ഫോണിലെ മെസേജ് വായിച്ചതോടെ പ്രതാപിന്റെ മുഖം ആകെ ടെൻഷൻ ആയി. ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് അവർ അവിടെ നിന്നും രക്ഷപെട്ടാൽ ഇത്രയും കഷ്ടപ്പെട്ടത് എല്ലാം വെറുതെയാകും. പ്രതാപ് ഫോൺ എടുത്ത് അനീഷിനെ വിളിച്ചു.
“സജീവിനോട് അവരെ കോണ്ടാക്റ്റ് ചെയ്യാൻ പറയണം. ബോട്ട് ഇപ്പോൾ നിൽക്കുന്ന കടവിൽ നിന്ന് മൂവ് ആയാൽ ഉടനെ സജീവിനെ വിവരം അറിയിക്കാൻ പറയണം. സജീവിനോട് നമ്മളെയും. പിന്നെ വേറൊരു കാര്യം. നിങ്ങൾ കടവിൽ ഇറങ്ങി കഴിഞ്ഞാൽ നമ്മുടെ ബോട്ട് ഡ്രൈവറോട് ഞങ്ങളുടെ ബോട്ടിനെ പിന്തുടരാൻ പറയണം”
പ്രതാപ് അനീഷിന് നിർദ്ദേശങ്ങൾ കൊടുത്ത ശേഷം ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു. പ്രതാപിന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ അനസ് അടുത്ത് വന്ന് പതുക്കെ മറ്റാരും കേൾക്കാതെ എന്താണ് സംഭവം എന്നു ചോദിച്ചു. പ്രതാപ് അനീഷിന്റെ മെസേജ് അനസിന് കാണിച്ചു കൊടുത്തു. കാര്യം മനസിലായ അനസ് ഒന്നും മിണ്ടാതെ തിരിച്ച് സീറ്റിൽ ചെന്നിരുന്നു.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ അനീഷിന്റെ മറ്റൊരു മെസേജ് കൂടി വന്നു. “ബോട്ടിന്റെ എൻജിൻ ഓഫാക്കിയ ശേഷം എല്ലാവരും വീടിന് അകത്തേക്ക് കയറിപ്പോയി” എന്ന്.
അവിടുന്ന് അല്പം കൂടി കഴിഞ്ഞപ്പോൾ അനീഷും സംഘവും ജെട്ടിയിൽ എത്തി എന്ന മെസേജ് പ്രതാപിന്റെ ഫോണിൽ കിട്ടി. “സൂക്ഷിച്ച് മുന്നോട്ട് പോകാനും ആ വീടിന് സമീപം എത്തിയാൽ മെസേജ് ഇടാനും പ്രതാപ് അവർക്ക് നിർദ്ദേശം നൽകി.
10 മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വീടിന് സമീപം എത്തിയതായി പ്രതാപിന്റെ ഫോണിൽ വീണ്ടും മെസേജ് വന്നു. പ്രതാപ് സഞ്ചരിച്ച ബോട്ടിന്റെ എൻജിൻ ഓഫാക്കിയ ശേഷം പതുക്കെ തുഴഞ്ഞ് കടവിലേക്ക് അടുപ്പിക്കാൻ ബോട്ട് ഡ്രൈവർക്ക് നിർദ്ദേശം നൽകി. ബോട്ടിന്റെ എൻജിൻ ഓഫാക്കിയ ശേഷം രണ്ട് പൊലീസുകാർ തുഴയെടുത്ത് തുഴഞ്ഞ് ആ ചെറിയ ബോട്ടിനെ കടവിലേക്ക് അടുപ്പിച്ചു. കടവിൽ ഉണ്ടായിരുന്ന വലിയ ബോട്ട് നിന്നിരുന്നതിന്റെ സൈഡിലായി പോലീസുകാരുടെ രണ്ട് ബോട്ടുകളും കെട്ടിയിട്ടു. മൂന്ന് ബോട്ടുകൾ കെട്ടാനുള്ള സൗകര്യം ആ ജെട്ടിയിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
ബോട്ടിൽ നിന്നും ആദ്യം പ്രതാപ് പുറത്തേക്ക് ഇറങ്ങി. പിന്നീട് പതുക്കെ ശബ്ദം ഉണ്ടാക്കാതെ മറ്റുള്ളവരോടും ഇറങ്ങാൻ നിർദ്ദേശം കൊടുത്തു. അതിന് ശേഷം അനീഷിന് അവർ എത്തിയ മെസേജ് അയച്ചു. സജീവിനെ കൂടെ കൂട്ടിയാലും ഓപ്പറേഷന്റെ സമയത്ത് മാറ്റി നിർത്താനും, ശബ്ദം ഉണ്ടാക്കാതെ പതുക്കെ ആ വീടിന് അടുത്തേക്ക് അവരോട് മൂവ് ചെയ്യാനും പറഞ്ഞു.
