പതിവ് പോലെ കിച്ചൻ രാവിലെ തന്നെ ഉണർന്നു കുളത്തിലേക്ക് ഓടി. മുങ്ങി കുളിച്ചു അമ്പലത്തിൽ പോയി നട തുറന്നു പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ആദ്യ തന്നെ ഭഗവാനെ ജലാഭിഷേകം നടത്തിയ ശേഷം കളഭം ചാർത്താനാരംഭിച്ചു.
കളഭം ചാർത്തലിനിടെ എന്നത്തേയും പോലെ ഭഗവാനോട് ലോഹ്യം പറച്ചിൽ ഉണ്ടായിരുന്നു.
“അതേയ്., വിവരങ്ങൾ ഒക്കെ അറിഞ്ഞുല്ലോ ല്യേ?
പാവം ആ ചെറുമൻ. അഷ്ടിക്ക് വകയില്ല്യ അതിനു. കുടിൽ നിറയേ കുട്ട്യോളും ഇണ്ട്. അവരുടെ ഒരുനേരത്തെ വിശപ്പകറ്റാൻ മൂന്നു നാലു നാളികേരം കിച്ചൻ മോഷ്ടിച്ചതേ, അത് ഇത്ര വല്യ തെറ്റാ? പാവം ചെറുമന്റെ കാലിൽ ദണ്ണം ആയിട്ടല്ലേ?
ഹ്മ്മ് … ആരോടാ പറയാ ”
കിച്ചൻ ആരോടെന്നില്ലാതെ പറഞ്ഞു
“കിച്ചാ….. ”
“ആഹാ ഇതാരാ ഹരിയോ? എത്ര ദിവസായി തന്നെ കണ്ടിട്ട്? ”
“ഹ ഹ നാം എന്നും കിച്ചനെ കാണുന്നുണ്ട്. കിച്ചനാ നമ്മെ കാണാത്തതു. ”
“ഉവ്വോ?
എന്നും വരാറുണ്ടോ താൻ? ന്നിട്ടേന്തേ നമ്മുടെ അടുത്ത് വന്നില്യാ? ”
“കിച്ചൻ തിരക്കിലാർന്നില്യേ? അതാ ”
“നിക്ക് ന്ത് തിരക്കാ. നമ്മുടെ സ്നേഹിതനോട് ഒന്ന് മിണ്ടാൻ തിരക്കോ? ഒരിക്കലും ഇല്യാട്ടോ.
ഇന്ന് എന്താണാവോ നിർമാല്യത്തിന് ആരെയും കണ്ടില്ല്യ ”
“ഇന്ന് വൈകിയേ വരൂ ”
“അതെന്താടോ?
താൻ കരക്കാരോട് മുഴുവൻ ചെന്നു പറഞ്ഞുവോ ഇന്ന് വൈകി എത്തിയാൽ മതീന്ന് അമ്പലത്തിൽ ”
“ഹ ഹ ഹ ഉവ്വെന്നു കൂട്ടിക്കോളൂ ”
“ഹ്മ്മ്മ്
ഇല്ലത്തു എല്ലാപേർക്കും സുഖാണോ? ”
“ആരുടെ? ”
“ങേ… ഇതാപ്പോ നന്നായെ
ഹരിടെ ഇല്ലത്തു. അല്ലാണ്ട് വേറെ ആരുടെ കാര്യാ? ”
“ഓ…. അവിടെ..,
സുഖാവും. പരമ സുഖാവും ”
“സുഖവുംന്നോ? അപ്പൊ ഇല്ലത്തുന്നു അല്ലേ ഹരി വരുന്നേ? ”
“ഉവ്വ്. ഇല്ലത്തുന്നു തന്നെ തന്ന്യാ വരുന്നേ
സുഖാ എല്ലാപേർക്കും അവിടെ
ന്താ പോരെ? ”
ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതേയ്, കിച്ചാ തന്റെ പണി നടക്കട്ടെട്ടോ ഞാൻ അപ്പുറത്തെ ആലിന്റെ ചുവട്ടിൽ കാണും ”
“കാണുവോ? അതോ പോവോ? ”
“ഇല്യാടോ പോവില്യ. കാണും ”
“ആ ”
എന്ന് പറഞ്ഞ് ഹരി ആൽമരത്തിന്റെ അടുത്തേക്ക് നടക്കുന്നത് നോക്കി കിച്ചൻ ഭഗവാനെ നോക്കി പറഞ്ഞു,
“നമ്മുടെ സുഹൃത്താട്ടോ. വേദ പഠനത്തിന് പോയപ്പോൾ കിട്ടിയതാ അയാളെ. ”
ദീപാരാധന കഴിഞ്ഞു ഉച്ച പൂജയും കഴിഞ്ഞു നട അടച്ച ശേഷം കിച്ചൻ, ഹരി ഇരിക്കുന്നേടത്തേക്കു നടന്നു. അവനെ കണ്ടതും ഹരി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു,
“ഇതെന്താ കയ്യിൽ നിവേദ്യമോ? ”
“ഉവ്വ് ”
“ഇങ്ങട് തന്നോളൂ. വല്ലാണ്ട് വിശക്കുന്നു നമുക്ക് ”
“ഹരി ഒന്നും കഴിച്ചില്ല്യാർന്നോ? ”
“അതെങ്ങനെയാ ഇഷ്ടാ?
നാം ഇത്ര നേരം പുറത്തല്ലായിരുന്നോ? അപ്പൊ എങ്ങിനെയാ സേവിക്യ? ”
“ആഹാ, അപ്പൊ എപ്പോഴാ ഇറങ്ങിയെ ഇല്ലത്തു നിന്നു? ”
“കുറച്ചായിരിക്കുണു ”
“ഉവ്വോ?
എങ്കിൽ ഇതാ കഴിച്ചോളൂ ”
കിച്ചൻ കൈയ്യിലിരുന്ന നിവേദ്യ ഉരുളി ഹരിടെ നേർക്കു നീട്ടി. ഹരി അത് മുഴുവൻ കഴിച്ചു.
“ഹാവൂ… വയർ നിറഞ്ഞു. ഇനി കിച്ചന്റെ പാട്ട് കൂടെ ആയാൽ ഇന്നത്തെ ദിവസം ഭംഗിയായി. ഒന്ന് പാടാ ”
“ആഹാ ഇതാ ഇപ്പോ നന്നായെ ”
“ഒന്ന് പാടു ഇഷ്ടാ ”
“മ്മ്മ്
ജന്മമാന്തകാരത്തിലരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യിലഴകാർന്ന ഹരിചന്ദനം
മമ മാറിലണിയാൻ ഗതിയാവണം
കൃഷ്ണം മായാ ബാലം
ലീലാ വിനോദം
ശിരസ്സാ നമാമി ”
ഹരിയോട് യാത്ര പറഞ്ഞു കിച്ചൻ കൊലോത്തേക്കു പോകാനൊരുമ്പോൾ അവൻ ചോദിച്ചു,
“എത്ര ആയി ഞാൻ കൊലോത്തേക്കു ക്ഷണിക്കുന്നു? താൻ വരില്ല്യല്ലോ ”
“സമയം ആവട്ടെ വരാം ”
“ഹ്മ്മ്മ് ന്നാ ഞാൻ വരട്ടേ
അമ്മു കാത്തിരിക്കുന്നുണ്ടാവും ”
“ഉവ്വോ? കിച്ചന്റെ പാട്ടു പോലെ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് നിങ്ങളുടെ പ്രണയവും. കിച്ചന് അമ്മുനോടുള്ള പ്രണയം, അമ്മുന് കിച്ചനോടുള്ള പ്രണയം.ഒരു ശക്തിക്കും നിർവചിക്കാനാവാത്ത ഒന്നാ നിങ്ങളുടെ പ്രണയം. പ്രണയം സത്യമാണെങ്കിൽ മരണത്തിനു പോലും വേർപെടുത്താനാവില്ല ”
“ഇതെന്താടോ ഇന്ന് പ്രണയം ആണോ വിഷയം? ഹ ഹ ഹ ”
“ഉവ്വ്
നമ്മുടെ പ്രണയം എന്നും പ്രണയത്തോടാണ്. പ്രണയത്തെ പ്രണയിക്കാനാ നമുക്കിഷ്ടം ”
ഹരിയുടെ അടുത്ത് നിന്നും മടങ്ങും വഴിയാണ് പാടത്തു വെച്ചു ചിരുതയെ കണ്ടത്. അവനെ കണ്ടതും അവർ വരമ്പത്തു നിന്നു പാടത്തേക്കു ഇറങ്ങി നിന്നു കൈ വണങ്ങി.
“അയ്യേ… ചിരുതേട കാലിൽ ഒക്കെ ചേറായി. എന്തിനാ വരമ്പത്തുന്നു ഇറങ്ങിയെ? അതുകൊണ്ടല്ലേ അപ്പടി ചേർ ആയെ ”
“അയ്യോ തമ്പുരാനേ അടിയൻ അങ്ങനെ ചെയ്യാൻ പാടുള്ളു ”
“ന്ന് ആരാ പറഞ്ഞേ ചിരുതയോട്? നാം പറഞ്ഞുവോ അതോ എവിടേലും ലിപി ചെയ്തു വെച്ചിട്ടുണ്ടോ? ”
ചെറുമന്റെ മൂത്ത മകൾ ആണ് ചിരുത.
“ചിരുത വല്ലതും കഴിച്ചുവോ? ”
അവൾ ശബ്ദം താഴ്ത്തി നിലത്തു നോക്കി നിന്നു പറഞ്ഞു
“ഇല്ല തമ്പുരാനേ ”
“ചെറുമന്റെ കാലിലെ മുറിവ് എങ്ങിനെ? വേദന ഇപ്പോഴും പഴയ പോലെ ഉണ്ടോ? ”
“കുറവുണ്ട് തമ്പുരാനേ ”
“അന്നത്തെ പോലെ നിവേദ്യം ഇന്ന് ഇല്യാട്ടോ കിച്ചന്റെ കയ്യിൽ. നമ്മുടെ സ്നേഹിതന് നൽകി അത്.
ന്താ ഇപ്പോൾ ചിരുതക്കു തരാ? ”
“അടിയന് ഒന്നും വേണ്ട തമ്പുരാനേ ”
“നാം ചെറുമനെ കാണാൻ വരുന്നുണ്ട് ”
“ശെരി തമ്പുരാനേ ”
ചിരുതയോട് പറഞ്ഞിട്ട് കിച്ചൻ നടന്നകന്നു. കോവിലകത്തെ പടിപ്പുര കടക്കുമ്പോൾ അമ്മ മുറ്റത്തു നിൽപ്പുണ്ട്. അമ്മയെ കണ്ടപാടേ അവൻ അടുത്തേക്ക് ചെന്നു ചോദിച്ചു,
“അമ്മേ…
കിച്ചന്റെ അച്ഛ എപ്പോഴാ വരാ? ”
“എന്തേ? ”
“എത്ര നാളായി അച്ചയെ കണ്ടിട്ട്. കിച്ചന് അച്ചയെ കാണാൻ നന്നേ മോഹണ്ട് അമ്മേ ”
“അച്ചക്കു ജോലിത്തിരക്കാവും കുട്ടാ. മാത്രവുമല്ല പഠനം കഴിഞ്ഞു ഉണ്ണി മടങ്ങി എത്തിയത് അച്ഛ അറിഞ്ഞിട്ടും ഇല്ല്യല്ലോ ”
“കിച്ചന് അച്ചയെ കാണാൻ അതിയായ മോഹണ്ട് ”
“അതെയോ?
ൻറെ കുട്ടീടെ അച്ഛ വേഗം വരുംട്ടോ ”
“അച്ഛ നിക്ക് വാക്കു തന്നിരിക്കുന്നു, പഠനം കഴിഞ്ഞു വല്യ ആളാവുമ്പോ കുതിര വാങ്ങി തരാംന്നു ”
“ഓഹോ അപ്പൊ അച്ചയെ കാണാനുള്ള മോഹം കൊണ്ടല്ല അന്വഷിച്ചേ, കുതിര വാങ്ങാനാ ല്യേ? ”
“അല്ലല്ല, കിച്ചന് അച്ചയെ കാണണം, കുതിരയും വേണം. ”
“അതെയോ? ”
“മ്മ് അതെ അമ്മേ
കിച്ചന് വെളുത്ത കുതിരയാ അച്ഛ വാങ്ങി തരാ. അതാ കിച്ചന് ഇഷ്ടം ”
ഗായത്രി വാത്സല്യത്തോടെ മകനെ നോക്കി പുഞ്ചിരിച്ചു. അമ്മയുടെ അടുത്ത് നിന്നും ഉമ്മറത്തേക്ക് കയറിചെല്ലുമ്പോൾ അവിടെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടപ്പുണ്ട് വല്യമ്മാമ. തുള്ളി ചാടി വന്ന കിച്ചൻ വല്യമ്മാമേ കണ്ടതും തിരിഞ്ഞു നടന്നു.
“നിൽക്ക ”
പിന്നിൽ നിന്നുള്ള വിളി കേട്ടു കിച്ചൻ തിരിഞ്ഞു നോക്കി. ന്നിട്ടൊരു ചോദ്യവും
“കിച്ചനോടാണോ വല്യമ്മാമേ? ”
“ഉവ്വ്. അല്ലാണ്ട് വേറെ ആരും ഇവിടെ ഇപ്പോ ഇല്ല്യല്ലോ ”
“അപ്പൊ കിച്ചനോടാ
എന്തേ വല്യമ്മാമേ? ”
“തനിക്കു അല്പം ബോധം ഇണ്ടാവട്ടേന്നു വെച്ചാ വേദം പഠിക്കാനും കളരി പഠിക്കാനും ഒക്കെ അയച്ചത്. ന്നിട്ടോ അതുണ്ടായില്യ. ന്നാ പിന്നെ ശാന്തി പണി ചെയ്തിട്ടേലും അല്പം ബോധം ഇണ്ടാവട്ടേന്നു വെച്ചു.
എവിടെ? ഒരു കാര്യോം ഇല്ല്യാന്നു നമുക്ക് ബോധ്യായിർക്കുന്നു. ”
“വല്യമ്മാമേ…. അമ്മുഉം സാവിത്രികുട്ടിയും ഒക്കെ എവിടെ? ”
“ഹ്മ്മ്മ് നാം എന്ത് പറയുന്നു, നീയെന്തു കേൾക്കുന്നു?
ശപ്പൻ. ബോധമില്ലാത്ത കഴുത ”
ഇതൊക്കെ കേട്ടിട്ടും കിച്ചന്റെ മുഖത്തു പ്രത്ത്യേകിച്ചു ഭാവമാറ്റം ഒന്നും തന്നെയില്ല. അവൻ അദേഹത്തിന്റെ മുഖത്തു നോക്കി നിന്നു ആലോചിച്ചു. എന്തിനാ അദ്ദേഹം തന്നെ ശകാരിക്കുന്നതെന്നു ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവന്.
“നാം ഈ പറയുന്നത് എന്തേലും ആ തലയിൽ കയറുന്നുണ്ടോ ആവോ? ”
“ഇല്ല്യാ വല്യമ്മാമേ
കിച്ചനും അതാട്ടോ ആലോചിക്കുന്നേ. അമ്മുനെയും സാവിത്രികുട്ടിയെയും അന്വഷിച്ചത് അത്ര വല്യ തെറ്റാണോന്ന്. അതിനാണോ വല്യമ്മാമ നമ്മെ ഇങ്ങനെ സഹകരിക്കുന്നെന്നു ”
“കേമായി.
ഇതാപ്പോ നന്നായെ. നാം എന്ത് പറയുന്നു. താൻ എങ്ങിനെ അത് കേൾക്കുന്നു. പറഞ്ഞിട്ടെന്താ,
നമ്മുടെ ഉടപ്പിറന്നോളെ തീ തീറ്റിക്കാൻ ഉണ്ടായ സന്തതി ”
“അതെന്തേ വല്യമ്മാമേ കിച്ചന്റെ അമ്മക്ക് ചോറ് കൊടുക്കാണ്ട് തീയാണോ തിന്നാൻ കൊടുക്കുന്നെ? ”
“ഹൊ എന്റെ കൃഷ്ണാ
ഇങ്ങനെ ഒരു മരക്കഴുത. അരണക്കു ഇതിലും അധികം ഇണ്ടാവും ബുദ്ധി. മുന്നിൽന്നു പോവാ ”
“ആ
കിച്ചൻ പൊക്കോട്ടെ വല്യമ്മാമേ ”
“പോവാ, മുന്നിൽ നിന്നു ”
“ഓ…..
അല്ല വല്യമ്മാമേ…. സാവിത്രികുട്ടിയും അമ്മുഉം എവിട്യന്നു പരിഞ്ഞില്ല്യല്ലോ ”
“ഇതിനു തന്ന്യാ കൊള്ളാവുന്നെ.
പെൺകുട്ട്യോൾടെ പിന്നാലെ കൂട്ട് കൂടി നടക്കാൻ. ശുംഭൻ ”
“വല്യമ്മാമ പറയണ്ട കഴിഞ്ഞില്ല്യേ
നാം കണ്ടെത്തിക്കോളാം. ”
ഇത്രയും പറഞ്ഞു കിച്ചൻ അകത്തേക്ക് കയറി പോയി. അവൻ നേരെ പോയത് ഊട്ടുപുരയിലേക്കായിരുന്നു. അവിടെ അവന് ചോറ് വിളമ്പി കാത്തു നിൽക്കുന്നുണ്ടായിരുന്നു അമ്മ.
“അമ്മേ….”
“എന്തേ ഉണ്ണ്യേ? ”
“ഈ വല്യമ്മാമ രാവിലെ ഉണരുമ്പോൾ വലതു വശം തിരിഞ്ഞു എഴുന്നേൽക്കാർല്യ ല്യേ? അതാ ഇങ്ങനെ സ്വഭാവം ”
“ശോ ൻറെ കുട്ട്യേ… ഏട്ടൻ കേൾക്കണ്ടാട്ടൊ.
എന്തേ ഇണ്ടായേ? ”
“അമ്മുഉം സാവിത്രികുട്ടിയും എവിടെന്ന് നാം ഒന്ന് ചോദിച്ചു പോയി. ഹൊ അതിനൊരു ഗർജനം ആർന്നേ മറുപടി. അപ്പോഴേ കിച്ചന് മനസ്സിലായിരിക്കുണു അമ്മേ, വല്യമ്മാമ ഇന്നും ഇടതു വശം ആണ് ഉണർന്നെഴുന്നേറ്റിട്ടുണ്ടാവാന്ന് ”
ഇത്രയും പറഞ്ഞു കിച്ചൻ ഉച്ചത്തിൽ ചിരിച്ചു.
“അമ്മേ.. സാവിത്രികുട്ടിയും അമ്മുഉം എവിട്യാ? ”
“ഇതിനല്ലേ ഇപ്പോ ഏട്ടൻ ശകാരിച്ചേ? ”
“ആ ”
“എന്തിനാ ഏട്ടൻ ശകാരിച്ചേ?
