ലക്ഷ്മിയമ്മയും മാലതിയും കാർത്തികയും രമണിയും, രാവിലെ തന്നെ അടുക്കളയിൽ തകൃതിയായ പണിയിലായിരുന്നു. അച്ചുവും അപ്പുവും തൊഴാൻ അമ്പലത്തിൽ പോയിരുന്നു. അനിലും കണ്ണനും കുളത്തിലോട്ടു കുളിക്കാൻ പോയിരുന്നു. ശിവൻ രാവിലെത്തന്നെ അർജ്ജുനെ കുളിപ്പിച്ചു കൊണ്ടു വന്നിരുന്നു. ശിവരാമൻ നായർ അർജ്ജുന്റെ അടുത്ത് ലക്ഷ്മിയമ്മ കൊടുത്ത കട്ടൻ ചായയും കയ്യിൽ പിടിച്ചു അവന്റെ തുമ്പി കയ്യിലും തലോടി നിൽക്കുന്നുണ്ട്.
“ശിവാ.. നമുക്ക് ഇവന്റെ പള്ള ചങ്ങലയും കാലിലെ ചങ്ങലയും ഒന്നു മാറ്റണം എന്നിട്ട് പുതിയത് ഒന്നു വാങ്ങണം. അല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യ്, ഇന്ന് തന്നെ ഒന്നു പുതിയത് വാങ്ങിക്കോ. ടൗണിൽ നമ്മുടെ കൃഷ്ണൻ കുട്ടിയുടെ കടയിൽ നിന്നും വാങ്ങിച്ചാൽ മതി. ഇന്ന് ഉത്സവമല്ലേ അപ്പൊ ഇന്ന് തന്നെ അണിയട്ടെ ഇവൻ പുതിയ പള്ള ചങ്ങലയും കാലിലെ ചങ്ങലയും. ഇന്ന് ഇവന്റെ ദിവസമല്ലേ, അല്ലേടാ അര്ജുനാ…?” ശിവരാമൻ നായർ അർജ്ജുന്റെ തുമ്പി കയ്യിൽ മുഖം ചേർത്തു അവനോട് പറഞ്ഞു…
“ശരി ശിവേട്ടാ. ഇപ്പൊ തന്നെ വാങ്ങാം “. ശിവൻ അവന്റെ നെറ്റിയിൽ കുറി വരച്ചു കൊടുക്കുന്നതിനിടയിൽ പറഞ്ഞു…
“എന്നാ ഇപ്പൊ തന്നെ പൊക്കോ, ഞാൻ വിളിച്ചു പറഞ്ഞോളാം കൃഷ്‌ണൻ കുട്ടിയോട്. ശിവാ.. ഇവനാടാ ഈ തറവാടിന്റെ ഐശ്വര്യം. എന്റെ അപ്പു ജനിച്ച അന്നാണ് ഇവനെയും എനിക്ക് കിട്ടിയത്. അപ്പുവിന്റെ പേരിടൽ ദിവസമാണ് ഇവന് ഞാൻ ചിറക്കൽ അർജ്ജുൻ എന്ന് പേരിട്ടത്. ഇവൻ എനിക്ക് എന്റെ മക്കളെ പോലെയാണ് അതു കൊണ്ട് തന്നെ ഇവന്റെ ഒരു കാര്യത്തിലും ഒരു മുടക്കവും വരരുത്. അത് നിന്റെ ഉത്തരവാദിത്തമാണ്. മനസ്സിലായോ…?”
“അതെനിക്കറിയില്ലേ ശിവേട്ടാ.. ഇവൻ എന്റെ കൂടപിറപ്പല്ലേ.. എന്റെ എന്തു കാര്യം മുടങ്ങിയാലും ഇവന്റെ ഏതെങ്കിലും ഒരു കാര്യം ഞാൻ മുടക്കിയിട്ടുണ്ടോ. ഉണ്ടെങ്കിൽ ശിവേട്ടൻ പറ…”
“ഇല്ല അതെനിക്കറിയാം. എന്നാലും ഞാൻ ഒന്ന് പറഞ്ഞൂന്നൊള്ളൂ. എന്നാ നീ ഇപ്പൊ തന്നെ പൊക്കോ. ഇനി അധികം സമയമില്ല വന്നിട്ട് വേണം ഇവനെ ഒരുക്കാൻ..”
അമ്പത്തിൽ നിന്നും അപ്പുവും അച്ചുവും തൊഴുതു, തിരിച്ചു വീടിന്റെ പടിപ്പുരയിൽ എത്തിയപ്പോഴാണ്. കണ്ണനും അനിലും കുളത്തിൽ നിന്നും കുളിച്ചു ശരീരത്തിന്റെ കുറുകെ മേൽമുണ്ടും ധരിച്ചു കൊണ്ട് വരുന്നത് കണ്ടത്. അവർ അടുത്തെത്തിയതും ,അപ്പു അനിലിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു. അപ്പു അനിലിന് ചന്ദനം തൊട്ട് കൊടുക്കുന്നതും നോക്കി നിൽക്കുന്ന അച്ചുവിനോട് അപ്പു പറഞ്ഞു…
“നീ എന്താടി നോക്കി നിൽക്കുന്നത് ? ഏട്ടന് ചന്ദനം തൊട്ട് കൊടുക്കൂ “. അതു കേട്ട അച്ചുവിന്റെ മുഖത്ത് ഒരു നാണം വിരിഞ്ഞു. അതു കണ്ട അനിൽ പറഞ്ഞു..
“അതേ നാണിക്കുകയൊന്നും വേണ്ട. വിവാഹത്തിന്റെ മുന്നേ കെട്ടാൻ പോകുന്ന ആൾക്ക് ചന്ദനം തൊട്ട് കൊടുത്തൂ എന്നു വെച്ചു. നിങ്ങളുടെ വിവാഹം ഒന്നും മുടങ്ങില്ല. അല്ലേ അപ്പൂ…?”
“അല്ല പിന്നെ. ഈ നാണമൊക്കെ ഒരു അഭിനയമല്ലേ. കണ്ടില്ലേ ഏട്ടൻ നിൽക്കുന്നത്, ഇവൾ ഇപ്പോൾ ചന്ദനം തൊട്ടു തരും എന്നും വിചാരിച്ചു..” അപ്പുവിന്റെ കളിയാക്കൽ കേട്ട കണ്ണന് ദേഷ്യം വന്നു…
“അപ്പൂ വേണ്ട.. നീ ഉത്സവമായിട്ടു രാവിലെ തന്നെ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും…”
“ഊം. വാങ്ങിക്കും വാങ്ങിക്കും. ഇങ്ങു വന്നാൽ മതി ആ കയ്യും കൊണ്ട് എന്നെ തല്ലാൻ. എന്നെ തൊട്ടാൽ ഞാൻ ഇവിടെ കിടന്നു ചീറി പൊളിക്കും.. ഹും.. അനിലേട്ടൻ വാ നമ്മൾ എന്തിനാ ഇവരുടെ ഇടയിൽ കട്ടുറുമ്പാകുന്നത്. അവർക്ക് വല്ലതും മിണ്ടാനും പറയാനും ഉണ്ടാകും. വിവാഹം കഴിക്കാൻ പോകുന്ന കമിതാക്കളല്ലേ…”
“ശരിയാണ്. നമ്മൾ അവർക്കൊരു ശല്ല്യമാവേണ്ട”. അനിലും അപ്പുവും അവിടെ നിന്നും പോയി. അവർ പോയതും അച്ചു കണ്ണന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു. ആ കണ്ണുകൾ അവളുടെ മൃദുലമേറിയ കൈകൾ കൊണ്ട് പൊത്തിപിടിച്ചു നെറ്റിയിൽ ഊതികൊണ്ട് പുഞ്ചിരിയോടെ അവനെ നോക്കി. അവളുടെ ചുവന്നു തുടുത്ത അധരങ്ങൾക്കിടയിൽ നിന്നും വന്ന നനുത്ത കാറ്റ് തിരുനെറ്റിയിലെ ചന്ദനത്തിൽ തട്ടിയതും, ചന്ദനത്തിന്റെ തണുപ്പ് കാരണം കണ്ണന്റെ മുഖം മൊത്തം പ്രസാദിച്ചു. അവളുടെ നിറഞ്ഞുള്ള ചിരി കാണാൻ നല്ല ഭംഗി തോന്നി കണ്ണന്…
“അച്ചൂ..ഇന്ന് തന്നെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ. ആ തിരുനെറ്റിയിൽ ഭഗവതിയുടെ പ്രസാദം കൂടി ആയപ്പോൾ ഭഗവതിയെ പോലെ തന്നെയുണ്ട് ഇപ്പൊ തന്നെ കാണാൻ…” അതു കേട്ടതും അച്ചുവിന്റെ മുഖം വെട്ടിതിളങ്ങി…
“ഒന്നു പോ കണ്ണേട്ടാ എന്നെ കളിയാക്കാതെ “. അവൾ കാലിലെ തള്ള വിരൽ കൊണ്ട് നിലത്ത് കളം വരച്ചു കൊണ്ട് ഒരു നാണത്തോടെ പറഞ്ഞു അവനെ നോക്കി. അവളുടെ നാണത്തോടെ ഉള്ള നോട്ടവും ഭാവവും നിൽപ്പും കണ്ട കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“അല്ലടി സത്യം. ചിലപ്പോൾ നീ എന്റെ മനസ്സിൽ കയറി പറ്റിയത് കൊണ്ടാകും എനിക്ക് അങ്ങനെ തോന്നുന്നത്. അതൊക്കെ പോട്ടെ ,ഇന്ന് നിനക്ക് എന്താണ് ഉത്സവമായിട്ടു ഞാൻ വാങ്ങി തരേണ്ടത്…?”
“എനിക്കൊന്നും വേണ്ട.. ഞാൻ ആകെ ആഗ്രഹിച്ചത് കണ്ണേട്ടനെയാണ്. അത് എനിക്ക് ദൈവം എന്റെ കയ്യെത്തും ദൂരം വരെ എത്തിച്ചു തന്നില്ലേ. അതിനും വലുതായി ഇനി എനിക്കൊന്നും വേണ്ട..”
“അതൊക്കെ ശരിയാണ്. എന്നാലും നീ എന്തെങ്കിലും ഒന്നു ചോദിക്ക് “.
“എന്നാ എനിക്ക് ഒരു ആഗ്രഹമുണ്ട് പറയട്ടെ..”
“പറ. സാധിച്ചു തരാം. ചോദിക്ക് എന്റെ അച്ചുവിന്റെ എന്താഗ്രഹമാണ് ഞാൻ സാധിച്ചു തരേണ്ടത്…?”
“അത്രയും വലിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല. ഇതൊരു കുഞ്ഞു ആഗ്രഹമാണ്. ഇന്ന് എഴുന്നള്ളത്തെല്ലാം കഴിഞ്ഞതിനു ശേഷം, എനിക്ക് കണ്ണേട്ടന്റെ കൂടെ അമ്പത്തിൽ ഭഗവതിക്ക് മുന്നിൽ നിന്നു ഒന്നു പ്രാർത്ഥിക്കണം… ഞാൻ ഇവിടെ വന്നു കണ്ണേട്ടനെ ഇഷ്ടപ്പെട്ടതിനു ശേഷം എന്റെ ആ ഇഷ്ട്ടം ഞാൻ ആദ്യം പറഞ്ഞത് ദേവിയോടാണ്. അത് എനിക്ക് ദേവി സാധിച്ചു തന്നു. അതിന് എനിക്ക് കണ്ണേട്ടന്റെ കൂടെ നിന്നു ദേവിയോട് നന്ദി പറയണം…” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“അപ്പോഴത്തിനു കണ്ണു നിറഞ്ഞു. ഇതാണ് എനിക്ക് പറ്റാത്തത്. ഇനി ഇതു കണ്ടാൽ മതി മറ്റുള്ളവർക്ക് , പിന്നെ എല്ലാവരുടെയും ചോദ്യം എന്നോടായിരിക്കും. എന്താടോ ഇത് ? ഇന്നൊരു നല്ല ദിവസമല്ലേ. കണ്ണു തുടക്ക്. നമുക്ക് പ്രാർത്ഥിക്കാം പോരെ. എനിക്കും ദേവിയോട് നന്ദി പറയാനുണ്ട്. എന്നെ ഇത്രയും മനസ്സിലാക്കി സ്നേഹിച്ചു മനസ്സിൽ കൊണ്ട് നടന്ന നിന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചതിനു ,എന്റെ മനസ്സിൽ വർഷങ്ങളോളം കെട്ടി കിടന്ന വിഷമത്തെ നീ എന്ന ഔഷധം കൊണ്ട് മാറ്റിയതിന് ,അങ്ങിനെ എല്ലാത്തിനും എനിക്കും ദേവിയോട് നന്ദി പറയണം.”
രമണി ഊണിനുള്ള അരി നാഴി കൊണ്ട് അളക്കുന്നത് കണ്ട ലക്ഷ്മിയമ്മ പച്ചക്കറി അരിയുന്നതിനിടയിൽ പറഞ്ഞു…
“രമണീ…. അരി കുറച്ചു കൂടുതൽ എടുത്തോളൂ .ഇന്ന് ഊണിനു പുറത്തൂന്ന് ആരെങ്കിലും ഒക്കെ കാണും. പിന്നെ അരി ഇട്ടതിന് ശേഷം. നീയും കാർത്തികയും കൂടി പത്തായ പുരയുടെ താഴേ ഭാഗം ഒന്നു തൂത്തു വൃത്തിയാക്കണം. അവിടെയാണത്രേ, മേളക്കാരും വാദ്യക്കാരും തെയ്യവും എല്ലാം ഒരുങ്ങുന്നത് “.
“ശരി ചേച്ചി.. വൃത്തിയാക്കാം…” അപ്പോഴാണ് അനിലും കണ്ണനും ഡ്രെസ്സെല്ലാം മാറ്റി അങ്ങോട്ട് വന്നത്…
അവരെ കണ്ട മാലതി അടുക്കള കിണറിൽ നിന്നും കുടിക്കാനുള്ള വെള്ളം കൊരുന്നതിന് ഇടയിൽ പറഞ്ഞു…
“കാർത്തൂ.. കണ്ണനും അനിക്കുട്ടനും ചായ കൊടുക്കൂ…. അച്ചുവും അപ്പുവും എവിടെ ? ഈ കുട്ടികൾക്ക് തിന്നാനൊന്നും വേണ്ടേ ? അതോ ഇന്ന് ഉത്സവമായത് കൊണ്ട് ഇതിങ്ങളെ വിശപ്പെല്ലാം പോയോ.. ?” അതും പറഞ്ഞു അകത്തേക്ക് നോക്കി നീട്ടി ഒരു വിളിയാണ്, അപ്പൂ… അച്ചൂ…. എന്ന്.
“അമ്മാ.. ഇന്ന് എന്താ കഴിക്കാൻ ഇഡ്ഡലിയോ ദോശയോ…?” കണ്ണൻ ചോദിച്ചു…
“ദോശയില്ല. ഇന്ന് ഇഡ്ഡലിയും പുട്ടും, പുട്ട് അനിക്കുട്ടനും വേണ്ടി ഉണ്ടാക്കിയതാണ്. അവന് ഭയങ്കര ഇഷ്ടമാണല്ലോ പുട്ട്…”
“എന്നാ എനിക്കും പുട്ട് മതി. പുട്ട് പഴവും പപ്പടവും കൂട്ടി പിടിച്ചിട്ട് കുറച്ചു ദിവസമായി…” അപ്പോഴേക്കും അപ്പുവും അച്ചുവും അങ്ങോട്ട് ഓടി വന്നു. അവരെ കണ്ട മാലതി, കിണറ്റിൽ നിന്നും കോരിയെടുത്ത വെള്ളം നിറച്ച കുടം തിണ്ണയിൽ വെച്ചു ,സാരി തുമ്പ് എളിയിൽ കേറ്റി തിരുകി കൊണ്ട് ശാസിച്ചു കൊണ്ട് ചോദിച്ചു…
“എന്താ മക്കളെ നിങ്ങൾക്ക് രണ്ടാൾക്കും രാവിലെ കഴിക്കാനൊന്നും വേണ്ടേ ? അതോ ഇന്ന് ഉത്സവമായത് കൊണ്ട് വൃതം വല്ലതും എടുത്തോ…?”
“പിന്നെ വേണ്ടാതെ. ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്….” അപ്പു വയറ്റത്തു തടവികൊണ്ടു പറഞ്ഞു. അതു കണ്ട അനിൽ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു…
“അയ്യോ അപ്പൂ.. ചതിക്കല്ലേ. അർജ്ജുനെ ഒന്നും ചെയ്യരുത്. അവന് ഇന്ന് തിടമ്പ് എടുക്കാനുള്ളതാണ്..”
“ഇതു നോക്കിയേ അമ്മായി അനിലേട്ടൻ എന്നെ രാവിലെ തന്നെ കളിയാക്കുന്നത്….” അപ്പു ചിണുങ്ങി കൊണ്ട് പറഞ്ഞു…
“അനിക്കുട്ടാ വേണ്ടാട്ടൊ.. ഇന്ന് നല്ലൊരു ദിവസമാണ്. രണ്ടും കൂടി ഇവിടെ കിടന്നു അടി കൂടിയാൽ രണ്ടിനും കിട്ടും എന്റെ കയ്യിൽ നിന്ന്. നീ പെണ്ണ് കെട്ടിയതാണെന്നും നിന്റെ ഭാര്യ ഇവിടെ നിൽക്കുന്നുണ്ടന്നൊന്നും ഞാൻ നോക്കില്ല്യ..” അതു കേട്ടതും എല്ലാവരും ചിരിച്ചു. കാർത്തു മുഖം പൊത്തി ചിരിക്കുന്നത് കണ്ട അനിലിന് ദേഷ്യം വന്നു…
“നീ എന്തിനാ ചിരിക്കുന്നത്. അമ്മ എന്നെ തല്ലുന്നു പറഞ്ഞത് കൊണ്ടാണോ. അത് അമ്മ ഒരു തമാശ പറഞ്ഞതല്ലേ അല്ലേമ്മേ.. നീ ചായ എടുത്തെ. പെട്ടന്ന്….”
കാർത്തിക കണ്ണനും അനിലിനും കഴിക്കാനുള്ള പുട്ടും പഴവും പപ്പടവും ചായയും എടുത്തു അച്ചുവിന്റെ കയ്യിൽ കൊടുത്തു. അവൾ അത് തിണ്ണയിൽ വെച്ചു കണ്ണനും അനിലിനും എടുത്തു കൊടുത്തു. അപ്പുവും അവരുടെ കൂടെ ഇരുന്നു കഴിച്ചു.. അച്ചു അവരുടെ കൂടെ ഇരിക്കാതെ അവർക്ക് കഴിക്കാൻ ഓരോന്ന് ഇട്ട് കൊടുക്കുന്നത് കണ്ട അനിൽ ചോദിച്ചു…
“എന്താ അച്ചൂ നീ കഴിക്കുന്നില്ലേ….?”