കടവിൽ നിന്നും പ്രതാപ് ആ വീടിന്റെ അടുത്ത് എത്തിയപ്പോഴേക്കും അനീഷ് അവിടെ എത്തിയിരുന്നു. വീടിന് ചുറ്റും കൂരിരുട്ട് ആയിരുന്നു. പുറത്തുള്ള ഒറ്റ വെളിച്ചം പോലും അവർ ഓണാക്കിയിരുന്നില്ല. വീടിന് അകത്തും കാര്യമായ വെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല. ഏതോ ഒന്നോ രണ്ടോ മുറിയിൽ മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളു. ആ വലിയ പറമ്പിലെ ഒറ്റക്കുള്ള വീട് ആയത് കൊണ്ട് ആ വീട് ഒരു പ്രേതാലയം പോലെ ആയിരുന്നു കിടന്നത്.
സജീവിനെ അല്പം മാറ്റി നിർത്തിയ ശേഷം രണ്ട് സംഘങ്ങളും ഒരേ സമയം വീട് വളഞ്ഞു. അനീഷും അനസും വീടിന്റെ പിറകു വശത്തെ വാതിലിന്റെ അടുത്ത് നിന്നു. പ്രതാപ് മുൻവശത്ത് ചെന്ന് വാതിലിൽ മുട്ടി. ആദ്യം പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒന്നു കൂടി ശക്തമായി വാതിലിൽ മുട്ടി. അപ്പോഴും പ്രതികരണം ഉണ്ടാകുന്നില്ല എന്ന് കണ്ടതോടെ പ്രതാപ് അനീഷിന് വാതിൽ പൊളിക്കാനുള്ള മെസേജ് കൊടുത്തു. ഹെഡ് സെറ്റ് കണക്ട് ചെയ്ത ശേഷം അനീഷിനെ വിളിച്ച് ഒന്ന്, രണ്ട്, മൂന്ന് പറഞ്ഞതും മുൻവശത്തെയും പിറക് വശത്തെയും വാതിലുകൾ ഒരേസമയം ആണ് പൊളിഞ്ഞത്. പഴയ വീട് ആയിരുന്നത് കൊണ്ട് വാതിലുകൾ തകർക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
തകർന്ന വാതിലുകളിലൂടെ ഒരേ സമയം എല്ലാ പോലീസുകാരും അകത്തേക്ക് ഇരച്ചു കയറി. എല്ലാ റൂമിലും കയറി പരിശോധന നടത്തിയ പൊലീസുകാർ, അകത്ത് ഒളിച്ചിരുന്നിരുന്ന രണ്ട് വനിതകൾ അടക്കം എട്ട് പേരെ പിടിച്ച് ആ വീടിന്റെ നടുമുറിയിൽ നിർത്തി. അതിന് ശേഷം കുറച്ചു പേർ മുറികളിൽ പരിശോധന നടത്തി. അവിടെ ഉണ്ടായിരുന്ന കെമിക്കലുകൾ, മൊബൈൽ ഫോണുകൾ, ആളുകളെ പേടിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന മുഖം മൂടികൾ എല്ലാം എടുത്ത് കൊണ്ട് വന്ന് നടുമുറിയിൽ പിടിച്ചവരുടെ അടുത്ത് തന്നെ വെച്ചു. എല്ലാവരുടെയും കൈകൾ പരസ്പരം വിലങ്ങ് വെച്ച് ബന്ധിച്ചു. അതിൽ ഐഷയുടെയും ഫെമിനയുടെയും കൈകൾ വേറെ ബന്ധിച്ചു. അവർക്ക് പിന്നിലായി കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർ നിലയുറപ്പിച്ചു.
അവിടെ കിടന്നിരുന്ന ഒരു കസേര എടുത്ത് പ്രതാപ് അവർക്കരികിലേക്ക് നീക്കിയിട്ട് കൊണ്ട് അവരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.
“നിങ്ങളിൽ ആരാണ് ഐഷ ?”
രണ്ട് സ്ത്രീകളിൽ വലത് വശത്ത് നിന്നിരുന്നവൾ കൈ ഉയർത്തി. ശേഷം മറ്റവളെ ചൂണ്ടി കാണിച്ച് കൊണ്ട് പ്രതാപ് പറഞ്ഞു ” അപ്പോൾ നീ ഫെമിന അല്ലെ” അവൾ അതെയെന്ന അർത്ഥത്തിൽ തലയാട്ടി.
തുടർന്ന് നിരത്തി നിർത്തിയിരിക്കുന്ന പുരുഷന്മാരുടെ നേരെ തിരിഞ്ഞ് “നിങ്ങളിൽ ആരാടാ അനൂപ് ?” എന്ന ചോദ്യത്തിന് കൂട്ടത്തിൽ മെല്ലിച്ച് താടി വെച്ചവൻ കൈ ഉയർത്തി.
“നിന്റെ വട്ടപ്പേര് എന്താടാ ?”
“ISRO അനൂപ്”
“ഞങ്ങൾ വാതിലിൽ മുട്ടിയിട്ട് നിങ്ങൾ എന്താ വാതിൽ തുറക്കാതിരുന്നത് ?”
“അനക്കമില്ലാതെ ആകുമ്പോൾ ഇവിടെ ആരും ഇല്ലെന്ന് കരുതി വന്നവർ തിരിച്ച് പോകുമെന്ന് കരുതി” ഐഷയാണ് മറുപടി കൊടുത്തത്.
” നിങ്ങൾ ഇവിടെ ഉണ്ടെന്ന് മനസിലാക്കി വരുന്നവർ നിങ്ങളെ കൂടാതെ തിരിച്ച് പോകുമെന്ന് കരുതിയോ. ബാക്കി ചോദ്യോത്തരം പരിപാടി നമ്മൾ നമ്മുടെ വീട്ടിൽ ചെന്നതിന് ശേഷം”
“അനീഷേ, എല്ലാം പാക്ക് ചെയ്ത് എടുത്തോ. പ്രത്യേകിച്ച് സിറിഞ്ചും മരുന്ന് കുപ്പികളും. മിക്സ് ചെയ്തതും ചെയ്യാത്തതും വേറെ വേറെ പാക്ക് ചെയ്യണം. വീട് പൂട്ടാൻ കഴിയാത്തത് കൊണ്ട് ഒരു നാല് പോലീസുകാർ ഇവിടെ നിൽക്കട്ടെ. “
അതിന് ശേഷം പുറത്ത് നിന്നിരുന്ന ഒരു പോലീസ്കാരനോട്
“എടൊ, ആ പുറത്ത് നിൽക്കുന്ന ആളെ ഇങ്ങോട്ട് വിളിച്ചെ” എന്നു പറഞ്ഞ് സജീവിനെ വിളിപ്പിച്ചു.
“അനീഷേ, ഇവന്മാരെ ബോട്ടിലേക്ക് കേറ്റിക്കോ, നമ്മുടെ ഡ്രൈവർമാരിൽ ഒരാളോട് ഇവരുടെ ബോട്ട് ഓടിക്കാൻ പറയണം. കാരണം ആ ബോട്ടും നമ്മൾ കസ്റ്റഡിയിൽ എടുക്കേണ്ടതാണ്. നമ്മുടെ ഒരു ബോട്ട് ഇവിടെ കിടക്കട്ടെ. മറ്റേ ബോട്ടിൽ ഓന്നോ രണ്ടോ പൊലീസുകാർ തിരിച്ച് പോകട്ടെ”
അനീഷിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം പ്രതാപ് തിരിഞ്ഞ ശേഷം അടുത്ത് നിന്ന് ബോട്ടിന്റെ ഡ്രൈവറോട് പ്രതാപ് പറഞ്ഞത് പോലെ ചെയ്യാൻ പറഞ്ഞ് ഏൽപ്പിച്ചു.