കുട്ടൻ വല്യ കുട്ടി ആയില്യേ? സാവിത്രിയും അമ്മുഉം അതുപോലെ വല്യ കുട്ട്യോളായി. അതുകൊണ്ട് അവർ പഴയ പോലെ കുട്ടനോട് കളിക്കാനും കൂട്ട് കൂടാനും ഒന്നും വരില്യ ”
“എന്തേ അമ്മേ കിച്ചനോട് കൂട്ട് കൂടിയാൽ? കിച്ചൻ നല്ല കുട്ടി അല്ലേ അമ്മേ? അമ്മ പറഞ്ഞിട്ടില്ല്യേ കുഞ്ഞുനാളിൽ നല്ല കുട്ട്യോളോടെ കൂട്ട് കൂടാവുന്നു? ന്നിട്ടിപ്പോ അവരോടു കൂടിയില്ല്യച്ചാൽ അവർ കരുതില്ല്യേ കിച്ചൻ ചീത്ത കുട്ടി ആയെന്നു ”
” ന്താ ഇപ്പോ പറയാ ൻറെ കുട്ട്യേ? “
അമ്മയുടെ അടുത്ത് നിന്നും കിച്ചൻ നേരെ പോയത് കുളക്കടവിലേക്കാണ്. അവിടെ അമ്മുഉം, സാവിത്രിയും തുണി അളക്കുകയാണ്. അവരെ കണ്ടതും അവൻ അവരുടെ അടുത്തേക്ക് പടവുകളിറങ്ങി ചെന്നു.
“ആഹാ ഇവിടെ ഇണ്ടാർന്നോ രണ്ടാളും? നിങ്ങളെ നാം എവിടൊക്കെ തിരഞ്ഞുന്നോ? ”
“എന്തേ കിച്ചാ? എന്തിനേ തിരഞ്ഞെ കുട്ടൻ, ഞങ്ങളെ? ”
സാവിത്രി വാത്സല്യത്തോടെ അവനോടു ചോദിച്ചു
“സാവിത്രിക്കുട്ടി…..
വല്യമ്മാമ പറഞ്ഞിരിക്കുണു നിങ്ങൾ രണ്ടാളും ഇനി കിച്ചനോട് കൂടില്ല്യാന്നു. അമ്മയും പറഞ്ഞു. കിച്ചൻ ചീത്ത കുട്ടി ആയകൊണ്ടാ നമ്മോട് കൂടണ്ടാന്ന് പറഞ്ഞെ?
ആണോ സാവിത്രി കുട്ട്യേ? ”
“”എയ് ഇല്യാട്ടോ
കിച്ചൻ നല്ല കുട്ടി തന്ന്യാ. നല്ലതുന്നു പറഞ്ഞാൽ……
ന്താ ഇപ്പോ പറയാ….
കണ്ണന്റെ നെറുകയിലെ മയിൽപീലി തുണ്ട് പോലെ നല്ലത്. അവരൊക്കെ അങ്ങനെ പറഞ്ഞോട്ടെ. സാവിത്രികുട്ടിക്കും, അമ്മുട്ടിക്കും കിച്ചൻ അല്ലാണ്ട് വേറെ ആരാ കൂട്ടുള്ളെ? അപ്പൊ പിന്നെ വേറെ ആരോടാ കൂടാ? ”
സാവിത്രിയുടെ വാക്കുകൾ കിച്ചന് ഒരുപാട് സന്തോഷം നൽകി. അവൻ അവരോടു ചോദിച്ചു,
“കിച്ചനും സഹായിക്കട്ടെ? ”
“എയ് വേണ്ടാട്ടോ. ദേ അങ്ങട് മാറി ഇരുന്നു കണ്ടോളു. ഇല്യാച്ചാൽ ദേഹത്ത് അഴുക്കു തെറിക്കും. സാവിത്രിക്കുട്ടി കയറാട്ടോ. ബാക്കി അമ്മു മുറുക്കി പിഴിഞ്ഞ് എടുത്തോളും. അമ്മു അലക്കി കഴിയും വരെ കുട്ടൻ കൂട്ടിരുന്നോളു ”
“ആ ”
ഇത്രയും പറഞ്ഞു സാവിത്രി പടവുകൾ കയറി പോയി. സാവിത്രി പോയി കഴിഞ്ഞു കിച്ചൻ അമ്മുനെ നോക്കി. അവൾ ഒന്നും മിണ്ടാണ്ട് നിന്നു അലക്കുവാണ്. അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി കൽപ്പടിയിൽ ഇരുന്നു. പിന്നെയും അമ്മു തന്നോടൊന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ, അവൾ വിളിച്ചു..
“അമ്മു…
എന്തേ കിച്ചനോട് മിണ്ടാത്തെ? കിച്ചനെ കണ്ടിട്ടും നോക്കുന്ന കൂടി ഇല്ല്യ അമ്മു ”
“ഇതാപ്പോ നന്നായെ. ഞാൻ നിന്നെ നോക്കി നിന്നാൽ നീയ് വന്നു ചെയ്യോ ഇതൊക്കെ? ”
“എന്തിനേ അമ്മു കിച്ചനോട് ശുണ്ഠി എടുക്കുന്നെ? ”
“പിന്നെ ശുണ്ഠി എടുക്കാണ്ട്? ഇവിടെ മനുഷ്യൻ ഭ്രാന്ത് പിടിച്ചു നിൽക്കാ. അന്നേരാ നിന്റെ… ”
“മ്മ് ”
“എന്തിനേ നീയ് അന്വഷിച്ചേന്ന് പറയാ ”
“മ്മ് ”
“കിച്ചാ… ”
“മ്മ് ”
“കിച്ചാ… എന്തേ മിണ്ടാത്തെ? ”
“മ്മ് ”
“ഹ്മ്മ് തുടങ്ങി ‘മ്മ് ‘!”
“മ്മ് ”
“ഇങ്ങനെ മ്മ് പാടാണ്ട് എന്തേലും ആ തിരുവായ് തുറന്നു മൊഴിയാ ”
“മ്മ് ”
“ൻറെ കൃഷ്ണാ….
ഇക്ക് ഏത് നേരത്താണാവോ അങ്ങനെ ചോദിക്കാൻ തോന്ന്യേ”
“മ്മ് ”
“ഹ്മ്മ്
അതേയ്, കിച്ചാ…. അമ്മു വെറുതെ പറഞ്ഞതല്ലേ, അല്ലാണ്ട് ൻറെ കിച്ചനോട് ദേഷ്യപ്പെട്ടതല്ല. അന്നേരം ഓപ്പോൾ നിന്ന കൊണ്ടല്ലേ അമ്മു മിണ്ടാണ്ട് നിന്നെ. നമുക്കല്ലാണ്ട് വേറെ ആർക്കും അറിയില്ല്യല്ലോ നമ്മൾ തമ്മിൽ ന്താന്നു. ൻറെ കിച്ചനോടല്ലാണ്ട് വേറെ ആരോടാ മിണ്ടാ ഈ അമ്മു? ”
“മ്മ് ”
“ശോ, ഈ മ്മ് ഒന്ന് അവസാനിപ്പിക്കു ൻറെ കിച്ചാ ”
“മ്മ് ”
“ന്ത് മ്മ് ന്ന്?
കിച്ചാ… ദേ ഇങ്ങട് നോക്കിയേ ”
“മ്മ് ”
“ഇങ്ങനെ മ്മ് പറഞ്ഞു ന്നെ കൊല്ലല്ലേ ൻറെ പൊന്നേ..
അറിയാണ്ട്, ൻറെ നാവിൽ നിന്നു അങ്ങനെ വന്നു പോയി. ഇനീപ്പോ ന്താ വേണ്ടെ ഞാൻ ഈ മ്മ് ഒന്ന് അവസാനിപ്പിക്കാൻ? ”
“ന്ത് പറഞ്ഞുച്ചാലും ചെയ്യോ? ”
“മ്മ്. ന്ത് പറഞ്ഞുച്ചാലും ചെയ്യാം. പോരെ? ”
“ന്നാ നിക്ക് 10 ഉമ്മ വേണം ”
“അത്രേയുള്ളൂ? തരാല്ലോ
ൻറെ കിച്ചന് അല്ലാണ്ട് വേറെ ആർക്കാ അമ്മു ഉമ്മ കൊടുക്കാ? പക്ഷെ ഇപ്പോ അമ്മുന് ഉമ്മ തരാൻ പറ്റില്ല്യ. ”
“അതെന്താ? ”
“പറ്റില്ല്യ അത്രന്നെ ”
“കിച്ചന് ഉമ്മ തരാമെന്നു പറഞ്ഞിട്ടല്ലേ മ്മ് നിർത്തിയെ. ന്നിട്ടിപ്പോ ന്നെ കള്ളം പറ്റിച്ചാലുണ്ടല്ലോ… ”
“കിച്ചാ പിടിവാശി കാട്ടല്ലേ
അമ്മുന് ഇപ്പോ ഉമ്മ വെക്കാൻ പാടില്ല്യ. അതുകൊണ്ട് അല്ലേ ”
“ന്താ പാടില്ലാത്തെ? ഇന്നലെ തന്നല്ലോ ഉമ്മ ”
“അത് ഇന്നലെ. ഇന്ന് പറ്റില്ല്യ ”
“നിക്ക് വേണം. ”
“പറ്റില്ല്യ ”
“ദേഷ്യം പിടിപ്പിക്കല്ലേ കിച്ചാ ”
“നിക്ക് വേണം ”
“അമ്മുന് ഉവ്വാവ് ആണ്. കിച്ചനെ ഉമ്മ വെക്കാൻ പാടില്ല്യ. കിച്ചനും അമ്മുനെ ഉമ്മ വെക്കാനും തൊടാനും ഒന്നും പാടില്ല്യ ഇപ്പോ. അമ്മുന്റെ ഉവ്വാവ് ഒക്കെ മാറി ശുദ്ധി ആവുമ്പോൾ കിച്ചന് എത്ര ഉമ്മ വേണേലും തരില്ല്യേ? ”
“നിക്ക് വേണ്ട നിന്റെ ഉമ്മ ”
“യ്യോ ”
“ഞാൻ ൻറെ അമ്മയോടും, ൻറെ സാവിത്രികുട്ടിയോടും, അരുന്ധതിയോടും ഒക്കെ പറയും നോക്കിക്കോ” “ന്ത്? ”
“നിക്ക് ഉമ്മ തരാംന്ന് പറഞ്ഞിട്ട് അമ്മു ന്നെ പറ്റിച്ചു ന്ന്. പിന്നെ ഇന്നലെ കിച്ചന്റെന്നു മൂന്നു ഉമ്മ വാങ്ങിച്ചിട്ടു കിച്ചന് ഇന്ന് അത് ചോദിച്ചിട്ട് തന്നില്ല്യാന്നും പറയും നോക്കിക്കോ ”
“ൻറെ ദൈവേ….
ഇവൻ ഇത് ന്തിനുള്ള പുറപ്പാടാ? ”
“നോക്കിക്കോ കിച്ചൻ എല്ലാപേരോടും പറയും. ന്നെ കള്ളം പറ്റിച്ചുല്യേ? ”
“കിച്ചാ……..
അതൊന്നും ആരോടും പറയരുത്ട്ടോ. മോശാ അതൊക്കെ
അതൊക്കെ നമ്മൾ മാത്രം അറിയേണ്ട കാര്യാ. വേറെ ആരോടും പറയാൻ പാടില്ല്യ. അയ്യേ.. നാണക്കേടാ. ആരോടും പറയരുത്ട്ടോ ”
“പറയും
ന്നെ കള്ളം പറ്റിച്ചുല്യേ. നോക്കിക്കോ ഞാൻ കാണിച്ചു തരാം ”
“ന്ത്?
(തുടരും )
Read complete പുനർജ്ജന്മം Malayalam novel online here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission