Skip to content

മരണങ്ങളുടെ തുരുത്ത് Part 18

  • by
മരണങ്ങളുടെ തുരുത്ത് Malayalam Novel

“സർ” പിറകിൽ നിന്നും സജിത്തിന്റെ വിളി കേട്ട് പ്രതാപ് തിരിഞ്ഞു നോക്കി.

“എന്താടോ ?”

“സർ, ഒരു മിനിറ്റ് ഒന്നിങ്ങോട്ട് വരാമോ ?”

“അനീഷേ, ഞാൻ തിരിച്ചു വിളിക്കാം”

സജിത്തിന്റെ അടുത്തേക്ക് ചെന്ന പ്രതാപ് “എന്താടോ ?”

തന്റെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടർ മോണിറ്ററിലേക്ക് വിരൽ ചൂണ്ടി സജിത്ത്,

“സർ നേരത്തെ പറഞ്ഞ ബെൻസ് കാർ ആശുപത്രി പടിയിലെ സിഗ്നൽ കടന്ന് ഏകദേശം ഇരുപത് മിനിറ്റിന് ശേഷം ഒരു ബ്ലാക്ക് ടൊയോട്ട എത്തിയോസ് കാർ ബൈപ്പാസ് സിഗ്നൽ കടന്ന് പോയിട്ടുണ്ട്”

“അതിനെന്താടോ?”

“സർ അയാൾ ഈ കാറിലാണോ അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നൊരു സംശയം”

“ആ സമയത്ത് അത് വഴി ഒരുപാട് വാഹനങ്ങൾ കടന്ന് പോയിട്ടില്ലേ. പിന്നെ ഈ വാഹനം മാത്രം തനിക്ക് സംശയം തോന്നാൻ കാരണം എന്താ ?”

“സർ, ആ സമയത്ത് അത് വഴി പോയ എല്ലാ വണ്ടികളുടെയും ചിത്രങ്ങൾ ഒരേ സമയം രണ്ട് ക്യാമറയിലെയും ഞാൻ നോക്കിയിരുന്നു. അതിൽ ഈ കാർ ഒരു ക്യാമറയിൽ മാത്രമാണുള്ളത് . പിന്നെ ശ്രദ്ധിക്കാൻ കാരണം ഈ കാറിന്റെ പിറകിൽ എന്തോ സ്റ്റിക്കർ അടിച്ചിട്ടുണ്ട്. അതാണ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാൻ ഉള്ള കാരണം”

“ഗുഡ് ജോബ് സജിത്ത്”

“താങ്ക്യൂ സർ”

പ്രതാപ് ഉടനെ അനീഷിനെ വിളിച്ചു.

“എടോ, അയാൾ ആശുപത്രി പടി കഴിഞ്ഞ ശേഷം വേറെ ഏതോ വണ്ടിയിൽ രക്ഷപെട്ടു എന്നാണ് തോന്നുന്നത്”

“സർ പറഞ്ഞത് കറക്റ്റ് ആണ്. അയാളുടെ കാർ ആശുപത്രി പടിക്ക് അടുത്തുള്ള ഒരു ബിൽഡിങ്ങിന്റെ മുന്നിൽ പാർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ അയാൾ ഇവിടുന്ന് എങ്ങനെ പോയി എന്നറിയില്ല സർ ?”

“എടോ, സജിത്ത് പറയുന്നത് അയാൾ ഒരു ടാക്സിയിൽ കയറി പോയിട്ടുണ്ടാകും എന്നാണ്”

“അതെന്തേ സർ അങ്ങിനെ തോന്നാൻ കാരണം?”

പ്രതാപ്, സജിത്ത് പറഞ്ഞ കാരണങ്ങൾ അനീഷിനോട് പറഞ്ഞു.

“അല്ല സർ, അത് വേറെ ആരെങ്കിലും പോയതും ആകാമല്ലോ ?”

“എടോ, ഇതേ പോലുള്ള ചെറിയ ചില സംശയങ്ങളുടെ പിറകെ പോയല്ലേ മുൻപും നമ്മൾ പല കേസുകൾക്കും തുമ്പ് ഉണ്ടാക്കിയിട്ടുള്ളത്. താൻ ഞാൻ പറയുന്ന വണ്ടി അവിടെ അടുത്തുള്ള ഏതെങ്കിലും ടാക്സി സ്റ്റാൻഡിൽ ഉണ്ടോ എന്ന് നോക്ക്. അപ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം. വണ്ടി നമ്പർ ഞാൻ മെസ്സേജ് ഇടാം”

ഫോൺ കട്ടാക്കിയ ശേഷം സജിത്തിന്റെ നേരെ നോക്കി

“എടോ, ആ നമ്പർ പറഞ്ഞേ ?”

“KL 08 ബി ബി 6105”

“ഓക്കെ, താങ്ക്യൂ സജിത്ത്. അപ്പോൾ ഞാൻ ഇറങ്ങുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ തന്നെ വിളിക്കാം”

“ഓക്കെ സർ”

സജിത്ത് പറഞ്ഞ നമ്പർ അനീഷിന് അയച്ച ശേഷം പ്രതാപ് വണ്ടി എടുത്ത് നേരെ ആശുപത്രി പടിയിലേക്ക് പുറപ്പെട്ടു.

പോകുന്ന വഴിയിൽ അനീഷിന്റെ കോൾ വന്നു.

“ഹലോ സർ”

“സജിത്തിന്റെ നിഗമനം കൃത്യം ആയിരുന്നു. എന്റെ മൊബൈലിൽ ഉള്ള ഫോട്ടോ കാണിച്ചപ്പോൾ ഹോസ്പിറ്റലിന്റെ മുന്നിലെ ടാക്സി ഡ്രൈവർമാർ ആളെ തിരിച്ചറിഞ്ഞു. കുറച്ചുനേരം മുൻപ് ഇവിടെ നിന്ന് സർ അയച്ചു തന്ന നമ്പറിൽ ഉള്ള ടാക്സി കാറിൽ സുനിൽ കയറി പോയിട്ടുണ്ട്. പക്ഷെ എവിടേക്കാണ് പോയതെന്ന് അവർക്ക് അറിയില്ല”

“താൻ അവരോട് ചോദിച്ചില്ലേ ?”

“ഞാൻ ചോദിച്ചു സർ. പക്ഷെ അവർക്ക് അറിയില്ല എന്നാണ് പറഞ്ഞത്”

“താൻ ഒരു കാര്യം ചെയ്യ്. അവിടെയുള്ള ഏതെങ്കിലും ഡ്രൈവറുടെ കയ്യിൽ നിന്ന് അയാൾ കയറിപ്പോയ കാറിന്റെ ഡ്രൈവറുടെ നമ്പർ വാങ്ങിക്കു. അപ്പോഴേക്കും ഞാൻ അവിടെ എത്തും”

“ശരി സർ”

പ്രതാപ് അനീഷിന്റെ അടുത്ത് എത്തിയപ്പോഴേക്കും അനീഷ് അവിടെ ഉണ്ടായിരുന്ന ഒരു ഡ്രൈവറുടെ കയ്യിൽ നിന്നും ടാക്സി ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങി വെച്ചിരുന്നു.

പ്രതാപ് ഫോൺ എടുത്ത് സജിത്തിനെ വിളിച്ചു.

“എടോ, ആ ടാക്സി ബൈപ്പാസ് ജംഗ്‌ഷനിൽ നിന്ന് ഏത് റൂട്ടിലേക്കാണ് പോയതെന്ന് നോക്കിയേ… ഞാൻ ഹോൾഡ് ചെയ്യാം”

“ഒരു മിനിറ്റ് സർ”

അല്പ നേരം ഫോൺ ഹോൾഡ് ചെയ്ത ശേഷം സജിത്ത് പറഞ്ഞു.

“സർ ബൈപ്പാസ് ജംഗഷനിൽ നിന്ന് കാർ റൈറ്റ് ആണ് പോയിരിക്കുന്നത്. അതായത് തിരുവനന്തപുരം സൈഡിലേക്ക്”

“താങ്ക്യൂ സജിത്ത്”

ഫോൺ കട്ടാക്കിയ പ്രതാപ് അവിടെ നിന്നിരുന്ന ഒരു ഡ്രൈവറെ കൈകാണിച്ചു

“എടോ, ഇങ്ങോട്ട് വന്നേ”

അടുത്തേക്ക് വന്ന ഡ്രൈവർ,

“എന്താ സർ ?”

“എന്താടോ തന്റെ പേര് ?”

“ഷാനവാസ് എന്നാണ് സർ”

“നേരത്തെ പറഞ്ഞ വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ പേര് എന്താണ് ?”

“സജി എന്നാണ് സർ. ഞങ്ങൾ സജിയേട്ടൻ എന്നാണ് വിളിക്കുന്നത് “

“ആളുടെ നമ്പർ നിന്റെ കയ്യിൽ ഉണ്ടോ ?”

“ഉണ്ടല്ലോ സർ”

“താൻ അയാളെ വിളിച്ച് ഇപ്പോൾ എവിടെ എത്തി എന്നൊന്ന് ചോദിച്ചേ”

“ശരി സർ”

“എടോ, വിളിക്കുമ്പോൾ ആദ്യം അയാളോട് ഫോൺ സ്പീക്കറിൽ ആണോ എന്ന് അന്വേഷിക്കണം. എന്നിട്ട് വേണം ചോദിക്കാൻ. ആ വണ്ടിയിൽ ഉള്ള ആൾക്ക് സംശയം തോന്നാത്ത രീതിയിൽ വേണം മറുപടി പറയാൻ എന്നു പറയണം”

“ശരി സർ”

ഷാനവാസ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് സജിയുടെ നമ്പർ ഡയൽ ചെയ്തു

“ഹലോ സജിയേട്ട”

“എന്താടാ ഷാനു ?”

“ചേട്ടാ, ഫോൺ സ്പീക്കറിൽ ആണോ”

“അതേടാ, വണ്ടിയുടെ സ്പീക്കറിൽ കണക്ട് ചെയ്തിരിക്കുകയാണ്”

“ചേട്ടാ അതൊന്ന് ഓഫ് ചെയ്യോ. ഒരു അർജൻറ് കാര്യം പറയാൻ ഉണ്ട്”

“വല്ലപ്പോഴും ആണ് ഒരു ഓട്ടം കിട്ടുന്നത്. സ്റ്റാൻഡിൽ വെറുതെ കിടക്കുമ്പോഴൊന്നും നിനക്ക് ഒന്നും പറയാൻ ഉണ്ടാകില്ല. ഓട്ടം പോകാൻ തുടങ്ങിയാൽ അപ്പോ തുടങ്ങും വിളിക്കാൻ. സ്പീക്കർ ഓഫാക്കി. എന്താടാ കാര്യം ?”

“ചേട്ടാ, ഇത് അത്യാവശ്യം ആണ്. അതാണ് വിളിച്ചത്”

“എന്താടാ, ഇത്രക്ക് അത്യാവശ്യം ?”

“ചേട്ടന്റെ വണ്ടി വിളിച്ച ആളെ അന്വേഷിച്ച് പോലീസ് ഇവിടെ എത്തിയിട്ടുണ്ട്. അവർ പറഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്”

“എന്താടാ കാര്യം ?”

“അതൊന്നും പറഞ്ഞില്ല. അയാൾക്ക് മനസ്സിലാകാത്ത രീതിയിൽ നിങ്ങൾ ഇപ്പോൾ എവിടെ എത്തി എന്ന് പറഞ്ഞേ”

“എടാ, അത് തിരുവനന്തപുരം റൂട്ടിലെ ബൈപ്പാസ് സിഗ്നൽ കഴിഞ്ഞ് രണ്ടാമത്തെ ഓവർ ബ്രിഡ്ജ് ഇല്ലേ, അതിറങ്ങി കുറച്ചൂടെ മുന്നോട്ട് പോകണം. അപ്പോൾ റൈറ്റ് സൈഡിൽ കാണാം. എന്തിനാട നിനക്ക് ഇപ്പോൾ ആ കട അറിയുന്നത് ?”

“…….”

“ടയർ വാങ്ങിക്കാൻ ആണെങ്കിൽ ഞാൻ അവിടെ ഉള്ളപ്പോൾ നിനക്ക് ചോദിക്കായിരുന്നില്ലേ. വണ്ടിക്ക് ഒരു ഓട്ടം കിട്ടിയാൽ അപ്പോ തുടങ്ങും, ടയർ, ട്യൂബ്, ഹെഡ് ലൈറ്റ്‌ എന്നൊക്കെ പറഞ്ഞ് വിളിക്കാൻ. കുറെ നാളുകൾക്ക് ശേഷം ആണ് തിരുവനന്തപുരത്തേക്ക് ഒരു ഓട്ടം കിട്ടിയത്. അപ്പോഴാണ് അവന്റെ ഫോൺ വിളി. നീ ഫോൺ വെച്ചെ”

ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടപ്പോഴേക്കും ഷാനവാസിന്റെ അടുത്ത് നിന്നിരുന്ന പ്രതാപ്, അനസ് വന്ന പോലീസ് ജീപ്പിൽ നിന്ന് വയർലെസ് എടുത്ത്

“സി ഐ പ്രതാപ് ഹിയർ. ബൈപ്പാസ് ജംഗഷനിൽ നിന്ന് തിരുവനന്തപുരം സൈഡിൽ ഉള്ള കണ്ട്രോൾ റൂം വെഹിക്കിൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക. വെരി അർജൻറ് “.

“ഹൈവേ പെട്രോൾ 001 ഓൺലൈൻ സർ.”

“ആരാണ് ലൈനിൽ ഉള്ളത് ?”

“എസ് ഐ ബിനു ആണ് സർ ?”

“നിങ്ങൾ ബൈപ്പാസിൽ എവിടെയാണ് ഇപ്പോൾ ഉള്ളത് ?”

“രണ്ടാമത്തെ ഓവർബ്രിഡ്ജിന് താഴെയുണ്ട് സർ.”

“വെരി ഗുഡ്. ബൈപ്പാസിലെ രണ്ടാമത്തെ ഓവർ ബ്രിഡ്ജ് കഴിഞ്ഞ് തിരുവനന്തപുരം സൈഡിലേക്ക് ഒരു ബ്ലാക്ക് ടൊയോട്ട എത്തിയോസ് പോകുന്നുണ്ട്. വണ്ടി നമ്പർ KL 08 ബി ബി 6105. ആ വണ്ടിയെയും അതിൽ യാത്ര ചെയ്യുന്ന ആളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുക. പോലീസ് അന്വേഷിക്കുന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് അതിൽ യാത്ര ചെയ്യുന്നത്. ഈസ് ഇറ്റ് ക്ലിയർ.”

“യെസ് ക്ലിയർ സർ”

“ആളെ തടഞ്ഞു വെക്കുക. വേറെ ഒന്നും അയാളെ ചെയ്യരുത്. ഞങ്ങൾ ഇപ്പോൾ അവിടെ എത്തും.”

“ഓക്കെ സർ.”

പ്രതാപ് വയർലസിലെ സംഭാഷണം അവസാനിപ്പിച്ച് വയർലെസ് ജീപ്പിൽ വെച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നപ്പോഴേക്കും ഷാനവാസ് ഓടി ജീപ്പിനടുത്തേക്ക് വന്നു.

“സർ”

“എന്താടോ ?”

“സർ, സജിയേട്ടന് ഇത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ. ഒരുപാട് പ്രാരാബ്ധങ്ങൾ ഉള്ളയാളാണ്. ഈ വണ്ടി ഓടി കിട്ടുന്നത് കൊണ്ടാണ് 3 മക്കളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് സർ”

“ഇല്ലെടോ, അയാൾക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം. താൻ വിട്ടോ”

“അനീഷേ, അനസേ ജീപ്പിൽ കയറ്”

അടുത്ത് നിന്നിരുന്ന പോലീസുകാരനെ വിളിച്ച്

“എടോ, എന്റെ വണ്ടി എടുത്ത് എന്റെ വീട്ടിൽ കൊണ്ട് വെക്കണം. പിന്നെ താക്കോൽ അവിടെ കൊടുത്തേക്ക്. താൻ അവിടുന്ന് ഒരു ഓട്ടോ പിടിച്ച് സ്റ്റേഷനിലേക്ക് പൊയ്ക്കോ” അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് പേഴ്‌സെടുത്ത് അതിൽ നിന്നും നൂറ് രൂപ അയാൾക്ക് കൊടുത്തു. അതിന് ശേഷം ആ ബൊലേറോ ജീപ്പ് അവിടെ നിന്ന് സൈറൻ ഇട്ട് ബൈപ്പാസ് റോഡിലേക്ക് ചീറി പാഞ്ഞു പോയി.

ബൈപ്പാസ് സിഗ്നലിൽ സൈറൻ ഇട്ട് വരുന്ന പോലീസ് ജീപ്പ് കണ്ടതോടെ അവിടെ നിർത്തിയിട്ടിരുന്ന വണ്ടികൾ എല്ലാം സൈഡിലേക്ക് ഒതുക്കി നിർത്തി ജീപ്പിന് പോകുവാനുള്ള വഴി കൊടുത്തു. സൈറൻ ഇട്ട് വരുന്ന ജീപ്പ് കണ്ടതോടെ ജംഗഷനിൽ ഉണ്ടായിരുന്ന പോലീസുകാരൻ രണ്ട് സൈഡിലൂടെയും വരുന്ന വാഹനങ്ങളെ തടഞ്ഞ് ജീപ്പിന് പോകുവാൻ റോഡ് ക്ലിയർ ആക്കി. തിരക്കുള്ള ജംഗ്‌ഷനിൽ ആയിട്ട് പോലും വന്ന സ്പീഡിൽ നിന്നും ഒട്ടും തന്നെ വേഗത കുറക്കാതെ കടന്ന് പോയ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്ടതോടെ ആ പോലീസുകാരൻ സല്യൂട്ട് അടിച്ചെങ്കിലും, പ്രതാപ് അത് മൈൻഡ് ചെയ്യാതെ ആ ജംഗ്‌ഷൻ പാസ്സ് ചെയ്ത് ബൈപ്പാസ് റോഡിൽ കയറി. ബൈപ്പാസ് റോഡിൽ കയറിയതോടെ ജീപ്പിന്റെ വരവ് കണ്ട വാഹനങ്ങൾ, എന്തോ അത്യാവശ്യമായി പോകുന്ന പോലീസ് വാഹനം ആണെന്ന് തോന്നിയത് കൊണ്ട്, എല്ലാവരും തന്റെ വാഹനങ്ങൾ സൈഡിലേക്ക് ഒതുക്കി കൊടുത്തു.

ആദ്യത്തെ ഓവർ ബ്രിഡ്ജ് കയറുന്നതിന് മുൻപ് തന്നെ ജീപ്പിലെ വയർലസ് സെറ്റിൽ നേരത്തെ പ്രതാപ് സുനിൽ പോയ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പറഞ്ഞേൽപ്പിച്ച പോലീസുകാരന്റെ ശബ്ദം കേൾക്കാൻ തുടങ്ങി.

“കണ്ട്രോൾ റൂം വെഹിക്കിൾ 001 റിപ്പോർട്ടിങ്ങ്‌. സി ഐ പ്രതാപ് സർ…”

വണ്ടിയുടെ വേഗത കുറച്ചു കൊണ്ട് പ്രതാപ് വയര്ലെസ്സ് എടുക്കാൻ അനീഷിനോട് പറഞ്ഞു.

“ടൗൺ എസ് ഐ അനീഷ് ആണ് സംസാരിക്കുന്നത്. സി ഐ സർ കൂടെയുണ്ട്. പറഞ്ഞോളൂ ബിനു”

“സർ, സി ഐ സർ നേരത്തെ പറഞ്ഞ വണ്ടി തടഞ്ഞിട്ടുണ്ട്”

“എവിടെയാണ് ബിനു നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് ?”

“സർ, ബൈപ്പാസ് റോഡിലെ രണ്ടാമത്തെ ഓവർ ബ്രിഡ്ജ് കഴിഞ്ഞ് കുറച്ചൂടെ മുന്നോട്ട് വരുമ്പോൾ ഹൈവേ സൈഡിൽ ഉണ്ട് സർ”

“ഓക്കെ ബിനു. ഞങ്ങൾ ആദ്യത്തെ ഓവർ ബ്രിഡ്ജ് കയറി. ദാ ഇപ്പോൾ എത്തും ഞങ്ങൾ”

“ഓക്കെ സർ”

“താങ്ക്യൂ ബിനു”

അനീഷ് വയർലസ് കട്ടാക്കിയപ്പോഴേക്കും പ്രതാപ് വേഗത കുറച്ച വണ്ടി മൂന്നാമത്തെ ഗിയറിലേക്ക് മാറ്റിയിട്ടുകൊണ്ട് ബൈപാസ്സിലൂടെ വീണ്ടും ചീറി പാഞ്ഞ് പോയി.

രണ്ടാമത്തെ ഓവർബ്രിഡ്ജ് ഇറങ്ങിയപ്പോഴേ കണ്ടു, കുറച്ചു മുന്നിലായി നിർത്തിയിട്ടിരിക്കുന്ന ബ്ലാക്ക് ടൊയോട്ട എത്തിയോസും ,അതിന്റെ മുന്നിലായി നിർത്തിയിരിക്കുന്ന കണ്ട്രോൾ റൂമിന്റെ വണ്ടിയും. പ്രതാപ് വന്നുകൊണ്ടിരുന്ന ബൊലേറോ എത്തിയോസിന്റെ പിറകിലായി നിർത്തി.

ജീപ്പിൽ നിന്നും ഇറങ്ങിയ പ്രതാപ് സജിയുടെ കാറിന്റെ അടുത്തേക്ക് നടന്ന് ചെന്നു. കാറിനടുത്തേക്ക് നടന്നു ചെല്ലുന്ന പ്രതാപിനെ കണ്ടതും, കാറിനടുത്ത് നിന്നിരുന്ന ബിനുവും രണ്ട് പോലീസുകാരും സല്യൂട്ട് അടിച്ചു. തിരിച്ച് വിഷ് ചെയ്ത ശേഷം

“എന്താടോ, ആൾ അകത്തുണ്ടോ ?”

“ഉണ്ട് സർ, ഞങ്ങൾ വണ്ടി നിർത്തിയപ്പോൾ ഡോർ തുറന്ന് ഓടാൻ ശ്രമിച്ചെങ്കിലും വട്ടം പിടിച്ച് അകത്തിരുത്തി ഡോർ ലോക്ക് ചെയ്ത് ഞങ്ങൾ ഇവിടെതന്നെ നിന്നതാണ് സർ”

“വെരി ഗുഡ് ബിനു. നാട്ടിൽ നടന്ന വലിയൊരു കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ ആണ് ഇത്. ഇപ്പോൾ ഇയാൾ രക്ഷപ്പെട്ടിരുന്നെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. വണ്ടിയുടെ ഡ്രൈവർ എവിടെ ?”

“ആൾ അകത്തുണ്ട് സർ. ഞാൻ ഒന്ന് പേടിപ്പിച്ചിരുന്നു”

“തന്നോട് ആരാണ് അതൊക്കെ ചെയ്യാൻ പറഞ്ഞത്. അയാൾക്ക് ഇതിൽ ഒരു പങ്കും ഇല്ല. പാവം മനുഷ്യൻ ആണത്. ആളെ ഇങ്ങോട്ട് വിളിച്ചേ”

“ശരി സർ”

കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് സജി ഇറങ്ങി വന്നു. നേരത്തെ എസ് ഐ എന്തൊക്കെയോ പറഞ്ഞത് കൊണ്ട് അദ്ദേഹം ആകെ പേടിച്ചാണ് പ്രതാപിന്റെ മുന്നിൽ നിന്നത്.

“എന്താ സർ ?”

“താങ്കളിൽ നിന്നും എനിക്ക് ഒന്നു, രണ്ട് കാര്യങ്ങൾ അറിയാൻ ഉണ്ട്. അതിനാണ് വിളിപ്പിച്ചത്”

“ചോദിച്ചോളൂ സർ. ഞാൻ അറിയാവുന്ന കാര്യങ്ങൾക്ക് മറുപടി തരാം”

“ഇയാൾ എപ്പോഴാണ് താങ്കളുടെ വണ്ടിയിൽ കയറിയത് ?”

“രാവിലെ ഒരു ആറര ആയിട്ടുണ്ടാകും സർ”

“എങ്ങോട്ട് പോകണം എന്ന് പറഞ്ഞാണ് വണ്ടി വിളിച്ചത്”

“വണ്ടിയിൽ കയറി ഒരു ദൂര യാത്ര പോകണം, സ്ഥലം പിന്നെ പറയാം എന്നും പറഞ്ഞാണ് എന്നെ കൊണ്ട് വണ്ടി എടുപ്പിച്ചത്. വണ്ടിയിൽ കയറി ബൈപ്പാസ് ജംഗ്‌ഷനിൽ എത്തിയ ശേഷം ആണ് തിരുവനന്തപുരത്തേക്ക് ആണ് പോകേണ്ടത് എന്നു പറഞ്ഞത്”

“അയാൾ വണ്ടിയിൽ ഇരുന്ന് ആർക്കെങ്കിലും ഫോൺ ചെയ്തിരുന്നോ ?”

“ഇല്ല സർ. ആളുടെ കയ്യിൽ ഫോൺ ഇല്ലെന്നാണ് തോന്നുന്നത്”

“ശരി. താങ്കൾ പേടിക്കേണ്ട കാര്യം ഒന്നുമില്ല. താങ്കൾക്ക് പ്രശ്നം ഒന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം. താങ്കളുടെ കാറിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ട് സാക്ഷി പറയാൻ കോടതിയിൽ വരേണ്ടി വരും. അത്രേ ഉള്ളു. ഞങ്ങളുടെ പുറകെ സ്റ്റേഷനിൽ വന്ന് ഒരു സ്റേറ്മെന്റ് എഴുതി തന്നിട്ട് താങ്കൾ പൊക്കോളൂ”

“ശരി സർ”

“അനീഷേ നമ്മുടെ സാറിനെ അതിൽ നിന്ന് ഇറക്കി നമ്മുടെ വണ്ടിയിൽ കയറ്റിക്കോ. കയ്യിൽ നമ്മുടെ ആഭരണം അണിയിച്ചോളൂ. അല്ലെങ്കിൽ ചിലപ്പോൾ സാറിന് ഓടി പോകാൻ തോന്നും”

“ശരി സർ”

അനീഷും അനസും കാറിനടുത്തേക്ക് ചെന്ന് കുട്ടായിയെ ഇറക്കാനായി ബാക്കിലെ ഡോർ തുറന്നു.

അതിനകത്ത് എല്ലാം നഷ്പ്പെട്ടവനെ പോലെ തലയിൽ കൈവെച്ച് കുട്ടായി ഇരിക്കുന്നുണ്ടായിരുന്നു..

“എടാ, ഇങ്ങോട്ട് ഇറങ്ങടാ”

മാനസികമായി ആകെ തളർന്ന കുട്ടായി കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി. കാറിൽ നിന്നും ഇറക്കിയ കുട്ടായിയെ അനസ് ജീപ്പിൽ നിന്നും എടുത്ത വിലങ്ങ് അണിയിച്ച് ജീപ്പിന്റെ അടുത്തേക്ക് നടത്തിച്ചു. അതേ സമയം ഹൈവേയിലൂടെ പോയിരുന്ന വാഹനങ്ങളിലെ ആളുകൾ പോലീസ് ജീപ്പും മറ്റും കണ്ടതോടെ ഇവരെ തന്നെ നോക്കുന്നുണ്ടായിരുന്നു. ചിലർ വിലങ്ങണിയിച്ച് കൊണ്ടുപോകുന്ന കുട്ടായിയുടെ ചിത്രങ്ങൾ മൊബൈലിൽ എടുക്കുന്നുണ്ടായിരുന്നു. മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കണ്ട കുട്ടായി പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് വിലങ്ങണിയിച്ച കൈ കൊണ്ട് മുഖം മറച്ചു. അത്കൊണ്ട് ആർക്കും ആളുടെ മുഖം മൊബൈലിൽ കിട്ടിയിരുന്നില്ല.

ജീപ്പിന്റെ പിറകുവശത്തെ ഡോർ തുറന്ന് അനീഷ് കുട്ടായിയെ അകത്തേക്ക് കയറ്റി. മറ്റേ സൈഡിലൂടെ ഒരു പോലീസുകാരനും അനസും കയറി. മുന്നിലെ സീറ്റിൽ കയറാനായി നിന്ന പ്രതാപിനെ നോക്കി ബിനുവും കൂടെയുള്ള പോലീസുകാരും സല്യൂട്ട് കൊടുത്തു. തിരികെ സല്യൂട്ട് ചെയ്ത പ്രതാപ് ജീപ്പിൽ കയറിയതോടെ ഡ്രൈവർ വണ്ടി എടുത്തു. അവരുടെ പിറകെ സജിയും വണ്ടി എടുത്തു. രണ്ട് വണ്ടികളും അവിടെ നിന്നും കുതിച്ചുപാഞ്ഞു…

പോലീസ് വണ്ടികൾ അവിടെ നിന്നും സ്റ്റാർട്ട് ആക്കിയ ഉടനെ പ്രതാപ് എസ് പിയെ വിളിച്ചു.

“എന്താടോ ഇത്ര രാവിലെ. എന്തെങ്കിലും എമർജൻസി ഉണ്ടോ ?”

“യെസ് സർ, കുട്ടായി രാവിലെ നമ്മളെ ചെറുതായി വട്ടം കറക്കി”

“എന്താടോ സംഭവം ?”

“എങ്ങിനെയോ നമ്മുടെ നീക്കം മണത്തറിഞ്ഞ കുട്ടായി വെളുപ്പിന് തന്നെ രക്ഷപ്പെടാൻ ശ്രമിച്ചു”

“എന്നിട്ട് അവൻ രക്ഷപ്പെട്ടോ ?”

“ഇല്ല സർ. ഹൈവേ പോലീസിന്റെ സഹായത്തോടെ കുട്ടായിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞാനിപ്പോൾ ഹൈവേയിൽ നിന്ന് പുറപ്പെട്ടതേ ഉള്ളു. സർ എനിക്ക് ഒരു ഹെൽപ് വേണം”

“എന്താടോ ?”

“ആളെ ഞാൻ പോലീസ് ക്ലബ്ബിലേക്ക് ആണ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. അവിടെ വെച്ച് ചോദ്യം ചെയ്യാം എന്നാണ് കരുതുന്നത്. സർ എന്ത് പറയുന്നു ?”

“ആകട്ടെ. ഞാൻ ഇന്നലെ തന്നെ അതിന് ഞാൻ പെർമിഷൻ തന്നതല്ലേ. പിന്നെന്താ പ്രതാപ്”

“ഓക്കെ സർ. സർ ഇന്നലെ പറഞ്ഞെങ്കിലും ഞാൻ ഒന്ന് കൂടെ പറഞ്ഞെന്നേയുള്ളൂ”

“ശരിയെടോ”

“ശരി സർ, ഇയാളെ ചോദ്യം ചെയ്ശേഷം ഞാൻ സാറിനെ വിളിക്കാം”

“ഓക്കെ പ്രതാപ്”

“ഓക്കെ സർ”

ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടതിന് ശേഷം

“അനസേ, രാവിലെ മുതൽ നമ്മളെ വട്ടം കറക്കിയതിന് ഇവനെ നമുക്ക് അവിടെ ചെന്നിട്ട് നന്നായിട്ടൊന്ന് പുഴുങ്ങണം. വെള്ളം ചൂടാക്കാൻ അപർണയെ വിളിച്ചു പറഞ്ഞേക്ക്. വെള്ളം നല്ലവണ്ണം തിളക്കണം എന്നു കൂടെ പറഞ്ഞേക്ക്. എങ്കിലേ ഇവന്റെ തൊലി നമുക്ക് ഇങ്ങ് ഉരിഞ്ഞെടുക്കാൻ കഴിയൂ. രാവിലെ മുതൽ മനുഷ്യൻ വട്ടായി നിൽക്കുകയാണ്. എല്ലാം കൂടെ അവിടെ ചെന്നിട്ട് വേണം ഇവന്റെ ദേഹത്ത് തീർക്കാൻ”

പോലീസ് വണ്ടിയുടെ ഡ്രൈവറെ നോക്കി, “നേരെ പോലീസ് ക്ലബ്ബിലേക്ക് വിട്ടോ വേഗം”

“ശരി സർ”

വണ്ടിയുടെ സ്പീഡോമീറ്ററിലെ സൂചി 80ൽ നിന്നും മുകളിലേക്ക് കുതിച്ചു….

(ഇതിലെ വയർലസ് സംഭാഷണങ്ങൾ എനിക്ക് അറിയാവുന്ന രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക)

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

4.6/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!