അവരുടെ അടുത്ത് നിന്ന് മാറിയ പ്രതാപ് പൊലീസുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ,ആ വീടിന് കാവൽ നിൽക്കാൻ ഏൽപ്പിച്ചു.
പ്രതികളെ പിടിച്ചത് കണ്ട സജീവിന്റെ മുഖത്ത് വലിയൊരു ഭീതി ഒഴിഞ്ഞ ആശ്വാസം കണ്ടു.
സജീവിനെ അടുത്തേക്ക് വിളിച്ച്
“താൻ ഇവിടെ ഉണ്ടാകുമോ. അതോ വീട്ടിലേക്ക് പോകുവാണോ ?”
“സർ പറയുന്നത് പോലെ. വീട്ടിൽ അപ്പുറത്തെ ചേച്ചി വന്ന് കിടക്കുന്നുണ്ടാകും”
“തനിക്ക് വേറെ പ്രശനം ഒന്നും ഇല്ലെങ്കിൽ താൻ ഇന്ന് രാത്രി കൂടി ഇവരുടെ കൂടെ നിൽക്കുന്നതാണ് നല്ലത്. ഇവന്മാർ പിടിയിൽ ആയെങ്കിലും ഇനി ആരെങ്കിലും പുറത്തുണ്ടോ എന്ന് പറയാൻ കഴിയില്ല. അവന്മാർ ചിലപ്പോൾ ഇനിയും ഉപദ്രവം ഉണ്ടാക്കില്ല എന്ന് ഉറപ്പ് പറയാൻ കഴിയില്ല. അത് കൊണ്ട് താൻ നേരം വെളുത്ത ശേഷം പോയാൽ മതി.”
“ശരി സർ”
“രാവിലെ അനീഷും വേറെ കുറച്ച് ആളുകളും വരും. ഈ വീടും ചുറ്റുപാടും ഒന്ന് കൂടി പരിശോധിക്കണം. താൻ അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കണം”
“ഞാൻ രാവിലെ വീട്ടിൽ പോയി തിരിച്ച് ഇവിടെ വന്നുകൊള്ളാം. ഞാൻ വരുന്നതിന് മുന്നേ സർ വരുന്നുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ വന്നേക്കാം”
“അപ്പോൾ എല്ലാം പറഞ്ഞത് പോലെ”
“അനീഷേ എല്ലാത്തിനേം പിടിച്ച് കയറ്റിക്കോ. ഡ്രൈവറോട് ബോട്ട് എടുക്കാൻ പറയ്.”
അനീഷും പോലീസുകാരും പ്രതികളെ കസ്റ്റഡിയിൽ എടുത്ത ബോട്ടിനടുത്തേക്ക് നടത്തിച്ചു. വനിതാ പോലീസുകാർ ഐഷയുടെയും ഫെമിനയുടെയും രണ്ട് വശങ്ങളിലായി നടന്ന് അവരെയും ബോട്ടിലേക്ക് കയറ്റി. വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ വേറെ രണ്ട് പൊലീസുകാർ ഒരു പെട്ടിയിലാക്കി അതും ബോട്ടിൽ കൊണ്ട് വെച്ചു.
പോലീസുകാരോടും സജീവിനോടും ഒന്നു കൂടി കാര്യങ്ങൾ സംസാരിച്ച ശേഷം പ്രതാപും വന്ന് ബോട്ടിൽ കയറി. നിമിഷങ്ങൾക്കകം ബോട്ടിന്റെ ഡ്രൈവറും കയറി. അവർ അവിടെ നിന്നും ജെട്ടിയിലേക്ക് തിരിച്ചു. അവരുടെ പിറകെ പൊലീസുകാർ വന്ന ബോട്ടും തിരിച്ചു.
പ്രതാപ് എസ്പിയെ വിളിച്ചു.
“സർ”
“പറയെടോ, എന്തായി കഴിഞ്ഞോ എല്ലാം ?”
“എല്ലാം കഴിഞ്ഞു സർ. വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചു”
“വെരി ഗുഡ്. എത്ര പേരുണ്ട് അവർ ?”
“രണ്ട് സ്ത്രീകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. അവർ ഉൾപ്പടെ എട്ട് പേര് ഉണ്ട് സർ”
“അവരെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ?”
“ഇന്ന് രാത്രി മുഴുവൻ ഇവരെ ചോദ്യം ചെയ്യേണ്ടി വരും. എങ്കിലേ രാവിലേ ആകുമ്പോഴേക്കും ഇതിന് പിന്നിലുള്ളവരെ കൂടി അറസ്റ്റ് ചെയ്യാൻ കഴിയു. അത് കൊണ്ട് പോലീസ് ക്യാമ്പിലേക്ക് കൊണ്ട് വരാം എന്നാണ് കരുതുന്നത്. പിന്നെ ഇവരെ എല്ലാവരെയും കൊണ്ടു പോകാൻ എനിക്കൊരു വലിയ വണ്ടി വേണം സർ. ഈ രണ്ട് കാര്യത്തിനും അനുവാദം ചോദിക്കാൻ കൂടിയാണ് ഞാൻ സാറിനെ വിളിച്ചത്”
“അത് കുഴപ്പമില്ല. ഞാൻ ക്യാമ്പിൽ വിളിച്ചു പറയാം. പതിനഞ്ച് മിനിറ്റ് കൊണ്ട് വണ്ടി ജെട്ടിയിൽ എത്തും. പോരെ ?”
“താങ്ക്യൂ സർ. ഉണ്ടാകുന്ന പ്രോഗ്രസ്സ് എല്ലാം ഞാൻ സാറിനെ അപ്പപ്പോൾ അറിയിക്കാം”
പ്രതാപിനെയും പ്രതികളെയും കൊണ്ടുള്ള ബോട്ട് പോലീസ് ജെട്ടിയിൽ എത്തിയപ്പോഴേക്കും എസ്പി അയച്ച പോലീസ് വാഹനം അവിടെ എത്തിയിരുന്നു. അവർ ബോട്ടിൽ നിന്നിറങ്ങിയ ഉടനെ തൂണിന്റെ മറവിൽ ഒളിച്ചിരുന്ന ഒരാൾ അവിടെ നിന്ന് ഇറങ്ങി ഓടി.
“ആരാടോ അത് ?”
“സാറേ അത് ഇവിടെ കറങ്ങി നടക്കുന്ന ഒരു ഭ്രാന്തൻ ആണ്. അവൻ രാത്രി ഇവിടെയാണ് ഉറക്കം. നമ്മൾ ഇത്ര പേരെ കണ്ടത് കൊണ്ട് ഇറങ്ങി ഓടിയതായിരിക്കും”
കൂട്ടത്തിൽ നിന്ന ഒരു പോലീസുകാരൻ മറുപടി കൊടുത്തു.
പാർക്ക് ചെയ്തിരുന്ന പോലീസ് വണ്ടിയിൽ എല്ലാവരെയും കയറ്റി ആ വാഹനം പോലീസ് ക്യാമ്പിനെ ലക്ഷ്യമാക്കി നീങ്ങി. അതിന്റെ പിറകിൽ തന്റെ ബുള്ളറ്റിൽ പ്രതാപും അവരെ അനുഗമിച്ചു. രണ്ട് പൊലീസുകാർ നേരത്തെ അവർ വന്ന വാഹനങ്ങൾ തിരിച്ച് സ്റ്റേഷനിലേക്കും കൊണ്ട് പോയി.
പോലീസ് ക്യാമ്പിൽ എത്തിയ വണ്ടിയിൽ നിന്ന് എല്ലാവരെയും ഇറക്കി. അനൂപിനെയും, ഐഷയെയും, ഫെമിനയെയും ഒഴികെയുള്ളവരെ ലോക്കപ്പ് ചെയ്തു. അവരെ മൂന്ന് പേരെയും ചോദ്യം ചെയ്യുന്ന മുറിയിലേക്ക് കൊണ്ട് പോയി അവിടെയുള്ള കസേരകളിൽ ഇരുത്തി. മേശയുടെ മുകളിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും വെള്ളം എടുത്ത് കുടിച്ച ശേഷം പ്രതാപ് വെള്ളം കുപ്പി അവർക്ക് നേരെ നീട്ടി. വെള്ളം വാങ്ങി കുടിച്ച ശേഷം അവർ പ്രതാപിനെ നോക്കി.
“അപ്പോൾ നമുക്ക് തുടങ്ങാമല്ലോ അല്ലേ. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടി തന്നാൽ ദേഹം നോവാതെ നമുക്ക് ഈ പരിപാടി അവസാനിപ്പിക്കാം. അല്ലെങ്കിൽ ഇവിടെയുള്ള പോലീസുകാർക്ക് വെറുതെ കൈക്ക് പണി ഉണ്ടാക്കരുത്. കേട്ടല്ലോ. പ്രതികളെ ഇടിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം അല്ല. പക്ഷെ ഇടിക്കാൻ തുടങ്ങിയാൽ കുടിച്ച മുലപ്പാൽ തുപ്പിച്ചിട്ടേ ഞാൻ നിർത്തുകയുള്ളൂ. അത് കൊണ്ട് ഇടി തുടങ്ങാൻ എന്നെ നിർബന്ധിക്കരുത്”
“അനീഷേ വീഡിയോ റെക്കോർഡിങ്ങ് ഓക്കെ അല്ലെ ?”
“അതേ സർ”
“അപ്പോൾ തുടങ്ങാം. രണ്ട് ചോദ്യങ്ങൾ ആണ് ഉള്ളത്. ഒന്ന്. ആരാണ് ഈ കൊലപാതകങ്ങൾക്ക് പുറകിൽ ? രണ്ട്, അവർ എന്തിനാണ് ഈ കൊലപാതകങ്ങൾ നടത്തുന്നത് ? അറിയാവുന്ന മറുപടി വേഗം പറഞ്ഞോ. അറിയില്ല, അങ്ങിനെ ഒരാൾ ഇല്ല എന്നൊന്നും പറയേണ്ട. എല്ലാം മനസ്സിലാക്കിയ ശേഷം ആണ് നിങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്”
“കള്ളം അല്ല സർ, അവിടെ നടന്ന കൊലപാതകങ്ങളെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല സർ” അനൂപ് ആണ് മറുപടി നൽകിയത്.
പ്രതാപ് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ പോയപ്പോൾ കേട്ട സംഭാഷണം റെക്കോർഡ് ചെയ്തത് കേൾപ്പിച്ചു കൊടുത്തു.
“ഇത് നിങ്ങളുടെ സംഭാഷണം അല്ലെ ? ഇനി എന്താണ് കള്ളം പറയാനുള്ളത് ? ഇനി പറയ് ഈ കൊലപാതകങ്ങൾക്ക് പിറകിൽ ആരൊക്കെയാണ് ഉള്ളത് ?”
“ഞങ്ങൾ മാത്രം ഉള്ളു സർ. ഞങ്ങളുടെ പിറകിൽ വേറെ ആരും ഇല്ല സർ”
“ഇന്നലെ പകൽ സമയത്ത് ഐഷയും ഫെമിനയും എവിടെ ആയിരുന്നു ?”
“ഞങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു സർ”
“അനസേ, ആ വീഡിയോ ഒന്ന് പ്ലെ ചെയ്‌തെ”
അനസിന്റെ മൊബൈലിൽ ഇന്നലെ എടുത്ത അവരുടെ വീഡിയോ പ്ലെ ചെയ്തു. വീഡിയോ കണ്ടതോടെ അവരുടെ മുഖം മാറി.
“ഇനി പറയെടി, ഇന്നലെ നിങ്ങൾ എവിടെ ആയിരുന്നു ?”
“ഞങ്ങൾ ഇന്നലെ ടൗണിൽ പോയതാണ് കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ”
“മര്യാദക്ക് ചോദിച്ചാൽ നിനക്കൊന്നും മറുപടി ഇല്ല അല്ലെ. ചോദിക്കേണ്ട മാതിരി ഞാൻ ചോദിച്ചോളാം”
“അപർണ” പ്രതാപ് വിളിച്ചു. അകത്ത് നിന്ന് ഒരു പൊലീസുകാരി കടന്ന് വന്നു. “ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയണം 10 മിനിറ്റിനുള്ളിൽ. നിനക്ക് ഇവരെ എന്ത് വേണമെങ്കിലും ചെയ്യാം. ശരീരത്തിന്റെ പുറമെ മുറിവ് ഒന്നും ഇല്ലാതിരുന്നാൽ മതി. സുറുമിയെ കൂടി വിളിച്ചോ, അവൾ ആകുമ്പോൾ ചോദ്യം ചെയ്യലിന് ഒരു മയം ഉണ്ടാകില്ല “
“അനീഷേ അവനെ എടുത്തോ, അവനെ കൊണ്ട് നമുക്ക് വേറെ കുറച്ച് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പറയിക്കാൻ ഉണ്ട്” അനൂപിന്റെ നേരെ ചൂണ്ടി പ്രതാപ് പറഞ്ഞ ശേഷം ആ മുറിയിൽ നിന്ന് പുറത്തിറങ്ങി. അപർണ സുറുമിയെ വിളിക്കാൻ അവരുടെ പിറകെ പുറത്തേക്ക് പോയി.
“അപർണയും സുറുമിയും, കാണാൻ അധികം വണ്ണം ഒന്നും ഇല്ലെങ്കിലും, കേരള പൊലീസിലെ വനിതാ പൊലീസുകരിൽ ചോദ്യം ചെയ്യലിന് പേര് കേട്ടവർ. സ്ത്രീകളായ പ്രതികളോട് യാതൊരു മനുഷ്യത്വവും ഇല്ലാതെ ചോദ്യം ചെയ്യുന്നവർ. നഖങ്ങൾക്കിടയിൽ സൂചി കയറ്റുക, ഗരുഡൻ തൂക്കം നടത്തുക , പുറമെ മുറിവുകൾ ഇല്ലാതെ ശരീരത്തെ വേദനപ്പിക്കുക, തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. അവർ ദേഹത്ത് കൈവെക്കാൻ തുടങ്ങിയാൽ സത്യം അറിഞ്ഞ ശേഷമേ പിന്നെ ആ കൈ എടുക്കുകയുള്ളൂ. അതിന് ഇടവരുത്താതെ ഉള്ളത് വേഗം പറഞ്ഞാൽ തടി കേടാകാതെ കിട്ടും. അവർ നിങ്ങളെ കൊണ്ട് എന്തായാലും സത്യം പറയിക്കും. അതിൽ യാതൊരു സംശയവും വേണ്ട”
അവരുടെ അടുത്ത് നിന്ന അനസ് ചോദ്യം ചെയ്യാൻ വരുന്നവരെ കുറിച്ച് അവർക്ക് വിശദീകരിച്ച് കൊടുത്തു.
അകത്തേക്ക് വന്ന അപർണയും സുറുമിയും
“അനസ് സാറേ, അപ്പോൾ തുടങ്ങല്ലേ ?”
“നിങ്ങൾ തുടങ്ങിക്കോ, ഞാൻ പുറത്ത് ഉണ്ടാകും. വീഡിയോ കാമറ ഞാൻ ഓഫാക്കുന്നുണ്ട്. കഴിയുമ്പോൾ പറഞ്ഞാൽ മതി ഞാൻ വന്ന് ഓണക്കിക്കോളാം “
അവരോട് പറഞ്ഞതിന് ശേഷം അനസ് പുറത്തേക്ക് ഇറങ്ങി. പ്രതികളുടെ അടുത്തേക്ക് വന്ന അപർണ ഐഷയുടെ കവിളിൽ അമർത്തി കൊണ്ട് ചോദിച്ചു. “ആരാണ് ഇതിന്റെ പിന്നിൽ, മര്യാദക്ക് പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ കൊണ്ട് നീ കുടിച്ച മുലപ്പാൽ ഞാൻ തുപ്പിക്കും ഇവിടെ. പറയെടി. ആരാണ് ഇതിന്റെ പിന്നിൽ ?”
“എനിക്ക് അറിയില്ല”
സുറുമി ഫെമിനയോടും ഇതേ ചോദ്യം ചോദിച്ചു.
“ഞങ്ങൾക്ക് അറിയില്ല. ഈ കൊലപാതകങ്ങൾക്ക് പിറകിൽ വേറെ ആരും ഇല്ല. ഞങ്ങളാണ് ഫൈസലിന് കൊട്ടേഷൻ കൊടുത്തത്”
“എന്തിന് വേണ്ടിയാണ് നിങ്ങൾ ഇത്രയധികം കൊലകൾ നടത്തിയത് ?”
“കൊലപാതകങ്ങൾ തുടർകഥയാകുമ്പോൾ അവിടെയുള്ളവർ അവരുടെ സ്ഥലങ്ങൾ വിറ്റ് അവിടെ നിന്ന് പുറത്തേക്ക് പോകും അപ്പോൾ ആ സ്ഥലങ്ങൾ ഞങ്ങൾക്ക് ചെറിയ വിലക്ക് വാങ്ങിക്കാൻ”
“എന്തിന് വേണ്ടി ?”
“പിന്നീട് വലിയ വിലക്ക് മറിച്ചു വിൽക്കാൻ”
“നീ ഈ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു എന്നാണോ കരുതുന്നത്. മര്യാദക്ക് ചോദിച്ചാൽ നീ മറുപടി പറയില്ല അല്ലെ. അപർണേ, ആ വടി ഇങ്ങ് എടുത്തോ ഇവളെ കൊണ്ട് ഞാൻ പറയിക്കും എല്ലാം”
അപർണ എടുത്ത് കൊടുത്ത ലാത്തി കൊണ്ട് സുറുമി ഫെമിനയുടെ കഴുത്തിൽ വട്ടം പിടിച്ച് വയറിലേക്ക് അടുപ്പിച്ചു. ശ്വാസം കിട്ടാതെ ഫെമിന കയ്യും കാലും ഇട്ട് അടിക്കാൻ തുടങ്ങി.
“അതേ പോലെ നിന്നെയും ചെയ്യും മര്യാദക്ക് മറുപടി പറഞ്ഞോ. ഇല്ലെങ്കിൽ അടുത്തത് മൊട്ടുസൂചി പ്രയോഗം ആണ്. അല്ലെങ്കിൽ മുളക് അരച്ചു ഞാൻ കണ്ണിൽ തേക്കും നിന്റെ. പറയെടി” അപർണ ഐഷയുടെ കഴുത്തിൽ കുത്തിപിടിച്ചു. ശ്വാസം കിട്ടാതെ ഐഷയുടെ കണ്ണ് പുറത്തേക്ക് തുറിച്ചു.
“ഞാൻ എല്ലാം പറയാം” നേർത്ത ശബ്ദത്തിൽ ഐഷ പറഞ്ഞു. രണ്ട് പേരും കൈകൾ എടുത്തു. ഐഷയും ഫെമിനയും കുറച്ചു സമയം ചുമച്ചു കൊണ്ട് ശ്വാസം എടുത്തു. അവർ പറയാം എന്ന് പറഞ്ഞപ്പോൾ അപർണ പ്രതാപിനെ വിളിക്കാൻ പുറത്തേക്ക് പോയി.
“വെള്ളം” ഐഷ മന്ത്രിച്ചു.
“നീ ആദ്യം ചോദ്യങ്ങൾക്ക് മറുപടി പറയ്, എന്നിട്ട് തീരുമാനിക്കാം നിനക്ക് കുടിക്കാൻ വെള്ളം തരണോ വേണ്ടയോ എന്ന്”
“ഞാൻ പറഞ്ഞില്ലേ എല്ലാം പറയാമെന്ന്. ഞങ്ങൾക്ക് കുടിക്കാൻ കുറച്ച് വെള്ളം താ. ഞങ്ങൾ ചത്ത് പോകും”
“നീയൊക്കെ ചാകട്ടെടി, ഇത്രയും ആളുകളെ കൊന്ന നീയൊക്കെ ചത്താൽ ഇവിടെ ഒന്നും സംഭവിക്കില്ല”
“വെള്ളം കൊടുക്കേടോ, ഇവളുടെ എല്ലാം വായിൽ നിന്ന് സത്യങ്ങൾ അറിഞ്ഞാൽ മാത്രമേ ഇതിന്റെ പിന്നിലെ ആളുകളെ പിടിക്കാൻ കഴിയുകയുള്ളു. അതിന് മുൻപ് വല്ലതും സംഭവിച്ചാൽ ഇത്ര കഷ്ടപെട്ടത് വെറുതെ ആകും”
മേശയുടെ മുകളിൽ ഇരുന്ന വെള്ളം കുപ്പി എടുത്ത് അവർക്ക് കൊടുത്തു. ഒരു കുപ്പി വെള്ളം മുഴുവനും അവർ കുടിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞതും ഐഷ കസേരയിൽ നിന്നും താഴേക്ക് ഊർന്ന് വീണു….
തുടരും…
Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission