Skip to content

സ്‌നേഹവീട് part 12 | Malayalam novel

സ്‌നേഹവീട് part 12
വിവാഹം ഉറപ്പിച്ചതും മാലതിയും അനിലും കാർത്തികയും വിവാഹത്തിന്റെ ഒരാഴ്ച മുന്നേ വരാന്നും പറഞ്ഞു അവരുടെ വീട്ടിലേക്ക് പോയി. അപ്പുവിനെയും അച്ചുവിനെയും ശിവരാമൻ നായർ കണ്ണനെ കൊണ്ട് ഹോസ്റ്റലിൽ കൊണ്ട് വിടുവിച്ചു. വിവാഹത്തിന്റെ 10 ദിവസം മുന്നേ കണ്ണൻ കൂട്ടാൻ വരുമെന്നും പറഞ്ഞു കൊണ്ട്. മനസ്സില്ലാ മനസ്സോടെയാണ് അപ്പുവും അച്ചുവും ഹോസ്റ്റലിലോട്ടു പോയത്…
വിവാഹത്തിന് ആളുകളെ ക്ഷണിക്കാൻ തുടങ്ങി. നാട് മൊത്തം വിളിച്ചുള്ള വിവാഹമായത് കൊണ്ട് കണ്ണന്റെ കൂടെ ആളുകളെ ക്ഷണിക്കാൻ റഹ്‌മാനും അരുണും ഉണ്ടായിരുന്നു. അയൽ പക്കത്തെ വീടുകളിലെല്ലാം ലക്ഷ്മിയമ്മയും ശിവരാമൻ നായരും കൂടി പോയി ക്ഷണിച്ചു. ബന്ധുക്കാരുടെയും സ്വന്തക്കാരുടെയും വീട്ടിലെല്ലാം ശിവരാമൻ നായരും ലക്ഷ്മിയമ്മയും കണ്ണനും കൂടി ഒരുമിച്ചു പോയാണ് ക്ഷണിച്ചത്. വിവാഹത്തെ വരവേൽക്കാൻ വീടും പത്തായപുരയും വെള്ള പൂശിയും പൊട്ടിയ ഓടുകൾ മാറ്റിയും മോടി പിടിപ്പിച്ചു തുടങ്ങി. കണ്ണന്റെയും അച്ചുവിന്റെയും വിവാഹത്തിന് ചിറക്കൽ തറവാട് ഒരുങ്ങി. അവിടെയുള്ളവരുടെ മനസ്സൊരുങ്ങി.. ഇനി വിവാഹത്തിന് വെറും പത്തു ദിവസം മാത്രം….
ശിവരാമൻ നായർ അർജ്ജുന് ശർക്കരയും പഴവും കൂടി ഉരുട്ടി അവന്റെ വായിലോട്ട് വെച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷ്മിയമ്മ ശിവരാമൻ നായർക്ക് ഉച്ചക്ക് ഭക്ഷണത്തിന് മുന്നേ കഴിക്കാനുള്ള ഗുളികയും വെള്ളവുമായി അങ്ങോട്ട് വന്നത്. ലക്ഷ്മിയമ്മയുടെ കയ്യിൽ നിന്നും ഗുളികയും വെള്ളവും വാങ്ങി കുടിച്ചു കൊണ്ട് ശിവരാമൻ നായർ ചോദിച്ചു…
“ലക്ഷ്മീ കണ്ണൻ എപ്പോഴാണ് കുട്ടികളെ കൂട്ടി കൊണ്ടുവരാൻ പോകുന്നത് ? സമയം ഇപ്പൊ തന്നെ ഒരു മണി ആയി തുടങ്ങിയില്ലേ?”.
“അവൻ നേരത്തെ തന്നെ ഊണൊക്കെ കഴിച്ചു പോവ്വാൻ ഒരുങ്ങുന്നുണ്ട്…. “
“ഊം.. എന്നാ പെട്ടന്ന് ഇറങ്ങാൻ പറ അവനോട്. കുട്ടികൾ രണ്ടാളും അവിടെ ഒറ്റക്കാലിൽ നിൽക്കായിരിക്കും ഇവനെയും കാത്തു കൊണ്ട് “.
“അതേ.. മനസ്സില്ലാ മനസ്സോടെയാ രണ്ടും ഇവിടുന്നു പോയത്. അച്ചുവിന് ഇനി പഠിക്കണമെന്ന് തന്നെ ഇല്ല..” ലക്ഷ്മിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു…. ” അല്ലാ അച്ചുവിനെ ഇനിയും പഠിപ്പിക്കണ്ടേ…?”
“അതൊക്കെ അവളും കണ്ണനും കൂടി തീരുമാനിച്ചോട്ടെ. പഠിക്കാണെങ്കിൽ പഠിച്ചോട്ടെ. എന്തിനാ വെറുതെ പഠിപ്പു മുടക്കുന്നത്. വിവാഹം കഴിഞ്ഞാലും പെൺകുട്ടികൾ പഠിക്കുന്നില്ലേ. ഇന്നത്തെ കാലത്ത് നാലക്ഷരം കൂടുതൽ പഠിക്കുന്നത് നല്ലതാണ്…”
“അതേ അവര് തീരുമാനിച്ചോട്ടെ..” അതും പറഞ്ഞു വീടും പത്തായപുരയും മൊത്തം ഒന്നു കണ്ണോടിച്ചു കൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു..
“കുറേ കാലത്തിന് ശേഷം വീടും പത്തായപുരയും വെള്ള പൂശിയപ്പോൾ ഒന്നു വെളിച്ചം വെച്ച പോലെ തോന്നുന്നു “.
“അതേ… അതേ..” ശിവരാമൻ നായർ വീടും പത്തായപുരയും മൊത്തം നോക്കി കൊണ്ട് ലക്ഷ്മിയമ്മയുടെ വാക്ക് ശരി വെച്ച പോലെ പറഞ്ഞു.. അപ്പോഴാണ് അകത്തു നിന്നും ഫോണ് ബെല്ലടിക്കുന്നത് കേട്ടത്. അതു കേട്ട ശിവരാമൻ നായർ പറഞ്ഞു…
“കുട്ടികളായിരിക്കും, കണ്ണൻ പോന്നൊന്നു അറിയാൻ വേണ്ടി വിളിക്ക്യായിരിക്കും. പോയി നോക്കു…” ലക്ഷ്മിയമ്മ അകത്തു വന്നു ഫോണെടുത്തു .ശരിയായിരുന്നു അപ്പുവായിരുന്നു ലൈനിൽ…
“അമ്മാ ഏട്ടൻ പൊന്നോ… ?”
“ഇല്ലാ ഇപ്പൊ പോരും. അവൻ അങ്ങോട്ട് വരാൻ ഡ്രസ്സ് മാറ്റാൻ പോയിരിക്ക്യ..”
“ഇതു വരെ പൊന്നില്ലേ. പെട്ടന്ന് വരാൻ പറ അമ്മാ. ഞങ്ങൾ രാവിലെ മുതൽ ഏട്ടൻ വരുന്നതും നോക്കി റൊട്ടിലോട്ടു കണ്ണും നട്ട് ഇരിക്ക്യാ..”
“ഒന്നടങ്ങിയിരി അപ്പൂ. അവനിവിടെ നൂറു കൂട്ടം പണിയുള്ളതല്ലേ, എല്ലാത്തിനും ഓടി നടക്കാൻ അവൻ തന്നെയല്ലേ ഉള്ളൂ ഇവിടെ. പാവം എന്റെ കുഞ്ഞു, ഒറ്റക്ക് എല്ലാത്തിനും ഓടി ഓടി തളർന്നു. സമയം ഉച്ചയല്ലേ ആയോള്ളൂ, അവൻ ഇപ്പൊ അവിടെ എത്തില്ല്യേ…” അപ്പോഴാണ് കണ്ണൻ ഡ്രസ്സെല്ലാം മാറ്റി  ഗോവണി ഇറങ്ങി അങ്ങോട്ട് വന്നത്. കണ്ണനെ കണ്ട ലക്ഷ്മിയമ്മ അപ്പുവിനോട് പറഞ്ഞു….
“ആ കണ്ണൻ വരുന്നുണ്ട് ഞാൻ അവന്റെ അടുത്ത് ഫോണ് കൊടുക്കാം. കണ്ണാ… ഇന്നാ ഫോണ്…”
“ആരാ അമ്മാ..  ?” കണ്ണൻ ജുബ്ബയുടെ കൈ മടക്കി തെറുത്തു കയറ്റി കൊണ്ട് ചോദിച്ചു…
“അപ്പുവാണ് നിന്നെ കാണാത്തത് കൊണ്ട് വിളിച്ചതാണ്..” കണ്ണൻ അമ്മയുടെ കയ്യിൽ നിന്നും ഫോണ് വാങ്ങി അപ്പുവിനോട്…
“എന്താടി.. കാത്തിരുന്നു മുഷിഞ്ഞോ രണ്ടാളും…”
“പിന്നെ മുഷിയാണ്ട്, രാവിലെ മുതൽ കാത്തിരുന്നാൽ മുഷിയില്ലേ. ഒന്ന് പെട്ടന്ന് വാ ഏട്ടാ..”
“അപ്പൊ നിങ്ങൾ ഇന്ന് കോളേജിൽ പോയിട്ടേ ഇല്ലേ…”
“പോയി .എന്നിട്ട് അപ്പൊ തന്നെ ഒരു നീണ്ട ലീവ് ലെറ്ററും കൊടുത്തു തിരിച്ചു പോന്നു…”
“അപ്പൊ നിങ്ങളെ കോളേജിലെ ഫ്രണ്ട്സിനേയും ടീച്ചേഴ്‌സിനെയും ഒന്നും വിവാഹത്തിന് ക്ഷണിച്ചില്ലേ…?”
“ഇല്ല. ഏട്ടൻ വന്നതിന് ശേഷം ഒരുമിച്ചു പോയി ക്ഷണിക്കാമെന്നു വെച്ചു. അച്ചൂന് നിർബന്ധം അവരെയെല്ലാം ക്ഷണിക്കുമ്പോൾ ഏട്ടനും കൂടെ വേണമെന്ന്..”
“ങ്ങാ.. ബെസ്റ്റ് പാർട്ടിയാ രണ്ടാളും.. ഇത് എന്നാ നേരത്തെ പറയണ്ടേ.. എന്നിട്ട് അച്ചുവിടെ..?”
“അവിളിവിടെയുണ്ട് ഞാൻ ഫോണ് കൊടുക്കാം…” അപ്പു ഫോണ് അച്ചുവിന് കൊടുത്തു…
“എന്താ അച്ചൂ ഇത് നീ എന്താ ഈ കാര്യം ഇന്നലെ വിളിച്ചപ്പോൾ പറയാഞ്ഞേ ? എനിക്കാണെങ്കിൽ തിരിച്ചു വരുന്ന വഴിയിൽ ഒന്നു രണ്ട് വീടുകളും കൂടി കയറി വിവാഹത്തിന് ക്ഷണിക്കാൻ ഉണ്ടായിരുന്നു. എല്ലാത്തിനും കൂടി സമയം ഉണ്ടാവാവോ. നേരത്തെ പറയായിരുന്നെങ്കിൽ ഞാൻ കുറച്ചും കൂടി നേരത്തെ പൊന്നേനെ..”
“ഞാൻ മറന്നു പോയി കണ്ണേട്ടാ.. അധികം ഫ്രണ്ട്‌സൊന്നും ഇല്ല ഞങ്ങൾക്ക്. ആണ്കുട്ടികളും പെണ്കുട്ടികളുമായി ഒരു മുപ്പതെണ്ണം. പിന്നെ ടീച്ചേഴ്‌സും…. “
“ഊം ശരി ശരി. എന്നാ രണ്ടാളും ബാഗ് എല്ലാം റെഡിയാക്കി ഇരുന്നോ, ഞാനിതാ വരുന്നു “.
“ബാഗ് ഒക്കെ രാവിലെ തന്നെ റെഡിയാക്കി വച്ചിരിക്കുകയാണ്. കണ്ണേട്ടൻ ഇങ്ങു വന്നാൽ മതി. പിന്നെ കണ്ണേട്ടൻ ഏത് ഡ്രസ്സാ ധരിച്ചിരിക്കുന്നെ. പാന്റും ഷർട്ടുമാണോ. അതോ മുണ്ടും ജുബ്ബയോ.. ?”
“മുണ്ടും ജുബ്ബയും. വിഷുവിന് എടുത്തില്ലേ അത്. എന്താ അത് മാറ്റി പാന്റും ഷർട്ടും ആക്കണോ.. ?” കണ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
“വേണ്ട വേണ്ട. അതു മതി. കണ്ണേട്ടനെ മുണ്ടിലും ജുബ്ബയിലും ആണ് കാണാൻ ഭംഗി. മുണ്ടും ജുബ്ബയും ധരിച്ച കണ്ണേട്ടനെ കാണാൻ ഒരു തമ്പുരാൻ ലുക്കാണ്. എനിക്കും അതാണ് ഇഷ്ട്ടം. മുണ്ടും ജുബ്ബയും ഉടുത്ത് നിൽക്കുമ്പോഴാണ് എന്റെ കണ്ണേട്ടൻ ശരിക്കും, ചിറക്കൽ ഗോപൻ നായർ ആവുന്നെ… “അച്ചുവിന്റെ ആ വാക്കുകൾ കണ്ണനെ ഒന്നു കുളിരു കൊള്ളിച്ചു. അവൻ അവനെ തന്നെ ഒന്നു മൊത്തം നോക്കി കൊണ്ട് പറഞ്ഞു….
“ശരിക്കും, എന്നാൽ ഇനി ഇവിടന്നങ്ങോട്ട് എന്റെ വേഷം മുണ്ടും ജുബ്ബയും മാത്രമാണ്..” അതും പറഞ്ഞു കണ്ണൻ ഫോണ് വെച്ചു അമ്മയോട് ചോദിച്ചു..
“അമ്മാ അച്ഛനവിടെ.. ?”
“അച്ഛൻ അര്ജ്ജുന് പഴവും ശർക്കരയും ഉരുട്ടി കൊടുക്കുന്നുണ്ട്..”
“എന്നാ ശരി ഞാനിറങ്ങാ. ഞാൻ അവരെയും കൊണ്ട് വരാൻ കുറച്ചു വൈകും. വരുന്ന വഴിക്ക് രണ്ട് മൂന്ന് വീടും കൂടി വിവാഹത്തിന് ക്ഷണിക്കാനുണ്ട്..”
കണ്ണൻ കാറിന്റെ കീയെടുത്തു അമ്മയോട് പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയതും ശിവരാമൻ നായർ അങ്ങോട്ട് വന്നു.
“കണ്ണാ.. നീ കുട്ടികളെയും കൂട്ടി വരുമ്പോൾ മാലതിയുടെ വീട്ടിലും ഒന്നു കടന്നോ. എന്നിട്ട് അവരെയും കൂട്ടി ഇങ്ങു പോര്. ഞാൻ വിളിച്ചു പറഞ്ഞോളാം ദിവാകരനോട്. മറ്റന്നാൾ ഏതായാലും അവര് ഇങ്ങോട്ട് വരണമല്ലോ. മറ്റന്നാൾ അല്ലെ ഡ്രസ്സും സ്വർണ്ണവുമെല്ലാം എടുക്കുന്നത്.  പോരാത്തതിന് നാളെയല്ലേ അച്ചുമോളുടെ അമ്മ വരുന്നത്. അപ്പൊ എല്ലാവരും ഇവിടെ ഉണ്ടാകണം “.
“ശരിയച്ചാ.. അവരെയെല്ലാം കൂട്ടി തിരിച്ചു ഇവിടെ എത്തുമ്പോഴത്തിന് ഇരുട്ടും. എനിക്ക് വരുന്ന വഴിയിൽ രണ്ട് മൂന്ന് വീടും കൂടി ക്ഷണിക്കാൻ ഉണ്ടായിരുന്നു…”
“അത് നാളെ ക്ഷണിക്കാം. നാളെ അച്ചുമോളുടെ അമ്മയെ എയർപോട്ടിൽ നിന്നും കൂട്ടാൻ പോകുമ്പോൾ ക്ഷണിച്ചാൽ മതി. അതു മാത്രമല്ല നാളെ ക്ഷണിച്ചവരുടെ മൊത്തം ലിസ്റ്റ് എടുത്ത് ഒന്നും കൂടി നോക്കണം ആരെങ്കിലും വിട്ട് പോയിട്ടുണ്ടോ എന്ന്. പോരാത്തതിന് ക്ഷണിച്ചവരുടെ ഏകദേശം ഒരു കണക്ക് നാളെത്തന്നെ എടുക്കണം .വിവാഹത്തിന് ആളുകൾ എത്ര ഉണ്ടാകും എന്ന ഒരു കണക്ക് കിട്ടിയിട്ട് വേണം ദേഹണ്ണത്തിനുള്ള ആളെ ഏൽപ്പിക്കാൻ…” അതു കേട്ട കണ്ണൻ ചോദിച്ചു…
“അച്ഛാ.. സദ്യവട്ടം ആരെയാ ഏൽപ്പിക്കുന്നത്. മഠത്തിൽ അരവിന്ദാക്ഷൻ നായരെയോ അതോ പൂക്കോടൻ തിരുമേനിയെയോ…?”
“ദേഹണ്ണം. നമുക്ക് മഠത്തിൽ അരവിന്ദാക്ഷനെ ഏല്പിക്കാം. മാലതിയുടെ വിവാഹത്തിനും സദ്യ ഒരുക്കിയത് അരവിന്ദാക്ഷൻ ആണല്ലോ ?”.
“സദ്യവട്ടത്തിൽ അദ്ദേഹത്തെക്കാളും കേമൻ ഇപ്പോൾ പൂക്കോടൻ തിരുമേനി ആണെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെയെങ്കിൽ തിരുമേനിയെ ഏല്പിക്കുന്നതല്ലേ നല്ലത്…”
“ആരു പറഞ്ഞു, അതൊക്കെ ആളുകൾ പറയുന്നതല്ലേ. ഈ പൂക്കോടൻ തിരുമേനി അരവിന്ദാക്ഷനിൽ നിന്നും ശിഷ്യപ്പെട്ടു പോയ ആളല്ലേ. എന്റെ അറിവില് അരവിന്ദാക്ഷനാണ് കേമൻ. പോരാത്തതിന് നമ്മുടെ കുടുംബവുമായി ഒരു താവഴി ബന്ധവുമുണ്ട് അരവിന്ദാക്ഷന്റെ കുടുംബത്തിന്. അങ്ങനെയാവുമ്പോ, ഈ വീട്ടിൽ ഒരു വിവാഹമുണ്ടാകുമ്പോൾ ആ പാവത്തിന് ഒരു പ്രതീക്ഷയുണ്ടാകും. സദ്യ എന്തായാലും അദ്ദേഹത്തിനെ തന്നെ ആയിരിക്കും ഏൽപ്പിക്കുക എന്ന്. ആ പ്രതീക്ഷ നമ്മൾ തെറ്റിക്കാൻ പാടില്ല. അത് അദ്ദേഹത്തിന് ഒരു പാട് വിഷമമുണ്ടാക്കും..”
“അങ്ങനെയെങ്കിൽ അരവിന്ദാക്ഷൻ നായരെ തന്നെ ഏല്പിക്കാം. അച്ഛാ.. ഞാൻ തിരിച്ചു വരുന്ന വഴി അതു വഴി വരും എന്ന് അമ്മായിയോട് ഒന്ന് വിളിച്ചു പറഞ്ഞേക്കൂ.. എല്ലാവരോടും ഒരുങ്ങി നിൽക്കാനും പറഞ്ഞേക്കൂ…”
“ശരി.. ആ.. പിന്നെ. നീ പോകുന്ന വഴിക്ക് ഹസ്സന്റെ കടയിൽ കയറി ഹസ്സനോട് പന്തൽ പണിക്കാരൻ കാർത്തികേയനെയും കൂട്ടി ഇത്രേടം വരെ ഒന്നു വരാൻ പറ. മറ്റന്നാൾ തൊട്ട് പന്തലിടാനുള്ളതാണ്. ഇനി ഒന്നിനും അധികം സമയമില്യ. ഭഗവതിയുടെ അനുഗ്രഹം കൊണ്ട് എല്ലാം മംഗളമായി തീർന്നു കിട്ടിയാൽ മതിയായിരുന്നു. പണ്ടൊക്കെ എന്തിനും ഏതിനും എനിക്ക് ഒരു ധൈര്യമുണ്ടായിരുന്നു. ഇപ്പൊ എന്തോ എല്ലാത്തിനും ഒരു ഭയവും ആവലാതിയും എല്ലാം തോന്നുന്നു. എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല്യാ എന്നൊരു തോന്നൽ ഉള്ളിൽ കയറി കൂടിയിരിക്കുന്നു “. അതു കേട്ടതും ലക്ഷ്മിയമ്മക്കും കണ്ണനും ഒരു വിഷമം തോന്നി ലക്ഷ്മിയമ്മ പറഞ്ഞു…
“അതൊക്കെ നിങ്ങളുടെ തോന്നലാണ്. ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമേ കൂടുകയോള്ളൂ. നിങ്ങളൊരു ആളായി മുന്നിൽ നിന്നാൽ മതി ബാക്കിയെല്ലാം കണ്ണനും അനിലും ദിവാകരനും നാട്ടുകാരും നോക്കി കൊള്ളും..”
“ശരിയാ എല്ലാം അതിന്റെ വഴിക്ക് നടന്നോളും എല്ലാവരും ഉണ്ടല്ലോ. ഭഗവതിയുടെ അനുഗ്രഹം കൊണ്ട് എല്ലാം മംഗളമായി കലാശിക്കട്ടെ.. എന്നാ നീ പോയിട്ട് വാ. എന്റെ കുഞ്ഞുങ്ങൾ അവിടെ നിന്നെയും കാത്തു നിൽക്കായിരിക്കും. അതിങ്ങള് രണ്ടിന്റെയും ചിരിയും കളിയും ഇല്ലാത്തത് കൊണ്ട് പത്തു പതിനഞ്ചു ദിവസം ഈ വീട് അങ്ങു ഉറങ്ങിപ്പോയി…”
“എന്നാ ഞാൻ പോയി വരാം..” അതും പറഞ്ഞു കണ്ണൻ കാർ ഷെഡിൽ നിന്നും ഇറക്കി അച്ചുവിനെയും അപ്പുവിനെയും കൂട്ടാൻ ഹോസ്റ്റലിലേക്ക് പോയി…………….
കണ്ണൻ കാറും കൊണ്ട് ഹോസ്റ്റൽ കോംബൗണ്ടിലേക്ക് ഓടിച്ചു വരുന്നത് ഹോസ്റ്റലിലെ രണ്ടാം നിലയിലെ വരാന്തയിൽ ഇരുന്നു അപ്പുവും അച്ചുവും കണ്ടതും ,രണ്ടാളും ബാഗ് എല്ലാം എടുത്തു തോളിൽ തൂക്കി കോണിപ്പടികൾ ഓടിയിറങ്ങി താഴത്തോട്ട് വന്നു. കണ്ണൻ കാറിൽ നിന്നും ജുബ്ബയും മുണ്ടും ഉടുത്തു ഇറങ്ങി അവരുടെ അടുത്തേക്ക് വരുന്നത് കണ്ട അച്ചുവിന്റെ ഉള്ളിൽ അവനോടുള്ള സ്നേഹം നുരഞ്ഞു പൊങ്ങി. അപ്പു വരാന്തയിൽ നിന്നും ഇറങ്ങി നേരെ കണ്ണന്റെ അടുത്തോട്ട് ചെന്നതും കണ്ണൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു…
“കാത്തിരുന്നു മുഷിഞ്ഞോ രണ്ടാളും. ഊം…”
“കുറച്ചു. എന്നെക്കാളും മുഷിഞ്ഞത് അച്ചുവിനായിരിക്കും. കണ്ടില്ലേ ഏട്ടനെ കണ്ടതും അവളുടെ മുഖത്തു സ്നേഹം തുളുമ്പുന്നത് “. അപ്പു കുസൃതിയോടെ പറഞ്ഞു…
“ഒന്നു പോടി അവിടന്ന്.. “കണ്ണൻ അപ്പുവിനെയും കൂട്ടി അച്ചുവിന്റെ അടുത്ത് എത്തിയതും ,ഇമ വെട്ടാതെ കണ്ണനെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിനോട് ചോദിച്ചു.. “എന്താ അച്ചൂ നിന്റെ മുഖത്ത് ഒരു അന്താളിപ്പ്. എന്നെ കണ്ടത് കൊണ്ടാണോ.. ?”
“ഏയ് അങ്ങനെ ഒന്നും ഇല്ല. കുറച്ചു ദിവസമായില്ലേ കണ്ടിട്ട് അതാണ്.. “
“ഓ അതാണോ.  എന്നാ ഇറങ്ങല്ലേ.. കോളേജിൽ പോയി നിങ്ങടെ  കൂട്ടുകാരേയും ടീച്ചേഴ്‌സിനെയും ക്ഷണിച്ചിട്ടു വേണം നേരെ മാലതി അമ്മായിയുടെ വീട്ടിൽ പോകാൻ, എന്നിട്ട് അവരെയും കൂട്ടിയിട്ട് വേണം വീട്ടിലെത്താൻ “.
“നമ്മൾ മാലതിമ്മായിടെ വീട്ടിൽ പോകുന്നുണ്ടോ.. ഏയ്. കുറേ കാലമായി അമ്മായിയുടെ വീട്ടിൽ പോയിട്ട്…” അപ്പു തുള്ളി ചാടികൊണ്ട് പറഞ്ഞു…
കണ്ണൻ അപ്പുവിന്റെയും ബാഗെല്ലാം കാറിന്റെ ഡിക്കിയിൽ വെച്ചടച്ചു. അപ്പോഴാണ് അപ്പു അച്ചുവിനോട് പറഞ്ഞത്….
“അച്ചു ഏട്ടന്റെ കൂടെ മുന്നിൽ ഇരുന്നോ ഞാൻ പിന്നിൽ ഇരുന്നോളാം..”
“അയ്യോ അതു വേണ്ട.. നീ മുന്നിലിരുന്നോ. ഞാൻ പിന്നിലിരുന്നോളാം “. അച്ചു ഒരു നാണത്തോടെ പറഞ്ഞു.. അവരുടെ മുന്നിരിക്കാനുള്ള തർക്കം മുറുകിയതും കണ്ണൻ ഇടയിൽ കയറി പറഞ്ഞു…
“അതേ.. ആരെങ്കിലും ഒരാൾ മുന്നിൽ ഇരിക്കുന്നുണ്ടെങ്കിൽ ഇരിക്ക്. അല്ലെങ്കിൽ രണ്ടാളും പിന്നിൽ ഇരിക്ക്. ഞാൻ ഒറ്റക്ക് മുന്നിലിരുന്ന് ഡ്രൈവ് ചെയ്തോളാം. എനിക്ക് പേടിയൊന്നും ഇല്ല ഒറ്റക്ക് മുന്നിലിരുന്ന് ഡ്രൈവ് ചെയ്യാൻ “. അതു കേട്ടതും അപ്പു അച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഫ്രണ്ടിലെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു…
“അങ്ങോട്ട് കയറടി പെണ്ണേ. പെണ്ണിന്റെ ഒരു നാണം. കുറച്ചു ദിവസം കഴിഞ്ഞാൽ ഈ സീറ്റിൽ ഇരുന്നാണ് നിങ്ങൾ രണ്ടാളും പോകേണ്ടത്. അല്ല പിന്നെ.. “അതും പറഞ്ഞു.. അപ്പു അച്ചുവിനെ മുന്നിൽ കയറ്റി കൊണ്ട് ഡോറടച്ചു. അപ്പു പിന്നിൽ കയറിയിരുന്നു.. കണ്ണൻ കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് അച്ചുവിന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു…
“എന്നാ പോകല്ലേ..” അതിനുള്ള ഉത്തരം പിന്നിൽ ഇരിക്കുന്ന അപ്പു വാണ് പറഞ്ഞത് .
“ആ പോകാം. പിന്നെ രണ്ടാളും മുന്നിലിരുന്ന് പ്രണയിക്കുമ്പോൾ ഞാൻ പിന്നിലിരിക്കുന്ന ഓർമ വേണം. വിവാഹം കഴിഞ്ഞിട്ടില്ല ഇപ്പോഴും. നിങ്ങളുടെ ഉത്തരവാദിത്വം എനിക്കാണെന്നുള്ള ഓർമ വേണം രണ്ടാൾക്കും ,കേട്ടല്ലോ.. ഹാ..” അപ്പു പിന്നിൽ ഞെളിഞ്ഞിരുന്നു ഒരു കാരണവരെ പോലെ പറഞ്ഞു അതു കേട്ട കണ്ണൻ പിന്നിലേക്ക് തിരിഞ്ഞു വണങ്ങി കൊണ്ട്  പറഞ്ഞു…
“ശരി തമ്പുരാട്ടി.. ഉത്തരവ്..” പിന്നെ ചിരി കൂട്ടിക്കൊണ്ട് പറഞ്ഞു.. “അവളൊരു ഉപദേശി വന്നിരിക്കുന്നു. ഒന്നു പോടിയവിടന്നു “.  അതു കേട്ടതും അപ്പുവും അച്ചുവും ചിരിച്ചു..
കണ്ണൻ അവരെയും കൊണ്ട് കോളേജിൽ എത്തിയതും,അപ്പുവും അച്ചുവും അവരുടെ ഓരോ ഫ്രണ്ട്സിനെയും കണ്ണന് പരിചയപ്പെടുത്തി കൊടുത്തു. കണ്ണൻ അവരെയെല്ലാം പരിചയപ്പെട്ടു. അച്ചുവിനെയും കൊണ്ട് എല്ലാവരെയും വിവാഹത്തിന് ഒരുമിച്ചു ക്ഷണിച്ചു. പിന്നെ അപ്പുവും അച്ചുവും കണ്ണനെയും കൊണ്ട് ടീച്ചേഴ്സ് എല്ലാം ഇരിക്കുന്ന സ്റ്റാഫ് റൂമിലോട്ട് കൂട്ടി കൊണ്ടു പോയി, ടീച്ചേഴ്സിനെയെല്ലാം പരിചയപ്പെടുത്തി. കണ്ണനും അച്ചുവും കൂടി അവർക്കെല്ലാം കല്യാണ കുറി കൊടുത്തു വിവാഹത്തിന് ക്ഷണിച്ചു.. കോളേജിൽ നിന്നും ഇറങ്ങിയതും കണ്ണൻ കാറിൽ കയറി കൊണ്ട് അച്ചുവിനോടും അപ്പുവിനോടും ചോദിച്ചു…
“ഇനി.. ആരെയും ക്ഷണിക്കാനില്ലല്ലോ. ക്ഷണിക്കാനുള്ള ആരെയും വിട്ട് പോയിട്ടില്ലല്ലോ… “
“ഇല്ല.. ഇനി ആരെയും ക്ഷണിക്കാനില്ല. ഞങ്ങളുടെ ക്ഷണം എല്ലാം കഴിഞ്ഞു.. ഇനി നമുക്ക് നേരെ അമ്മായിയുടെ വീട്ടിലേക്ക് പോകാം…” അതു കേട്ടതും കണ്ണൻ കാറ് നേരെ മാലതി അമ്മായിയുടെ വീട്ടിലോട്ട് വിട്ടു. കണ്ണൻ കാറും കൊണ്ട് പടി കടന്നു വന്നതു കണ്ട കാർത്തികയും മാലതിയും ഉമ്മറത്ത് നിന്നും മുറ്റത്തേക്ക് വന്നു. അമ്മായിയെ കണ്ടതും അപ്പു ഡോർ തുറന്നു ഇറങ്ങി. “അമ്മായീ..” എന്നും വിളിച്ചു തുള്ളി ചാടികൊണ്ട് കെട്ടി പിടിച്ചു. മാലതി അപ്പുവിന്റെ കവിളത്ത് ഉമ്മ വെച്ചു, അച്ചുവിനെയും ചേർത്തു പിടിച്ചു, കണ്ണനെയും  കൂട്ടി അകത്തേക്ക് നടന്നു..
“അമ്മായി.. ദിവാകരേട്ടനും അനികുട്ടനും ഓഫീസിൽ നിന്നും എത്തിയില്ലെ… ?” കണ്ണൻ മാലതിയോട് ചോദിച്ചു
“ഇല്ല… അവർ രണ്ടാളും നേരെ അങ്ങോട്ട് വരാന്ന് പറഞ്ഞു..”
“ആണോ.. എന്നാ നമുക്കിറങ്ങാം…”
“നിക്കടാ… കുറച്ചു കഴിയട്ടെ, എന്താ ഇത്ര തിടുക്കം. വന്നു കയറിയിട്ടല്ലേ ഉള്ളൂ…. ഞാനെന്റെ കുട്ടികൾക്ക് എന്തെങ്കിലും കൊടുക്കട്ടെ.. അതിങ്ങൾക്ക് വിശക്കുന്നുണ്ടാകും “.
” ശരിയാ അമ്മായി ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ട്. അമ്മായി ഞങ്ങൾക്കും വേണ്ടി ഉണ്ടാക്കിവെച്ച ആ പലഹാരം ഒക്കെ ഇങ്ങെടുത്തേ..” അപ്പു ആവേശത്തോടെ പറഞ്ഞു.. അതു കേട്ട കണ്ണൻ പറഞ്ഞു…
“ആ അവൾക്ക് വിശപ്പ് തുടങ്ങി.. എടി പെണ്ണേ കുറച്ചു കഴിഞ്ഞാൽ നിന്നെ കെട്ടിച്ചു വിടാനുള്ളതാ.. ഇങ്ങനെ തിന്നാലെ നീ അനികുട്ടനെ പോലെ വീർത്തു വീർത്തു വീപ്പ കുറ്റി പോലെയാകും.. ” അതു കേട്ട അപ്പുവിന് ദേഷ്യം വന്നു. അവൾ ചിണുങ്ങി കൊണ്ട് ലക്ഷ്മിയോട് പറഞ്ഞു…
“ഇത് നോക്കിയേ അമ്മായി ഏട്ടൻ എന്നെ വീപ്പകുറ്റി എന്ന് വിളിക്കുന്നു..”
“കണ്ണാ.. വേണ്ടടാ.. ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കണ്ട… പിന്നെ അച്ചുവിനെ നോക്കി കൊണ്ട് പറഞ്ഞു.. മോളെന്താ ഒന്നും മിണ്ടാതെ മാറി നിൽക്കുന്നെ.. ങ്ങേ. ഇങ്ങടുത്തുവാ…” അതിനുള്ള ഉത്തരം കാർത്തുവാണ് പറഞ്ഞത്..
“അവൾ കല്യാണ പെണ്ണല്ലേ അമ്മേ.. അതിന്റെ ഒരു നാണമായിരിക്കും…” അതു കേട്ട മാലതി അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
“എന്തിനാ.. നാണിക്കുന്നത് അതിന്റെ ആവശ്യമൊന്നും ഇല്ല. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതല്ലേ. നാളെ എപ്പോഴാ മോളുടെ അമ്മ വരുന്നത്…?”
“ഉച്ചക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയിൽ ഇറങ്ങും “.
“കാർത്തൂ.. പെട്ടന്ന് ചായ എടുക്കു  ഇല്ലെങ്കിൽ വീട്ടിലെത്താൻ നേരം വൈകും “. കണ്ണൻ കാർത്തികയോട് പറഞ്ഞു..
“ഇപ്പൊ എടുക്കാം കണ്ണേട്ടാ…” കാർത്തിക ചിരിച്ചു കൊണ്ട് പറഞ്ഞു..
ചായ സൽക്കാരം എല്ലാം കഴിഞ്ഞതും വീട് പൂട്ടി കണ്ണൻ എല്ലാവരെയും കൊണ്ട് വീട്ടിലോട്ട് പുറപ്പെട്ടു. അമ്മായിടെ വീട്ടിലിൽ നിന്നും പുറപ്പെടുമ്പോൾ മാലതിയായിരുന്നു കാറിന്റെ മുന്നിൽ ഇരുന്നത് കാർത്തികയും അച്ചുവും അപ്പുവും പിന്നിലും ഇരുന്നു…
വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.. പടിപ്പുരയിൽ നിന്നും കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കണ്ടതും ,ശിവരാമൻ നായർ അകത്തേക്ക് നോക്കി ലക്ഷ്മിയമ്മയോട്  പറഞ്ഞു…
“ലക്ഷ്മീ ,മാലതിയും കുട്ടികളും വരുന്നുണ്ട്…” അതു കേട്ടതും ലക്ഷ്മിയമ്മ അകത്തു നിന്നും ഉമ്മറത്തേക്ക് വന്നു..
കാറിൽ നിന്നു ഇറങ്ങിയതും അപ്പുവും അച്ചുവും ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു . ലക്ഷ്മിയമ്മ രണ്ടാളെയും സ്നേഹത്തോടെ മാറോട് അണച്ചു പിടിച്ചു അവരുടെ നെറുകയിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.
“എന്റെ മക്കള് രണ്ടാളും പത്തു പതിനാല് ദിവസം കൊണ്ട് കുറച്ചു ക്ഷീണിച്ചോ..?” അതു കേട്ട അപ്പു അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു…
“ഒന്നു പോ ലക്ഷ്മിക്കുട്ടി. അതൊക്കെ എന്റെ അമ്മ തമ്പുരാട്ടിക്ക് തോന്നുന്നതാ…”
പിന്നെ രണ്ടാളും അച്ഛന്റെ കാൽ തൊട്ട് വന്ദിച്ചു. ശിവരാമൻ നായർ രണ്ടാളുടെയും നെറുകയിൽ തലോടി അനുഗ്രഹിച്ചു. അപ്പോഴേക്കും മാലതിയും കാർത്തികയും ഉമ്മറത്തേക്ക് വന്നു. പിന്നാലെ കണ്ണൻ അവരുടെ ബാഗെല്ലാം എടുത്തു കൊണ്ടും വന്നു…
“ദിവാകരനും അനികുട്ടനും എവിടെ. അവർ നിങ്ങളുടെ ഒപ്പം വന്നില്ലേ..?”
“അവർ ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞു ഏട്ടാ….” പറഞ്ഞു തീർന്നില്ല അപ്പോഴേക്കും അനിലിന്റെ കാർ പടിപ്പുര കടന്നു അങ്ങോട്ട് വന്നു… അതു കണ്ട മാലതി പറഞ്ഞു…
“ആ പറഞ്ഞു തീർന്നില്ല. ദാ  വന്നല്ലോ.. “
“നമസ്ക്കാരം ഏട്ടാ….” ദിവാകരൻ ശിവരാമൻ നായരുടെ കൈ പിടിച്ചു പറഞ്ഞു. ദിവാകരൻ ശിവരാമൻ നായരെ എട്ടാന്ന് ആണ് വിളിക്കാറ്…
“നമസ്ക്കാരം. എന്താ ദിവാകരാ. നിനക്കിപ്പോൾ ഇങ്ങോട്ട് വരാൻ തീരെ സമായമില്ലാണ്ടായോ ?”.
“ഓരോ ജോലി തിരക്കല്ലേ ഏട്ടാ.. ഞാൻ ഇല്ലെങ്കിലും എന്താ. ബാക്കിയെല്ലാവരും ഇവിടെ എല്ലാ ചടങ്ങിനും ഉണ്ടായിരുന്നല്ലോ.. ഇനി കുറച്ചു ദിവസം ഞാൻ ഇവിടെത്തന്നെ അല്ലെ. ഇനി കണ്ണന്റെ വിവാഹവും സൽക്കാരവും എല്ലാം മങ്കളമായി നടത്തിയിട്ടെ ഞാൻ തിരിച്ചു പോകൂ..” അപ്പോഴാണ് മാലതി അച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് ദിവാകരനോട് പറഞ്ഞത്…
“ദിവാകരേട്ടാ ഇതാണ് കണ്ണന്റെ പെണ്ണ്. ദിവാകരേട്ടൻ ആദ്യമായിട്ട് കാണല്ലേ…?”
“അതേ… അച്ചൂ… അല്ലെ ?? കണ്ടിട്ടില്ല എന്നെ ഉള്ളൂ. വിവാഹം ഉറപ്പിച്ചതിൽ പിന്നെ അച്ചുവിനെ കുറിച്ചു പറയാനേ ഇവർക്ക് നേരമൊള്ളൂ..” ദിവാകരൻ അച്ചുവിനോട് പറഞ്ഞു.. അതു കേട്ട അപ്പു എല്ലാവരോടും പരിഭവം പറഞ്ഞു..
“അപ്പൊ എന്നെ കുറിച്ചു ഇവരാരും ഒന്നും പറയാറില്ലേ അമ്മാവാ.. അല്ലെങ്കിലും ഇവളെ കിട്ടിയതിന് ശേഷം നിങ്ങൾക്കെല്ലാവർക്കും എന്നോട് കുറച്ചു സ്നേഹം കുറഞ്ഞോ എന്നൊരു സംശയം എനിക്കുണ്ട്…” അതു കേട്ട അനിൽ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു…
“നീ വിഷമിക്കണ്ടടി അപ്പൂ. നിന്നെ കുറിച്ചു ഇവരാരും സംസാരിച്ചില്ലെങ്കിലും ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. സംശയം ഉണ്ടെങ്കിൽ ചോദിച്ചു നോക്ക് എല്ലാവരോടും..”
“ആ.. അതു എനിക്കുള്ള വല്ല പാരയും ആയിരിക്കും.. ആ എന്നാലും കുഴപ്പല്ല്യ എന്നെ കുറിച്ചു അനിലേട്ടനെങ്കിലും സംസാരിക്കുന്നുണ്ടല്ലോ…” അതു കേട്ട എല്ലാവരും ചിരിച്ചു..
അച്ചു ദിവാകരന്റെ കാൽ തൊട്ട് വന്ദിച്ചു.. ദിവാകരന് അതു ഏറെ ഇഷ്ടപ്പെട്ടു. അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു. നെറുകയിൽ തലോടികൊണ്ട് പറഞ്ഞു..
“നന്നായി വരും.. ഏട്ടാ ഏട്ടന് തെറ്റിയില്ല ട്ടൊ.. നമ്മുടെ കണ്ണന് പറ്റിയ പെണ്ണ് തന്നെയാ ഇവൾ…” അതു കേട്ടതും എല്ലാവർക്കും സന്തോഷായി… ഏറ്റവും സന്തോഷായത് അച്ചുവിനും കണ്ണനും ആയിരുന്നു…
രാവിലെ പ്രാതൽ കഴിഞ്ഞു എല്ലാവരും കൂടി ഉമ്മറത്ത് കൂടിയിരുന്നു വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളെയും പറ്റി വാചാലരായി ഇരുന്നു. ആ സഭയിൽ കണ്ണനും അനിലും ഉണ്ടായിരുന്നില്ല .അവർ രണ്ടാളും ടൗണ് വരെ പോയതായിരുന്നു.. വിവാഹത്തിന്റെ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനു ഇടയിലാണ് ദിവാകരൻ ശിവരാമൻ നായരോട് ചോദിച്ചത്..
“ഏട്ടാ നാളെയല്ലേ സ്വർണ്ണവും ഡ്രസ്സും എല്ലാം എടുക്കുന്നത്. അതിനുള്ള ലിസ്റ്റ് തയ്യാറാക്കിയോ.. ?”
“ഇല്ല.. അത് നിങ്ങളും കൂടി വന്നതിന് ശേഷം  മതീ എന്ന് വച്ചിരിക്കായിരുന്നു. അതു ഇപ്പൊ അധികം ഒന്നും ഇല്ലല്ലോ.. അച്ചുവിന് വിവാഹത്തിനുള്ള സ്വർണ്ണം എടുക്കണം. താലി എടുക്കണ്ട. അത് നമുക്ക് ഭാർഗവൻ തട്ടാനെ കൊണ്ട് പണിയിക്കാം. എന്താ ദിവാകരാ അതു പോരെ. എന്താ ലക്ഷ്മി മാലതി അങ്ങനെ പോരെ… ?” അവരെല്ലാം അതു മതി എന്നു പറഞ്ഞു..
“ആ അതു മതി.. അതു തന്നെയാ നല്ലത്.. താലി തട്ടാനെ കൊണ്ട് പണിയിക്കുന്നത് തന്നെയാ നല്ലത്. അതാണ് അതിന്റെ ഒരു ഐശ്വര്യം…” അപ്പോഴാണ് മാലതി ശിവരാമൻ നായരോട് ചോദിച്ചത്…
“താലി എങ്ങനെയുള്ളതാണ് പണിയിക്കുന്നത്…?”
“അത്… ആലില താലി  പോരെ. എന്താ ദിവാകരാ അതല്ലേ നല്ലത്.. ?”
“ആ അതു മതി.. അതു തന്നെയാ നല്ലത്..”
“പിന്നെ ഡ്രസ്സ് അതു നിങ്ങള് എല്ലാവരും കൂടി അങ്ങ്  തീരുമാനിച്ചോളൂ, ആർക്കൊക്കെ എടുക്കണം എന്ന്. ആരെയും വിട്ടു പോകണ്ട.. പിന്നെ ഒരു കാര്യം. ഇതു വരെ ഈ തറവാട്ടിൽ ആരൊക്കെ ജോലിക്ക് നിന്നിട്ടുണ്ടോ , അവർക്കെല്ലാം ഡ്രസ്സ് എടുക്കണം. ഒരാളെ പോലും വിട്ട് പോകരുത്. അത് എനിക്ക് നിർബന്ധമുണ്ട്.. ലക്ഷ്മീ കണ്ണനും അനികുട്ടനും എവിടെ പോയി, വിവാഹത്തിന് ക്ഷണിച്ചവരുടെ ഏകദേശം ഒരു കണക്കെടുക്കണമായിരുന്നു. അരവിന്ദാക്ഷൻ ഇപ്പൊ വരും അദ്ദേഹത്തിന് കണക്ക് കൊടുക്കാനുള്ളതാണ്… “
“അവർ രണ്ടാളും ടൗണ് വരെ പോയതാ എന്തോ ആവശ്യത്തിനു. വിവാഹത്തിന് ക്ഷണിച്ച ആളുകളുടെ എണ്ണം ഇന്നലെ രാത്രി തന്നെ രണ്ടാളും തയ്യാറാക്കിയിരുന്നു. ആയിരത്തിന്റെ മുകളിൽ ആളുണ്ടാകും എന്നാണ് പറഞ്ഞത്.. ” അതു കേട്ട ദിവാകരൻ ശിവരാമൻ നായരോട് ചോദിച്ചു..
“സദ്യ ആരെയാ ഏല്പിച്ചിരിക്കുന്നത്. അരവിന്ദാക്ഷനെയാണോ… ?”
“അതേ നിങ്ങളുടെ വിവാഹത്തിനും അരവിന്ദാക്ഷൻ തന്നെയാണ് സദ്യ ഒരുക്കിയത്. അപ്പൊ ഇതും അദ്ദേഹത്തിന് തന്നെ കൊടുത്തു…” അപ്പോഴാണ് മാലതി ചോദിച്ചത് …
“ഏട്ടാ അച്ചുമോളുടെ അമ്മയെ എയർപോർട്ടിന്നു കൂട്ടാൻ ആരൊക്കെയാ പോണേ… ?”
“അതു കണ്ണനും മോളും കൂടി പോയാൽ പോരെ ,അതോ വേറെ ആരെങ്കിലും കൂടി പോണോ…?” അതു കേട്ട അച്ചു ലക്ഷ്മിയമ്മയുടെ കയ്യിൽ പിടിച്ചു  അപ്പുവിനെയും കാർത്തികയെയും നോക്കി കൊണ്ട് സ്വരം താഴ്ത്തി കൊണ്ട് പറഞ്ഞു…
“അമ്മാ.. അച്ഛനോട് പറ അമ്മയെ കൂട്ടാൻ ഞങ്ങളുടെ കൂടെ അപ്പുവിനെയും കാർത്തുവേച്ചിയേയും കൂടെ വിടാൻ..” അതു കേട്ട ലക്ഷ്മിയമ്മ അപ്പുവിന്റെ കവിളത്ത് തലോടി കൊണ്ട് ശിവരാമൻ നായരോട് പറഞ്ഞു…
“അതേ.. അച്ചുമോള് പറയാ അവരുടെ കൂടെ അപ്പുവിനെയും കാർത്തൂനേയും കൂടെ വിടാൻ..”
“അതിനെന്താ പൊക്കോട്ടെ രണ്ടാളും. മോളേ..  ഒരു മണിക്കല്ലേ അമ്മ  എയർപോർട്ടിൽ ഇറങ്ങുന്നത്..”
“അതേ അച്ഛാ…”
“ഇപ്പൊ തന്നെ സമയം പത്തായി.. ലക്ഷ്മി കണ്ണനെ ഒന്നു വിളിച്ചു നോക്കൂ. എന്നിട്ട് പെട്ടന്ന് വരാൻ പറയൂ…” അപ്പോഴാണ് കണ്ണനും അനിലും ടൗണിൽ നിന്നും തിരിച്ചു കാറും കൊണ്ട് വന്നത്. അവർ ഉമ്മറത്തേക്ക് വന്നതും ശിവരാമൻ നായർ പറഞ്ഞു…
“കണ്ണാ എന്താ ഇത്ര വൈകിയത് രണ്ടാളും ? അച്ചുമോളുടെ അമ്മയെ കൂട്ടാൻ പോകണ്ട കാര്യം മറന്നോ നീയ്യ്‌…?”
“അത് അച്ഛാ.. വരുന്ന വഴി ഞങ്ങൾ, ഇന്നലെ പറഞ്ഞ ആ മൂന്ന് വീടുകളിൽ കൂടി വിവാഹത്തിന് ക്ഷണിക്കാൻ കയറി അതാ വൈകിയത്.. എയർപോർട്ടിലേക്ക് ഒരു ഒന്നര മണിക്കൂറിന്റെ ഓട്ടമല്ലേയൊള്ളൂ..”
“എന്നാ പെട്ടന്ന് പുറപ്പെട്ടോളൂ സമയം ഇനി വൈകണ്ട..”
“ആ.. അച്ഛാ.. കാർത്തികേയൻ വിളിച്ചിരുന്നു അവർ പന്തൽ പണിക്കുള്ള സാധനങ്ങൾ കൊണ്ട് ഇപ്പൊ വരും എന്ന് പറഞ്ഞു. എവിടൊക്കെയാ പന്തൽ ഒരുക്കേണ്ടതെന്നു ചോദിച്ചു. കലവറയും സദ്യക്കുള്ള  പന്തലും എവിടെയാ ഒരുക്കേണ്ടത് എന്നു ചോദിച്ചു” .
“ശരി വന്നോട്ടെ.. അതൊക്കെ നോക്കാൻ ഇപ്പൊ ദിവാകരൻ ഉണ്ടല്ലോ ഇവിടെ.. കലവറയും പന്തിയും എല്ലാം പടിഞ്ഞാറെ പറമ്പിൽ ഒരുക്കിയാൽ മതി അവിടയാ അതിന് പറ്റിയ സ്ഥലം..”
 കണ്ണനും അച്ചുവും അപ്പുവും കാർത്തികയും കൂടി എയർപോർട്ടിലേക്ക് അച്ചുവിന്റെ അമ്മയെ കൂട്ടാൻ പുറപ്പെട്ടു..
#തുടരും..
#ഫൈസൽ_കണിയാരിktpm✍️
4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!