“ഞാൻ പിന്നെ കഴിച്ചോളാം. നിങ്ങൾ കഴിക്കൂ…” അതു കേട്ട അപ്പു പഴവും പുട്ടും വായിലിട്ട് ചവച്ചു കൊണ്ട് പറഞ്ഞു…
“അവൾ ഇവിടത്തെ മരുമകൾ ആകാനുള്ള റിഹേഴ്‌സൽ എടുക്കുകയല്ലേ അനിലേട്ടാ.. കണ്ടില്ലേ നിൽക്കുന്നത് ഏട്ടനെയും ചാരി കൊണ്ട്. പാവം ഭാവി ഭർത്താവിനെ സ്നേഹത്തോടെ തീറ്റിക്കുകയാ….” അതു കേട്ടതും കണ്ണനും അച്ചുവും ആകെ ചമ്മി. കണ്ണൻ അപ്പുവിനെ കണ്ണുരുട്ടി നോക്കി പല്ലു കടിച്ചു. ഏട്ടന്റെ നോട്ടം പന്തിയല്ലാന്ന് മനസ്സിലായ അപ്പു തിണ്ണയിൽ നിന്നും കുറച്ചു മാറിയിരുന്നു… അപ്പോഴാണ് അനില് പറഞ്ഞത്….
“കാർത്തൂ രണ്ട് കഷ്ണം പുട്ട് ഇങ്ങെടുത്തേ…”
“അവിടെ കൊണ്ട് വെച്ചതെല്ലാം തീർന്നോ…?”
“അതൊക്കെ തീർന്നു…”
“എന്നാ മതി തിന്നത് നിർത്തിയേക്ക്. ഇപ്പൊ തന്നെ തടി ഒരു പാട് കൂടുതലാണ്. നിങ്ങൾ കണ്ണേട്ടനെ നോക്ക്. നിങ്ങളെ പകുതിയെ ഉള്ളൂ. ഇപ്പൊ നിങ്ങളെ കണ്ടാലെ കണ്ണേട്ടന്റെ മൂത്തത് നിങ്ങളാണെന്നു തോന്നും…” അതു ശരിവെച്ചു കൊണ്ട് കണ്ണൻ പറഞ്ഞു…
“അതു ശരിയാണ് കാർത്തു പറഞ്ഞത്. ഇപ്പൊ നിന്നെ കണ്ടാൽ എന്റെ മൂത്തത് നീയാണെന്നെ തോന്നു. ആ തടിയൊന്നു കുറക്കടാ. ഇപ്പൊ തന്നെ എന്റെ രണ്ടിരട്ടിയുണ്ട് “.
“ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല ഏട്ടാ… കുറയണ്ടേ… പിന്നെ ഞാനെന്തു ചെയ്യും…?”
“നീ ഒന്നും ചെയ്യണ്ട. തീറ്റി ഒന്നു കുറച്ചാൽ മതി. അപ്പൊ താനേ കുറഞ്ഞോളും….” അതു കേട്ടതും എല്ലാവരും ചിരിച്ചു. അപ്പൊ ലക്ഷ്മിയമ്മ പറഞ്ഞു…
“എന്താ എല്ലാരും ഇത്ര ചിരിക്കാൻ.. അനിക്കുട്ടാ അമ്മായിടെ മോൻ കഴിച്ചോ.. കാർത്തൂ അവന് പുട്ട് കൊടുക്ക്. അവനും വേണ്ടിട്ടാണ് ഇന്ന് ഇവിടെ പുട്ട് ഉണ്ടാക്കിയതു തന്നെ…..”
“അതാണ് എന്റെ അമ്മായി. കണ്ട് പഠിക്കടി. കണ്ടില്ലേ അമ്മായിക്ക് എന്നോടുള്ള സ്നേഹം…” അതു കേട്ടതും കാർത്തു പുട്ടു കുറ്റിയോടെ വന്നു രണ്ട് കഷ്ണം ചൂടുള്ള പുട്ട് അവന്റെ പാത്രത്തിലോട്ടു കുത്തിയിട്ട് കൊടുത്തു…
“അമ്മാ ഇന്ന് ഊണിനു കൂടുതൽ ആളു കാണും അരി കൂടുതൽ എടുത്തിട്ടില്ലേ…?”
“എടുത്തിട്ടുണ്ട്…………….”
അമ്പലത്തിൽ നിന്നും തിറയും ഭൂതവും ദേവിയെ ആവാഹിച്ചു വീട്ടിലോട്ട് വരുന്നത് കണ്ട ശിവരാമൻ നായർ, അകത്തേക്ക് നോക്കി ലക്ഷ്മിയമ്മയോട് വിളിച്ചു പറഞ്ഞു….
“ലക്ഷ്മി അമ്പലത്തിൽ നിന്നും പറയെടുക്കാൻ തിറയും ഭൂതവും വരുന്നുണ്ട്. ഉമ്മറത്തേക്ക് നിലവിളക്കും അരിയും നെല്ലും എടുത്തോളൂ. പെട്ടന്ന്…”
തിറയുടെ കൂടെയുള്ള പറയടി ശബ്ദവും തിറയുടെ കാലിലെ ചിലങ്കയുടെയും അരമണിയുടെയും ശബ്ദവും കേട്ടതും, അച്ചുവും അപ്പുവും ആകാംക്ഷയോടെ അകത്ത് നിന്ന് ഉമ്മറത്തേക്ക് ഓടി വന്നു, ശിവരാമൻ നായർ ഇരിക്കുന്ന ചാരു കസേരടെ പിന്നിലും പിടിച്ചു പടിപ്പുരയിലോട്ടു കണ്ണും നട്ട് നോക്കി നിന്നു. അപ്പോഴേക്കും ലക്ഷ്മിയമ്മയും മാലതിയും കാർത്തികയും കൂടി, ഭദ്രകാളി ദേവി സങ്കല്പമായ തിറയെയും. ദേവിയെ ധാരികനുമായുള്ള യുദ്ധത്തിൽ സഹായിച്ച ഭൂതത്തെയും സ്വീകരിക്കാൻ മുറ്റത്ത് പറ നിറയെ നെല്ലും, മുറം നിറയെ അരിയും, ദീപ ശോഭയിൽ നിലവിളക്കും കത്തിച്ചു വെച്ചു. അപ്പോഴേക്കും കണ്ണനും അനിലും ഉമ്മറത്തേക്ക് വന്നു..
പടിപ്പുര കടന്നു പറയടി ശബ്ദത്തിന്റെ താളത്തിൽ കളിച്ചു കൊണ്ട് നടന്നു വരുന്ന ഭഗവതി സങ്കല്പമായ തിറയേയും, ഭൂതത്തെയും സ്വീകരിക്കാൻ ശിവരാമൻ നായരും കണ്ണനും അനിലും ഷർട്ടഴിച്ചു മാറ്റി ദേഹത്ത് ഒരു മേൽ മുണ്ട് പുതച്ചു. ലക്ഷ്മിയമ്മയേയും മാലതിയെയും കാർത്തികയെയും അച്ചുവിനെയും അപ്പുവിനെയും കൂട്ടി മുറ്റത്തേക്കിറങ്ങി, കത്തിച്ചു വെച്ച നിലവിളക്കിനു പിന്നിൽ കൂപ്പ് കയ്യോടെ നിരന്നു നിന്നു…
പറയടിയുടെ ശബ്ദത്തിലും താളത്തിലും തിറയും പൂതവും ചിറക്കൽ തറവാടിന്റെ മുറ്റത്ത് തുള്ളി കളിച്ചു. തറവാട്ടമ്പലത്തിൽ നിന്നും ദേവിയെ ആവാഹിച്ചു തിറയും പൂതവും ആദ്യം വരുക ചിറക്കൽ തറവാട്ടിലൊട്ടാണ്. അവിടെനിന്നും നെല്ലും അരിയും ദക്ഷിണയും വാങ്ങിച്ചതിനു ശേഷമാണ് ദേശത്തെ മറ്റു വീടുകളിലേക്ക് പോകൂ.. പറയടിയുടെ കാതടപ്പിക്കുന്ന ശബ്ദം ആ നാലുകെട്ടിന്റെയുള്ളിൽ അലയടിച്ചു കൊണ്ടിരുന്നു. ഇതെല്ലാം കണ്ടു കൊണ്ട് അർജ്ജുൻ ഭക്തിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പറയിലെയും മുറത്തിലെയും നെല്ലും അരിയും കൂട്ടി വാരി തിറ തലയിൽ കെട്ടിയ തിറമുടിയിലെ ഭഗവതിയുടെ വിഗ്രഹത്തിൽ തൊട്ട് ശിവരാമൻ നായരുടെയും കുടുംബത്തിന്റെയും നേരെ മൂന്ന് വട്ടം എറിഞ്ഞു. ശിവരാമൻ നായർ തിറക്ക് ദക്ഷിണ നൽകിയതും. പറയിലെയും മുറത്തിലെയും നെല്ലും അരിയും ലക്ഷമിയമ്മ തിറയുടെ കൂടെ വന്ന ആളുകളുടെ കയ്യിലുള്ള ചാക്കുകളിലേക്ക് ചൊരിഞ്ഞു കൊടുത്തു… തറയുടെ തലയിൽ കെട്ടി വെച്ച തിറമുടിയിലെ നടുവിലത്തെ, ജാളമുഖത്തിന്റെ മുകളിലത്തെ ,നിരത്തി കെട്ടിയ പതിനാറു പലക കഷ്ണങ്ങളിലെ നടുവിലത്തെ പലക കഷ്ണത്തിൽ കൊത്തിവെച്ച ഭദ്രകാളി വിഗ്രഹത്തിന്റെ ചുറ്റുമുള്ള രണ്ടു ഭാഗത്തെയും പലകകളിൽ ആന, വെളിച്ചപ്പാട്, ചെണ്ട, കൊമ്പ്, ഇല താളം, എന്ന ദേവി സങ്കല്പങ്ങൾ കൊണ്ട് തിറ മുടി അലങ്കരിക്കപ്പെട്ടിരുന്നു. അതെല്ലാം ചേർന്ന തിറമുടി കാണാൻ ദേവി ചൈതന്യം തന്നെ ആയിരുന്നു.. അച്ചുവിന് ഇതെല്ലാം കാണുമ്പോൾ ഒരു അത്ഭുതമാണുണ്ടായത്. അവൾ ഇതെല്ലാം ആദ്യമായി കാണുകയായിരുന്നു…
തിറയും ഭൂതവും ദക്ഷിണ വാങ്ങി മടങ്ങിയതും ശിവരാമൻ നായർ പറഞ്ഞു…
“ലക്ഷ്മീ ,മാലതീ.. മക്കളെ, എല്ലാവരും എന്നാ ബാക്കി ഒരുക്കങ്ങളെല്ലാം പെട്ടന്ന് തുടങ്ങിക്കോളൂ. വൈകീട്ട് എഴുന്നള്ളത്തിന്ന് താലം എടുക്കാനുള്ള താല പാത്രം ഒക്കെ ഇപ്പൊ തന്നെ ഒരുക്കിക്കോളൂ. 1 മണി ആകുമ്പോൾ തന്നെ ആളുകളെ കൊണ്ട് ഈ മുറ്റം നിറയും, 3 മണിക്ക് തന്നെ ഇവിടന്നു കോട്ടും വാദ്യവുമായി ഭഗവതിയുടെ തിടമ്പുമേറ്റി അര്ജുനെയും കൊണ്ട് ഇവിടന്നു ഇറങ്ങണം. കണ്ണാ ,അനിക്കുട്ടാ. 2 മണിക്ക് മുന്നേ തന്നെ അർജ്ജുനെ ചമയങ്ങൾ കൊണ്ട് ഒരുക്കി നിർത്തണം. എന്നാ എല്ലാം പെട്ടന്നായിക്കോട്ടെ………”
ഊണ് കഴിഞ്ഞതും കണ്ണനും അരുണും അനിലും ശിവനും റഹ്‌മാനും കൂടി. അർജ്ജുനെ ഒരുക്കാൻ തുടങ്ങി. ശിവരാമൻ നായർ അവർക്ക് വേണ്ട നിർദ്ദേശം കൊടുത്തുകൊണ്ട് അവടെ നിൽക്കുന്നുണ്ട് കൂടെ ഹസനിക്കയും അപ്പുവും അച്ചുവും നിൽക്കുന്നുണ്ട്. കണ്ണൻ അവന്റെ നെറ്റിയിൽ നെറ്റിപട്ടം കെട്ടി. ശിവൻ അവന്റെ ദേഹത്തെ പഴയ ചങ്ങലയെല്ലാം അഴിച്ചു മാറ്റി പുതിയത് അണിയിച്ചു. പിന്നെ കഴുത്തിൽ മണി കെട്ടി,പള്ള മണി കെട്ടി ,കഴുത്തിൽ ഉണ്ടമാല ചാർത്തി, കാലിൽ മണി ചങ്ങല കെട്ടി. ശിവരാമൻ നായർ അവന്റെ രണ്ട് കൊമ്പിലും പൊന്നാട കെട്ടി, കഴുത്തിൽ കുറുകെ ഒരു പൊന്നാട തൂക്കിയിട്ടു. മുത്തു കുടയും ആലവട്ടവും വെഞ്ചാമരവും എഴുന്നള്ളത്തു പുറപ്പെടുമ്പോൾ എടുക്കായി തയ്യാറാക്കി വെച്ചു. അർജ്ജുനെ ചമയിക്കുന്നതും നോക്കി ആ ദേശത്തെ അവന്റെ ആരാധകർ അവന്റെ ചുറ്റും വട്ടം കൂടി നിന്നിരുന്നു…
പത്തായ പുരയിൽ മേളക്കാരും വാദ്യക്കാരും, തെയ്യവും, കാവടിയും, ശിങ്കാരിമേളവും ഒരുങ്ങുന്നുണ്ടായിരുന്നു. കുടമാളൂർ രാമൻ കുട്ടി മാരാർ ചെണ്ട കയറു വലിച്ചു കൊട്ട് ശരിയാക്കുന്നുണ്ടായിരുന്നു. തിറയും പൂതവും അവരുടെ കർമങ്ങൾ നടത്തുന്നുണ്ടായിരുന്നു. അതെല്ലാം നോക്കിക്കൊണ്ട്, ആ തറവാട് മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു അവിടെ മൊത്തം ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു….
അമ്പലത്തിൽ നിന്നും തിരുമേനി തിടമ്പ് പൂജിക്കാൻ വന്നതും. ശിവരാമൻ നായർ കണ്ണനോട് പറഞ്ഞു…
“കണ്ണാ പത്തായപുരയിലെ മേളക്കാരുടെയും വാദ്യക്കാരുടെയും തെയ്യത്തിന്റെയും എല്ലാം ഒരുക്കം കഴിഞ്ഞൊന്നു നോക്കാ. കഴിഞ്ഞാൽ പെട്ടന്ന് ഇറങ്ങാൻ പറയാ. തിടമ്പ് പൂജിച്ചു കഴിഞ്ഞാൽ കുറച്ചു നേരം ഇവിടെ കളിച്ചിട്ടു വേണം അമ്പലത്തിലോട്ട് പുറപ്പെടാൻ…”
“ശരിയഛ….”
“പിന്നെ താലം എടുക്കാനുള്ള ഒരുക്കങ്ങൾ അവയൊന്നും നോക്കൂ..”
“അതൊക്കെ ഒരുക്കി കഴിഞ്ഞു….”
കണ്ണൻ പത്തായ പുരയിലോട്ടു ചെന്നപ്പോൾ അവിടെ ഒരുക്കങ്ങളെല്ലാം ഒരു വിധം കഴിഞ്ഞിരുന്നു… തെയ്യം കർമ്മങ്ങളെല്ലാം കഴിഞ്ഞു കെട്ടിയിറങ്ങിയിരുന്നു… കരിങ്കാളിയുടെ പൂജയും കോഴി ഗുരുതിയും നടന്നു കൊണ്ടിരിക്കുന്നു. കാവടിയും കോട്ടും ഒരുങ്ങി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു… വീട്ടിൽ നിന്നും അമ്മയും അമ്മായിയും കാർത്തികയും സെറ്റ് സാരിയെല്ലാം ഉടുത്തു ഉമ്മറത്തേക്ക് വന്നു. അപ്പുവും അച്ചുവും ദാവണിയെല്ലാം ഉടുത്തു മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു…. കണ്ണൻ അരുണിനോടും അനിലിനോടും പറഞ്ഞു…
“അനിക്കുട്ടാ… നിങ്ങൾ രണ്ടാളും താലം എടുക്കാനുള്ളവരെ രണ്ട് വരിയായി നിർത്തി താലത്തിൽ എണ്ണ ഒഴിച്ചു തിരിയിട്ടോളൂ… പൂജ കഴിഞ്ഞാൽ താലത്തിന് തിരി കൊളുത്തണം…”
“ശരി കണ്ണേട്ടാ… എണ്ണ എവിടെയാ വെച്ചിരിക്കുന്നെ…?”
“ഉമ്മറത്തുണ്ട്…. പിന്നെ മേളക്കാരോടൊക്കെ മുറ്റത്തേക്ക് ഇറങ്ങാൻ പറയൂ പെട്ടന്ന്…” അവർ രണ്ടാളും ശരി എന്നും പറഞ്ഞു അതിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ പോയി… അപ്പോഴാണ് അച്ചുവും അപ്പുവും അവന്റെ അടുത്തോട്ട് വന്നത്…
“അച്ചൂ.. അപ്പൂ… അമ്മയോടും അമ്മായിയോടും വീട് പൂട്ടി ഇങ്ങോട്ട് ഇറങ്ങാൻ പറ ചെല്ലൂ…”
“ശരിയേട്ടാ…”
“പിന്നെ അകത്തു എന്റെ മുറിയിൽ ഒരു കവർ ഇരിപ്പുണ്ട് അതും ഇങ്ങോട്ട് എടുത്തോ..”
“അതിലെന്താ ഏട്ടാ…?” അപ്പു ആവേശത്തോടെ ചോദിച്ചു…
“അതിൽ നിനക്ക് തിന്നാനുള്ള ഒന്നും ഇല്ല കുറച്ചു തോർത്തുമുണ്ടാണ്… ഞങ്ങൾക്ക് തലയിൽ കെട്ടാൻ…”
“ഓ അതായിരുന്നോ.. ഞാൻ വിചാരിച്ചു വേറെ വല്ലതും ആയിരിക്കുമെന്ന്… ശരി ഇപ്പൊ എടുത്തോണ്ട് വരാം…”
അനിലും അരുണും കൂടി പത്തായപുരയിൽ ചെന്നു കുടമാളൂർ രാമൻ കുട്ടി മാരാരോട് ചോദിച്ചു…
“മാരാരെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ…? കഴിഞ്ഞാൽ മുറ്റത്തേക്ക് ഇറങ്ങിക്കോളൂ….”
“കഴിഞ്ഞു. ഇതാ ഇറങ്ങി…” മാരാർ ചെണ്ട തോളിൽ തൂക്കി … കോലു കൊണ്ട് ചെണ്ടയിൽ ഒന്നു താളം പിടിച്ചു കൊണ്ട് പറഞ്ഞു…. കരിങ്കാളിയും ടീമും മുറ്റത്തേക്ക് ഉറഞ്ഞു തുള്ളിയിറങ്ങി.. കരിങ്കാളി ഇടത്തേ കയ്യിൽ ഗുരുതിക്കുള്ള കോഴിയും, വലത്തെ കയ്യിൽ പള്ളിവാളും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി . കാലിലെ ചിലമ്പിന്റെ ശബ്ദവും ചോരച്ച കണ്ണുമായി മുറ്റത്ത് ഉറഞ്ഞു തുള്ളിയതും ചുറ്റുഭാഗം കൂടി നിന്നവർ നാലു ഭാഗത്തോട്ടും ഓടി….. അച്ചു അകത്തു നിന്നും തോർത്തു കൊണ്ട് വന്നു കണ്ണന്റെ കയ്യിൽ കൊടുത്തു. കണ്ണൻ അതു വാങ്ങി അതിൽ നിന്നും ഒന്നെടുത്തു ബാക്കി അനിലിന്റെ കയ്യിൽ കൊടുത്തു ,അച്ഛനും റഹ്‌മാനും ഹാസനിക്കക്കും അരുന്നിനും ശിവനും കൊടുക്കാൻ പറഞ്ഞു…. കണ്ണൻ തോർത്തു മുണ്ട് തലയിൽ ചുറ്റി കെട്ടികൊണ്ട് അച്ചുവിനെ നോക്കി….
“ഇപ്പൊ കണ്ണേട്ടനെ കണ്ടാൽ. ചന്ദ്രോത്സവം സിനിമയിൽ ലാലേട്ടൻ തോർത്തു മുണ്ടും തലയിൽ ചുറ്റി കാള പൂട്ടിനു പോകുന്ന രംഗമുണ്ട് അതു പോലെ തോന്നും. ഇനി ആ മീശയും കൂടി ഒന്നു പിരിച്ചാൽ ലാലേട്ടൻ തന്നെ…” അതു കേട്ടതും കണ്ണന് ഒരു കുളിര് കയറി….
“എന്നാ പിന്നെ മീശയും അങ്ങു പിരിച്ചു കളയാം… എന്താ ? അച്ചു പറഞ്ഞാൽ പിന്നെ എന്താ നോക്കാനുള്ളത്…?”
കണ്ണൻ മീശ അങ്ങു പിരിച്ചു അവളുടെ നേരെ നോക്കി ഒന്നു കണ്ണിറുക്കി ഒരു ചിരി ചിരിച്ചു. അതു കണ്ടതും അവൾക്ക് ഒരു രോമാഞ്ചം വന്നു. അവൾ കുലുങ്ങി ചിരിച്ചു കൊണ്ട് അവനെ നോക്കി. അപ്പോഴാണ്… റഹ്‌മാനും അരുണും അങ്ങോട്ട് വന്നത്. റഹ്മാൻ കണ്ണനോട് പറഞ്ഞു….
“നീ ഞങ്ങളെയെല്ലാം ഓരോ പണിയേല്പിച്ചിട്ടു ഇവിടെ തലയിൽ തോർത്തു മുണ്ടും ചുറ്റി , മീശയും പിരിച്ചു ,ലാലേട്ടൻ കളിച്ചു പ്രേമിക്കാ. അവിടെ അച്ഛൻ തിരക്കുന്നു നിന്നെ, പൂജ കഴിയാറായി… ”
“അല്ലടാ ഇവൾ പറയാ എന്നെ ഇപ്പോൾ കണ്ടാൽ ഒരു ലാലേട്ടൻ ലുക്ക് ഉണ്ടെന്ന്. അപ്പൊ പിന്നെ ഞാൻ അതൊന്നു കാണിച്ചു കൊടുക്കുവായിരുന്നു…”
“ആ അവൾക്കിപ്പോ അങ്ങനെ ഒക്കെ തോന്നും. നിങ്ങളുടെ വിവാഹം തീരുമാനിച്ചതല്ലേ. അച്ചൂ, ലാലേട്ടന്റെ ലുക്കൊക്കെ ഇവൻ വിവാഹത്തിന് ശേഷം നിനക്ക് കാണിച്ചു തരും കെട്ടോ, ഇപ്പൊ അതിനു സമയമില്ല…”
തിരുമേനി തിടമ്പ് പൂജിച്ചു കഴിഞ്ഞതും ദീപം എല്ലാവരുടെയും നേരെ നീട്ടി. എല്ലാവരും ദീപത്തെ തൊട്ട് നെറുകയിൽ വെച്ചതും തിരുമേനി ശിവരാമൻ നായരോട് പറഞ്ഞു.
“ഇനി തിടമ്പെടുക്കാം…” അതു കേട്ടതും ശിവരാമൻ നായർ ശിവനോട് പറഞ്ഞു…
“ശിവാ… അർജ്ജുന്റെ പുറത്തു കയറിക്കോളൂ….” അതു കേട്ടതും ശിവൻ അർജ്ജുന്റെ പുറത്തു കയറി ഇരുന്നു…
ശിവരാമൻ നായർ തിടമ്പിൽ തൊട്ടു വന്ദിച്ചു ,തിടമ്പെടുത്തു ഉയർത്തിയതും എല്ലാവരും ആർപ്പു വിളിച്ചു….
“ആർപ്പൊ…. ഇറോ.. ഇറോ….” ആർപ്പു വിളികേട്ട എല്ലാവരുടെയും ദേഹം കോരി തരിച്ചു…. ശിവൻ തിടമ്പ് വാങ്ങി അർജുന്റെ നെറുകയിൽ പിടിച്ചിരുന്നു… അർജ്ജുൻ തിടമ്പേറ്റിയതും വീണ്ടും എല്ലാവരും കൂടി ആർപ്പു വിളിച്ചു… ശിവരാമൻ നായർ താള മേളങ്ങളുടെയും തായംമ്പകയുടെയും കുലപതിയായി അരങ്ങു കോഴിപ്പിക്കുന്ന കുടമാളൂർ രാമൻ കുട്ടി മാരാരോട് പറഞ്ഞു….
“മാരാരെ മേളവും വാദ്യവും തുടങ്ങാ….” അതു കേട്ടതും മാരാർ ചെണ്ടയിൽ തൊട്ടു നെറുകയിൽ വെച്ചു കോലു കൊണ്ട് ഒരു താളം പിടിച്ചതും, മറ്റു കൊട്ടുകാർ ചെണ്ടയും കുഴലും കൊമ്പും ഇലത്താളവും കൊണ്ടു പിന്നിൽ അണിനിരന്നു .താളവും മേളവും അരങ്ങു കൊഴിപ്പിച്ചു… മാരാരും ടീമും മേളവും വാദ്യവും തുടങ്ങിയതും. തിറയും ഭൂതവും പറയടിയുടെ ശബ്ദത്തിൽ കളിച്ചു തുടങ്ങി. ശിങ്കാരി മേളക്കാർ 21 പേര് അണിനിരന്നു. മുന്നിൽ ഏഴു ഇടന്തലക്കാരും ,പിന്നിൽ ഏഴു ഇലതാളവും, പിന്നിൽ ഏഴു വലന്തലക്കാരും നിരന്നു നിന്നു താളം ചവിട്ടി കൊട്ടിയാടി… അവർക്ക് പിന്നിൽ കാവടിയും കൊട്ടിമേളവും തുടങ്ങി… അവക്ക് പിന്നിൽ കരിങ്കാളിയും ചെണ്ടമേളവും തുടങ്ങി. കരിങ്കാളി മേളത്തിന്റെ താളത്തിന് അനുസരിച്ചു കയ്യിൽ വാളുമേന്തി ഉറഞ്ഞു തുള്ളി…. കരിങ്കാളിയെ നിയന്ത്രിക്കാൻ കണ്ണൻ കൂടെ ആളെ നിർത്തിയിരുന്നു…
ചെണ്ടമേളം കൊണ്ടും വാദ്യമേളം കൊണ്ടും ചിറക്കൽ തറവാട് ദേവിയുടെ ചൈതന്യം കൊണ്ട് നിറഞ്ഞു. ചിറക്കൽ തറവാടിന്റെ മുറ്റം കൊട്ടും വാദ്യവുമായി ഉത്സവ പറമ്പ് പോലെയായി.. തിരുമേനി കത്തിച്ചു കൊടുത്ത തൂക്കു വിളക്കിലെ തിരി നാളം കൊണ്ട് കണ്ണൻ അമ്മ കയ്യിൽ പിടിച്ച താലത്തിൽ ദീപം തെളിയിച്ചു. പിന്നെ മറ്റു മുപ്പതോളം ദീപവും തെളിയിച്ചു.. അനിലും റഹ്‌മാനും അരുണും കൂടി താലം പിടിച്ചു നിൽക്കുന്ന സ്ത്രീകളെ രണ്ട് വരിയാക്കി നിർത്തി..ഒരു വരിയിൽ ലക്ഷ്മിയമ്മയുടെ പിന്നിൽ അച്ചുവും മറ്റേ വരിയിൽ മാലതിയുടെ പിന്നിൽ അപ്പുവും കാർത്തികയും താലവും പിടിച്ചു നിന്നു… അവർക്ക് പിന്നിൽ കുറേ സ്ത്രീകളും താലവുമായി അണിനിരന്നു…. കണ്ണൻ എള്ളെണ്ണ നിറച്ച ഒരു ബക്കറ്റ് അരുണിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു, താലത്തിലെ എണ്ണ കഴിയുമ്പോൾ ഒഴിച്ചു കൊടുക്കാൻ. അനിൽ അരയിൽ തോർത്തു മുണ്ടും കെട്ടി താലത്തിൽ നടുവിൽ നിന്നു….
മുറ്റത്ത് ഒരു മണിക്കൂറോളം കൊട്ടിയാടി അരങ്ങു കൊഴുത്തതും ശിവരാമൻ നായർ പറഞ്ഞു….
“എന്നാ പുറപ്പെടല്ലേ. സർപ്പക്കാവിൽ ഒന്നു ചുറ്റി അങ്ങു പുറപ്പെടാം…”
അതു കേട്ടതും എല്ലാവരും വാദ്യ മേളങ്ങളോടെ സർപ്പക്കാവിലും ചുറ്റി കൽവിളക്കിൽ തിരി കൊളുത്തി വീണ്ടും മുറ്റത്തെത്തി…
വാദ്യക്കാരും മേളക്കാരും മുമ്പിലും, അതിനു പിന്നിൽ താലവും ,അതിനു പിന്നിൽ കാവടിയും മേളവും ,അതിനു പിന്നിൽ തിറയും ഭൂതവും ,അതിനു പിന്നിൽ കരിങ്കാളിയും കൊട്ടും , അതിനു പിന്നിൽ ശിങ്കാരി മേളവും, ഏറ്റവും പിറകിൽ അർജ്ജുൻ തിടമ്പുമേറ്റി ചിറക്കൽ തറവാട്ടിൽ നിന്നും എഴുന്നള്ളത്തുമായി ഇറങ്ങി…
അണിഞ്ഞൊരുങ്ങി നെറ്റിപട്ടവും കെട്ടി, ആലവട്ടവും വെഞ്ചാമരവുമായി തല ഉയർത്തി പിടിച്ചു ,തുമ്പി കയ്യും വീശി നടന്നു വരുന്ന ,കരിവീര കേസരിയായ അർജ്ജുനെ കാണാൻ ആളുകൾ വഴികളിൽ ആകാംഷയോടെ നിറഞ്ഞു നിരന്നു നിന്നിരുന്നു. അവന്റെ കൊമ്പിൽ പിടിച്ചു കൊണ്ട് ശിവരാമൻ നായരും ഹസനിക്കയും , മുത്തു കുടയും വർണ്ണ കുടയും പിടിച്ചു ഒപ്പം കണ്ണനും അരുണും റഹ്‌മാനും ഉണ്ടായിരുന്നു….
തിടമ്പേറ്റിയ അര്ജുനെയും കൊണ്ട് താളമേളങ്ങളുടെയും താലത്തിന്റെ അണയാത്ത ദീപത്തിന്റെയും അരങ്ങു കോഴിപ്പിക്കുന്ന അകമ്പടിയോടെ എഴുന്നള്ളത്ത് അമ്പലത്തിൽ എത്തിയതും ,കൂടി നിന്ന ജനങ്ങൾ അവരെ ആർപ്പു വിളികളോടെ സ്വീകരിച്ചു.
തിടമ്പേറ്റിയ അർജ്ജുനെ കാണാൻ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു അമ്പലപറമ്പിൽ. അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വെച്ചതും അര്ജുന്റെ തലയിൽ നിന്നും തിടമ്പിറക്കി ചമയങ്ങൾ ഒന്നും അഴിക്കാതെ അവനെ ആൽതറയുടെ അടുത്തു തളച്ചു. അപ്പോഴും വാദ്യവും മേളവും കോട്ടുമെല്ലാം അമ്പലത്തിൽ അരങ്ങു കൊഴുപ്പിക്കുന്നുണ്ടായിരുന്നു…
#തുടരും…
#ഫൈസൽ_കണിയാരിktpm✍️
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission