‘പാഡുകൾ’ ചിലപ്പോഴൊക്കെ അവൾക്ക് അമ്മയുടെ ഓർമ്മകളാകാറുണ്ട. അപ്പയുമായി വഴക്കിട്ട് അമ്മ പിണങ്ങി പോയതിനുശേഷം പ്രത്യേകിച്ചും….. അമ്മയടുത്തില്ലാത്ത എല്ലാ പെൺകുട്ടികളും ഇങ്ങനെയൊക്കെ ഓർക്കാറുണ്ടോയെന്ന് ചിലപ്പോഴൊക്കെ അവൾ ചിന്തിക്കാറുമുണ്ട്.
എന്തായാലും അമ്മയുടെ ഓർമ്മകളെ പാഡുകളോട് ബന്ധിപ്പിയ്ക്കുന്നതിന്റെ അശുദ്ധിയേയും വിശുദ്ധിയേയും പറ്റിയൊന്നും ‘ഇഷാ ‘ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ‘ഇഷാ ‘ എന്നത് അവളുടെ വിളിപ്പേരാണ്. ഇഷാന ലത്തീഫ് എന്നാണ് മുഴുവൻ പേര്. അനിയൻ ‘ആദി’ എന്ന ‘ആദിൽ ‘.
അന്നൊരിക്കൽ അവധി കഴിഞ്ഞ് ഗൾഫിലേയ്ക്ക് തിരികെ പോകുന്നതിന്റെ തലേ ദിവസമാണ് ‘പാഡ് ‘ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ആ അഞ്ചാം ക്ലാസ്സുകാരിയ്ക്ക് അമ്മ വിശദമായി വിവരിച്ചു കൊടുത്തത്.
അതിന് രണ്ടുദിവസം മുൻപായിരുന്നു അമ്മയവളെ കുളിപ്പിയ്ക്കാനായി പതിവില്ലാതെ കുളിമുറിയിൽ ചെന്നത്…
അത് പക്ഷെ എന്തിനായിരുനെ്നന്ന് അവൾക്ക മനസ്സിലായത് പിന്നീടാണെന്ന് മാത്രം….
എന്തായാലും ആ ‘കുളിപ്പിയ്ക്കലി’നു ശേഷമാണ് താമസിയാതെ വിരുന്നെത്തിയേക്കാവുന്ന ആ ‘ചുമപ്പു ദിന’ങ്ങളേ പറ്റി അമ്മയവൾക്ക് പറഞ്ഞു കൊടുത്തത്…..
പക്ഷെ, പിന്നെയും മൂന്നു മാസങ്ങൾക്ക ശേഷമാണ് അമ്മയുടെ ‘പ്രവചനം’ അവളെ ചുമപ്പിൽ നനച്ചതെന്നു മാത്രം.
ഗൾഫിൽ ഫാർമസിസ്റ്റാണ് ടെസ്സി വർഗീസ് എന്ന അവളുടെ ‘ടെസ്സിയമ്മ ‘. അപ്പയ്ക്കവിടെ ബിസിനസ്സായിരുന്നു. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ബിസിനസ്സ് നിർത്തേണ്ടി വന്നപ്പോഴാണ് അപ്പ അവളേയും അനിയനേയും കൂട്ടി തിരികെ പോന്നത്. പിന്നീടവൾക്ക് അമ്മയുടെ സാന്നിദ്ധ്യമെന്നത് വർഷത്തിലൊരിക്കൽ മാത്രം ലഭിയ്ക്കുന്ന കുറച്ചു ദിവസങ്ങളായിരുന്നു . അതുമിപ്പോൾ ഇല്ലാതായിരിയ്ക്കുന്നു.
ഞാനൊക്കെ ചെറുപ്പത്തിൽ ഒരു തരം ആരാധനയോടെ നോക്കിയിരുന്നയാളായിരുന്നു ഫൈസൽ ലത്തീഫ് എന്ന അവരുടെ ‘അപ്പ ‘. ഈ നഗരത്തിൽ ജോലിയ്ക്ക് ജോയിൻ ചെയ്യാൻ വന്നപ്പോൾ എനിയ്ക്ക് യാൾ ശരിക്കുമൊരു സഹായമായിരുന്നു . അവരുടെ വാടക വീടിന്റെ മുകളിലത്തെ നിലയിലെ താമസക്കാർ ഒഴിഞ്ഞപ്പോൾ എനിക്കായി അത് പറഞ്ഞ് വച്ചത് ഫൈസൽക്കയായിരുന്നു .
നാട്ടിൽ അടുത്തടുത്തായിരുന്നു ഞങ്ങളുടെ കുടുംബ വീടുകൾ…. ഒത്തിരി വായിക്കുകയും കവിതയെഴുതുകയും പ്രസംഗം പറയുകയും നന്നായി ഫുട്ബോൾ കളിയ്ക്കുകയുമൊക്കെ ചെയ്തിരുന്നു ഇക്ക. ആരും ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം. ടെസ്സി വർഗീസ് എന്ന നസ്രാണിപ്പെണ്ണിന്റെ സൗന്ദര്യത്തിലയാൾ വീണു പോയത് പ്രിഡിഗ്രിക്ക പഠിയ്ക്കുമ്പോഴായിരുന്നു . അഞ്ചു വർഷത്തോളം നീണ്ട പ്രണയം വീട്ടുകാരുടെ എതിർപ്പിനെയൊക്കെ തോൽപ്പിച്ച് വിവാഹത്തിലെത്തിയത് ഗൾഫിൽ ജോലി ശരിയാക്കിയതിനു ശേഷമായിരുന്നു .
ഇപ്പോൾ പക്ഷെ എനിയ്ക്കയാളോട് ഒരുതരം വെറുപ്പാണ്. ശരിയ്ക്കും പറഞ്ഞാൽ അയാളിലെ ‘അപ്പ ‘നോട്… അതു പക്ഷെ ഇഷാന എന്നയാ പതിമൂന്നുകാരിയുടെ കണ്ണുകളിലൂടെ ഞാനയാളെ നോക്കുന്നതു കൊണ്ടാകാം. എന്തോ…. എനിയ്ക്കിപ്പോൾ അതിനേ കഴിയുന്നുള്ളൂ.
അമ്മയില്ലാതെ വളരുന്ന ഒരു കൗമാരക്കാരിയുടെ അപ്പൻ ചിലപ്പോഴെങ്കിലും ഒരു ‘അമ്മ’ യുമാകേണ്ടതുണ്ട്. നല്ലൊരു അപ്പനായാലല്ലേ പിന്നെ അമ്മയാകാൻ കഴിയൂ..അയാൾക്കെപ്പോഴും ഇഷയോട് എന്തോ ദേഷ്യമായിരുന്നു. അവളുടെ ചിരിയും രൂപവുമെല്ലാം അയാളുടെ ഭാര്യയുടെ വെറുക്കപ്പെട്ട ഓർമ്മകൾ ഉണർത്തുന്നുണ്ടത്രേ..! സ്വന്തം മകൾ പിന്നെ ആരുടെ രൂപഭാവങ്ങളോടെ ജനിക്കണമെന്ന് അയാളോട് ചോദിക്കണമെന്ന് ചിലപ്പോഴൊക്കെ എനിയക്ക് തോന്നാറുണ്ട്.
ഓർമ്മ വച്ച നാൾ മുതൽ അവൾ കാണുന്നതാണ് അപ്പയും അമ്മയും തമ്മിലുള്ള കലഹങ്ങൾ… കാരണങ്ങൾക്ക് മാത്രമേ മാറ്റമുണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെയവൾ കരഞ്ഞായിരുന്നു ഉറങ്ങിയിരുന്നത്. പരസ്പരം കലഹിച്ച് ജയിയ്ക്കാനുള്ള അവരുടെ ശ്രമങ്ങളിൽ അവളുടെ കൊച്ചു മനസ്സിന്റെ വിങ്ങലുകൾ ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയായിരുന്നു.
“നിങ്ങടെ കൂടെ ജീവിക്കാൻ എനിക്കിനി പറ്റില്ല….എന്റെ പൈസയോട് മാത്രാ നിങ്ങളുടെ സ്നേഹം…… പിന്നെ മദ്യത്തോടും…”
അന്ന് അവധി കഴിഞ്ഞ് എയർപോർട്ടിലേയ്ക്ക് പോകാനിറങ്ങിയപ്പോൾ മദ്യലഹരിയിൽ കയറി വന്ന അപ്പയോട് അമ്മ പറഞ്ഞത് അവൾ കേട്ടിട്ടുണ്ടായിരുന്നു . അതു പക്ഷെ പലപ്പോഴും കേട്ടിട്ടുള്ളതായതു കൊണ്ട് സത്യമാകുമെന്ന് അവൾ ചിന്തിച്ചില്ലായെന്നതാണ് വാസ്തവം .അന്നവൾ അഞ്ചാം ക്ലാസ്സിലായിരുന്നു . ഇപ്പോൾ എട്ടിലും… അമ്മയുടെ വാശിയ്ക്ക് മാത്രം ഒരു കുറവും വന്നില്ലയെന്നതാണ് വാസ്തവം.
സാധാരണ ഗതിയിൽ സ്കൂളിൽ നിന്ന് എത്തിയ ശേഷം ഭക്ഷണവും കുളിയുമെല്ലാംകഴിഞ്ഞ് അല്പനേരം ടി.വി യും കളിതമാശകളൊക്കെയായിയിരുന്ന ശേഷം നേരമിരുട്ടാറാകുമ്പോഴാണ് രണ്ടു പേരും പാഠപുസ്തകങ്ങളുമായി എന്റെയടുത്തേയ്ക്ക വരുക. ഇഷയേ തനിച്ചാക്കി പുറത്തൊന്നും കളിയ്ക്കാൻ പോകരുതെന്ന് ഞാൻ ആദിയോട് പറഞ്ഞിട്ടുണ്ടായിരുന്നതുകൊണ്ട് പുറകിലെ ഗ്രൗണ്ടിൽ പോകുമ്പോൾ അവനെന്റെ അനുവാദത്തിനായി വരുമായിരുന്നു . ഇപ്പോ തന്നെ വന്നേക്കാം എന്നൊക്കെ പറഞ്ഞാണ് പോകുന്നതെങ്കിലും ആ ‘ഇപ്പോ’ യ്ക്ക് പലപ്പോഴും നീളം കൂടാറുണ്ടെന്നതാണ് വാസ്തവം . എന്റെ വരാന്തയിലിരുന്നാണ് അവർ വായിക്കുന്നതും ഹോം വർക്കു ചെയ്യുന്നതുമെല്ലാം ….. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ താഴേയ്ക്ക് പോയാലും പെട്ടെന്ന് തിരിച്ചെത്തും.. പിന്നെ അവരുടെ അപ്പ വന്നതിനു ശേഷമാണ് തിരികെ പോകുക. അതിനിടയ്ക്ക് ആ ദിവസത്തെ സ്കൂളിലെ വിശേഷങ്ങളെല്ലാം ഞാൻ ചോദിച്ചറിഞ്ഞിരിയ്ക്കും . കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന പതിവാണിത്.
ശരിയ്ക്കും പറഞ്ഞാൽ ഈ ‘പതിവ്’
ഞാൻ തന്നെ ഉണ്ടാക്കിയെടുത്തതാണ്. അവധി ദിവസങ്ങളിൽ നഗരത്തിലെ ചേരികളിൽ താമസിയ്ക്കുന്ന കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകുന്ന ഒരു കൂട്ടായ്മയിൽ സമയം പോലെ ഞാനും പ്രവർത്തിയ്ക്കാറുണ്ടായിരുന്നു. കേവലം പാഠപുസ്തകം പഠിപ്പിയ്ക്കുന്നതിനേക്കാളുപരി എന്തുമവർക്ക് ഭയാശങ്കകളില്ലാതെ തുറന്നു പറയാവുന്ന ഒരു സുഹൃത്തായി മാറുകയെന്നതായിരുന്നു ഞങ്ങളുടെ ദൗത്യം . അങ്ങനെ അവരിൽ നിന്നും മനസ്സിലാക്കുന്ന പ്രശ്നങ്ങൾക്ക് അവരുടെ തന്നെ കുടുംബാംഗങ്ങളുടേയും വിദഗ്ധരുടേയും ഇടപെടലുകളിലൂടെ പരിഹാരമുണ്ടാക്കുന്നതായിരുന്നു പ്രവർത്തന രീതി. പിന്നെയെപ്പോഴോ എന്റെ ‘പ്രൊജക്ടു ‘കൾ ഇഷാനയിലും ആ ദിലിലും കേന്ദ്രീകൃതമാകുകയായിരുന്നു.
“…. യൂ ആർ ക്രൂവ്ൽ….. റിയലി ക്രൂവ്ൽ……വെറുതെയല്ല അമ്മ ഉപേക്ഷിച്ചു പോയത്…..ഞാനും പോകും ആരെയെങ്കിലും പ്രേമിച്ച്…. നോക്കിക്കോ….”
” നീയെന്താടീയോർത്തേ…. നീ പോയാ ഞാനിവിടെ കരഞ്ഞോണ്ടിരിയ്ക്കൂന്നോ…. നിന്റെയമ്മ വിചാരിച്ചിട്ട് എന്നെ തോൽപ്പിയ്ക്കാൻ കഴിഞ്ഞില്ല…… പിന്നെയാ മൊട്ടേന്നു വിരിയാത്ത നീ…. “
ഒരിക്കൽ മദ്യപിച്ചെത്തിയ അയാൾ എന്തോ നിസ്സാര കാര്യത്തിന് ചെരുപ്പൂരി തലങ്ങും വിലങ്ങും അടിച്ചപ്പോൾ സഹികെട്ട് അവൾ പറഞ്ഞത് ഞാനും കേട്ടിരുന്നു . അയാളുടെ മറുപടിയും….
കരച്ചിൽ കേട്ട് ഓടിച്ചെന്ന ഞാനാണ് അയാളെ പിടിച്ചു മാറ്റിയത്. അയാളുടെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ എനിക്ക് പോലും ഭയം തോന്നി . സത്യത്തിൽ അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് അവളിൽ രൂപപ്പെട്ടുകൊണ്ടിരുന്ന ആ ‘ റിബൽ ‘ ആയിരുന്നു. അവളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ സംബന്ധിച്ചോളം അത് എത്രമാത്രം നാശകരമായിരിക്കുമെന്ന് എനിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
എന്നോടയാൾക്കെന്തോ ഉള്ളിലൊരു ബഹുമാനമൊക്കെയുണ്ടായിരുന്നു. അതു കൊണ്ടാകാം ഞാനിടപെട്ടപ്പോഴൊന്നും ദേഷ്യപ്പെടാതിരുന്നത് . പിന്നെയെന്തൊക്കെയായാലും അയാളൊരു അപ്പനല്ലെ….. അയാളുടെ കുട്ടികളുടെ കാര്യത്തിൽ എനിയ്ക്കുള്ള കരുതൽ ചിലപ്പോഴെങ്കിലും അയാളെ ചിന്തിപ്പിച്ചിട്ടുണ്ടാകുമല്ലോ…..
ജോലികളൊക്കെ ഓൺലൈനായി ചെയ്ത് തീർക്കാനുള്ള സ്വാതന്ത്ര്യം കമ്പനി തന്നിട്ടുണ്ടായിരുന്നത് കൊണ്ട് ഉച്ചയോടെ ഓഫീസിൽ നിന്നും പോരുന്നതാണ് എന്റെ പതിവ്. രാത്രി വൈകിമാത്രമേ ഫൈസൽക്ക എത്താറുള്ളൂ . താമസ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രമേയുള്ള ഫൈസൽക്കയുടെ സ്പെയർ പാർട്ട്സ് കടയിലേയ്ക്ക് …. .കുട്ടികളെ വൈകുന്നേരങ്ങളിൽ എന്റെയടുക്കൽ വിളിച്ചിരുത്തുന്നത് അയാൾക്ക് താമസിച്ചുവരാനുള്ള ലൈസൻസാകാറുണ്ടോയെന്ന് ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നിയിട്ടുണ്ട് .
“മോനേ താഴത്തെ കൊച്ചിന്റെ കാര്യമൊന്നു ശ്രദ്ധിച്ചോണേ… വയസ്സറിയിച്ച കുട്ട്യാ…. അപ്പനുമമ്മേം ഉണ്ടായിട്ടെന്താ കാര്യം…. ഉപകാരപ്പെടണ്ടേ…. പറ്റൂങ്കിൽ അയാള് വരുന്നവരെ അവരെ മോളിൽ വിളിച്ചിരുത്തിയ്ക്കോ….”
ഒരിക്കൽ അവരുടെ വീട്ടിൽ അലക്കാനും പാചകത്തിനുമൊക്കെ സഹായത്തിനായി വന്നിരുന്ന സരള ചേച്ചി എന്നോടിത് പറയുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അടുത്തറിഞ്ഞതുമുതൽ എനിയ്ക്കെന്തോ ആ കുട്ടികളോട് സഹതാപമായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഞാനാ കുട്ടികളുടെ ആരൊക്കെയോ ആകാൻ ശ്രമിയ്ക്കുകയായിരുന്നു.
വൈകുന്നേരങ്ങളിൽ സാധാരണയായി ഇഷയും ആദിയും ഒരുമിച്ചാണ് എന്റെയടുത്തേയ്ക്ക് കയറി വരുന്നത്.. അതു തെറ്റണമെങ്കിൽ അവരുടെ കളിതമാശകൾ അടിപിടിയിൽ കലാശിയ്ക്കണം…
അത്തരം സന്ദർഭങ്ങളിൽ അവളായിരിയ്ക്കും ആദ്യമെത്തുക. ആങ്ങളയേ പറ്റിയുള്ള പരാതിയുമായിട്ടായിരിയ്ക്കുമെ ന്നു മാത്രം… കാരണം, അടി പിടിയിൽ പരാജയം എന്നുമവൾക്കായിരുന്നു….. ! അല്ലെങ്കിലും ഈ അനിയൻമാർക്കെല്ലാം ഭയങ്കര ശക്തിയാണത്രേ…!
അവളുടെ തന്നെ കൂട്ടുകാരികളിൽ പലരും അനിയൻമ്മാരുടെ കയ്യിൽ നിന്നും അടി മേടിയ്ക്കുന്നുണ്ട് പോലും…!
ഉപയോഗിച്ച ‘പാഡ് ‘ ക്ലോസറ്റിലിട്ട് ‘ഫ്ലഷ് ‘ ചെയ്യാതെ രക്തകറ കഴുകി കടലാസിൽ പൊതിഞ്ഞ് വെയിസ്റ്റ് കത്തിയ്ക്കുന്നതിന്റെ കൂടെയിട്ട് കത്തിയ്ക്കണമെന്നത് അമ്മയുടെ ഉപദേശമായിരുന്നു.
അന്നപക്ഷെ എന്തുകൊണ്ടോ അവളത് ശേഷക്രീയകൾ ചെയ്യാതെ കുളിമുറിയുടെ ചെറിയ ജനൽപ്പടിയിൽ മറന്നു വച്ചു പോയി.എന്നാലത് ഇതുപോലൊരു പുലിവാലാകുമെന്ന് അവൾ ഒട്ടും നിനച്ചതുമില്ല.
എല്ലാത്തിനും കാരണം അവനാണ്….
ആ ‘മരക്കഴുത ‘…
ദേഷ്യം വരുമ്പോൾ രണ്ടു വയസ്സിന് ഇളപ്പമുള്ള സ്വന്തം അനിയനെ ‘ഇഷാ’ അങ്ങനെയാണ് വിളിച്ചിരുന്നത്.
അന്നവൾ പക്ഷെ നേരത്തെ എന്റെയടുത്തെത്തിയത് പിറ്റെ ദിവസം മാത്സിന്റെ ക്ലാസ്സ് ടെസ്റ്റ് ഉള്ളതുകൊണ്ടായിരുന്നു. ആദിയെ പോലെയല്ല, അവൾക്കു പാഠങ്ങൾപറഞ്ഞു കൊടുക്കാൻ എളുപ്പമാണ് . പെട്ടെന്ന് ഗ്രഹിയ്ക്കും .
ഞാൻ ചെയ്യുവാൻ നിർദ്ദേശിച്ച അഞ്ചാമത്തെ കണക്കിന്റെ ഉത്തരത്തിലേയ്ക്കവൾ എത്തി കൊണ്ടിരിയ്ക്കുമ്പോഴാണ് കുളിയൊക്കെ കഴിഞ്ഞ് പഠിയ്ക്കാനുള്ള പുസ്തകങ്ങളുമായി ആദിയും അവിടേയ്ക്കെത്തിയത്.
” ചേട്ടായി …..ഇവള് കുളിച്ചപ്പോൾ ‘പാഡ് ‘ ഊരി കുളിമുറിയുടെ ജനലേലാ വെച്ചേക്കണേ… വേഗം പോയി എടുത്തു കളഞ്ഞോളാൻ പറ…. അപ്പ വന്നുകണ്ടാ പിന്നെ പൂരമാ…..”
എന്തോ അത്യാഹിതം സംഭവിച്ച പോലെ ഉറക്കെയാണ് അവനത് പറഞ്ഞത്.
പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ അവളിറങ്ങിയോടിയിരുന്നു . എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ …..
ശരിയാണ് ‘പൂരം’ മാത്രമല്ല… ഭരണിപ്പാട്ടും ഉണ്ടാകും.. പ്രത്യേകിച്ച് പ്രതി അവളാണെങ്കിൽ….. അതിനുള്ള ഇന്ധനം വയറ്റിൽ നിറച്ചിട്ടാണല്ലോ ‘അപ്പ് ‘ എത്തുക.
പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചില മെയിലുകൾ പരിശോധിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ ലാപ് ടോപ്പിൽ നിന്നും എപ്പോഴോ മുഖമുയർത്തി നോക്കിയപ്പോഴാണ് ഇഷ ഇനിയും തിരിച്ചെത്തിയില്ലയെന്നത് ഞാൻ ശ്രദ്ധിച്ചത്. താഴെ പോയി നോക്കി വരുവാനായി ഞാൻ ആദിയെ പറഞ്ഞു വിട്ടു. പെട്ടെന്നുതന്നെ അവൻ തിരിച്ചെത്തി.
“ചേട്ടായി.. അവളവിടെ കിടന്ന് കരയുവാ….. “
”എന്തിന്….? “
” ആഹ്…….എനിക്കറിയില്ല…. ”
അവൻ കൈ മലർത്തി.
പക്ഷെ എന്തിനെന്ന് അറിയുവാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.
ഞാനവനെ അടുത്തേയ്ക്ക് വിളിച്ചു.
” നീ.. എന്തിനാ ആ പാഡിന്റെ കാര്യം എന്റെ മുന്നിൽ വച്ച് അവളോട് പറഞ്ഞത്….? അവളെ വിളിച്ച് മാറ്റിനിർത്തി പറയത്തില്ലായിരുന്നോ….. ഞാൻ കേട്ടതിൽ അവൾക്ക് വിഷമം തോന്നിക്കാണും…. അത്തരം കാര്യങ്ങളൊക്കെ അവരുടെ സ്വകാര്യതകളല്ലേ…പുറത്തൊരാളുടെ മുന്നിൽ വച്ച് അങ്ങനെയൊക്കെ ഉറക്കെ പറയുമ്പോൾ പെൺകുട്ടികൾക്ക് നാണക്കേടല്ലേ….കേട്ടോ…. ഇനിയ ങ്ങനെയൊന്നും പറയരുത് …
പോയി അവളോട് ഞാൻ കണക്ക് ചെയ്യാൻ വിളിക്കുന്നുണ്ടെന്ന് പറയ്…”
അല്പനേരത്തിനു ശേഷം അവൾ കയറി വന്നപ്പോൾ മനപ്പൂർവ്വം തന്നെയാണ് ഞാനവളുടെ മുഖത്തേയ്ക്ക് നോക്കാതിരുന്നത്. എനിക്കറിയാമായിരുന്നു അവൾക്കെന്നെ അഭിമുഖീകരിയ്ക്കാൻ ജാള്യതയുണ്ടാകുമെന്ന് . ഞാൻ ലാപ് ടോപ്പിൽ എന്തോ തിരയുന്നതു പോലെ അഭിനയിച്ചു .
“എന്തേ താമസിച്ചേ..? ഭക്ഷണം കഴിച്ചോ….? ”
മുഖത്തേയ്ക്ക നോക്കാതെയാണ് ഞാനതും ചോദിച്ചത്.
” ങും….”
അവൾ മൂളിയപ്പോൾ പക്ഷെ ഞാൻ ചെറുതായൊന്ന മുഖത്ത് നോക്കി. കവിളിലേയും കൺപീലികളിലേയും നനവ് അപ്പോഴും ഉണങ്ങിയിരുന്നില്ല…
” നാട്ടിൽ ഞങ്ങളുടെ വീടിനടുത്ത് എന്റെ കസിനൊരു മെഡിക്കൽ ഷോപ്പുണ്ട്. അവധിയ്ക്ക് ചെല്ലുമ്പോൾ ചിലപ്പോഴൊക്കെ ഞാനവിടെ പോയിയിരിക്കാറുണ്ട്…….. “
പ്രത്യേകിച്ചൊരു മുഖവുരയൊന്നുമില്ലാതെ ഞാനിങ്ങനെ പറയാൻ തുടങ്ങിയപ്പോൾ അവൾ തെല്ലമ്പരപ്പോടെ എന്നെ നോക്കി.
ഞാൻ തുടർന്നു…..
” ഒരു ദിവസം എന്നെയവിടെ ഇരുത്തിയിട്ടാണ് അവൻ ഊണു കഴിയ്ക്കാൻ പോയത് …അന്നേരം തൊട്ടടുത്ത സർക്കാർ സ്കൂളീന്ന് ഒരു കൊച്ചു പെൺകുട്ടി പാഡ് വാങ്ങാൻ വന്നു. അഞ്ചിലോ ആറിലോ ആകും പഠിയ്ക്കുന്നത്. …. ‘സ്‌റ്റേഫ്രീ ‘വേണോ ‘വിസ്പർ’ വേണോ എന്നു ചോദിച്ചപ്പോൾ അവൾ കൈ നിവർത്തി കാണിച്ചു…. കയ്യിലാണെങ്കിലോ ഒറ്റരൂപയുടെ അഞ്ച് തുട്ടുകൾ മാത്രം… പാഡുകൾക്കാണെങ്കിൽ ഏറ്റവും കുറഞ്ഞതിനു തന്നെ ഒരു പായ്ക്കറ്റിന് ഇരുപത്തെട്ടുരൂപയോളം..
ഞാൻ കാര്യം പറഞ്ഞപ്പോൾ അവളു ചോദിയ്ക്കുവാ…. ചേട്ടാ എനിയ്ക്ക് ഒരു പായ്ക്ക് വേണ്ടാ ഒരു ‘പാഡ് ‘ മാത്രം മതീന്ന് …. അങ്ങനെ പായ്ക്ക് പൊട്ടിച്ച് കൊടുക്കാറില്ലെങ്കിലും എനിക്കെന്തോ പാവം തോന്നി……. ഞാനൊരു പായ്ക്ക് പൊട്ടിച്ച് അതിൽ നിന്നും ഒരു പാഡെടുത്ത് കൂട്ടിലിട്ട് കൊടുത്തു വിട്ടു…. സത്യം പറയാലോ ഞാനന്നേരാ ഈ ‘പാഡ് ‘ എന്ന സാധനം ആദ്യമായി കൈ കൊണ്ട് തൊടുന്നതും നേരിട്ട് കാണുന്നതും….. “
എന്റെ അനുഭവകഥ കേട്ടിട്ട് അവൾക്കും ചിരി വന്നു. അവളുടെ കുഞ്ഞു മനസ്സിലെ ജാള്യതയെല്ലാം അതിലലിഞ്ഞു പോകുന്നതു കണ്ടപ്പോൾ എനിയ്ക്കും സന്തോഷം തോന്നി.
“……… ആദിയോടു ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്…… അങ്ങനെയുള്ള കാര്യങ്ങളൊന്നും ഇനി എല്ലാരുടേയും മുന്നേ പോയി വിളിച്ചുകൂവരുതെന്ന്… ചെറിയ കുട്ടിയല്ലേ…. അവനറിയില്ലാത്തതുകൊണ്ടാ….. ഇനിയങ്ങനെയൊന്നും ഉണ്ടാകില്ല… കൊച്ച് വിഷമിക്കണ്ടാ…”
ഞാനവളെ ആശ്വസിപ്പിച്ചു.
“ചേട്ടായിയ്ക്ക് എന്റെ അപ്പയായി ജനിക്കത്തില്ലായിരുന്നോ…… “
ചെയ്തു കൊണ്ടിരുന്ന കണക്ക പാതിയിൽ നിർത്തി എന്തോ ആലോചിച്ചശേഷം പെട്ടെന്നങ്ങനെ അവൾ ചോദിച്ചപ്പോൾ ഞാനൊന്നു ഞെട്ടി.
“അപ്പോ അമ്മയോ…..?”
അല്പം തമാശ ഭാവത്തിലാണ് ഞാൻ ചോദിച്ചത്.
“അമ്മയും ചേട്ടായി തന്നെയായാൽ മതി…. ഓഫീസിൽ നിന്ന് വന്നാൽ ഞങ്ങൾക്ക് കാവലിരിക്കലല്ലേ ചേട്ടായിയുടെ പണി…. ഞങ്ങളെയോർത്തല്ലേ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമൊക്കെ പുറത്തൊന്നും കറങ്ങാൻ പോകത്തേ….. “
ഞാൻ കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ വീണ്ടും നനവ് ഉരുണ്ടുകൂടുന്നത്……
അവൾക്കറിയില്ലല്ലോ അവളിൽ ഞാനെന്റെ ബാല്യം കാണുകയായിരുന്നെന്ന്…. അനാഥത്വത്തിന്റെ വേദനകളറിഞ്ഞാണ് ഞാനും വളർന്നതെന്ന്……. അന്നെനിക്ക താങ്ങായത് ചില കൈകളായിരുന്നെന്ന്….
ഇപ്പോൾ എന്റെ ഊഴമായിരിക്കുന്നു…… സ്വീകരിച്ചതൊക്കെയും തിരിച്ചു നൽകുവാൻ …..
മറ്റു ചില ജീവിതങ്ങളിൽ…. അതെന്റെ ഔദാര്യമല്ല…
പ്രപഞ്ച നീതിയാണ്…
അവിടെ എല്ലാം ചാക്രികമാകണം. ഒരുപക്ഷെ അതുകൊണ്ടാവാം ഞാനാ കുട്ടികളുടെ ആരൊക്കെയോ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അവർക്ക് കാവലിരിക്കുന്നത്…..
വഴിതെറ്റാതിരിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നത്……. പഠനത്തിൽ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിയ്കകുന്നത്….
സഹപ്രവർത്തകരെല്ലാം ഉയരങ്ങൾ തേടി ‘ജോലി ചാട്ടങ്ങൾ’ നടത്തിക്കൊണ്ടിരുന്നപ്പോഴും ഞാൻ സ്വയം തളച്ചിടുകയായിരുന്നല്ലോ എന്നെയവിടെ… അപ്പനാകുകയായിരുന്നു ഞാനവൾക്ക്… ചിലപ്പോഴൊക്കെ അമ്മയും….
ഞാനറിയുന്നുണ്ട് എന്റെ ‘പിന്തിരിപ്പൻ’ ചിന്തകൾ എന്നെ പരിഹാസ്യകഥാപാത്രമാക്കുന്നത്. എങ്കിലും ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു……ആ പിന്തിരിപ്പൻ ചിന്തകളെ… പിഴുതെറിയാനാകാത്ത വിധം……
അല്ലെങ്കിലും ചില സമസ്യകൾ ഉത്തരമില്ലെന്നറിഞ്ഞിട്ടും പൂരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന കോമാളിയായിരുന്നല്ലോ ഞാൻ ജീവിതത്തിൽ……
അന്നും……
എന്നും….
@ മലബാറി.
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission