15 മിനിറ്റിന്റെ യാത്രക്കൊടുവിൽ പ്രതാപ് ഡോക്ടറുടെ വീട് കണ്ടെത്തി. ഡോർ ബെല്ല് അടിച്ചപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.
“ഡോക്ടർ അൻസിലിന്റെ വീട് അല്ലെ ?”
“അതേ”
“ഡോക്ടർ ഉണ്ടോ ?”
“ഉണ്ട്. കിടക്കുകയാണ്.”
“ഒന്ന് വിളിക്കാമോ, ഞാൻ ഡോക്ടറെ വിളിച്ചപ്പോൾ വരാൻ പറഞ്ഞിരുന്നു”
“എന്താണ് പേര് ?”
“ഇൻസ്‌പെക്ടർ പ്രതാപ് എന്ന് പറഞ്ഞാൽ മതി”
സിറ്റൗട്ടിൽ കിടക്കുന്ന കസേരകൾ ചൂണ്ടി കാണിച്ച് “കയറി ഇരിക്കു, ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം” എന്നും പറഞ്ഞ് അവർ അകത്തേക്ക് പോയി.
പ്രതാപ് വീടിന് പുറത്തുള്ള കാര്യങ്ങൾ ആകെ ഒന്ന് വീക്ഷിച്ചു. പുറത്തെ ഷെഡിൽ ഒരു ടാറ്റ നാനോ കാർ കിടക്കുന്നുണ്ട്. പോർച്ചിൽ പഴയ മോഡൽ ഒരു ബൈക്കും ഇരിക്കുന്നുണ്ട്. മുറ്റത്ത് കുറച്ചു ചെടികൾ നിൽക്കുന്നു. ഒരു മാവ്, ഒരു ചാമ്പ, 2,3 തെങ്ങുകളും ഉണ്ട്. ചാമ്പ പൂത്തിട്ടുണ്ട്. കായ്കൾ ആയിട്ടല്ല.
അല്പനേരം കാത്ത് ഇരുന്നപ്പോൾ ഡോക്ടർ ഇറങ്ങി വന്നു. ഡോക്ടറെ കണ്ട ഉടനെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഷേക്ക് ഹാൻഡ് കൊടുക്കാൻ കൈനീട്ടിക്കൊണ്ട് പറഞ്ഞു, “ഇൻസ്‌പെക്ടർ പ്രതാപ്” തിരികെ കൈ തന്ന് “ഡോക്ടർ അൻസിൽ”.
ഷേക്ക്ഹാൻഡ് കൊടുക്കുന്നതിനിടയിൽ പ്രതാപ് ഡോക്ടറെ ആകെ ഒന്ന് നോക്കി. 35-38 വയസ്സ് പ്രായം. 5 അടിയിൽ അധികം ഉയരം. 85 – 90 കിലോ തൂക്കം. തലമുടിയും താടിയും അവിടിവിടെ നരച്ചിട്ടുണ്ട്.
“സോറി ഇൻസ്‌പെക്ടർ. ഉച്ചക്ക് അല്പനേരം ഉറങ്ങുന്ന പതിവ് ഉണ്ട് എനിക്ക് .”
“ഞാൻ വന്നത് ബുദ്ധിമുട്ടായോ ഡോക്ടർ ? നേരത്തെ പറഞ്ഞിരുന്നെങ്കിൽ, കുറച്ചു കൂടി കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ വന്ന് കാണാമായിരുന്നു”
“”It’s ok. വാ അകത്തേക്ക് ഇരിക്കാം”
അതും പറഞ്ഞ് അകത്തേക്ക് കയറിയ ഡോക്ടറുടെ പിറകെ പ്രതാപും അകത്തേക്ക് കയറി. വിസിറ്റിംഗ് റൂമിലെ സെറ്റിയിൽ ഡോക്ടർ ഇരുന്നതിന്റെ എതിർവശത്ത് ആയി ഇരുന്നു കൊണ്ട് പ്രതാപ് ആ വീടിനെ ആകെ ഒന്ന് വീക്ഷിച്ചു.
ഗവണ്മെന്റ് സർവീസിൽ ഉള്ള മറ്റുള്ള ഡോക്ടർമാരുടെ യാതൊരു പകിട്ടും ഇല്ലാത്ത സാധാരണ വീട്. വിസിറ്റിങ് റൂമിൽ അധികം പഴക്കം ഇല്ലാത്ത 5 പേർക്ക് ഇരിക്കാവുന്ന ഒരു സെറ്റി. അതിന്റെ നടുവിൽ ഗ്ലാസ് കൊണ്ടുള്ള ഒരു ചെറിയ ടേബിൾ. ആ മുറിയുടെ മൂലയിൽ ഇരിക്കുന്ന ചെറിയ ടേബിളിൽ പഴയ ഒരു ലാൻഡ് ഫോൺ ഇരിക്കുന്നുണ്ട്. ചുമരിലെ ഷോകേസിൽ ഏതൊക്കെയോ മതഗ്രന്ഥങ്ങളും പുസ്തകങ്ങളും ഇരിക്കുന്നുണ്ട്.
അകത്തേക്ക് നോക്കിയാൽ ഡൈനിങ്ങ് റൂമിൽ ആറ് പേർക്ക് ഇരിക്കാവുന്ന പഴയ ഒരു ടേബിൾ. ചുമരിൽ അധികം പഴക്കം ഇല്ലാത്ത ഒരു ടിവി ഇരിക്കുന്നുണ്ട്. അത് അധികം ഉപയോഗിക്കാറില്ല എന്നു തോന്നുന്നു.
“സാറിന് കുടിക്കാൻ എന്താ വേണ്ടത്. ചായയോ, കാപ്പിയോ ?” ഡോക്ടറുടെ ശബ്ദം ആണ് പ്രതാപിന്റെ ശ്രദ്ധ തിരിക്കാൻ കാരണമായത്.
“ഒന്നും വേണ്ട .”
“അങ്ങനെ പറയല്ലേ. ആദ്യമായിട്ടല്ലേ വീട്ടിൽ വരുന്നത്. ചായ എടുക്കാം”
അകത്തേക്ക് നോക്കി “മീനാക്ഷിയമ്മേ 2 ചായ എടുത്തോളൂ” എന്ന് വിളിച്ചു പറഞ്ഞു.
“ഡോക്ടറുടെ ഫാമിലി. ആരെയും കണ്ടില്ല. അത് കൊണ്ട് ചോദിച്ചതാണ്”
“ഫാമിലി എന്നു പറയാൻ ആരും ഇല്ല. വാപ്പയും ഉമ്മയും നാട്ടിൽ ആണ്”
“ഭാര്യയും കുട്ടികളും ?”
“വിവാഹം കഴിഞ്ഞ് 2 കൊല്ലം കഴിഞ്ഞപ്പോൾ അവൾക്ക് എന്നെ മടുത്തു. അത്കൊണ്ട് ഡിവോഴ്സ് വാങ്ങിപ്പോയി. ദൈവ സഹായം കൊണ്ട് കുട്ടികൾ ഉണ്ടായിരുന്നില്ല”
“പിന്നെ വേറെ വിവാഹം കഴിച്ചില്ലേ ?”
“ഇല്ല സർ. നമ്മുടെ ഈ പ്രൊഫഷന് കുടുംബമൊക്കെ ഒരു ബാധ്യത ആണ്. പിന്നെ അത് മാതിരി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ആൾ ആകണം. അതൊക്കെ ഒരു ഭാഗ്യം ആണ്. അല്ലെങ്കിൽ അവരുടെ ജീവിതം കൂടി ആകും നമ്മൾ നശിപ്പിക്കുന്നത്. അത്കൊണ്ട് പിന്നെ വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല. പകൽ ഭക്ഷണം ഉണ്ടാക്കാനും വീട് വൃത്തിയാക്കാനുമൊക്കെ മീനാക്ഷിയമ്മ വരും. എല്ലാം കഴിഞ്ഞ് വൈകുന്നേരം അവർ പോകും. സാറിന്റെ ഫാമിലി ?”
“വീട്ടിൽ വൈഫ് മാത്രമേ ഉള്ളു. കുട്ടികൾ ആയിട്ടില്ല. അച്ഛനും അമ്മയും നാട്ടിൽ ആണ്”
അപ്പോഴേക്കും മീനാക്ഷിയമ്മ ചായയും ബിസ്കറ്റും ടേബിളിൽ കൊണ്ട് വെച്ചു. ഡോക്ടർ അതിൽ നിന്ന് ഒരു ഗ്ലാസ് എടുത്ത് പ്രതാപിന് നേരെ നീട്ടി. വാങ്ങിയ ഗ്ലാസിൽ നിന്ന് ചായ ഒരു സിപ്പ് എടുത്ത് കൊണ്ട് സംസാരിക്കാൻ ആരംഭിച്ചു.
“ഡോക്ടർ, ഞാൻ താങ്കളെ കാണാൻ വരാനുണ്ടായ കാരണം ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു.”
“Yes സർ, സാറിന് അറിയേണ്ടത് ചോദിച്ചോളൂ. എനിക്കറിയാവുന്നത് പോലെയെല്ലാം പറഞ്ഞു തരാം.”
“ഡോക്ടർ, അവിടെ നടന്ന മരണങ്ങളെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ?”
“ഞാൻ നടത്തിയ 13 പോസ്റ്റുമോർട്ടങ്ങളിൽ ഒന്നിലും എനിക്ക് അസ്വഭാവികമായ കാര്യങ്ങൾ ഒന്നും കണ്ടിരുന്നില്ല. എല്ലാം ഹൃദയസ്തംഭനം വന്നാണ് മരിച്ചിരുന്നത്”
“മൃതശരീരങ്ങളിൽ മുറിവുകളോ, പാടുകളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർക്ക് ഉറപ്പാണോ ?”
“അതേ, മരണത്തിന് കാരണമാകുന്ന മുറിവുകളോ പാടുകളോ ഒന്നും തന്നെ ആ ശരീരങ്ങളിൽ ഉണ്ടായിരുന്നില്ല.”
“മൃതശരീരങ്ങൾ എല്ലാം എത്ര സമയം കഴിഞ്ഞാണ് താങ്കൾ പോസ്റ്റുമോർട്ടം ചെയ്തത് എന്നോർക്കുന്നുണ്ടോ”
“Yes, എല്ലാം മരണം നടന്ന് 8 മുതൽ 10 മണിക്കൂർ വരെ കഴിഞ്ഞാണ് ഞാൻ പോസ്റ്റുമോർട്ടം നടത്തിയിട്ടുളളത്”
“ഇത്രയധികം മരണങ്ങൾ ഒരേപോലെ നടന്നിട്ടും താങ്കൾക്ക് ഒന്നിൽ പോലും സംശയം ഉണ്ടായിരുന്നില്ല എന്നാണോ പറയുന്നത് ?”
“ആദ്യത്തെ കുറച്ച് മരണങ്ങൾ കഴിഞ്ഞപ്പോൾ ഈ മരണങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്നറിയാൻ ഞാൻ പിന്നീട് വന്ന മൃതശരീരങ്ങൾ എല്ലാം വിശദമായി പരിശോധിച്ചിരുന്നു. പക്ഷെ ഒന്നിലും അസ്വാഭാവികമായ ഒന്നും തന്നെ കണ്ടിരുന്നില്ല”
“ഏതെങ്കിലും മൃതശരീരത്തിൽ വല്ല തടിപ്പോ മറ്റോ കണ്ടിരുന്നോ ?”
“എന്റെ ഓർമയിൽ ഇല്ല എന്നാണ് തോന്നുന്നത്. മൃതശരീരത്തിൽ ഉള്ള ഏതൊരു അടയാളവും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി എഴുതാറുണ്ട്. താങ്കൾക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിക്കാം”
“സാറിന്റെ നിഗമനത്തിൽ ഇത്രയധികം മരണങ്ങൾ ഒരേപോലെ നടക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകുമോ ?”
“ഏതെങ്കിലും വിഷമയമായ പദാർത്ഥങ്ങൾ മനുഷ്യ ശരീരത്തിൽ കടന്നാൽ ഒരുപക്ഷേ ഇങ്ങനെ സംഭവിക്കാറുണ്ട്. ആ ഒരു കാരണം കൊണ്ട് തന്നെ ഞാൻ വിശദമായി പരിശോധിച്ചിരുന്നു. പക്ഷെ ഒന്നിലും അങ്ങനെയൊരു പദാർത്ഥങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല”
“എനിക്ക് ഡോക്ടറെ വിശ്വസിക്കാമല്ലോ അല്ലെ ?”
“സാറിന് എന്നെ 100 ശതമാനവും വിശ്വസിക്കാം”
“ഇപ്പോൾ ഞാൻ ഡോക്ടർ പറഞ്ഞത് മുഴുവൻ വിശ്വസിച്ചു കൊണ്ട് പോകുകകയാണ്. എന്റെ അന്വേഷണത്തിന്റെ ഇടയിൽ എവിടെയെങ്കിലും ഇപ്പോൾ ഡോക്ടർ പറഞ്ഞതിൽ എന്തെങ്കിലും മാറ്റം ഉണ്ടെന്ന് ഞാൻ കണ്ടാൽ തിരിച്ചു വരും ഞാൻ. അന്ന് പക്ഷെ നമ്മൾ ഇതുപോലെ ആകില്ല പിരിയുന്നത്”
“തെറ്റ് ചെയ്തിട്ടില്ല എന്നെനിക്ക് ഉറപ്പുള്ളിടത്തോളം കാലം എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യം ഇല്ല സർ. സാറിന് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം. അല്ലെങ്കിൽ സർ വിളിച്ചാൽ മതി, ഞാൻ അങ്ങോട്ട് വന്ന് കാണാം”
“OK താങ്ക്യൂ ഡോക്ടർ”
“സർ ചായ മുഴുവൻ കുടിച്ചില്ല”
“ഓ, മറന്നു”
ചായ മുഴുവൻ കുടിച്ച ശേഷം പ്രതാപ് ഡോക്ടറോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.
ബൈക്കിൽ തിരികെ യാത്ര ചെയ്യുമ്പോൾ പ്രതാപ് ചിന്തിക്കുകയായിരുന്നു. “ഡോക്ടറുടെ വാക്കുകൾ വിശ്വസനീയം ആയിരുന്നെങ്കിലും എന്തോ ഡോക്ടറെ പൂർണമായി വിശ്വസിക്കാൻ പ്രതാപിന്റെ മനസ്സ് അനുവദിച്ചില്ല. ഡോക്ടറെ കൊലപാതകങ്ങൾ നടത്തിയവർ വിലക്ക് വാങ്ങിയോ എന്നൊരു സംശയം പ്രതാപിന്റെ മനസ്സിൽ മായാതെ കിടന്നു”
വീട്ടിൽ എത്തിയ പ്രതാപ് SP ഓഫിസിൽ നിന്ന് വരുത്തിയ പോസ്റ്റുമോർട്ടം ഫയലുകൾ എല്ലാം ഒന്നു കൂടി എടുത്ത് പരിശോധിച്ചു. അതിൽ പത്താമത്തെ മരണത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രതാപ് ഒന്നു കൂടി പരിശോധിച്ചു.
പേര്: സൂസൻ.
Gender: സ്ത്രീ
വയസ്സ്: 25
ഉയരം: 5.2″
തൂക്കം: 50
പോസ്റ്റുമോർട്ടം ചെയ്ത സമയം: 7.30 AM.
മരണം സംഭവിച്ചിരിക്കുന്നത്: രാത്രി 12.30 നും 1.30 നും ഇടയിൽ.
അപ്പോൾ ഡോക്ടർ പറഞ്ഞ മൊഴിയിൽ എല്ലാ മരണങ്ങളും നടന്ന് 9 – 11 മണിക്കൂർ കഴിഞ്ഞാണ് പോസ്റ്റുമോർട്ടം നടത്തിയത് എന്നത് കളവാണോ? ഈ കൊലപാതകത്തിന്റെ പോസ്റ്റുമോർട്ടം മരണം നടന്ന് 8 മണിക്കൂറിന് മുൻപേ നടന്നിട്ടുണ്ട്. ഡോക്ടർ രഞ്ജിത്ത് പറഞ്ഞത് പ്രകാരം ഈ മൃതശരീരം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ വിഷം ഉള്ളിൽ ചെന്നത് ഡോക്ടർ കാണേണ്ടതല്ലേ. അത് അദ്ദേഹം ശ്രദ്ധിക്കാതിരുന്നതാണോ അതോ മനപ്പൂർവം വിട്ട് കളഞ്ഞതാണോ. അങ്ങിനെ ആണെങ്കിൽ ഈ ഡോക്ടറെ കൊലപാതകം നടത്തിയവർ വിലക്ക് വാങ്ങി എന്നു തന്നെ ഉറപ്പിക്കണം…
ഡോക്ടറും ഈ കൊലപാതകങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയാൻ പ്രിയ വായനക്കാർ കാത്തിരിക്കും എന്ന വിശ്വാസത്തോടെ….
തുടരും…
Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission