രാവിലെ അപ്പുവും അച്ചുവും തറവാട്ടമ്പലത്തിൽ തൊഴുത് തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി ദക്ഷിണ കൊടുത്തു, ചന്ദനം നെറ്റിയിൽ തൊടുമ്പോഴാണ്, തിരുമേനി അച്ചുവിനെ നോക്കി അപ്പുവിനോട് ചോദിച്ചു…
“ഇതാണല്ലേ മോളുടെ കൂടെ കോളേജിൽ നിന്നും വന്ന കുട്ടി, അല്ലേ…? “
“അതേ തിരുമേനി…”
“അച്ഛൻ പറഞ്ഞിരുന്നു രാവിലെ.. ഇന്നലെ ഗുരുവായൂർ പോയിരുന്നു അല്ലെ എല്ലാവരും. സാക്ഷാൽ അമ്പാടി കണ്ണന്റെ മുന്നിൽ മനസ്സ് തുറന്നു പറഞ്ഞില്ലേ കുട്ടിയെ എല്ലാം…?” തിരുമേനി അച്ചുവിനോട് ചോദിച്ചു. അവൾ പുഞ്ചിരിച്ചു തലയാട്ടിക്കൊണ്ടു ഊം എന്ന് പറഞ്ഞു…
“ഭഗവാൻ.. പ്രസാദിക്കുംട്ടൊ.. എല്ലാ പ്രയാസങ്ങളും മാറും.. ഇവിടത്തെ ഭഗവതിയുടെ അനുഗ്രഹവും ഉണ്ടാകും “. തിരുമേനി പ്രാർത്ഥിച്ചു കൊണ്ട് അച്ചുവിനോട് പറഞ്ഞു….
അമ്പലത്തിൽ നിന്നും തിരിച്ചു വീട്ടിലോട്ടുള്ള ഇടവഴിയിലേക്ക് കടന്നതും അച്ചു അപ്പുവിനോട് ചോദിച്ചു..
“അപ്പൂ.. തറവാട്ടമ്പലത്തിലെ ഉത്സവത്തിന് ആനയൊക്കെ ഉണ്ടാവ്വോ..?”
“ഉണ്ടാകും. അതു നമ്മുടെ അര്ജുനായിരിക്കും എന്നു മാത്രം. വേറെ ആനകളൊന്നും ഉണ്ടാവില്ല്യ.. അർജ്ജുൻ തിടമ്പെടുക്കും. അച്ഛനും ഏട്ടനും അർജ്ജുന്റെ കൂടെ ഉണ്ടാകും. പിന്നെ നമ്മൾ ചിറക്കൽ വീട്ടുകാരും നാട്ടുകാരും കൂടെ ഉണ്ടാകും. പിന്നെ ചിറക്കൽ തറവാട്ടിലെ പെണ്ണുങ്ങളും നാട്ടിലെ പെണ്ണുങ്ങളുമെല്ലാം താലം പിടിച്ചു മുന്നിൽ നടക്കും. പിന്നെ പഞ്ചാരിമേളം, ശിങ്കാരി മേളം, കാവടി, തെയ്യം, തിറ, പൂതൻ, വെളിച്ചപ്പാട്, അവതാരങ്ങൾ അങ്ങനെ ഓരോന്ന്. പിന്നെ അമ്പലത്തിൽ പൂജയും വഴിപാടും അന്നദാനവും ഉണ്ടാകും.. അത്രമാത്രം….” അതെല്ലാം കേൾക്കുമ്പോൾ അച്ചുവിന് അത്ഭുതമാണ് തോന്നിയത്. അപ്പോഴാണ് അവൾക്ക് ഒരു സംശയം..
“അപ്പൂ… നമ്മുടെ അർജ്ജുനും നമ്മളുമെല്ലാം എങ്ങനെയാ ഈ ഇടവഴിയിലൂടെ അമ്പലത്തിലോട്ട് പോവ്വാ.. അര്ജുനെ കൊള്ളുമോ ഈ വഴിയിൽ, ഇത് ചെറിയ വഴിയല്ലേ….?”
” ഉത്സവത്തിന്റെ അന്ന് ഈ വഴിയല്ല നമ്മൾ എഴുന്നള്ളത്തുമായി പോവ്വാ, അതിന് വേറെ വഴിയുണ്ട് അമ്പലത്തിലോട്ട്… ഈ വഴി പണ്ട് തറവാട്ടിലെ കാരണവന്മാർക്കും പെണ്ണുങ്ങൾക്കും അമ്പലത്തിലോട്ട് തൊഴാൻ വരാൻ മുതു മുത്തശ്ശന്മാർ വെട്ടിയതാണ്… അന്നെല്ലാം ഇവിടെ അധികം വീടൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഇതിന്റെ ചുറ്റും വീടെല്ലാം വന്നപ്പോൾ ഇത് പൊതുവഴിയായി. ഇപ്പോഴും ഞങ്ങൾ തറവാട്ടിലെ എല്ലാവരും ഇതിലൂടെ തന്നെയാ അമ്പലത്തിലേക്ക് പോകുക…” അപ്പോഴാണ് ഏട്ടന്റെ കൂട്ടുകാരൻ അരുൺ അതു വഴി വന്നത്.
“അപ്പൂ.. നീ വന്നൂന്നറിഞ്ഞു.. അമ്പലത്തിൽ പോയി വരാണോ…?”
“അതേ… അരുണേട്ടൻ എവിടേക്കാ ഈ രാവിലെത്തന്നെ പോകുന്നത്…?”
“എവിടേക്കും ഇല്ല. അമ്പത്തിൽ കയറി ഒന്നു തൊഴണം. പിന്നെ കവല വരെ ഒന്നു പോണം.. ഇതാണോ അപ്പൂന്റെ ഒപ്പം വന്ന ആള്..?” അരുൺ ചിരിച്ചു കൊണ്ട് അച്ചുവിനെ നോക്കി ചോദിച്ചു…
“അതേ..”
“ഞങ്ങളുടെ നാടെല്ലാം ഇഷ്ടപ്പെട്ടോ….?” അച്ചു പുഞ്ചിരിച്ചു കൊണ്ട് ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു.
“അരുണേട്ടൻ വീട്ടിലോട്ട് വരില്ലേ.. നാളെ വിഷുവല്ലേ. നമുക്ക് അടിച്ചു പൊളിക്കണ്ടേ…?”
“പിന്നെ പൊളിക്കാണ്ട്. ഞാൻ വരാം. കണ്ണൻ വിളിച്ചിരുന്നു. ടൗണിൽ പോകണം എന്ന് പറഞ്ഞു. എന്നാ ശരി നിങ്ങൾ പൊക്കോളൂ. അവിടെ വന്നിട്ട് കാണാം..”
അപ്പുവും അച്ചുവും അമ്പലത്തിൽ നിന്നും തിരിച്ചു വീടിന്റെ മുറ്റത്ത് എത്തിയതും കണ്ണൻ കുളത്തിൽ നിന്നും കുളിച്ചു വരുന്നുണ്ടായിരുന്നു. ഏട്ടനെ കണ്ട അപ്പു കയ്യിൽ പിടിച്ച പ്രസാദത്തിൽ നിന്നും ചന്ദനം എടുത്ത് ഏട്ടന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.
“ഇന്ന് രണ്ടാളും നേരത്തെ എണീറ്റല്ലോ. ഇവൾ സാധാരണ നേരത്തെ എണീക്കുന്നതല്ല. അച്ചു കുത്തിപ്പൊക്കിയതാരിക്കും അല്ലെ..? “
“എന്നെ ആരും കുത്തി പൊക്കിയിട്ടില്ല ഞാൻ സ്വയം എണീറ്റതാണ്. ഹും “. അതും പറഞ്ഞു ശുണ്ഠി പിടിച്ച മുഖവുമായി അപ്പു അകത്തേക്ക് കയറി പോയി. അച്ചു അവിടെത്തന്നെ നിന്നു പതുക്കെ കണ്ണന്റെ കൂടെ നടന്നു കൊണ്ട് പറഞ്ഞു..
“ഞങ്ങളെ രണ്ടാളെയും അമ്മയാണ് കുത്തിപ്പൊക്കിയത്. എന്നിട്ട് കുളിച്ചു അമ്പലത്തിൽ പോയി വരാൻ പറഞ്ഞു…” കണ്ണൻ അച്ചുവിന്റെ മൊത്തം ഒന്നു നോക്കി പറഞ്ഞു…
“ഇന്ന് തന്നെ കാണാൻ നല്ല ഭംഗിയുണ്ട്. മുഖത്തെ ആ വിഷമങ്ങളെല്ലാം അങ്ങു പോയി. ഇപ്പൊ തന്നെ കണ്ടാൽ ഒരിക്കലും പറയില്ല്യാ സ്റ്റേറ്റ്‌സിൽ വളർന്ന കുട്ടിയാണെന്നു. ഒരു നാട്ടിൻ പുറത്തു വളർന്ന കുട്ടിയാണെന്നെ പറയൂ…”
കണ്ണന്റെ വായയിൽ നിന്നും അതു കേട്ടപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു. അവളുടെ മുഖം ഒന്നും കൂടി പ്രസാദിച്ചു. ഓരോ വട്ടവും കണ്ണൻ അവളോട് അടുത്തു ഇടപഴകുമ്പോഴും അവനിലേക്കുള്ള അവളുടെ മനസ്സിന്റെ ദൂരം കുറഞ്ഞു വരികയായിരുന്നു…. അവർ ഒന്നിച്ചു വരുന്നതും നോക്കിക്കൊണ്ട് ശിവരാമൻ നായരും ലക്ഷ്മിയമ്മയും ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.ലക്ഷ്മിയമ്മ ശിവരാമൻ നായരോട് സ്വരം പതുക്കി അച്ചുവിനെയും കണ്ണനെയും നോക്കിക്കൊണ്ട് പറഞ്ഞു…
“അതേ.. അങ്ങോട്ട് നോക്കിയേ.. നമ്മുടെ കണ്ണനും അച്ചുവും നടന്നു വരുന്നത് കണ്ടോ…?”
“കണ്ടു.. അതിനെന്താ…?”
“രണ്ടാളും നല്ല ചേർച്ച അല്ലെ.. ഞാൻ ആലോചിക്കുവായിരുന്നു… നമ്മുടെ കണ്ണന് അച്ചുവിനെ ആലോചിച്ചാലോയെന്ന്.. നല്ല സ്നേഹമുള്ള കുട്ടിയാണ് അച്ചു.. നമ്മുടെ കണ്ണന് നന്നായിട്ട് ചേരും…”
“ആലോചിക്കുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ ആ കുട്ടിക്ക് സമ്മതമാകുമോ…?”
“അതറിയില്ല. ഞാനൊന്ന് സംസാരിച്ചാലോ ആ കുട്ടിയോട് ? “
“ആ സംസാരിച്ചു നോക്ക്. ആ കുട്ടിക്ക് സമ്മതമാണെങ്കിൽ നമുക്ക് ആലോചിക്കാം.. എനിക്കും ആ കുട്ടിയെ ഒരു പാട് ഇഷ്ടമായി. നീ പറയുന്നതിന് മുന്നേ തന്നെ എന്റെ മനസ്സിലും കണ്ണനെ കൊണ്ട് അതിനെ വിവാഹം കഴിപ്പിക്കണം എന്നുണ്ടായിരുന്നു. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ വളർന്ന കുട്ടിയാണ്. ഒരിറ്റ് സ്നേഹം കൊതിച്ചു വന്നതാണിവിടെ. അത് ഓരോ വട്ടവും എന്നെ അച്ഛാ എന്ന് വിളിക്കുമ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അത് എന്റെ മോളായി പിറന്നില്ലല്ലോ എന്ന്. അതിന്റെ ഉള്ളിലെ സങ്കടങ്ങൾ മാറാൻ വേണ്ടിയാണ്. ഞാൻ അതിന് വേണ്ടി പൂജയും വഴിപാടും എല്ലാം കഴിക്കാൻ പറഞ്ഞത്. കളങ്കമില്ലാത്ത മനസ്സാണ് ആ കുഞ്ഞിന്റേത്. നമ്മുടെ കണ്ണൻ അതിന് ഒരു ജീവിതം കൊടുക്കുകയാണെങ്കിൽ അവൻ ഈ ജന്മത്തിൽ ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും അത്. അത്രക്കും പാവമാണ് അത്…”
“ശരിയാണ് ഞാനും ആഗ്രഹിച്ചു പോയിട്ടുണ്ട് അതു നമ്മുടെ മോളായി പിറന്നില്ലല്ലോ എന്ന്. അതിന്റെ അമ്മേ എന്നുള്ള വിളി കേൾക്കാൻ എന്തൊരു സുഖമാണെന്നറിയോ…?”
“അല്ലാ.. ഇനി ആ കുട്ടി സമ്മതിച്ചാൽ തന്നെ കണ്ണൻ സമ്മതിക്കുമോ? “
“അതു നിങ്ങൾ അവനോട് സംസാരിക്കണം. ഇനിയും അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. വയസ്സ് മുപ്പതായി അവന് “.
“ആ സംസാരിക്കാം. ആദ്യം താൻ ആ കുട്ടിയോട് സംസാരിക്കൂ…” അപ്പോഴേക്കും കണ്ണനും അച്ചുവും ഉമ്മറത്തേക്ക് എത്തി.അപ്പോഴാണ്. അങ്ങോട്ട് പാപ്പാൻ ശിവൻ വന്നത്. ശിവനെ കണ്ടതും ശിവരാമൻ നായർ പറഞ്ഞു…
“ശിവാ അർജ്ജുനെ കുളിപ്പിക്കുന്നില്ലേ നാളെ വിഷുവാണ്….”
“അതു പറയാനാണ് ഞാൻ വന്നത്. എനിക്ക് അമ്മയെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകണമായിരുന്നു. ഞാൻ വന്നിട്ട് കുളിപ്പിച്ചോളാം..”
“അമ്മക്ക് എന്തു പറ്റി….?”
“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല അമ്മക്ക് ആ വാതത്തിന്റെ അസ്ക്കിത കുറച്ചു കൂടിയിട്ടുണ്ട്. ഇതു വരെ രാമൻ വൈദ്യരുടെ ചികിത്സയായിരുന്നു. പക്ഷെ അതു കൊണ്ടൊന്നും ഫലം കാണുന്നില്ല. അപ്പൊ ആശുപത്രിയിൽ ഒന്നു കാണിക്കാമെന്ന് വച്ചു….” അപ്പോഴാണ് കണ്ണൻ പറഞ്ഞത്…
“അച്ഛാ, ശിവൻ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പൊയ്ക്കോട്ടെ. അർജ്ജുനെ ഞാൻ പുഴയിൽ കൊണ്ട് പോയി കുളിപ്പിച്ചോളാം..” അതു കേട്ട അച്ഛൻ പറഞ്ഞു…
“എന്നാ ശിവൻ പൊയ്ക്കോളൂ… ആശുപത്രിയിൽ പോകാൻ കാശുണ്ടോ കയ്യിൽ..?”
“ഉണ്ട് ശിവേട്ടാ..”
“എന്നാലും കുറച്ചു കൊണ്ട് പൊക്കോ.. ഹോസ്പിറ്റലിലേക്ക് അല്ലെ പോകുന്നത്. കുറച്ചു കാശ് കയ്യിലിരിക്കുന്നത് നല്ലതാണ്… ലക്ഷ്മീ, ശിവന് എത്ര കാശാന്ന് വെച്ചാ കൊടുത്തേക്കു”. ലക്ഷ്‌മിയമ്മ കൊടുത്തേക്കാം എന്നു പറഞ്ഞു.. പിന്നെ അമ്മ ശിവനോട് ചോദിച്ചു…
“ശിവൻ കാപ്പി കുടിച്ചില്ലല്ലോ.. വാ കാപ്പി കുടിക്കാം”. ലക്ഷ്മിയമ്മ. സ്നേഹത്തോടെ പറഞ്ഞു…………………
ലക്ഷ്മിയമ്മ കറിക്കുള്ള തേങ്ങ ചിരകി കൊണ്ടിരിക്കുകയായിരുന്നു. അപ്പുവും അച്ചുവും അമ്മയുടെ അടുത്ത് ഇരിക്കുന്നും ഉണ്ട്. അപ്പു ഇടക്ക് ചിരകിയ തേങ്ങ വാരി തിന്നുന്നും ഉണ്ട്… അതു കണ്ട ലക്ഷ്മിയമ്മ അപ്പുവിന്റെ കൈക്ക് തല്ലികൊണ്ട് പറഞ്ഞു…
“അടങ്ങിയിരിക്ക് പെണ്ണേ, ആ തേങ്ങ മുഴുവൻ വാരിത്തിന്നാതെ. വല്ല അസുഖവും പിടിക്കും..”.
“പിന്നേ.. തേങ്ങ തന്നിട്ട് എത്ര ആളുകളാ അസുഖം പിടിച്ചു മരിച്ചിരിക്കുന്നെ.. ഒന്ന് പോ അമ്മേ. ഞാൻ ഇനിയും തിന്നും…”
“ആ തിന്നോ.. പുറത്ത് ഒരു പാട് തേങ്ങ പൊതിക്കാത്തത് കിടക്കുന്നുണ്ട്. അതു മുഴുവൻ തിന്നോ…”
അതു കേട്ട അവൾ മുഖം വീർപ്പിച്ചു.. എന്നിട്ട് ഒരു പിടിയും കൂടി ചിരകിയ തേങ്ങ വാരി വായയിൽ ഇട്ടുകൊണ്ട് പുറത്തേക്കോടി. അതു കണ്ട അച്ചുവും രമണിയും ചിരിച്ചു. അമ്മ സ്നേഹത്തോടെ ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു…
“തേങ്ങ മുഴുവൻ തിന്ന് വയറു വേദനിക്കുന്നൂ എന്നും പറഞ്ഞു എന്റെ അടുത്തോട്ട് വാ അമ്മേടെ മോള്. അപ്പൊ തരാം ഞാൻ ഇതിന്റെ ബാക്കി ട്ടാ..”
അമ്മയുടെയും അപ്പുവിന്റെയും സ്നേഹത്തോടെ ഉള്ള വഴക്കും അടിപിടിയും കാണുമ്പോൾ അച്ചുവിന്റെ മനസ്സ് ആ കുടുംബത്തോട് കൂടുതൽ അടുക്കുകയായിരുന്നു. അവൾക്കും ആ കുടുംബത്തിലെ ഒരു അംഗമാകാൻ ആഗ്രഹം തോന്നി.അച്ചു ലക്ഷ്മിയമ്മയെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട ലക്ഷ്മിയമ്മ അച്ചുവിനോട് ചോദിച്ചു..
“മോൾക്ക് വേണോ തേങ്ങ? വേണങ്കിൽ തിന്നോ. ചിരകിയ തേങ്ങക്ക് ഒരു പ്രത്യേക രുചിയാണ്..” അതു പറഞ്ഞു കൊണ്ട് ലക്ഷ്മിയമ്മ സ്നേഹത്തോടെ ഒരു പിടി ചിരകിയ തേങ്ങ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ അത് വായയിൽ ഇട്ട് ചവച്ചു കൊണ്ട് വിടർന്ന മുഖത്തോടെ പറഞ്ഞു.
“രുചി മാത്രമല്ല അമ്മ, നല്ല മധുരവുമുണ്ട്. മധുരം അമ്മയുടെ കൈ കൊണ്ട് വാരി തന്നത് കൊണ്ടാണെന്ന് തോന്നുന്നു.. അന്ന് അമ്മ എനിക്ക് ചോറ് വാരി തന്നപ്പോഴും ഇതേ രുചിയായിരുന്നു..”
അതു കേട്ട ലക്ഷ്മിയമ്മ വാത്സല്യത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.. അപ്പോഴാണ് പുറത്തുനിന്ന് അപ്പു വിളിച്ചു പറഞ്ഞത്.
“ഓ അവളുടെ വയറിന് തേങ്ങ തിന്നാൽ വേദന വരില്ലായിരിക്കും. അല്ലേമ്മേ…?”
“ആ വരില്ല.. അവൾ നിന്നെ പോലെ കൊതിച്ചിയല്ല. കണ്ണൻ പറഞ്ഞത് ശരിയാണ്. നീ കൊതിച്ചി തന്നെയാ…”
“ആ ആയിക്കോട്ടെ.. ഞാൻ ഇനിയും തിന്നും. അല്ലെങ്കിലും അമ്മക്ക് എന്നോട് ഇപ്പൊ പഴയ സ്നേഹമൊന്നും ഇല്ല.. എന്റെ അച്ഛന് മാത്രമേ എന്നോട് സ്നേഹമൊള്ളൂ “. അവൾ മുഖം വീർപ്പിച്ചു പരിഭവം പറഞ്ഞു. അതു കേട്ട ലക്ഷ്മിയമ്മ വാത്സല്യത്തോടെ ഒരു പിടി തേങ്ങ കയ്യിലെടുത്തു പുഞ്ചിരിച്ചു കൊണ്ട് അവളുടെ നേരെ നീട്ടി. അതു കണ്ട അവൾ ഓടി വന്നു. അമ്മയുടെ കയ്യിൽ നിന്നും അതു വാങ്ങി വായിൽ ഇട്ടു പുഞ്ചിരിച്ചു.. അപ്പോഴാണ് അച്ചു പറഞ്ഞത്..
“അമ്മാ എനിക്ക് മാമ്പഴ പുളിശ്ശേരി വേണം ഉണ്ടാക്കി തരോ..?”
“അതിനെന്താ ഉണ്ടാക്കി തരാല്ലോ…” അമ്മ വാത്സല്യത്തോടെ പറഞ്ഞു.. ചിരകിയ തേങ്ങ രമണിയുടെ കയ്യിൽ കൊടുത്തു കറി വെക്കാൻ പറഞ്ഞു. അപ്പോഴാണ് അര്ജ്ജുന് കൊടുക്കാനുള്ള പഴവും ശർക്കരയും ചോറും എടുക്കാൻ കണ്ണൻ അങ്ങോട്ട് വന്നത്.. കണ്ണനെ കണ്ട അമ്മ പറഞ്ഞു…
“കണ്ണാ, മുറ്റത്തെ മാവിൽ പഴുത്ത മാമ്പഴം നിൽക്കുന്നുണ്ട്.. അതൊന്ന് പൊട്ടിച്ചേ.. അച്ചുവിന് മാമ്പഴ പുളിശ്ശേരി വേണമെന്ന്…”
“പൊട്ടിക്കാം.. ഞാൻ ആദ്യം അര്ജ്ജുന് രണ്ട് പടല പഴവും ശർക്കരയും ചോറും ഉരുട്ടി കൊടുക്കട്ടെ.. എന്നിട്ട് അവനെ കൊണ്ട് തന്നെ പറിപ്പിക്കാം…”
കണ്ണൻ അര്ജ്ജുന് കൊടുക്കാനുള്ള ചോറും ശർക്കരയും രണ്ട് പടല പഴവും കയ്യിൽ എടുത്ത് അർജ്ജുന്റെ അടുത്തോട്ട് പോയതും, അച്ചു ആവേശത്തോടെ അപ്പുവിനോട് പറഞ്ഞു…
“വാടീ, നമുക്കും അർജ്ജുന്റെ അടുത്തോട്ട് പോകാം വാ.. ഞാൻ ഇതു വരെ ആനക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടിട്ടില്ല “. അച്ചു അപ്പുവിനെയും പിടിച്ചു വലിച്ചു കൊണ്ട് നേരെ അർജ്ജുന്റെ അടുത്തോട്ട് ഓടി…
കണ്ണൻ ചോറും ശർക്കരയും കൂട്ടി കുഴച്ചു ഒരു വലിയ ഉരുളയാക്കി അര്ജ്ജുന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…
“അര്ജുനാ വാ തുറക്കടാ..” അവൻ വാ തുറന്നതും കണ്ണൻ അവന്റെ വായയിൽ ഉരുള വെച്ചു കൊടുത്തു. അവൻ അതു ആവേശത്തോടെ തിന്നു. പിന്നെയും വെച്ചു കൊടുത്തു രണ്ട് ഉരുള അവന്റെ വായയിൽ. അതും അവൻ ആവേശത്തോടെ തിന്നു. ഇതെല്ലാം കണ്ട് അത്ഭുതത്തോടെ നോക്കി വിട്ടു നിൽക്കുന്ന അച്ചു കണ്ണനോട് ചോദിച്ചു…
“അര്ജ്ജുന് എന്നും ശർക്കര കൂട്ടിയാണോ ചോറു കൊടുക്കുന്നെ കണ്ണേട്ടാ…?”
“അങ്ങനെ ഒന്നും ഇല്ല. ആഴ്ചയിൽ നാല് ദിവസം ഇങ്ങനെ കൊടുക്കും. അല്ലാത്തപ്പോ ചോറ് മാത്രം. ഇവന് ശർക്കര ചേർത്ത ചോറ് ഭയങ്കര ഇഷ്ടമാണ്..”
ചോറ് തീറ്റി കഴിഞ്ഞതും അപ്പു അവിടെ ഇരുന്ന ഒരു പടല പഴം എടുത്ത് തുമ്പി കയ്യിൽ പിടിച്ചു കൊണ്ട് അവന്റെ വായിൽ വെച്ചു കൊടുത്തു. അവൻ അതു ഒറ്റയടിക്ക് വിഴുങ്ങി. അതു കണ്ടപ്പോൾ അച്ചുവിനും ഒരു ആശ അവൾക്കും അവന് പഴം കൊടുക്കണം എന്ന്. പക്ഷെ അവന്റെ അടുത്ത് നിൽക്കാൻ അവൾക്ക് ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു… അവൾ എന്തായാലും അവളുടെ ആഗ്രഹം കണ്ണനോട് പറഞ്ഞു…
“അതിനെന്താ കൊടുത്തോ. ആ പഴം എടുത്തു ഇങ്ങോട്ട് വാ “. അച്ചു ഒരു ചെറിയ ഭയത്താലെ പഴം എടുത്തു കൊണ്ട് അവന്റെ തുമ്പി കയ്യിൽ വെച്ചു കൊടുക്കാൻ നിന്നതും അർജ്ജുൻ പതുക്കെ ഒന്നു ശ്വാസം വിട്ടു. തുമ്പി കയ്യിലൂടെ ഇരമ്പി വന്ന ശ്വാസത്തിന്റെ ശബ്ദം കേട്ടതും അച്ചു പേടിച്ചു പിന്നോട്ട് നിന്നു. അതു കണ്ട കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“പേടിക്കണ്ട അച്ചൂ അവൻ ഒന്നും ചെയ്യില്ല.. ഇങ്ങോട്ട് വാ…” കണ്ണൻ അവളുടെ കൈ തണ്ടക്കു പിടിച്ചു അവന്റെ തുമ്പിക്കൈയ്യോടു ചേർത്തു നിർത്തി, അര്ജുനോട് പറഞ്ഞു വാ തുറക്കടാ എന്ന്. അതു കേട്ടതും അവൻ പതുക്കെ വാ പൊളിച്ചു. അച്ചു തിരിഞ്ഞു അപ്പുവിനെ നോക്കി. അപ്പൊ അപ്പു പറഞ്ഞു.
“പേടിക്കണ്ടടി. അവൻ പാവാണ്.. വെച്ചു കൊടുക്ക് അവന്റെ വായിലോട്ട് “. അവൾ ഒരു ചെറിയ ഭയത്താലെ അവന്റെ വായയിലോട്ട് പഴം വെച്ചു കൊടുത്തു.. അവൻ ആവേശത്തോടെ അതു തിന്നു കൊണ്ട് ഒന്നു ചെറുതായി ചിഹ്നം വിളിച്ചു. അവന്റെ കുറുമ്പ് കണ്ട് പേടിച്ചു അച്ചു കണ്ണന്റെ ദേഹത്തോട്ട് പറ്റി നിന്നു. പിന്നെ അവൾ സ്ഥലകാല ബോധം വീണതും കണ്ണന്റെ ദേഹത്ത് നിന്നു അടർന്ന് മാറി കൊണ്ട് ഒരു നാണത്തോടെയും ചമ്മലോടെയും കണ്ണനെ നോക്കി. പക്ഷെ കണ്ണൻ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. കണ്ണൻ അവളോട് പറഞ്ഞു.
“പേടിക്കണ്ട അച്ചൂ, അവൻ പേടിപ്പിച്ചതല്ല. അവൻ സന്തോഷം കൊണ്ട് ഒന്ന് ചിരിച്ചതാ…” കണ്ണൻ അച്ചുവിന്റെ കയ്യെടുത്തു അവന്റെ തുമ്പി കയ്യിൽ വെച്ചു കൊടുത്തു പറഞ്ഞു…
“അച്ചൂ അവനെ ഒന്ന് തലോടിയേക്കു. അവൻ അനുസരണയോടെ നിന്നു തരും” . അച്ചു അവന്റെ തുമ്പികയ്യിൽ തലോടിയതും അവൻ തുമ്പി കൈ പതുക്കെ ഉയർത്തി സ്നേഹത്തോടെ അച്ചുവിന്റെ തലയിലും തലോടി… അതു കണ്ടപ്പോൾ അവളുടെ പേടിയെല്ലാം പോയി. അവന്റെ സ്നേഹത്തിന്റെ മുന്നിൽ അവൾ കീഴടങ്ങി… ഇതെല്ലാം കണ്ടു കൊണ്ട് അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു…
പിന്നെ കണ്ണൻ അര്ജുനെയും കൊണ്ട് മാവിന്റെ ചോട്ടിലേക്ക് നടന്നു. കണ്ണൻ മാവിന്റെ മുകളിൽ പഴുത്തു നിൽക്കുന്ന മാമ്പഴം ചൂണ്ടി കാണിച്ചു കൊണ്ട് അര്ജുനോട് അതു പറിക്കാൻ പറഞ്ഞു.. അവൻ അനുസരണയോടെ തുമ്പി കൈ മുകളിലേക്ക് ഉയർത്തി. പഴുത്തതും പച്ചയുമായ കുറേ മാമ്പഴം പറിച്ചു താഴെ ഇട്ടു. അച്ചുവും അപ്പുവും അതെല്ലാം പെറുക്കി എടുത്തു… അമ്മയുടെ അടുത്തു കൊണ്ടു പോയി കൊടുത്തു.. അതിൽനിന്നും പുളിയുള്ള ഒരു മാങ്ങ അപ്പു ഉപ്പും കൂട്ടി തീറ്റിയും തുടങ്ങി…….
കണ്ണൻ അര്ജുനെയും കൊണ്ട് പുഴയിലേക്ക് പോകാൻ നിന്നതും. അപ്പുവും അച്ചുവും മുറ്റത്തേക്ക് വന്നു. അപ്പു ആവേശത്തോടെ കണ്ണനോട് പറഞ്ഞു…
“ഏട്ടാ ഞങ്ങളും ഉണ്ട് പുഴയിലോട്ട് അർജ്ജുനെ കുളിപ്പിക്കാൻ….”
“വേണ്ട വേണ്ട, അവിടെ നിന്നാൽ മതി “. അതു കേട്ട അച്ഛൻ ഉമ്മറത്തും നിന്ന് വിളിച്ചു പറഞ്ഞു…
“അവരും പൊന്നോട്ടെടാ.. അവരുടെ ഒരു ആശയല്ലേ… നീ അവരെ രണ്ടാളെയും അവന്റെ പുറത്ത് കയറ്റിയേക്ക്.. അവർ അവന്റെ പുറത്തിരുന്നോളും…”
“ആ എന്നാ പോര് രണ്ടാളും. പിന്നെ വന്നാൽ മാത്രം പോരാ ഇവനെ കുളിപ്പിക്കുകയും വേണം രണ്ടാളും . കേട്ടല്ലോ…” അതു കേട്ട അപ്പു ആവേശത്തോടെ തുള്ളി ചാടികൊണ്ട് ok എന്ന് പറഞ്ഞു. പക്ഷെ അച്ചുവിന് ഒരു പേടി ഉണ്ടായിരുന്നു അവന്റെ പുറത്തു കയറാൻ. എന്നാൽ നല്ല ആശയും ഉണ്ടായിരുന്നു. കുഞ്ഞുന്നാളിലെ അവളുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ആനപ്പുറത്ത് കയറണം എന്നുള്ളത്.
“അര്ജുനാ ഒന്ന് ഇരുന്നേടാ ഇവരൊന്നു കയറിക്കോട്ടെ നിന്റെ പുറത്ത്…” അതു കേട്ടതും അവൻ പതുക്കെ ഒന്ന് ചെരിഞ്ഞു കയ്യൊന്നു നീട്ടി ഇരുന്നു. അപ്പു അവന്റെ കയ്യിലൂടെ ചവിട്ടി കയറി അവന്റെ കഴുത്തിലെ ചങ്ങലയിൽ പിടിച്ചു സീറ്റുറപ്പിച്ചു. അച്ചു കയറാൻ മടിച്ചു നിൽക്കുന്നത് കണ്ട കണ്ണൻ പറഞ്ഞു…
“എന്താ കയറുന്നില്ലേ.. പേടിക്കണ്ട ഞാനില്ലേ കൂടെ “. കണ്ണൻ അച്ചുവിന്റെ കൈക്ക് പിടിച്ചു അർജ്ജുന്റെ പുറത്തു കയറ്റി.കണ്ണൻ അച്ചുവിനെ മുന്നിൽ ഇരുത്തി അവളോട് അവന്റെ കഴുത്തിലെ ചങ്ങലയിൽ പിടിച്ചു ഇരിക്കാൻ പറഞ്ഞു.. അവർ നേരെ ഇരുന്നതും അര്ജ്ജുൻ പതുക്കെ എണീറ്റതും അച്ചൂന് ഉള്ളിൽ ചെറിയ ഭയം നിഴലിച്ചു. താഴത്തോട്ട് നോക്കിയപ്പോൾ അവൾ ഒരു പാട് ഉയരത്തിൽ ഇരിക്കുന്ന പോലെ തോന്നി.. അർജ്ജുന്റെ പുറത്ത് ഇരുന്ന് നോക്കുമ്പോൾ അവൾക്ക് വീടിന്റെ ഒന്നാം നിലയിലെ മേൽക്കൂര മുഴുവൻ കാണാമായിരുന്നു. അച്ചുവും അപ്പുവും അവന്റെ പുറത്തിരുന്നു അച്ഛന് റ്റാറ്റ കൊടുത്തു. അതു കണ്ട അച്ഛൻ ചിരിച്ചു… അവൻ പതുക്കെ നടന്നു നീങ്ങിയതും ആനപ്പുറത്ത് ഇരിക്കുന്ന ഒരു ചെറിയ അഹങ്കാരം അവരുടെ രണ്ടാളുടെയും മുഖത്തുണ്ടായിരുന്നു. അർജ്ജുന്റെ ഇളകിയുള്ള നടത്തത്തിനു അനുസരിച്ചു അവന്റെ പുറത്തിക്കുന്ന അച്ചുവിനും അപ്പുവിനും ഒരു ചെറിയ ആട്ടവും താളവും ഉണ്ടായിരുന്നു… കണ്ണൻ തലയിൽ ഒരു തോർത്തു മുണ്ടും ചുറ്റി കെട്ടി അവനെ കുളിപ്പിക്കാനുള്ള ചകിരിയും തൊട്ടിയും കയ്യിൽ പിടിച്ചു അവനെയും തെളിച്ചു കൊണ്ട് മുന്നിൽ നടന്നു.. പാടത്തിന് നടുവിലൂടെയുള്ള റോട്ടിലൂടെ വേണം പുഴയിലോട്ട് പോകാൻ. ആനപ്പുറത്ത് ഇരുന്നു വയലിലോട്ട് നോക്കുമ്പോൾ വയലിന് ഭംഗി വർധിച്ച പോലെ തോന്നി അച്ചുവിന്.. വയലിന്റെ നടുവിലൂടെ ആനപുറത്തിരുന്നുള്ള സവാരിക്ക് ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു.
വയലിന്റെ നടുവിലൂടെ വിദൂരതയിൽ നിന്നും അര്ജുനെന്ന കരിവീര കേസരി തുമ്പിക്കൈയ്യും വീശി ശിരസ്സുയർത്തി പിടിച്ചു വരുന്നത് ഹസ്സനിക്ക കടയിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു..
നടയമരങ്ങൾ ഉറപ്പിച്ചു നിന്നു നേടിയെടുത്ത സാമ്രാജ്യത്തിന്റെ അധിപനായ ചിറക്കൽ അര്ജുനെന്ന കരിവീരൻ. ഉയർന്നു വിരിഞ്ഞ മതക്കുനി, വായു കുഭത്തിന്റെയും തലക്കുനിക്കും ഇടയിൽ ഉള്ള വിസ്താരം, അത് അർജ്ജുന്റെ മാത്രം പ്രത്യേകതയാണ്. ആരോ അളന്നു പെറുക്കി വെച്ച പോലെയുള്ള വിട്ടകന്ന മതഗിരികൾ, തടിച്ചു നിലം മുട്ടി നിൽക്കുന്ന തുമ്പിക്കൈയ്യിലും കഴുത്തിലുമായി പടർന്നു കിടക്കുന്നു. തേൻ നിറമുള്ള കണ്ണുകൾ, പതിനെട്ട് സുന്ദരമായ വീതിയേറിയ നഖങ്ങൾ, വീണെടുത്ത വളഞ്ഞ കൊമ്പുകൾ, ഞൊറിയുള്ള കഴുത്ത് എല്ലാ ലക്ഷണവും ഒത്തിണങ്ങിയ ഗജ സൗന്ദര്യമായ അർജ്ജുൻ ആ നാട്ടിലെ ഓരോ ജനങ്ങളുടെയും ഒരു സ്വകാര്യ അഹങ്കാരമാണ്…
ശിരസ്സുയർത്തി പിടിച്ചു വരുന്ന ആ കൊമ്പനെയും, അവനെ തളിച്ചു കൊണ്ടു ഒരു കാരണവരായി കൊമ്പിൽ പിടിച്ചു വരുന്ന കണ്ണനെയും, മുകളിൽ അവന്റെ നടത്തത്തിന്റെ താളത്തിനനുസരിച്ചു ഗമയോടെ ഇരിക്കുന്ന അച്ചുവിനെയും അപ്പുവിനെയും കാണുമ്പോൾ കണ്ണിന് നല്ല കുളിര്മയുള്ള ഒരു കാഴച്ചയായിരുന്നു അത്. അവരുടെ സവാരി ഹസനിക്കയുടെ കടയുടെ മുന്നിൽ എത്തിയതും ഹസ്സനിക്ക ചിരിച്ചു കൊണ്ട് അപ്പുവിനോട് ചോദിച്ചു…
“അപ്പുവെ എവിടേക്കാ രണ്ടാളും ആനപ്പുറത്ത് ഇരുന്ന് സവാരി പോണത്…?”
“പുഴയിലേക്കാ… ഇവനെ കുളിപ്പിക്കാൻ…”അച്ചുവിന് ഒരു ചമ്മൽ ഉണ്ടായിരുന്നു എല്ലാവരും നോക്കുന്നത് കണ്ട്. പക്ഷെ അപ്പുവിന് ഒരു കൂസലുമില്ലായിരുന്നു. അവൾക്കിതൊന്നും ഒരു പുത്തരിയല്ല.
ഹസനിക്ക ഒരു പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ചു അർജ്ജുന്റെ വായിൽ വെച്ചു കൊടുത്തു. അതു അവന് ആ വഴിക്ക് വരുമ്പോൾ ഹസനിക്കയുടെ സ്ഥിരം ക്വോട്ടയാണ്. ആ ബിസ്ക്കറ്റ് കിട്ടിയാലേ അവൻ അവിടെ നിന്നും അനങ്ങൂ.. അവന് ബിസ്ക്കറ്റ് കൊടുത്തതും അപ്പു മുകളിൽ നിന്നും വിളിച്ചു പറഞ്ഞു… അവർക്കും ബിസ്ക്കറ്റ് വേണമെന്ന്. ഹസ്സനിക്ക ഒരു ബിസ്ക്കറ്റ് പാക്കറ്റ് അർജ്ജുന്റെ തുമ്പികയ്യിൽ വെച്ചു കൊടുത്തു അതു മുകളിലേക്ക് കൊടുക്കാൻ പറഞ്ഞു. അവൻ അതു തുമ്പി കയ്യിൽ വരിഞ്ഞു പിടിച്ചു മുകളിലേക്ക് കൊടുത്തു… കണ്ണൻ ഹസനിക്കയോട് പറഞ്ഞു…
“ഞാൻ ഇവനെ ഒന്നു കുളിപ്പിച്ചു വരാം. ഇനി ഇവിടെ നിന്നാൽ മുകളിൽ ഇരിക്കുന്ന അവൾക്ക് ഇനിയും പലതും വേണ്ടി വരും. ഇവനേക്കാളും വലിയ വിശപ്പാണ് അവൾക്ക് “. അതു കേട്ടതും എല്ലാവരും ചിരിച്ചു…………………..
പുഴയിൽ എത്തിയതും വിശാലമായ പുഴ കണ്ട് അച്ചു അർജ്ജുന്റെ പുറത്തിരുന്നു അപ്പുവിനോട് പറഞ്ഞു…
“എന്തു ഭംഗിയാടി ഈ പുഴക്ക്. നീ പറഞ്ഞതു ശരിയാണപ്പൂ നിന്റെ നാട് സ്വർഗം തന്നെയാ…”
“ആണല്ലോ… അതാണ് ഞങ്ങളുടെ നാട് വേണമെങ്കിൽ ഇവിടെ കൂടിക്കോ..” അപ്പോഴാണ് താഴെ നിന്നും കണ്ണൻ വിളിച്ചു പറഞ്ഞത്..
“മതി ഇരുന്നു സുഖിച്ചത്. രണ്ടാളും ഇങ്ങിറങ്ങിക്കേ. അര്ജുനാ ഒന്ന് ഇരുന്നേടാ…”അതു കേട്ടതും മുട്ടോളം ഉള്ള വെള്ളത്തിൽ അവൻ ഇരുന്നതും വെള്ളം തിരമാല പോലെ നാല് സൈഡിലേക്കും ഓളം തള്ളി പോയി. അച്ചുവും അപ്പുവും ഇറങ്ങിയതും കണ്ണൻ അവനെ കുളിപ്പിക്കാൻ തുടങ്ങി….
കണ്ണൻ അവന്റെ കൊമ്പും തുമ്പി കയ്യും ദേഹവുമെല്ലാം തേച്ചു കഴുകി. പതിനെട്ട് നഖങ്ങളും കല്ലിട്ടു ഉരച്ചു മിനുക്കി. അപ്പുവും അച്ചുവും അവർക്ക് പറ്റുന്ന പോലെ അവന്റെ ദേഹത്ത് കയറിയിരുന്നു അവനെ കുളിപ്പിച്ചു കൊണ്ടിരുന്നു. ഇടക്ക് അർജ്ജുൻ തുമ്പി കയ്യിൽ വെള്ളം എടുത്തു അവന്റെ ദേഹത്തോട്ട് ചീറ്റിയെറിയുന്നും ഉണ്ടായിരുന്നു. അതു മുഴുവൻ അവന്റെ ദേഹത്തും അച്ചുവിന്റെയും അപ്പുവിന്റെയും ദേഹത്തും വന്നു വീഴുന്നുണ്ടായിരുന്നു…
കുളി കഴിഞ്ഞതും കണ്ണൻ അവന്റെ വിസ്താരമേറിയ നെറ്റി തടത്തിലും ചെവിയിലുമെല്ലാം കുറി വരച്ചുകൊടുത്തു…. അപ്പുവിനെയും അച്ചുവിനെയും അവന്റെ പുറത്തിരുത്തി. തിരിച്ചു വീട്ടിലോട്ട് യാത്രയായി…………………………..
നാളെ വിഷുവായത് കാരണം പണിക്കാരെല്ലാം നേരത്തെ പണി നിർത്തി വന്നിരുന്നു. വിഷുവിന് കണിവെക്കാനുള്ള പച്ചക്കറിയും കദളിപ്പഴവും ചക്കയും മാങ്ങയുമെല്ലാം തൊടിയിൽ നിന്നും അറുത്തു ഒരു കോട്ടയിൽ ആക്കി അവർ കൊണ്ടു വന്നു. പിന്നെ കുറച്ചു കൊന്നപ്പൂവും. അത് അവർ ലക്ഷ്മിയമ്മയുടെ കയ്യിൽ കൊടുത്തു. ശിവരാമൻ നായർ അവർക്കെല്ലാവർക്കും കൂലിയും പിന്നെ ആയിരത്തൊന്നു രൂപ കൂടുതലും ഓരോ മുണ്ടും തോർത്തും കൊടുത്തു. അവരുടെയെല്ലാം മനസ്സ് നിറഞ്ഞു. ശിവരാമൻ നായരും ലക്ഷ്മിയമ്മയും എല്ലാവരോടും നാളെ ഊണ് കഴിക്കാൻ വരാൻ സ്നേഹത്തോടെ ക്ഷണിച്ചു…………
വൈകുന്നേരം ആയപ്പോഴേക്കും കണ്ണന്റെ കൂട്ടുകാരായ റഹ്‌മാനും അരുണും വീട്ടിലോട്ട് വന്നു. കണ്ണൻ അവരെ രണ്ടാളെയും കൂട്ടി അവർക്കും അവനും ഡ്രസ്സും പിന്നെ കുറച്ചു പലചരക്ക് സാധനവും എടുക്കാൻ പോകാൻ ഇറങ്ങിയതും. അപ്പു ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞു..
“ഏട്ടാ പടക്കം വാങ്ങാൻ മറക്കരുത്…”
“ഇല്ലടി.. വാങ്ങാം..” അതും പറഞ്ഞു. അവർ ഓട്ടോയിൽ കയറി പോയി…
അപ്പുവും അച്ചുവും കണ്ണനും റഹ്‌മാനും അരുണും കൂടി സന്ധ്യാ സമയമായതും പൂജാമുറിയിലും തുളസി തറയിലും സർപ്പക്കാവിലും വിളക്ക് വെച്ചു. വിഷുവിനെ വരവേൽക്കാനുള്ള പടക്കാമെല്ലാം പൊട്ടിച്ചു. പല നിറങ്ങളിലും വർണങ്ങളിലും ഉള്ള പൂത്തിരിയും, ലൈറ്റും, മത്താപ്പൂവും. കൊണ്ട് ആ നാലുകെട്ടിന്റെ ചുറ്റും അവർ ഉത്സവപറമ്പു പോലെയാക്കി. അച്ചു ആയിരുന്നു അവരുടെ ഇടയിലെ താരം . അവളാണ് കൂടുതൽ ആഘോഷിച്ചത്. ഇതുവരെ ആഘോഷിക്കാത്ത വിഷു അവൾ ആവോളം ആസ്വദിച്ചു വരവേൽക്കുകയായിരുന്നു. ഇതെല്ലാം കണ്ടു മനസ്സു നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അച്ഛനും അമ്മയും ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു……
രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു. കഴിഞ്ഞതും ലക്ഷ്മിയമ്മ പൂജാമുറിയിൽ രാവിലെ കാണാനുള്ള കണി ഒരുക്കാൻ തുടങ്ങി. അച്ചുവും അപ്പുവും കണ്ണനും എല്ലാം നോക്കി കൊണ്ട് പൂജാമുറിക്കു പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു…
അമ്മ ആദ്യം തന്നെ ഒരു പീഠത്തിൽ വെള്ള പട്ട് വിരിച്ചു തലമുറകളായി കൈമാറി വന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കൃഷ്ണ വിഗ്രഹം അതിന്റെ മുകളിൽ പ്രതിഷ്ഠിച്ചു. നൂറ്റാണ്ടുകൾ പഴക്കമുണ്ടങ്കിലും ഓരോ വർഷം മുന്നോട്ട് പോകുന്തോറും ഉണ്ണി കണ്ണന് തിളക്കം കൂടിയിട്ടെയുള്ളൂ.. പിന്നെ ഉണ്ണികണ്ണനെ ഒരു മഞ്ഞ പട്ട് കൊണ്ട് ഉടയാടയെല്ലാം ഉടുപ്പിച്ചു അലങ്കരിച്ചു, അവന്റെ കഴുത്തിൽ മല്ലികപ്പൂ മാലയായും ചാർത്തി. അവന്റെ കിരീടത്തിൽ മയിൽ പീലി ചാർത്തി കൊടുത്തു. ചുണ്ടിൽ അടുപ്പിച്ചു പിടിച്ചിരിക്കുന്ന ഓടക്കുഴലിന് താഴെ രണ്ട് ഇതൾ കൊന്നപ്പൂവും വച്ചു കൊടുത്തു. അപ്പൊ കണ്ണനെ കാണാൻ ഒരു പ്രത്യേക ചൈതന്യം ആയിരുന്നു. പിന്നെ വിഗ്രഹത്തോട് ചാരി ഒരു താലത്തിൽ അഞ്ചു തിരിയിട്ട ഒരു നിലവിളക്കും വച്ചു, നല്ലെണ്ണ ഒഴിച്ചു കിഴക്കും പടിഞ്ഞാറും തിരി കത്തിച്ചു. ബാക്കി തിരികൾ രാവിലയെ കത്തിക്കൂ.. കരിന്തിരി കത്താതെ ഇരിക്കാൻ രാവിലെ വരെ കത്താനുള്ള എണ്ണ ഒഴിച്ചിരുന്നു… പിന്നെ വെള്ളോട്ടുരുളിയിൽ ഉണക്കല്ലരി പരത്തി കുറച്ചു കണിക്കൊന്ന പൂക്കൾ അതിന്റെ മുകളിൽ വിതറി അതിനുമുകളിൽ ഉണ്ണി കണ്ണന്റെ ഇഷ്ട വിഭവമായ ഒരു പടല കദളിപ്പഴവും, ഗണപതിയുടെ ഇഷ്ട വിഭവമായ ഒരു ചക്കയും സുബ്രഹ്മണ്യ സ്വാമിയുടെ ഇഷ്ട വിഭവമായ ഒരു മാമ്പഴവും വെച്ചു. പിന്നെ പൊട്ടിച്ച ഒരു തേങ്ങയുടെ രണ്ട് മുറികളും മലർത്തി വെച്ചു. പിന്നെ സ്വർണത്തിന്റെ നിറമുള്ള ഒരു കണി വെള്ളരിയും വെച്ചു. പിന്നെയും വെച്ചു വേറെയും രണ്ട് മൂന്ന് തരം പച്ചക്കറികളും പഴവർഗങ്ങളും. പിന്നെ ഓട്ടുരുളിയുടെ ഒരു ഭാഗത്തു കുറച്ചും കൂടി കണിക്കൊന്ന പൂവ് വെച്ചു. അതെല്ലാം വച്ചപ്പോഴേക്കും ഉരുളി നിറഞ്ഞു.. പിന്നെ ഒരു ചെറിയ പറയിൽ നെല്ല് നിറച്ചു അതിനു മുകളിൽ ഭഗവതിയുടെ സ്ഥാനമുള്ള ആറന്മുള വാൽക്കണ്ണാടി കൃഷ്ണനെയും കാണികാണുന്ന നമ്മളെയും കാണാൻ പറ്റുന്ന രീതിയിൽ കുത്തി വച്ചു. പിന്നെ ഭഗവതി സങ്കല്പമായ വാൽക്കണ്ണാടിക്ക് പിന്നിൽ ഭഗവതിക്ക് മഴവില്ല് രൂപത്തിൽ തിരുകുടലാട ചാർത്തി കൊടുത്തു. പിന്നെ വേറെ ഒരു താലത്തിന്റെ ഒരു ഭാഗത്ത് ഗ്രന്ഥകെട്ടും മറ്റേ ഭാഗത്തു ഒരു പട്ടും മടക്കി വച്ചു. പട്ടിന്റെ മുകളിൽ സ്വർണ നാണയവും വെള്ളി നാണയവും കുറച്ചു ചില്ലറ പൈസയും വെച്ചു. പിന്നെ ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം ഒരു ഓട്ടു കിണ്ടിയിൽ നിറച്ചു, അതിന്റെ വാല് വടക്കോട്ടാക്കി ഉരുളിയുടെ അടുത്തു വച്ചു കണി റെഡിയാക്കി. പൂജാമുറിക്കു പുറത്തു നിന്നു ഒന്നു അകത്തോട്ട് നോക്കി അപ്പൊൾ കണികൾക്കു നടുവിൽ നിൽക്കുന്ന ഉണ്ണി കണ്ണന് ഒരു പ്രത്യേക ചൈതന്യം ഉണ്ടായിരുന്നു. പിന്നെ ഒരു നെടുവീർപ്പ് വിട്ടു, എല്ലാം സൂഷ്മതയോടെ നോക്കി ഇരിക്കുന്ന അച്ചുവിനോടും അപ്പുവിനോടും ലക്ഷ്മിയമ്മ പറഞ്ഞു….
“എല്ലാം കണ്ടു പഠിച്ചല്ലോ രണ്ടാളും. ഇങ്ങനെയാണ് കണി ഒരുക്കേണ്ടത്. നാളെ നിങ്ങൾക്കും ചെയ്യാനുള്ളതാണ് ഇതൊക്കെ..”അവർ രണ്ടാളും പുഞ്ചിച്ചു കൊണ്ട് പഠിച്ചു എന്ന് പറഞ്ഞു. അപ്പോഴാണ് അച്ചു ചോദിച്ചത്…
അമ്മാ എന്താ നിലവിളക്കിലെ ബാക്കി മൂന്ന് തിരി കത്തിക്കാത്തത് എന്ന്. അമ്മ അവൾക്ക്. അവിടെ ഒരുക്കിയ ഓരോ കാര്യത്തിന്റെയും പിന്നിലെ ഐതിഹങ്ങൾ പറഞ്ഞു കൊടുത്തു. അതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൾക്ക് അതെല്ലാം ഒരു അത്ഭുതമായി തോന്നി… പിന്നെ പൂജാ മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു അവരോടു പറഞ്ഞു..
“നാളെ നേരം വെളുത്തു ഞാൻ വന്ന് വിളിക്കുമ്പോൾ മാത്രമേ എന്റെ മക്കൾ ഉണരാവൂ. അതും കണ്ണു തുറക്കാതെ, അമ്മ നിങ്ങളെ എല്ലാവരെയും ഉണ്ണി കണ്ണന്റെ മുന്നിൽ നിർത്തി കിണ്ടിയിലെ ജലം നിങ്ങളുടെ കണ്ണിൽ തൊട്ടു ഞാൻ പറയുമ്പോഴേ കണ്ണു തുറക്കാവൂ.. മനസ്സിലായോ.. അച്ചുവിന് മനസ്സിലാവാൻ വേണ്ടിയാണ് ഞാൻ ഇപ്പൊ ഇതു പറഞ്ഞത്. ഇവർക്ക് രണ്ടാൾക്കും നേരത്തെ അറിയാം. എന്റെ മോൾക്ക് ഇതൊന്നും അത്ര വശം കാണില്ല്യ “. അമ്മ പുഞ്ചിരിച്ചു അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു..
“…പിന്നെ കൃഷ്ണനെ കണി കണ്ടതും മനസ്സിൽ ഭഗവാനെ ധ്യാനിച്ചു. ഓം കളീം കൃഷ്ണായ നമഹാ.. എന്ന് എട്ട് വട്ടം മനസ്സിൽ ഉരുവിട്ട് ജപിക്ക്യാ മൂന്നാളും.. ബാക്കിയെല്ലാം അമ്മ രാവിലെ പറഞ്ഞു തരാം… എന്നാ എന്റെ മക്കള് പോയി കിടന്നോളൂ.. പറഞ്ഞതു മറക്കണ്ട ഞാൻ വന്നു വിളിക്കുമ്പോൾ മാത്രമേ ഉണരാവൂ മനസ്സിലായോ….?”
അവർ മൂന്നാളും പുഞ്ചിച്ചു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു മനസ്സിലായി എന്നു പറഞ്ഞു…….
#അപ്പൊ_അടുത്ത_പാർട്ടിൽ_നമുക്കെല്ലാവർക്കും_കണികാണാം_അല്ലെ…
#തുടരും…
#ഫൈസൽ_കണിയാരി_ktpm..✍️