Skip to content

മരണങ്ങളുടെ തുരുത്ത് Part 9

  • by
മരണങ്ങളുടെ തുരുത്ത് Malayalam Novel

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യം കണ്ട ഉടനെ പ്രതാപ് ഫോൺ എടുത്ത് ഡോക്ടറെ വിളിച്ചു.

“ഹലോ, ഡോക്ടർ അൻസിൽ”

“അതേ, പറയു ഇൻസ്‌പെക്ടർ”

“ഡോക്ടറോട് ഞാൻ വീട്ടിൽ വെച്ച് ഒരു കാര്യം പറഞ്ഞിരുന്നു. അപ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ നമ്മൾ തമ്മിൽ വീണ്ടും കാണേണ്ടി വരുമെന്ന്”

“ഉവ്വ്, ഞാൻ പറഞ്ഞതിൽ എന്താണ് മാറ്റം വന്നിരിക്കുന്നത് ?”

“അവിടെ നടന്ന മരണങ്ങളിൽ, പത്താമത്തെ മരണം. ഒരു സൂസന്ന, അവരുടെ റിപ്പോർട്ടിൽ മരണം നടന്ന് 7 മണിക്കൂറിനുള്ളിൽ ആണല്ലോ താങ്കൾ പോസ്റ്റുമോർട്ടം നടത്തിയിരിക്കുന്നത്. പക്ഷെ താങ്കൾ പറഞ്ഞിരുന്നത് എല്ലാം 9 – 10 മണിക്കൂറിനുള്ളിൽ എന്നല്ലേ. പിന്നെന്തേ ഇതിന് മാത്രം അങ്ങനെയൊരു വ്യത്യാസം”.

“അതേ. എല്ലാം 9 -10 മണിക്കൂറിൽ ആണ് പോസ്റ്റുമോർട്ടം നടത്തിയിരുന്നത്”.

“8 മണിക്കൂറിനുള്ളിൽ ആയിരുന്നു താങ്കൾ പോസ്റ്റുമോർട്ടം നടത്തിയത് എങ്കിൽ, താങ്കൾ നേരത്തെ പറഞ്ഞ മരണത്തിന് സാധ്യത ആകാമായിരുന്ന വിഷത്തിന്റെ അംശം അതിൽ കാണേണ്ടതാണ്. പക്ഷെ 7 മണിക്കൂറിനുള്ളിൽ പോസ്റ്റുമോർട്ടം നടത്തിയിട്ടും ഈ റിപ്പോർട്ടിൽ അങ്ങനെയൊരു പരാമർശം ഇല്ല. ആ വിഷാംശം, അത് താങ്കൾ കാണാതിരുന്നതോ, അല്ലെങ്കിൽ കണ്ടിട്ടും കാണാത്തത് പോലെ നടിച്ചതാണോ ?”

“ഇൻസ്‌പെക്ടർ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്. അങ്ങിനെ ഒരു കാര്യം ഞാൻ മറച്ചു വെച്ചത് കൊണ്ട് എനിക്കെന്താ ഗുണം ?”

“സാമ്പത്തിക ലാഭം. അല്ലാതെ വേറെന്ത് ?”

“ഇൻസ്‌പെക്ടർ, സൂക്ഷിച്ച് സംസാരിക്കണം. എനിക്ക് അങ്ങിനെ പണം വാങ്ങേണ്ട ആവശ്യം ഇല്ല. എന്നെ കേവലം കുറച്ചു പണം കൊണ്ട് വിലക്ക് വാങ്ങാൻ കഴിയും എന്നാണോ താങ്കളുടെ ധാരണ. ഇപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി കൊണ്ടിരിക്കുകയാണ്. അവിടെ ചെന്ന് നോക്കിയ ശേഷം നിങ്ങൾ പറഞ്ഞ കാര്യത്തിന് ഞാൻ മറുപടി നൽകാം .”

“ഇനി നിങ്ങൾ തരുന്ന മറുപടി നിങ്ങൾക്കുള്ള കുരുക്ക് ആകാതെ സൂക്ഷിച്ചോളൂ”

“താങ്ക്യൂ ഇൻസ്‌പെക്ടർ”

ഹോസ്പിറ്റലിൽ ചെന്ന് അവിടുത്തെ സിസ്റ്റം പരിശോധിച്ച ശേഷം ഡോക്ടർ പ്രതാപിനെ തിരികെ വിളിച്ചു.

“സോറി, ഇൻസ്‌പെക്ടർ അതൊരു ടൈപ്പിംഗ് മിസ്റ്റേക്ക് ആയിരുന്നു. റിപ്പോർട്ട് റെഡി ആക്കുന്ന സമയത്ത് പോസ്റ്റുമോർട്ടം സമയം ടൈപ്പ് ചെയ്തപ്പോൾ വന്ന മിസ്റ്റേക്ക് ആണത്. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഞാൻ അതിന്റെ എക്സ്പ്ലനേഷൻ അന്ന് ഈ കേസ് അന്വേഷിച്ചിരുന്ന ഇൻസ്പെക്ടർക്കും SP ക്കും ഞാൻ എഴുതി കൊടുത്തിരുന്നതാണ്. താങ്കൾക്ക് അവരോട് അന്വേഷിക്കാം.”

“ഇത് ഞാൻ വിശ്വസിച്ചു എന്നു താങ്കൾ കരുതേണ്ട. എന്റെ ലിസ്റ്റിൽ നിന്നും താങ്കളെ ഞാൻ ഒഴിവാക്കിയിട്ടില്ല. ഇനിയും നമ്മൾ തമ്മിൽ കാണാൻ ഇടവരരുത് “.

“ഞാൻ പറഞ്ഞത് താങ്കൾക്ക് വിശ്വാസം ആയില്ലെങ്കിൽ താങ്കൾക്ക് ഹോസ്പിറ്റലിലെ റെക്കോര്ഡുകൾ പരിശോധിക്കാം. ആ ദിവസം സൂസന്ന എന്നവരുടെ മൃതശരീരം പോസ്റ്റുമോർട്ടം നടത്തിയിരിക്കുന്നത് രാവിലെ 10.30 നാണ്. സമയം ടൈപ്പ് ചെയ്തപ്പോൾ വന്ന മിസ്റ്റേക്ക് ആണത്. Ok ഇൻസ്‌പെക്ടർ. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വന്ന് പരിശോധിക്കാം. ഞാൻ എന്തെങ്കിലും തരത്തിൽ ഇതിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബോധ്യം വന്നാൽ താങ്കൾക്ക് എന്നെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്. താങ്ക്യൂ “.

“Ok. താങ്ക്സ് ഡോക്ടർ”

പ്രതാപ് ഉടനെ SP യെ വിളിച്ച് ഈ കാര്യം അന്വേഷിച്ചു. SP പറഞ്ഞ മറുപടി, ഡോക്ടർ പറഞ്ഞ കാര്യം ശരിവെക്കുന്നത് ആയിരുന്നു. SP പറഞ്ഞത് ആ എക്സ്പ്ലേനേഷൻ നോട്ട് SP കൊടുത്തുവിട്ട ആ ഫയലിൽ തന്നെ ഉണ്ടെന്നും ആണ്. പ്രതാപ് ആ ഫയൽ ഒന്നു കൂടി പരിശോധിച്ചു. അതിൽ താഴെയായി ആ എകസ്പ്ലനേഷൻ നോട്ട് കിട്ടുകയും ചെയ്തു.

അതിന് ശേഷം അനീഷിനെ വിളിച്ചു.

“ഗുഡ് ഈവനിംഗ് അനീഷ്”

“ഗുഡ് ഈവനിംഗ് സർ”

“അനീഷ് ഞാൻ ഒരു കാര്യം അറിയാൻ വേണ്ടിയാണ് വിളിച്ചത്”

“എന്താണ് സർ ?”

“ഞാൻ ആ കൊലപാതകങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ അതിൽ ഒരു മരണം നടന്ന് 8 മണിക്കൂറിന് മുൻപേ പോസ്റ്റുമോർട്ടം നടന്നതായി കണ്ടു. പക്ഷെ ഞാൻ ഡോക്ടറെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് എല്ലാ മരണങ്ങളും നടന്ന് 9 – 10 മണിക്കൂറുകൾ കഴിഞ്ഞാണ് എല്ലാ പോസ്റ്റുമോർട്ടങ്ങളും നടത്തിയത് എന്നാണ്. ഇതിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ടൈപ്പിംഗ് മിസ്റ്റേക്ക് എന്നാണ്. എന്താണ് ഇതിനെ കുറിച്ച് അനീഷിന് പറയാനുള്ളത്”

“സർ, അത് ശരിയായിരിക്കും. സൂസൻ എന്നാണെന്ന് തോന്നുന്നു അവരുടെ പേര്. ഞാനാണ് ആ ബോഡി പോസ്റ്റുമോർട്ടത്തിന് ഹോസ്പിറ്റലിൽ കൊണ്ട് പോയത്. രാവിലെ 9.45 ന് ശേഷം ആണ് ബോഡി അവിടെ ചെന്നത്. റിപ്പോർട്ട് ആദ്യം വന്നതും എന്റെ കയ്യിൽ ആണ്. സ്റ്റേഷനിൽ വെച്ച് ഞാൻ ആ റിപ്പോർട്ട് വായിച്ചപ്പോൾ ആണ് പോസ്റ്റുമോർട്ടം ചെയ്ത സമയം നേരത്തെ ആണെന്ന് കണ്ടത്. ഉടനെ ഞാൻ ഡോക്ടറെ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം തന്നെയാണ് അതിനൊരു എക്സ്പ്ലനേഷൻ നോട്ട് എഴുതി തന്നത്. അത് ആ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കൂടെ ഉണ്ടല്ലോ. സർ കണ്ടില്ലേ അത് ?”

“ഞാൻ കണ്ടു അത്. എങ്കിലും ഒന്നു കൂടി അന്വേഷിക്കാം എന്നു കരുതിയാണ് അനീഷിനെ വിളിച്ചത്. Any way ,Thank you Aneesh”

“Thank you sir”

SP യുടെയും അനീഷിന്റെയും മറുപടി കേട്ടെങ്കിലും ഡോക്ടറെ കുറിച്ച് പ്രതാപിന്റെ സംശയം മാറിയില്ല.

ഈ ഡോക്ടറെ കുറിച്ച് ആരോടാണ് കൂടുതൽ അന്വേഷിക്കുക എന്ന പ്രതാപിന്റെ ചോദ്യത്തിന്, അദ്ദേഹത്തിന്റെ തന്നെ മനസ്സിൽ ഉയർന്ന പേരായിരുന്നു സജയൻ.

സജയൻ, നഗരത്തിലെ ഒരു മെഡിക്കൽ റെപ്പ് ആണ്. ഇവിടെയുള്ള ഒരു വിധം എല്ലാ ഡോക്ടർമാരുമായും സജയന് നല്ല ബന്ധം ആണ്. സജയനോട് അന്വേഷിച്ചാൽ ഇവിടുത്തെ എല്ലാ ഡോക്ടർമാരുടെയും ഡീറ്റൈൽസ് അറിയാൻ കഴിയും എന്ന വിശ്വാസത്തിൽ ഫോൺ എടുത്ത് സജയനെ വിളിച്ചു.

“സജയൻ”

“അതേ, പറയു സർ. എന്താണ് പെട്ടെന്ന് ഒരു വിളി ”

“സജയൻ എവിടെയാണിപ്പോൾ ?”

“സർ, ഞാൻ തിരുവന്തപുരത്ത് കമ്പനിയുടെ ഒരു മീറ്റിങ്ങിൽ ആണ്. എന്താണ് സർ കാര്യം ?”

“താൻ മീറ്റിംഗ് കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാമോ. തന്നെ കൊണ്ട് എനിക്കൊരു ഹെൽപ് വേണം”

“1 മണിക്കൂർ എടുക്കും സർ. മീറ്റിംഗ് കഴിയാൻ. അത് കഴിഞ്ഞാൽ ഞാൻ സാറിനെ തിരികെ വിളിക്കാം”

“OK. താങ്ക്യൂ സജയൻ”

1 മണിക്കൂർ കഴിയുന്നതിന് മുന്നേ സജയന്റെ ഫോൺ പ്രതാപിന് എത്തി.

“ഹലോ സജയൻ, മീറ്റിംഗ് കഴിഞ്ഞോ ?”

“കഴിഞ്ഞു സർ”

“മാസാവസാനം അല്ലാലോ സജയ, പിന്നെന്താ ഇപ്പോൾ ഒരു മീറ്റിംഗ് ?”

“ഈ മാസം സെയിൽസ് വളരെ മോശം ആണ് സർ. അതിനുള്ള തെറി മാസാവസാനം ഒരുമിച്ച് തരാൻ കഴിയാത്തത് കൊണ്ട് പകുതി ഇപ്പോൾ തരാൻ വേണ്ടി വിളിപ്പിച്ചതാണ്. ഞങ്ങളെ പോലുള്ള സെയിൽസ് എക്സിക്യൂട്ടീവുകളുടെ ഒരു വിധിയാണ് സാറേ ഇത്. പുറമെ നിന്ന് കാണുന്നവർക്ക് അടിപൊളി ജീവിതം. കാർ, കൈനിറയെ പണം, എല്ലാ സൗകര്യങ്ങളും ഉള്ള വീട് അങ്ങനെ എല്ലാവരും കൊതിക്കുന്ന ജീവിതം. പക്ഷെ യാഥാർഥ്യം ഞങ്ങൾക്ക് അല്ലെ അറിയൂ. കിട്ടുന്ന ശമ്പളം ആദ്യത്തെ 2, 3 ദിവസം മാത്രമേ മുഴുവനായി കാണാൻ കഴിയൂ. പിന്നീട് ബാങ്കുകളുടെ അടവിലേക്ക് പോകും എല്ലാ പൈസയും. പിന്നെ ആ മാസത്തെ ചെലവിനുള്ള പൈസയെ കാണു. എങ്ങിനെ പണിയെടുത്താലും മാസാവസാനം ടാർഗറ്റ് എത്തിയില്ലെങ്കിൽ അതിന്, എത്തിയാലോ വേറെന്തെങ്കിലും കാരണം കണ്ടു പിടിച്ച് അതിന്, മുകളിലുള്ളവരുടെ തെറി വിളി എന്തായാലും കേൾക്കും. അതൊക്കെ ആ വഴിക്ക് നടക്കും. ചിന്തിക്കാൻ പോയാൽ ഒരു പിടിത്തവും കിട്ടില്ല സാറേ”

“സാരമില്ലെടോ, എല്ലാ ജോലിക്കും ഉണ്ട് അതിന്റെതായ പ്രശനങ്ങൾ. ഇപ്പോൾ തന്നെ തനിക്കറിയാലോ ഇതിപ്പോ എത്ര സ്ഥലം മാറ്റവും സസ്പെന്ഷനും ആണ് എനിക്ക് കിട്ടിയിരിക്കുന്നതെന്ന്”

“മറ്റേ മൂത്ത സാറിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതിന് കിട്ടിയ സസ്‌പെൻഷൻ കഴിഞ്ഞ് എന്നാണ് തിരികെ ഡ്യൂട്ടിയിൽ കേറിയത് ?”

“ഞാൻ ഒരാഴ്ചയായി തിരിച്ചു കേറിയിട്ട്. ആ പുഴയക്കര ഗ്രാമത്തിലെ മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞാനിപ്പോ. അതിന്റെ ഒരു കാര്യത്തിനാണ് ഞാൻ സജയനെ വിളിച്ചത്”

“സർ കാര്യം പറയ്. നമുക്ക് റെഡി ആക്കാം”

“എനിക്ക് നഗരത്തിലെ ഒരു ഡോക്ടറെ കുറിച്ച് അറിയാൻ ആണ്. ഒരു ഡോക്ടർ അൻസിൽ. ജനറൽ ഹോസ്പിറ്റലിലെ പോലീസ് സർജൻ ആണ്”

“എനിക്ക് നേരിട്ട് അറിയില്ല. കേട്ടിട്ടുണ്ട് ഞാൻ. അന്വേഷിച്ച് ഞാൻ പറയാം. എന്താ സർ അറിയേണ്ടത് ?”

“ആളുടെ ഡീറ്റൈൽസ്. പൈസയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രലോഭനങ്ങളിൽ വീഴുന്ന ആളാണോ, Corrupted ആണോ അദ്ദേഹം. തുടങ്ങിയ കാര്യങ്ങൾ”

“ഞാൻ അന്വേഷിച്ച് പറയാം സർ”

“സജയൻ, വളരെ അത്യവശ്യം ആണ്. ഒരുപാട് സമയം എടുക്കരുത്. 1 മണിക്കൂറിനുള്ളിൽ കിട്ടിയാൽ അത്രയും നല്ലത്”

“ഞാൻ ശ്രമിക്കാം സർ”

“OK സജയൻ. ബൈ”

സജയനോട് ഇങ്ങിനെ ഒരു കാര്യം ഏൽപ്പിച്ചാൽ അവൻ അത് കൃത്യമായി ചെയ്തു തരും. അവന് നേരിട്ട് അറിയാത്ത കാര്യം ആണെങ്കിൽ അവന്റെ ഫ്രണ്ട്സിനോട് അന്വേഷിച്ച് റിസൾട്ട് തരും. അത് വളരെ കൃത്യവും ആയിരിക്കും.

ഈ മെഡിക്കൽ റെപ്പ് എന്നത് ഒരുവിധം എല്ലാ ഡോക്ടർമാരുടെയും എല്ലാ കാര്യങ്ങളും അറിയാവുന്നവർ ആയിരിക്കും. അവരുടെ വീക്ക് പോയിന്റസ്, വീട്, അഡ്രസ്സ്, അവരുടെ ഫാമിലി ഡീറ്റൈൽസ് അങ്ങിനെ ഒരു ഡോക്ടറുടെ അത്യാവശ്യം വേണ്ട എല്ലാ കാര്യങ്ങളും അറിയുന്ന ആൾ ആയിരിക്കും ഒരു മെഡിക്കൽ റെപ്പ്.

ഈ സെയിൽസ് എക്സിക്യൂട്ടീവുകൾക്കിടയിൽ ഉള്ള മറ്റൊരു കാര്യം ഒരു ടൗണിലെ അല്ലെങ്കിൽ ഒരു ഏരിയായിലെ എല്ലാ എക്സിക്യൂട്ടീവുകളും മിക്കവാറും എല്ലാ ദിവസവും പരസ്പരം കാണുന്നവർ ആയിരിക്കും എന്നതാണ്. അത് കൊണ്ട് തന്നെ ഇവർക്കെല്ലാം പരസ്പരം എല്ലാം അറിയാൻ കഴിയും. അവർ തമ്മിൽ അവരുടെ പ്രൊഫഷനുകളിൽ മത്സരം ഉണ്ടാകുമെങ്കിലും മറ്റുള്ള കാര്യങ്ങളിൽ പരസ്പരം നല്ല സഹകരണം ആയിരിക്കും. വൈകുന്നേരങ്ങളിൽ ഇവർ സ്ഥിരം ഒത്തുകൂടുന്ന സ്ഥലങ്ങൾ ഉണ്ടാകും. ആ ദിവസത്തെ ജോലിയുടെ ടെൻഷനും പ്രഷറും എല്ലാം അവർ മാറ്റിവെക്കുന്നത് ആ ഒന്നോ രണ്ടോ മണിക്കൂറിൽ ആയിരിക്കും. മിക്കവാറും ദിവസങ്ങളിൽ അവർ ഒരുമിച്ചു കൂടി അന്നത്തെ വിശേഷങ്ങൾ പങ്ക് വെച്ച ശേഷം ആയിരിക്കും അവർ വീടുകളിലേക്ക് തിരികെ പോകുന്നത്.

കൃത്യം 1 മണിക്കൂർ കഴിഞ്ഞപ്പോൾ സജയന്റെ കോൾ വന്നു.

“പറയു, സജയൻ”

“സർ, ആ ഡോക്ടറെ കുറിച്ച് ഞാൻ അന്വേഷിച്ചു. സിപ്ലയിൽ ഉള്ള മനുവിനെ സാറിന് അറിയില്ലേ ?”

“ഓർമയില്ല സജയ”

“സാറിനെ ഞാൻ ഒരിക്കൽ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. കൂത്താട്ടുകുളത്ത് ഉള്ള, പൊക്കം കുറഞ്ഞ മനു മാത്യു. അന്ന് അവൻ ഗ്ലാക്സോയിൽ ആയിരുന്നു ഉണ്ടായിരുന്നത് ”

“യെസ്, ഓർമ വന്നു. ഗ്ലാക്സോയിൽ ഉള്ള സമയത്ത് അല്ലെ പരിചയപ്പെടുന്നത്. അതാണ് സിപ്ല എന്നു പറഞ്ഞപ്പോൾ മനസ്സിലാകാതിരുന്നത്”

“അതേ അവൻ തന്നെ. അവന് ഈ ഡോക്ടറെ വളരെ നന്നായി അറിയാം. അവൻ പറഞ്ഞത് അനുസരിച്ച് വളരെ നല്ല മനുഷ്യൻ ആണിദ്ദേഹം. ഒരുപാട് ചാരിറ്റി ഒക്കെ ചെയ്യുന്ന ഒരാൾ ആണ്. ഇന്നലെയും അവൻ ഡോക്ടറെ കണ്ടിരുന്നു. ഒരു ഉച്ച സമയത്ത്. അപ്പോൾ അദ്ദേഹം ടൗണിലെ സ്വാമി സുനിൽകുമാർ പുൽപായ വന്ദ്യവയോധികർക്കായി നടത്തുന്ന സ്നേഹാലയം എന്ന സ്ഥാപനത്തിൽ വെച്ച്. അവിടുത്തെ ഒരു സ്ഥിരം സന്ദർശകൻ ആണ് അദ്ദേഹം. മരുന്ന് കമ്പനികളുടെ ഒരു ഉപഹാരങ്ങളും അദ്ദേഹം സ്വീകരിക്കാറില്ല എന്നാണ് അവൻ പറഞ്ഞത്. മാത്രമല്ല അടുത്ത പ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക് വലിയൊരു അത്താണിയാണ് പുള്ളി. കഴിയാവുന്ന പോലെ എല്ലാം അദ്ദേഹം എല്ലാവരെയും സഹായിക്കാറുണ്ട്. പിന്നെ ഫാമിലി, അദ്ദേഹത്തിന്റെ ഭാര്യ ഡിവോഴ്സ് ആണ്. മക്കൾ ഇല്ല. ഇവിടെ ടൗണിലെ വീട്ടിൽ അദ്ദേഹം ഒറ്റക്കാണ്. സഹായിക്കാൻ ഒരു സ്ത്രീ വരുമെന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ എല്ലാം നാട്ടിലാണ്. ദുശീലങ്ങൾ യാതൊന്നും തന്നെയില്ലാത്ത വളരെ മാന്യനായ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് മനുവിന്റെ അഭിപ്രായം”

“OK താങ്ക്യൂ സജയ, വളരെ നല്ലൊരു സഹായമാണ് താങ്കൾ എനിക്ക് ചെയ്തത്”

“സർ, എനിക്ക് ചെയ്തത് വെച്ച് നോക്കുമ്പോൾ ഇതെല്ലാം വെറും നിസാരം അല്ലെ സർ. അന്ന് ആ ആക്‌സിഡന്റ് പറ്റി ബോധമില്ലാതെ ഞാനും ഭാര്യയും മോളും വഴിയിൽ കിടന്ന സമയത്ത് ,ബാക്കി എല്ലാവരും വെറും കാഴ്ച്ചക്കാർ ആയി മാറിയ സമയത്ത് ,സർ എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചില്ലായിരുന്നെങ്കിൽ ,ഇന്ന് എന്റെ മോളെ കാണാൻ പോലും കിട്ടില്ലായിരുന്നു. അതൊന്നും മറക്കാൻ കഴിയില്ലല്ലോ ?”

“അതൊക്കെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം അല്ലെ സജയ. ഇന്നത്തെ ആളുകൾക്ക് ഇല്ലാത്തതും അത് തന്നെയാണ്. ഒരാൾ വഴിയിൽ കിടന്ന് മരിക്കാൻ പോയാലും തിരിഞ്ഞു നോക്കില്ല. അതിന്റെ പിറകിൽ നാളെ വരുന്ന ബുദ്ധിമുട്ടുകൾ ആണ് എല്ലാവരുടെയും വിഷയം”

“അങ്ങിനെ ഒരു ബുദ്ധിമുട്ട് ആർക്കും ഉണ്ടാകില്ല എന്നൊരു ഇൻഫോർമേഷൻ ഉണ്ടായിരുന്നല്ലോ”

“ഇനിയിപ്പോ അങ്ങനെ ഒന്ന് ഉണ്ടായാലും നാളെ എനിക്കോ തനിക്കോ അങ്ങനെ സംഭവിച്ചാൽ മറ്റുള്ളവരും ഇങ്ങനെ കരുതിയാൽ വഴിയിൽ കിടന്ന് മരിക്കാൻ ആയിരിക്കില്ലേ നമ്മുടെ യോഗം. റോഡിൽ ഒരാൾ ആക്‌സിഡന്റു പറ്റി കിടക്കുന്നത് കണ്ടാൽ, നമ്മുടെ അച്ഛനോ, അമ്മയോ, സഹോദരങ്ങളോ ആണെന്ന് കരുതിയാൽ എത്ര തിരക്കുണ്ടെങ്കിലും, എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും നമുക്ക് ആശുപത്രിയിൽ എത്തിക്കാൻ കഴിയും. അങ്ങിനെ ചിന്തിക്കാൻ കഴിയാത്തത് ആണ് ഇന്നിന്റെ ശാപം. ആ അത് വിട്. ഈ നാട് ഇങ്ങനെയൊക്കെയെ പോകു. തന്റെ മോൾ എന്ത് പറയുന്നു ?”

“അവൾക്ക് സുഖം സാറേ. അവളിപ്പോ മൂന്നിൽ ആയി. സാറിനെയും സിസിലി മാഡത്തേയും ഇടക്ക് അന്വേഷിക്കാറുണ്ട്”

“സിസിലിയും പറയുന്നുണ്ട് അവളെ കാണാൻ ആഗ്രഹം ഉണ്ടെന്ന്. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് കൊണ്ട് അവരെയൊക്കെ കാണുന്നതാണ് അവൾക്കൊരു ആശ്വാസം. താൻ സമയം പോലെ വീട്ടുകാരുമായി ഇറങ്ങ്. ഒരു വൈകുന്നേരം വിളിച്ചിട്ട് വാ. ഒരു ദിവസം വീട്ടിൽ നിന്ന് പിറ്റേന്ന് രാവിലെ പോകാം”

“ശരി സർ. ഞാൻ വിളിച്ചിട്ട് വരാം. മാഡത്തിനോട് അന്വേഷണം പറയണേ”

“ഞാൻ പറയാം. തന്റെ വീട്ടുകാരിയോടും മോളോടും എന്റെയും അന്വേഷണം പറഞ്ഞോളൂ. ശരിയെടോ. താൻ ഒരു ദിവസം ഇറങ്ങ് ഇങ്ങോട്ട്”

“എന്തായാലും വരാം സർ. ശരിയെന്നാൽ”

ഫോൺ കോൾ കട്ടാക്കിയ പ്രതാപ് അകത്തേക്ക് നോക്കി

“എടി സിസിലിയെ, സജയൻ ആണ് വിളിച്ചത്. അവൻ നിന്നോട് അന്വേഷണം പറഞ്ഞിട്ടുണ്ട്”

“അവരോട് ഇങ്ങോട്ട് വരാൻ പറയാരുന്നില്ലേ ഇച്ചായ. എനിക്ക് ആ മോളെ കാണാൻ കൊതിയാകുന്നുണ്ട്. അവരോട് ഒരു ദിവസം ഇവിടെ താമസിക്കാൻ വേണ്ടി വരാൻ പറയാരുന്നില്ലേ ?”

“ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം അവരോട് എല്ലാവരോടും ഇങ്ങോട്ട് വരാൻ. ഒരു ദിവസം ഇവിടെ നിൽക്കാൻ തയ്യാറായി വരാൻ ആണ് ഞാൻ പറഞ്ഞിരിക്കുന്നെ”

കയ്യിൽ പ്രതാപിനുള്ള ചായയുമായി വന്ന സിസിലി ചായകപ്പ് അടുത്തുള്ള ടേബിളിൽ വെച്ച ശേഷം പ്രതാപിന്റെ കഴുത്തിലൂടെ കയ്യിട്ട് കവിളിൽ ചെറുതായി കടിച്ച ശേഷം “അല്ലെങ്കിലും എന്റെ ഇച്ചായൻ എന്റെ മനസ്സറിഞ്ഞല്ലേ ചെയ്യൂ”

“ഡി, എനിക്ക് വേദനിച്ചൂട്ടോ”

“കണക്കായിപ്പോയി. കുറച്ചൊക്കെ വേദന ഉണ്ടാകുന്നത് നല്ലതാണ്” അതും പറഞ്ഞ് സിസിലി അകത്തേക്ക് ഓടി.

“ഡി, നിൽക്കവിടെ” എന്നും പറഞ്ഞ് പിറകെ ഓടാൻ നോക്കിയെങ്കിലും സിസിലി റൂമിൽ കയറി വാതിലടച്ചു.

“ഇതിനുള്ളത് രാത്രി തരാട്ടോ”

“ഇങ്ങ് വാ ഞാൻ നിന്ന് തരാം”

“കാന്താരി” എന്നും പറഞ്ഞ് പ്രതാപ് കസേരയിൽ ചെന്നിരുന്നു.

അവിടെ ഇരുന്ന് പ്രതാപ് ചിന്തിച്ചു. സജയൻ പറയുന്നത് പോലെ ആണെങ്കിൽ ഡോക്ടർ അൻസിൽ എന്നത് വിശ്വസിക്കാൻ കഴിയുന്ന വ്യക്തിയാണ്. ആർക്കും വിലക്ക് വാങ്ങാൻ കഴിയാത്ത നല്ലൊരു വ്യക്തിത്വം. സജയൻ വളരെ വിശദമായി തന്നെ അന്വേഷിച്ച് മാത്രമേ എനിക്കൊരു ഇൻഫോർമേഷൻ നൽകുകയുള്ളൂ. പിന്നെയും വിട്ടുകളയാൻ കഴിയാത്തത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ മിസ്റ്റേക്ക് ആണ്. അനീഷിനോടും SP യോടും സംസാരിച്ചതിൽ നിന്നും അതും ഒരു ടൈപ്പിംഗ് മിസ്റ്റേക്ക് ആണെന്ന് അനുമാനിക്കാം.

പ്രതാപ് നേരത്തെ എഴുതിയിരുന്ന പേപ്പർ എടുത്ത് ആ ലിസ്റ്റിൽ നിന്നും അനീഷിന്റെയും ഡോക്ടർ അൻസിലിന്റെയും പേര് വെട്ടി കളഞ്ഞു.

ഇനിയുള്ളത് മെമ്പർ സജീവ് ആണ്.

സജീവിന്റെ പേരിന് ചുറ്റും റെഡ് മഷിയുള്ള പേന കൊണ്ട് പ്രതാപ് ഒരു വട്ടം വരച്ചു. വരച്ചു കഴിഞ്ഞതും ഡോർ ബെല്ലടിച്ചു. ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പ്രതാപ് ഡോർ തുറന്നു. അപ്രതീക്ഷിതമായി മുന്നിൽ നിൽക്കുന്ന ആളെ കണ്ട ആദ്യം ഒന്ന് അമ്പരന്നെങ്കിലും സമചിത്തത കൈവിടാതെ പ്രതാപ് അയാളെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറിയ പ്രതാപ് താനിരുന്നിരുന്ന കസേരയുടെ എതിർവശത്തുള്ള കസേര ചൂണ്ടി കാണിച്ചു കൊണ്ട് വന്നയാളെ ഇരിക്കാൻ ക്ഷണിച്ചു.

ആരാണ് വന്നതെന്നും, അയാൾക്ക് ഈ കൊലപാതകത്തിൽ പങ്ക് ഉണ്ടോ എന്നും അറിയുന്നതിന് പ്രിയ വായനക്കാർ കാത്തിരിക്കുമെന്ന് കരുതുന്നു…

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

4.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!