“ഇക്കൊല്ലവും തിടമ്പേറ്റാൻ അയ്യപ്പനാ വരണേ..”
തറവാട്ടമ്പലത്തിലെ കമ്മറ്റി മീറ്റിംഗ് കഴിഞ്ഞെത്തിയ അച്ഛന്റെ വാക്കുകൾ അകത്തളത്തിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്…
വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വെച്ച്, മുറിയുടെ വാതിലിനോട് ചേർന്നുനിന്ന് ഞാൻ കാതോർത്തു….
“ഞാൻ ഒരുപാട് എതിർത്ത് നോക്കി… പക്ഷേ ഭൂരിഭാഗം പേരും അവന്റെ ഒപ്പമായിരുന്നു.. ഹാ… അല്ലേലും ലക്ഷണമൊത്ത അവനെ ആർക്കാ ഇഷ്‌ടാവാതിരിക്ക്യാ… ഇഷ്ടം കൂടിയതാണല്ലോ ഇപ്പൊ ഇവിടെ പ്രശ്നവും…”
അച്ഛന്റെ സ്വരത്തിൽ ഒരുതരം നിർവികാരത നിഴലിക്കുന്നുണ്ട്…
എല്ലാം കേൾക്കുന്നുണ്ടെന്ന പോലെ അമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള മൂളലും കേൾക്കാം…
“ഇനിയിപ്പോ പാറുകുട്ടിയുടെ മേലൊരു കണ്ണുവേണം..”
നെടുവീർപ്പുമിട്ടുള്ള അച്ഛന്റെ സ്വരത്തോടൊപ്പം, നടന്നകലുന്ന ആ കാൽപെരുമാറ്റവും ഞാൻ അറിയുന്നുണ്ടായിരുന്നു…
ഒരുപക്ഷേ ഉമ്മറത്തേക്കാവാം.. മനസ്സിന് ഭാരമേറുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ അച്ഛൻ മലർന്നു കിടക്കുന്നത് പതിവാണ്…
വാതിലരികിൽ നിന്നും ഞാൻ വീണ്ടും കട്ടിലിൽ വന്നിരുന്നു….
അച്ഛൻ പറഞ്ഞ ആ പാറുക്കുട്ടി… അത് ഞാനാണ്…
എന്നെയോർത്തുള്ള അച്ഛന്റെ ആ പരിഭ്രമത്തിന് പറയാൻ, ഒരു പഴങ്കഥതന്നെയുണ്ട്…
മുത്തശ്ശിയുടെ കൈപിടിച്ച്, നാട്ടിലെ ഉത്സവങ്ങളായ ഉത്സവപ്പറമ്പുകളിൽ ഓടി നടന്നൊരു പെൺകൊടിയുടെ കഥ…
ചെണ്ടമേളത്തെക്കാൾ, കളിക്കോപ്പുകളെക്കാൾ, എണ്ണകറുപ്പുള്ള കരിവീരന്മാരെ കണ്ണിമ ചിമ്മാതെ നോക്കി നിന്നിരുന്നവളുടെ കഥ…
അന്ന്,, ഉറക്കം തിരിഞ്ഞുനോക്കാത്ത രാത്രികളിൽ, മുത്തശ്ശിയുടെ ചൂടേറ്റ് കിടക്കുമ്പോൾ, മരംവെട്ടുകാരന്റെയും ദേവതയുടെയും കഥകൾക്ക് പകരം മുത്തശ്ശി പറഞ്ഞുകേട്ടത്, അവന്റെ കഥകളായിരുന്നു…
കാടിറങ്ങി വന്ന ആ കുട്ടിക്കൊമ്പന്റെ…
“കണ്ണംകുളങ്ങര അയ്യപ്പൻ….”
വടിവൊത്ത ശരീരവും, പ്രായത്തിൽ കവിഞ്ഞ തലയെടുപ്പും, കുട്ടിത്തം മാറാത്ത പ്രകൃതവും അവനെ നാട്ടുകാരുടെ പ്രിയങ്കരനാക്കി മാറ്റിയതിനൊപ്പം, മുത്തശ്ശിയുടെ കഥയിലൂടെ എന്റെ മനസ്സിലും അവൻ ഇടംപിടിച്ചു…
പിന്നീട് ചെണ്ടയിൽ കോലുവീഴുന്നിടത്തെല്ലാം ഓടിയെത്തി, ഞാൻ അവനെ തിരഞ്ഞുകൊണ്ടേയിരുന്നു…. മണിക്കൂറുകളോളം അവന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടേയിരുന്നു….
എന്റെ വളർച്ചക്കൊപ്പം, ആ ഇഷ്ടവും കൂടി കൂടി വന്നു…
അതുകൊണ്ടാണല്ലോ… കല്യാണപ്രായമായപ്പോൾ പെണ്ണുകാണാനെത്തിയവരോട് ഞാൻ ഉടമ്പടി വെച്ചത്..
“കണ്ണംകുളങ്ങര അയ്യപ്പന്റെ പുറത്തേറ്റുന്നവന് മാത്രം,, ഈ പാറുക്കുട്ടി സ്വന്തം…”
കാണാൻ വന്നവർ അതിലും വേഗത്തിൽ നാലുപാടും ചിതറിയോടി….
അല്ലേലും മരംകേറി പെണ്ണിനെ വേണ്ടാത്തവന്മാർ എങ്ങനെ, ആനപ്പുറത്തേറാൻ കൊതിക്കുന്ന എന്നെ കെട്ടും!!!!
ആ പ്രതീക്ഷയും അസ്തമിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ,,,
ഒടുവിൽ, കഴിഞ്ഞകൊല്ലത്തെ തറവാട്ടമ്പലത്തിലെ ശീവേലി എഴുന്നെള്ളിപ്പിന് ശേഷം, അമ്പല പറമ്പിന്റെ മൂലയിൽ നിന്നിരുന്ന അവനരികിലെത്തി, ആരുമറിയാതെ അവന്റെ പുറത്തേറുവാൻ ഞാനൊരു ശ്രമം നടത്തി…
പക്ഷേ,,
അലറി വിളിച്ച അവന്റെ ചിഹ്നം വിളിയിൽ, മയങ്ങി കിടന്നിരുന്ന പാപ്പാൻ ഗോപാലേട്ടൻ ചാടിയെഴുന്നേറ്റതും, എന്റെ കരണം നോക്കി പൊട്ടിച്ചതുമെല്ലാം നിമിഷം കൊണ്ടായിരുന്നു…
ഓടിയെത്തിയ അച്ഛൻ, കണ്ണീരൊഴുകുന്ന എന്നെയൊന്ന് നോക്കി,, ഗോപാലേട്ടനെ അടിച്ചു മലർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു…
“ഞാൻ കൊടുക്കാൻ മറന്നുപോയത്, നിങ്ങളെന്നെ ഓർമ്മിപ്പിച്ചു…”
മകളുടെ കരണം നോക്കി പൊട്ടിച്ചവനോട് കൈകൂപ്പി നന്ദി പറഞ്ഞ ലോകത്തിലെ ആദ്യത്തെ അച്ഛനായിരിക്കും ഒരുപക്ഷേ എന്റെ അച്ഛൻ…
കാഴ്ച്ച കണ്ടു മൂക്കത്തു വിരൽ വെച്ചു നിന്നിരുന്ന കാരണവന്മാർ പലരും പിന്നീട് അടക്കം പറഞ്ഞു തുടങ്ങി…
“കൊഞ്ചിച്ചും ലാളിച്ചും ഒന്നല്ലേയുള്ളുന്നു കരുതി വളർത്തിയിട്ടിയിട്ടിപ്പോ എന്തായി…”
‘പെണ്ണൊരിക്കലും ആനപ്പുറത്തേറുവാൻ പാടില്ലെന്ന് എഴുതിവച്ചിട്ടുണ്ടോ’ എന്നവരോട് ചോദിക്കുവാൻ പലയാവർത്തി മുതിർന്നെങ്കിലും, കലിതുള്ളി നോക്കുന്ന അമ്മയുടെ കണ്ണുകൾ എന്റെ നാവുകൾക്ക് കൂച്ചുവിലങ്ങണിയിച്ചു….
ഇന്നും പൂരത്തിന് കൊടിയേറിയപ്പോഴും, അമ്പലനടയിൽ ആരൊക്കെയോ, ആ പഴങ്കഥ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു….
അച്ഛന്റെ സ്വരത്തിലെ നിർവികാരതക്കും, അമ്മയുടെ മൗനത്തിനും കാരണം അതുതന്നെയായിരുന്നു…
മേശപ്പുറത്തെ പുസ്തകത്താളിലൊളിപ്പിച്ച അയ്യപ്പൻറെ ചിത്രം കയ്യിലെടുത്ത്, അൽപ്പനേരം അതിലേക്ക് നോക്കിയിരുന്നു…
പെണ്ണായി ജനിച്ചതിലുള്ള ദേഷ്യമോ സങ്കടമോ… കണ്ണുകളിൽ ചുടുകണ്ണീർ ഉരുണ്ടുകയറി….
മനസ്സില്ലാ മനസ്സോടെ ആ ചിത്രം കീറിനുറുക്കി ജനലഴികളിലൂടെ ദൂരേക്കെറിഞ്ഞു…. ഒപ്പം സ്വപ്‌നങ്ങളെല്ലാം ഉള്ളിന്റെയുള്ളിൽ കുഴിച്ചുമൂടി….
“എന്താ കുട്ട്യേ… ഇപ്പ്രാവശ്യവും ഒരു കൈ നോക്കുന്നോ??”
ശീവേലിയെഴുന്നെള്ളിപ്പിന് കുളിച്ചൊരുങ്ങുന്ന അയ്യപ്പനേയും നോക്കി നിൽക്കുമ്പോഴാണ് പുറകിൽ നിന്നും കാർന്നോരുടെ പരിഹാസമുയർന്നത്… അതിന് പിന്തുണയേകും വിധത്തിൽ കൂടിനിന്നവരുടെ അട്ടഹാസവും…
ഒന്നും മിണ്ടാതെ നടപ്പുരയിലെത്തി ദേവിക്ക് മുൻപിൽ കൈകൂപ്പി നിന്ന് പരാതിപെട്ടി തുറക്കുമ്പോൾ, കണ്ണുകൾ ആ പരിഹാസത്താൽ ഈറനണിഞ്ഞിരുന്നു….
പൂജ കഴിഞ്ഞിറങ്ങിയ തന്ത്രി, കൈവെള്ളയിലേക്ക് പ്രസാദം പകരുമ്പോൾ, എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു…
“വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാ… ഈ കണ്ണുനീർ കാണാതിരിക്കില്ല…”
“ഉം… കേട്ടിരിക്കണൂ കേട്ടിരിക്കണൂ… ഒരുപാട് കേട്ടിരിക്കണൂ…”
ഒരുപക്ഷേ പ്രായമതികമേറാത്ത ചെറുപ്പക്കാരനായതിനാലാകാം, അതുവരെയുള്ള അമർഷമെല്ലാം ഒരു പരിഹാസത്തിലൂടെന്ന പോലെ തന്ത്രിയോട് തുറന്നടിച്ചത്…
ഏറ്റുവാങ്ങിയ പ്രസാദവുമായി ഞാൻ നടപ്പുരയിൽ വന്നിരുന്നു…
ശീവേലിയെഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി…
പൂജചെയ്ത ഭഗവതിയുടെ തിടമ്പുമായി തന്ത്രി പുറത്തിറങ്ങുമ്പോൾ, കാരണവന്മാർ ഏവരും ചടങ്ങിന് തുടക്കമിട്ടു…
“ഒരുക്കങ്ങളിൽ ദേവിക്ക് എന്തേലും അസംതൃപ്തിയുണ്ടോ…”???
“ഇല്ല്യാ… എല്ലാം മംഗളകരമായി നടക്കുന്നുണ്ട്… പക്ഷേ… ദേവിക്കൊരാഗ്രഹമുണ്ട്…”
തന്ത്രിയുടെ ആ വാക്കുകളിൽ നടപ്പുര ഒരു നിമിഷം നിശബ്ദമായി…
“അതെന്താച്ചാൽ,, തിടമ്പേറ്റിയ കോലം ഉയർത്തി പിടിച്ചിരിക്കേണ്ടത് ഒരു കന്യകയായിരിക്കണമത്രേ…”
കേട്ടവർ കേട്ടവർ ആശ്ചര്യത്തോടെ മുഖത്തോടു മുഖം നോക്കി… പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്…
“ഹേയ്… നിർത്താ… ദേവി നിശ്ചയം അതാണെങ്കിൽ അതുപോലെ തന്നെ നടക്കട്ടെ…”
കാരണവരുടെ ഉയർന്നു പൊങ്ങിയ ശബ്ദത്തിൽ നടപ്പുര പതിയെ നിശബ്ദതിയിലേക്കാഴ്ന്നു…
“പക്ഷേ ആരാ അതിന് പറ്റിയ ആൾ??”
കൂടി നിന്നവരിൽ ആരുടെയോ ആ സംശയത്തിനുള്ള ഉത്തരമെന്നോണം കാരണവന്മാർ ഏവരും ഒരുമിച്ചെന്നെ നോക്കി…
“ഇല്ലിക്കുളം തറവാട്ടിൽ അതിന് യോജിച്ച ആൾ മ്മ്‌ടെ പാറൂട്ടി തന്നെയാ… അല്ലാന്നു ആർക്കേലും എതിരഭിപ്രായമുണ്ടോ???”
തലമൂത്ത കാരണവരുടെ തീരുമാനത്തിൽ ഏവരും ഒരുപോലെ സംതൃപ്തി പ്രകടിപ്പിക്കുമ്പോൾ ലോകം കീഴ്മേൽ മറിയുന്ന അനുഭൂതിയായിരുന്നു എന്നിൽ…
അരികിലെത്തിയ മുത്തശ്ശിമാർ അരയിൽ പട്ടു ചുറ്റുമ്പോഴും, നെറ്റിയിൽ കുറി വരക്കുമ്പോഴും, ഒരു സ്വപ്നലോകത്തെന്നപോലെ ഞാൻ മിഴിച്ചു നിന്നു…
കളഭം ചാർത്തിയ തിടമ്പ് കൈകളിലെടുത്ത്, ഭഗവതിക്ക് മുൻപിൽ കണ്ണുകളടച്ചു പ്രാർത്ഥിച്ചുകൊണ്ട്,, ഞാൻ അയ്യപ്പനരികിലേക്ക് നടന്നു… അല്ലാ… എന്റെ ജീവിതാഭിലാഷം നേടിയെടുക്കാനായി നടന്നു…
ഒരിക്കലെൻറെ കൈ സ്പര്ശത്തിൽ ആക്രോശിച്ചവൻ ഇന്നെനിക്ക് മുൻപിൽ തലകുനിച്ചുനിന്ന് കയറാൻ ഇടം തരുന്നു….
കരണമടിച്ചുപൊട്ടിച്ച ഗോപാലേട്ടന്റെ കൈകൾ, ഇന്നെന്റെ സ്വപ്നത്തിലേക്കുയരാൻ താങ്ങായ് കരുത്തേകുന്നു….
കലിപൂണ്ടിരുന്ന അമ്മയുടെ കണ്ണുകളിലും, നിർവികാരത തളം കെട്ടിയിരുന്ന അച്ഛന്റെ മുഖത്തും , പരിഹാസപുഞ്ചിരി നിറഞ്ഞിരുന്ന കാരണവന്മാരുടെ ചുണ്ടിലും, നാമജപങ്ങൾ ഉയരുന്നുണ്ട്….
അല്ലേലും മറ്റുള്ളവരുടെ ആവശ്യമായി മാറുമ്പോൾ മാത്രമല്ലേ നമ്മുടെ സ്വപ്നങ്ങൾക്ക് അവർ നിറം പകരാറുള്ളൂ….
സ്ഥലകാല ബോധം വീണ്ടെടുത്ത നിമിഷത്തിൽ അയ്യപ്പന്റെ പുറത്തേറി ആ വലിയ സ്വപ്നം കീഴടക്കാനായതിന്റെ ആഹ്ലാദത്തോടെ നന്ദിവാക്കുമായി ഞാൻ നടയിലേക്ക് നോക്കുമ്പോൾ,, ഭഗവതിക്കരികിലിരിക്കുന്ന ആ കണ്ണുകൾ ഒരു കള്ളപുഞ്ചിരിയോടെ എന്നെ ഓർമ്മപ്പെടുത്തി…
“ഞാൻ പറഞ്ഞില്ലേ… വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാണെന്ന്…”
പരിഹാസങ്ങൾ അതിരുകടന്നപ്പോൾ, നിറഞ്ഞുതുളുമ്പിയ കണ്ണുമായി ദേവിക്ക് മുൻപിൽ കൈകൂപ്പുമ്പോൾ, ദേവിക്കൊപ്പം തന്നെ ആ കണ്ണുകളും തിരിച്ചറിഞ്ഞിരിക്കണം എന്റെ മനസ്സ്….
അല്ലേലും, ആഗ്രഹങ്ങൾ നിറവേറ്റാൻ ദൈവം പ്രത്യക്ഷപ്പെടുന്നത് പലരൂപത്തിൽ അല്ലേ….
പറയാനൊരുങ്ങിയ നന്ദിവാക്ക് ഞാൻ അപ്പാടെ വിഴുങ്ങി… പകരം, ഒരു ചെറുപുഞ്ചിരിയിലൂടെ എന്റെ ആ പഴയ ഉടമ്പടി ഓർത്തെടുത്തു…
“കണ്ണംകുളങ്ങര അയ്യപ്പന്റെ പുറത്തേറ്റുന്നവന്,, ഈ പാറുക്കുട്ടി സ്വന്തം…”
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission