തുടങ്ങി .. സ്പീഡ് കൂട്ടുന്നതിനനുസരിച്ച് അവളുടെ പിടിത്തവും മുറുകുന്നുണ്ടായിരുന്നു ..
” ഓവെർ സ്പീഡ് വേണ്ടാട്ടോ ഇക്കാ .. ഇങ്ങളെ സൂത്രം എനിക്ക് മനസ്സിലാകുന്നുണ്ട് .. “
” ഹിഹി .. എന്നാ മുറുക്കെ പിടിച്ചോ .. ഇല്ലേൽ സ്പീഡ് കൂട്ടും .. “
മടിച്ച് മടിച്ച് അവൾ ഞാൻ പറഞ്ഞത് പോലെ പിടിച്ചു .. വീട് എത്താറാവുന്തോറും ഞാൻ സ്പീഡ് കുറച്ചുകൊണ്ടേയിരുന്നു .. ആ രാത്രി മുഴുവൻ അവളുടെ കൂടെ ദൂരേക്ക് ഒരു യാത്ര പോകണമെന്ന് മനസ്സ് പറയുന്നു .. വീട്ടിന്നുള്ള വിളി കാരണം പെട്ടെന്ന് തന്നെ എത്തിക്കാമെന്ന് കരുതി ..
” ഇക്കാ .. നാളെയും വരുവോ .. “
വീടെത്തി ഇറങ്ങുമ്പോഴാണ് അവളത് ചോദിച്ചത് ..
” ഇതെന്ത് ചോദ്യാ പെണ്ണേ .. ഞാൻ തിരിച്ച് ഗൾഫിലേക്ക് പോകാൻ അത്രല്ലെ ദിവസുള്ളൂ .. അതുകൊണ്ട് എന്തായാലും വരും .. “
അവളേം കാത്ത് വീടിന്റെ പുറത്ത് ഉപ്പയും ഉമ്മയും നിൽക്കുന്നത് കണ്ടതുകൊണ്ട് വേറൊന്നും പറയാതെ അവൾ അകത്തേക്ക് പോയി .. ഫുഡ് കഴിച്ചിട്ട് പോകാമെന്ന് അവർ നിർബന്ധിക്കുന്നുണ്ടെങ്കിലും പിന്നൊരു ദിവസം ആകാമെന്ന് ഞാൻ പറഞ്ഞു ..
തിരിച്ച് വീട്ടിലേക്ക് പോകുമ്പോ എന്തോ ഭയങ്കര മിസ്സിങ് ആയിരുന്നു .. പിന്നിൽ അവളുടെ സാന്നിധ്യം ഉള്ളത് പോലെ തന്നെ തോന്നുന്നു .. ആ കൈകൾ എന്റെ തോളിൽ പിടിക്കുന്നത് പോലെ .. എങ്ങനെയൊക്കെയോ അവളുടെ ഓർമ്മകൾ എന്നെ വീട്ടിലെത്തിച്ചു ..
എത്തിയ വിവരം അവളെ അറിയിക്കാൻ ഫോൺ എടുത്ത് നോക്കുമ്പോഴേക്ക് അവളുടെ മെസ്സേജ് ഉണ്ടായിരുന്നു ..
” ഇക്കാ .. ഇങ്ങൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു .. ഇന്നുമുതൽ എനിക്ക് കാറിനേക്കാളും ഇഷ്ടം ബൈക്ക് ആണ് .. ഇക്ക കൂടെ ഉണ്ടെങ്കിൽ മാത്രം .. നാളെ കുറച്ചൂടി നേരത്തെ വരണം .. ഞാൻ കാത്തുനിൽക്കും “
അന്ന് രാത്രി അവളെ വിളിച്ചപ്പൊ അവൾക്ക് ഏറ്റവും കൂടുതൽ പറയാനുണ്ടായത് ഐ മിസ്സ് യു എന്നാണ് .. എനിക്കും അതേ ഫീൽ ആയിരുന്നു ..
പിറ്റേന്നും അതേ സമയം ആകുമ്പോ തന്നെയാണ് ഞാൻ പോയത് .. ഇന്നലെ പോകുമ്പോ അവൾ വീട്ടിന്നുള്ളിലാണെങ്കിൽ ഇന്ന് അവൾ റോഡ് സൈഡിലാണ് എന്നെ കാത്തുനിന്നത് …
” എത്ര സമയമായെന്നറിയോ ഞാൻ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് .. ഇന്ന് നേരത്തെ വരാൻ പറഞ്ഞതല്ലെ .. ഇന്നലെ വന്നതിനേക്കാളും ലെയ്റ്റായി .. “
” എന്റെ പൊന്നോ .. ഇയ്യൊന്നടങ്ങ് .. വൈകിയിട്ട് പോയാലല്ലെ വൈകിയിട്ട് തിരിച്ചുവരാൻ പറ്റൂ .. രാവിലെയുള്ള യാത്രയേക്കാളും എനിക്കിഷ്ടം രാത്രിയാണ് .. അതല്ലെ ഇങ്ങനെ വന്നത് “
” ആഹ .. ഇന്നലെ കൊണ്ടുവിട്ടതിനേക്കാളും നേരത്തെ ഇന്ന് കൊണ്ടുവിട്ടോണം .. ഇല്ലേൽ പിന്നെ ഉപ്പ രാത്രിയിലുള്ള കറക്കം അവസാനിപ്പിക്കും .. “
” എല്ലാം നീ പറയുന്നത് പോലെ .. സമയം കളയാതെ വന്ന് വണ്ടിയിൽ കയറ് ..”
” ആഹ് .. ആട്ടേ .. ഇന്നെവിടേക്കാ പ്ലാൻ .. “
” ഇന്ന് ബീച്ചിലേക്ക് .. പിന്നെ എന്റെ ഫ്രണ്ട് അവന്റെ വൈഫിനെയും കൂട്ടി മാളിലേക്ക് വരാന്ന് പറഞ്ഞിട്ടുണ്ട് .. ബീച്ചിന്ന് നേരെ അങ്ങോട്ടേക്ക് പോകാം .. “
” ഓഹ് .. ചുരുക്കി പറഞ്ഞാ ഇന്നും ലെയ്റ്റാകും അല്ലെ .. സാരമില്ല .. ഉപ്പാനോട് ഞാനെന്തെങ്കിലും പറഞ്ഞൊപ്പിച്ചോളാം .. “
അതും പറഞ്ഞ് അവൾ വണ്ടിയിൽ കയറി ഇരുന്നു .. ഇന്നലെ രാത്രി എവിടെ നിറുത്തിയോ അവിടുന്നാണ് ഇന്ന് ഞങ്ങൾ തുടങ്ങിയത് .. ബോയ്സ് ഇരിക്കുന്നത് പോലെ ഇരുന്ന് രണ്ട് കൈകൊണ്ടും എന്നെ വളഞ്ഞുപിടിച്ച് ..
” ദേയ് പെണ്ണേ .. പരിസര ബോധം വേണംട്ടോ .. ആൾക്കാർ കാണും .. ഇപ്പൊഴേ ഇങ്ങനെ പിടിച്ചാൽ എനിക്ക് വണ്ടി ഓടിക്കാൻ പറ്റില്ല .. തിരിച്ചു വരുമ്പോ എങ്ങനെ വേണമെങ്കിലും ന്റെ പൊന്നൂസ് പിടിച്ചോ .. “
“പറയുന്നാൾക്കാർ പറയട്ടെ .. ഞാനെന്റെ കെട്ടിയോനെ അല്ലെ പിടിക്കുന്നത് .. ഇങ്ങൾ വണ്ടി എടുക്ക് ഇക്കൂ .. “
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല .. വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു .. അവിടെ ഇറങ്ങി കടലയും കൊറിച്ചുകൊണ്ട് ഞങ്ങൾ തീരത്തുകൂടി നടന്നു .. നടക്കുമ്പോ ഇടയ്ക്ക് അവളുടെ കൈ എന്റെ കയ്യിൽ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു .. ആൾക്കാരുടെ ഇടയിൽ കൂടി ഞാനവളെ ചേർത്തുപിടിച്ചു നടന്നു .. തെല്ല് അഹങ്കാരത്തോടെ തന്നെ ..
പിന്നെ തീരത്തിരുന്ന് രണ്ടാളുടെയും പേരെഴുതി കളിക്കുമ്പോഴാണ് വാട്ട്സപ്പിൽ അമ്മോന്റെ മെസ്സേജ് വന്നത് .. അത് വായ്ച്ച എന്റെ മുഖം കണ്ട് അവൾ എന്താ സംഭവം എന്ന് ചോദിച്ചു ..
” ഇന്ന് രണ്ടല്ലെ തിയ്യതി .. വരുന്ന എട്ടാം തിയ്യതിയിലേക്ക് എനിക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റെടുത്തു .. അത് അമ്മോൻ അയച്ചുതന്നതാ .. “
” അള്ളാഹ് ..ഇത്ര പെട്ടെന്നൊ .. കുറച്ചൂടി കഴിഞ്ഞിട്ട് എടുത്താ പോരേ .. ഇതിപ്പൊ നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനി മുമ്പേ പോകാനുള്ള പരിപാടിയാണോ ..”
” എനി നീട്ടുമെന്ന് തോന്നുന്നില്ല പെണ്ണേ .. വന്നിട്ടിപ്പൊ മൂന്ന് മാസം ആവാറായല്ലൊ . എനിയെന്ത് പറഞ്ഞിട്ടും കാര്യമില്ല .. “
” ഇങ്ങളെന്തിനാ പിന്നെ എന്നെ നിക്കാഹ് ആക്കിയത് .. ഇത്ര പെട്ടെന്ന് പോകണെമെന്നുണ്ടെങ്കിൽ തിരിച്ചു വന്നിട്ട് നിക്കാഹ് ആക്കിയാ പോരായിരുന്നോ ..എന്നെ വെറുതേ സങ്കടപ്പെടുത്താൻ .. “
” എല്ലാം വിധിയല്ലെ പൊന്നൂ .. അങ്ങനല്ലെ നടക്കൂ .. ഇപ്പൊ നിക്കാഹ് മാത്രല്ലെ കഴിഞ്ഞുള്ളൂ.. ഇങ്ങനെ ആണെങ്കിൽ കല്ല്യാണം കഴിഞ്ഞാ നീയെന്നെ വിടുമെന്ന് തോന്നുന്നില്ലല്ലൊ ..”
” ആഹ് വിടില്ല .. കല്ല്യാണം കഴിഞ്ഞാ പിന്നെ ഇങ്ങളെവ്ടേക്കും പോകണ്ട .. എന്റെ കൂടെ തന്നെ വേണം എന്നും .. “
അതും പറഞ്ഞ് അവളെന്റെ കൈ ചേർത്തുപിടിച്ചു .. അവളെ പോലെ തന്നെ എനിക്കും സങ്കടം ഉണ്ട് .. സഹിച്ചല്ലെ പറ്റൂ . പ്രവാസി ആയിപ്പോയില്ലെ ..
പിന്നീട് അവിടുന്ന് നേരെ മാളിലേക്ക് വിട്ടു .. അവിടെ ഫ്രണ്ടും അവന്റെ വൈഫും കാത്തുനിൽക്കുന്നുണ്ട് .. അവിടുന്ന് എല്ലാരും ഒരുമിച്ചിരുന്ന് ഫുഡും കഴിച്ചിട്ടാണ് വീട്ടിലേക്ക് തിരിച്ചത് ..
പോകുന്ന വഴിക്ക് ഒരു മൈതാനിയിൽ വെച്ച് ഫെസ്റ്റിവൽ നടക്കുന്നത് കണ്ടു .. അവൾക്ക് ഹാന്റ്ബാഗ് ഇല്ല എന്നുള്ള കാര്യം അപ്പൊഴാണ് ഓർമ്മ വന്നത് .. അവിടെ കയറി അവൾക്കിഷ്ടപ്പെട്ട ബാഗും വാങ്ങിച്ച് എന്റെ പേരെഴുതിയ ഒരു മോതിരം വേണമെന്ന് പറഞ്ഞപ്പൊ അതും വാങ്ങിച്ചുകൊടുത്ത് വീട്ടിലേക്ക് തിരിച്ചു .. സമയം ഇരുട്ടിയിരുന്നു .. അവൾടെ ഉപ്പാടെ കോളും വന്നുകൊണ്ടേയിരുന്നു ..
” ഇക്കാ .. എനിക്കെന്തോ പോലെ ..”
പോകുന്ന വഴിക്ക് എന്നോട് ചേർന്നിരുന്ന് എന്റെ കാതിലായി അവൾ പറഞ്ഞു..
” എന്ത് പറ്റി പൊന്നൂസേ .. ഫുഡ് ശരിയായില്ലെ .. വേറെ എന്തിങ്കിലും വേണോ .. “
” അതല്ല ഇക്കൂ . ഇങ്ങൾ പോകാറായെന്ന് പറഞ്ഞപ്പൊ .. ഇപ്പൊ പോയാ ഇനിയെപ്പൊളാ വരാ “
” ഇപ്പൊ പോയാ നാളെ നിനക്ക് ക്ലാസ്സ് ഉണ്ടായത് കൊണ്ട് വൈകിട്ടല്ലെ വരാൻ പറ്റൂ .. അപ്പൊ വരും .. “
” ദേയ് .. കളിക്കല്ലെ ഇക്കൂ .ഞാൻ കാര്യായിട്ട് ഒരു കാര്യം ചോദിക്കുമ്പൊ ഇങ്ങനെ തമാശ ആക്കല്ലീട്ടോ .. ഇങ്ങൾ ഗൾഫിൽ പോകുന്ന കാര്യാ ഞാൻ പറഞ്ഞത് .. “
” ഓഹ് അതോ .. അതിനി ഇനിയും ദിവസങ്ങളില്ലെ പെണ്ണേ .. ഇപ്പഴേ എന്തിനാ ബേജാറാവുന്നേ .. ആ സമയം ആവട്ടെ .. നീ ക്ഷമിക്ക് ..”
പാവം നല്ല സങ്കടം ഉണ്ട് .. എനിക്ക് ആദ്യം തന്നെ കാര്യം മനസ്സിലായെങ്കിലും വിഷയം മാറ്റാൻ മാത്രാണ് അങ്ങനെ പറഞ്ഞത് .. ഇവൾടെ വിഷമം മാറ്റാൻ ഒരൊറ്റ വഴിയേ ഉള്ളൂ ..
വീടെത്താൻ കുറച്ചൂടി ദൂരം മാത്രേ ബാക്കിയുള്ളൂ .. അവളിപ്പൊഴും ഒന്നും പറയാതെ എന്നോട് ചേർന്നിരിക്കുകയാണ് .. ഞാൻ മെല്ലെ അവളുടെ കൈ പൊക്കിയെടുത്ത് പുറം കൈക്ക് എന്റെ ആദ്യ ചുംബനം നൽകി .. അത് കിട്ടേണ്ട താമസം അവൾക്കെന്തോ ഷോക്കടിച്ചത് പോലെ എന്നിൽ നിന്നും കുറച്ച് അകന്നിരുന്നു ..
” എന്താ ഫറീ .. ഇഷ്ടായില്ലെ .. “
” അള്ളോഹ് .. ഇഷ്ടായില്ലേന്നോ.. “
അതും പറഞ്ഞ് അവൾ വീണ്ടും എന്നോട് ചേർന്നിരുന്നു ..
” പെട്ടെന്ന് കിട്ടിയപ്പൊ എനിക്കെന്തൊക്കെയോ ആയി ..അതാ ഞാനങ്ങനെ മാറിയത് .. ഇത് മാത്രം മതി ഇക്കാ ഇന്നെനിക്ക് സന്തോഷത്തോടെ ഉറങ്ങാൻ .. “
പിന്നെ വീട്ടിലെത്തിയപ്പൊ അവൾക്ക് അകത്തേക്ക് കയറാൻ ന്തോ മടി പോലെ .. ഞാൻ വിട്ടുപോകുന്നത് കൊണ്ടായിരിക്കും .. ഞങ്ങൾ എത്തിയത് ഉമ്മ കണ്ടത്കൊണ്ട് മാത്രം അവൾ അപ്പൊ തന്നെ അകത്തേക്ക് കയറി .. വീണ്ടും അവളുടെ ഓർമ്മകൾ മാത്രം ബൈക്കിന്റെ പിറകിൽ കയറ്റിവെച്ച് ഞാൻ തിരിച്ചുപോന്നു .. അവളില്ലാത്ത യാത്ര അത്ര സുഖമല്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ വീട്ടിലെത്തിയിരുന്നു ..
വീട്ടിലെത്തി ഫുഡും കഴിച്ച് കിടക്കും നേരമാണ് ഫോൺ നോക്കിയത് .. അതിൽ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു ..
” ഇക്കാ .. ഇങ്ങൾ ഇവിടുന്ന് പോയെങ്കിലും ഇപ്പൊളും എന്റെ കൂടെ തന്നെ ഉള്ളത് പോലെ തോന്നുന്നു .. എന്റെ കൈ ഇപ്പൊഴും ഇക്കയെ മണക്കുന്നുണ്ട് .. അടുത്താണ് വീടെങ്കിൽ വീണ്ടും തിരിച്ചുവരാൻ പറഞ്ഞേനെ .. അത്രക്കും മിസ്സ് ചെയ്യുന്നു .. “
” അടുത്താണെങ്കിൽ ന്റെ പെണ്ണ് പറഞ്ഞില്ലെങ്കിലും ഞാനെത്തിയേനെ .. സാരമില്ല എനിയും ദിവസങ്ങളുണ്ടല്ലൊ .. നാളെ തിങ്കളാഴ്ച അല്ലെ .. ക്ലാസ്സില്ലെ അനക്ക് “
” ആഹ് ഉണ്ട് .. അപ്പൊ നാളെ ഇക്ക വരില്ലെ..”
കുറച്ച് വിഷമത്തോടെയാണ് അവളത് ചോദിച്ചത് ..
” ന്റെ പെണ്ണ് ക്ലാസ്സ് വിട്ട് ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ഇക്ക അവിടെ ഉണ്ടാവും.. യുനിഫോമിലായോണ്ട് ഇന്നത്തെ പോലെയുള്ള രാത്രി കറക്കം ഒന്നും നടക്കില്ല .. നേരെ കണ്ണൂർ സിറ്റിയിലേക്ക് പോകുന്നു , അവിടുന്ന് വല്ലതും കഴിക്കുന്നു പിന്നെ തിരിച്ച് വീട്ടിലേക്ക് തന്നെ വരുന്നു .. പോരേ .. “
” ആഹ് .. അത് മതി ഇക്കാ .. ഇന്നും വൈകിയത് കൊണ്ട് വീട്ടിന്ന് വഴക്ക് കിട്ടി .. നാളെ നേരത്തെ തിരിക്കാം .. “
ക്ലാസുണ്ടായത് കൊണ്ട് അന്നത്തെ സംസാരം കുറച്ചിരുന്നു .. അവളോടൊത്തുള്ള യാത്രയെ സ്വപ്നം കണ്ട് ഞാൻ ഉറക്കിലേക്ക് വഴുതി ..
പിറ്റേന്ന് പോകുമ്പോഴും ഇത്തിരി വൈകിയാണ് എത്തിയത് .. എത്ര നേരത്തെ വിട്ടാലും ടൗണിലുള്ള ബ്ലോക്ക് കാരണം അഞ്ച് മിനുട്ടെങ്കിലും വൈകിയിട്ടെ എത്താറുള്ളൂ .. ബൈക്കായത് ഭാഗ്യം.. വല്ല കാറുമാണെങ്കിൽ തെണ്ടിപ്പോയേനേ ..
അവിടെ എത്തുമ്പോഴേക്കും ന്റെ പെണ്ണ് ന്നെയും കാത്ത് ഫ്രണ്ട്സിന്റെ കൂടെ നിൽക്കുന്നുണ്ടായിരുന്നു .. ന്നെ കണ്ടപ്പൊ തന്നെ അവരോട് ബൈയും പറഞ്ഞ് അവൾ പിറകിൽ വന്നിരുന്നു .. കോളേജിന്റെ മുന്നിലായത് കൊണ്ടാണോന്ന് അറിയില്ല .. എല്ലാവരുടെയും കണ്ണ് ഞങ്ങൾടെ മേലാണ് .. അതൊന്നും കാര്യാക്കാതെ ഞാനവളെയും കൊണ്ട് സിറ്റിയിലേക്ക് വിട്ടു ..
പിന്നെ അവൾക്കിഷ്ടപ്പെട്ട ഫുഡും കഴിച്ച് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു .. സമയം ഒരുപാടൊന്നും ആയില്ല ..അതുകൊണ്ടുതന്നെ കുറച്ച് വളഞ്ഞുപിടിച്ച് പോകാമെന്ന് കരുതി വണ്ടി ഹൈവേയിൽ നിന്നും തെറ്റിച്ചു ..
” ഇതേതാ ഇക്കാ റൂട്ട് ..”
” അതൊക്കെയുണ്ട് .. എനിക്കറിയാവുന്ന വഴി തന്നെയാണ് .. നേരെ പോയാൽ നേരത്തേ എത്തും .. അതുകൊണ്ട് ഈ വഴി പിടിച്ചെന്നേ ഉള്ളൂ .. “
” ആഹ് .. അത് നല്ലകാര്യായി .. ഞാനും ഇക്കയോട് പറയാൻ ഇരിക്കായിരുന്നു .. ഇത്ര നേരത്തേ ഒന്നും പോകണ്ട നേരം ഇരുട്ടുന്നതിനി മുമ്പ് എത്തിച്ചാ മതിയെന്ന് .. “
” അതാണ് മോളേ ഈ ഇക്ക .. നീ മനസ്സിൽ കണ്ടത് ഞാൻ മാനത്ത് കാണും .. ഹിഹി .. “
” ഓഹ് പിന്നെ .. അതല്ല ഇക്കാ .. എനിക്ക് ഇങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ടേനു .. “
” ആഹ .. ആദ്യായിട്ടാണല്ലൊ ഇങ്ങോട്ട് ഒരു ചോദ്യമൊക്കെ .. എന്നാ സമയം കളയാണ്ട് ചോദിച്ചോളീ .. “
അവൾ രാത്രിയിൽ ഇരിക്കുന്നത് പോലെ തന്നെയാണ് ഇപ്പൊഴും ഇരിക്കുന്നത് .. യൂനിഫോം ആയത് കൊണ്ടോന്ന് അറിയില്ല .. വഴിയിലേ പോകുന്ന എല്ലാത്തിന്റെം കണ്ണ് ഞങ്ങൾടെ മേലെ തന്നെ .. അവളതൊന്നും ശ്രദ്ധിക്കുന്നില്ലാന്ന് എനിക്ക് മനസ്സിലായിരുന്നു ..
” ഞാൻ ചോദിക്കട്ടെ ഇക്കാ .. “
” ഒന്നു ചോദിക്ക് പെണ്ണേ .. “
” അത് …. ഇക്കാക്ക് നിക്കാഹിനു മുമ്പ് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ .. സത്യം മാത്രം പറഞ്ഞാ മതി .. “
അള്ളോഹ് .. ഇവളെന്താ ഇങ്ങനെ ചോദിക്കുന്നത് … ചോദിക്കാനുണ്ടെന്ന് പറഞ്ഞപ്പൊ ഇത്രയ്ക്കും എത്തുമെന്ന് ഞാനറിഞ്ഞില്ല .. ഞാനെന്ത് പറയും പടച്ചോനേ ..
ആറു വർഷത്തെ പ്രണയിനിയെ നഷ്ടപ്പെട്ടിട്ട് ഒരു മാസം തികഞ്ഞില്ല … എല്ലാം മറന്നു വരികയായിരുന്നു .. വീണ്ടും അവളുടെ ഓർമ്മകൾ എന്നിലേക്ക് തിരിച്ചെത്താൻ തുടങ്ങി…
തുടരും …
Read complete ഉമ്മ കണ്ടെത്തിയ നിധി Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission