മോനേ.. നമുക്കു വീട്ടിൽ പോകാം.
അച്ഛമ്മയാണ്.
അച്ഛമ്മയുടെ പുറം പൊട്ടി വ്രണമായിരിക്കുന്നു. വേദനക്കിടയിലും അച്ഛമ്മക്ക് വീട്ടിലെത്തിയാൽ മതിയെന്ന വാശിയാണ്. അമ്മയും അനിയത്തിയും കണ്ണീർ വാർക്കുന്നു. അവർക്കറിയാം ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന്. പോരുമ്പോൾ വീടിന്റെ പകുതിയോളം തകർന്നതവരും കണ്ടതാണല്ലോ.
തന്റെ ജീവനും രക്തവും ഹോമിച്ചുണ്ടാക്കിയതാണതെല്ലാമെന്ന് അവർക്കറിയാം. എന്നിട്ടും അവരെ ആശ്വസിപ്പിച്ചുകൊണ്ടു ….
പറഞ്ഞു ,.
” ലോകമവസാനിച്ചിട്ടൊന്നുമില്ലല്ലോ,…. ആയുസ്സുണ്ടെങ്കിൽ ഇനിയും നമുക്കെല്ലാം തിരിച്ചു പിടിക്കാലോന്ന്.. “
അച്ഛമ്മ വീണ്ടും കരച്ചിൽ തുടങ്ങിയിരുന്നു. തികച്ചും നിസ്സഹായാവസ്ഥയായിട്ടുകൂടി പറയേണ്ടി വന്നു.
നമുക്കു പോവാംട്ടോ…… ഇപ്പൊ പുറത്തോട്ടിറങ്ങാനൊന്നും പറ്റത്തില്ല.
പറ്റുമായിരുന്നെങ്കിൽ ആദ്യം അച്ഛമ്മേടെ മരുന്ന് വാങ്ങിക്കൊണ്ടു വന്നിരുന്നേനെ….
മരുന്ന് തീർന്നിട്ട് രണ്ടു ദിവസമായി. ശീട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തകർക്കും എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
വീട്ടിൽ നിന്ന് പോന്നിട്ടിന്നേക്ക് ആറാം നാൾ കഴിഞ്ഞു. മഴയെ ഇത്ര രൗദ്രഭാവം പൂണ്ട് ഇതിനു മുൻപ് കണ്ടിട്ടേയില്ല.
ശരത് മോനേയുമെടുത്ത് പുറത്തേക്ക് നടന്നു. വിശാലമായ ആ സ്കൂളിന്റെ മൂന്നു നിലയും മനുഷ്യരെക്കൊണ്ട് നിറഞ്ഞിരുന്നു.
നിർത്താതെ മഴ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. മഴയെ പുകഴ്ത്തിയ നാവുകൊണ്ട് തന്നെ ശപിക്കാനും തുടങ്ങിയിരിക്കുന്നു. പാടവും തോടും ഒന്നായി. വീടുകൾ മിക്കതും ഇടിഞ്ഞുപൊളിഞ്ഞു നാശമായിക്കഴിഞ്ഞു. കൃഷി ഭൂരിഭാഗവും നശിച്ചു. ഉരുൾപൊട്ടി ഒരുപാട് ജീവനും പൊലിഞ്ഞു കഴിഞ്ഞു. വീടിനകത്തേക്ക് കഴുത്തൊപ്പം വെള്ളം മുങ്ങിയപ്പോഴാണ് ഈ അഭയാർത്ഥി ക്യാപിലെത്തിയത്. വീട് പാതിയും തകർന്ന കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നു.
ചാറിക്കൊണ്ടിരിക്കുന്ന മഴയെ ശ്രദ്ധിക്കാതെ അപ്പുറത്തെ തെങ്ങിൻ ചുവട്ടിലിരുന്ന് ഇടതടവില്ലാതെ ചുമച്ചുകൊണ്ടിരിക്കുന്ന രാമേട്ടനെക്കണ്ട് ശരത് അവിടേക്ക് നടന്നു.
രാമേട്ടൻ കുനിഞ്ഞിരുന്ന് ശർദ്ദിക്കുകയാണ്. അതിലെ രക്തവർണ്ണം ശരത്തിനെ വിഷണ്ണനാക്കി. മോനെ മഴ നനയാതെ തിണ്ണയിലിരുത്തി അവനയാളുടെ പുറം മെല്ലെ തടവിക്കൊടുത്തു. ഗുരുതരമായ രോഗം ശ്വാസകോശത്തെ കാർന്നു തിന്നുവാൻ തുടങ്ങിയിട്ട് നാളേറെയായി.
കഴിഞ്ഞ ദിവസം ചെക്കപ്പിനു പോവാനിരുന്നതായിരുന്നു രാമേട്ടൻ. തന്റടുത്ത് നിന്ന് അതിനുള്ള പണം വായ്പ മേടിച്ചതുമാണ്. പക്ഷേ മഴ കനത്ത് വെള്ളം പൊങ്ങിയപ്പോൾ അക്കരയിലെ അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.
രാമേട്ടന് പോകാൻ നിവൃത്തിയില്ലാതെയുമായി.
മോൻ ചിണുങ്ങിക്കരയാൻ തുടങ്ങിയപ്പോൾ രാമേട്ടനേയും അവനേയും ചേർത്ത് പിടിച്ച് ശരത് ക്ലാസ് മുറിയിലേക്ക് നടന്നു. മോനെ അനുജത്തിയെ ഏൽപ്പിച്ച് ശരത് സ്കൂളിലെ പാചകപ്പുരയിലേക്ക് നടന്നു. അവന് വിശക്കുന്നുണ്ടാവും.
Hot New Releases in Books
അവിടെ കഞ്ഞി വേവുന്നതേയുള്ളൂ. എങ്കിലും അതിൽ നിന്നൽപം പകർത്തി ഉപ്പുമിട്ട് രണ്ടു പാത്രങ്ങളിലാക്കി അവൻ തിരികെയെത്തി. ഒന്ന് രാമേട്ടന് നൽകി. അയാളത് ആർത്തിയോടെ കോരിക്കുടിക്കുന്നതും നോക്കി ശരത് തെല്ലിട നിന്നു.
മോനും ആ പാതിവെന്ത കഞ്ഞി സ്വാദോടെ കഴിച്ചു. ശേഷിച്ചത് അച്ഛമ്മയെക്കൊണ്ട് കഴിപ്പിക്കയും ചെയ്തു ശരത്.
ഉറക്കം വരുന്നെന്നു തോന്നുന്നു, മോൻ വീണ്ടും ചിണുങ്ങിക്കരയാൻ തുടങ്ങി. അമ്മയോ, അനിയത്തിയോ എത്ര ശ്രമിച്ചിട്ടും അവന്റെ വാശി നിലച്ചില്ല. അവനയാളുടെ തോളിലമർന്നു കിടപ്പായി. എത്ര വേഗമാണ് അവൻ തന്നോടിണങ്ങിയത്. അവന് മുപ്പത് ദിവസം പ്രായമായപ്പോഴാണ് താൻ പ്രവാസമെന്ന തടവറയിലേക്ക് മടങ്ങിയത്. അതും അമ്മ നഷ്ടപ്പെട്ട തന്റെ മോനെ അമ്മയേയും, അച്ഛമ്മയേയും ഏൽപ്പിച്ചിട്ട്.
മോനു പിറന്നു വീണ നിമിഷം നഷ്ടമായ തന്റെ നല്ലപാതി നിഷയുടെ വേർപ്പാടിന്റെ പൊള്ളുന്ന ഓർമ്മകളുമായുള്ള യാത്ര. പിന്നെ മടങ്ങിയത് അവന് മൂന്നര വയസ്സായ ശേഷം. കാണാൻ കൊതിയില്ലാഞ്ഞല്ല. കടബാധ്യതയാൽ നട്ടം തിരിയുകയായിരുന്നു. താൻ.
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ മുഴുവൻ ചുമതലയും തന്റെ ചുമലിലായി. മൂത്ത ചേച്ചിയുടെ വിവാഹം, അമ്മ, അച്ഛമ്മ, അനുജത്തി, ഒരു കൊച്ചു വീടുവെച്ച ബാധ്യത. പറഞ്ഞിട്ടെന്താ ഇപ്പൊ മഴയുടെ രൂപത്തിലായി ദുരന്തം തന്റെ ജീവിതത്തിലേക്കെത്തിനോക്കുന്നത്. വീട് പാതിയും നശിച്ചിരിക്കുന്നു. ഇനിയെല്ലാം ഒന്നിലേ തുടങ്ങണമല്ലോതെന്ന ചിന്ത തന്നെ മനസ്സ് തളർത്തി.
മഴയപ്പോഴും തകർത്തു പെയ്യുകയാണ്. വരാന്തയിലെ ചാറ്റൽ മഴ നനഞ്ഞ് ശിവരാമേട്ടനും, അമ്മിണിയേടത്തിയും, മോളും, പിന്നെ കബീർമാഷും, കെട്ട്യോളും നിൽപ്പുണ്ടായിരുന്നു. ശരത് അവിടേക്ക് നടന്നു. ശിവരാമേട്ടന്റെ മോൾടെ കല്യാണമായിരുന്നു ഇൗയാഴ്ച. പറഞ്ഞിട്ടെന്താ അത് മാറ്റിവെക്കേണ്ടി വന്നു.
കബീർമാഷാണെങ്കിൽ തന്റെ ബീവിക്ക് മരുന്നു വാങ്ങാൻ കൂടി പണമില്ലാത്ത പരുവത്തിലും. അദ്ദേഹത്തിനാണ് എല്ലാം നഷ്ടമായത്.
ഉണ്ടായിരുന്ന വീടിന്റേയും, പുരയിടത്തിന്റേയും സ്ഥാനത്ത് വലിയൊരു മൺകൂനയാണിന്ന്. ഇനി ചെല്ലുമ്പോഴേക്കും എന്തായിത്തീരുമോ എന്തോ.
ഉച്ചക്ക് കഞ്ഞിയും അച്ചാറും സ്വാദോടെ കഴിക്കുമ്പോൾ ചേച്ചിയെ വിളിക്കാനെന്താണൊരു മാർഗ്ഗമെന്നായിരുന്നു ചിന്ത. അന്ന് പോരുന്ന അന്ന് വിളിച്ചപ്പോൾ വലിയ കുഴപ്പമില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇപ്പോ മൂന്നു ദിവസമായി കറന്റും, നെറ്റ് വർക്കുകളും പൂർണ്ണമായി വിച്ഛേദിച്ചിട്ട്.
മോനെ……ഒന്നു വര്വോ……. ഉണ്ണിക്കുട്ടന് തീരെ വയ്യാന്ന്. അവന് അപ്പന്റിസൈറ്റിസ് വരാറുള്ളതാ. ഇനി വന്നാലുടൻ ഓപ്പറേഷൻ നടത്തണമെന്നു പറഞ്ഞിരുന്നു ഡോക്ടർ.
തെക്കേലെ വനജേച്ചിയാണ്. വേദനകൊണ്ടു പുളയുകയായിരുന്നു ഉണ്ണിക്കുട്ടൻ.
ഈശ്വരാ ഇനിയെന്തു ചെയ്യും ദുരിതാശ്വാസപ്രവർത്തകർ വന്നുപോയതേയുള്ളൂ. ഇനി നാളെയേ അവർ വരികയുള്ളൂ. വിളിക്കാനാണേൽ ഒറ്റ ഫോണിനും റെയ്ഞ്ചുമില്ല.
ശരത് വേഗം പോയി ലിസാമ്മയെ വിളിച്ചു കൊണ്ടു വന്നു. അവൾ അയൽക്കാരിയും, ഗവൺമെന്റാശുപത്രിയിലെ ഹെഡ്നഴ്സുമാണ്. ലിസാമ്മ അവർക്കറിയാവുന്ന ടെക്നിക്കുകളൊക്കെ പ്രയോഗിക്കുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ ഉണ്ണിക്കുട്ടനൽപം ആശ്വാസമായി.
പിറ്റേന്ന് ദുരിതാശ്വാസപ്രവർത്തകർ വന്നപ്പോഴാണ് അവർ ബാഹ്യലോകത്തെക്കുറിച്ച് അൽപമെങ്കിലും മനസ്സിലാക്കിയത്. ഒക്കെ നടുക്കുന്ന വാർത്തകളായിരുന്നു. തങ്ങളുടെ വീടിരുന്നിടം മുഴുവൻ പുഴയെടുത്തിരിക്കുന്നു. അക്കരെയുള്ള വിമലട്ടീച്ചറേയും, മോനേയും തൊട്ടപ്പുറത്തെ മലയിടിച്ചിലിൽ കാണാതായിരിക്കുന്നു. നടുക്കുന്ന വാർത്തയായിരുന്നുവത്. അവിടെയുള്ള എല്ലാവരും നെഞ്ചുപൊട്ടികരയുകയായിരുന്നു. അത്രക്കും വേദനിപ്പിക്കുന്നൊരു കാര്യമായിരുന്നു അവർക്കത്.. മിക്ക ഗ്രാമങ്ങളും, അവിടുത്തെ മനുഷ്യരും , മൃഗങ്ങളും, സർവ്വസ്വവും കാൽച്ചോട്ടിൽ നിന്ന് ഒഴുകിപ്പോകുന്ന കാഴ്ച തന്നെ ദാരുണമായിരുന്നു.
വിമല ടീച്ചറും, മോനും നീറുന്ന നൊമ്പരമായി ശേഷിച്ചു.
അക്കരെ ഉയർന്നപ്രദേശമായതിനാലാണ് അവരെ മാറ്റിപാർപ്പിക്കാതിരുന്നത്. മലയിടിയുന്ന കാര്യം ആരുമോർത്തതുമില്ല. അവിടെ രണ്ടുമൂന്നു വീട്ടുകാരെ താമസമുള്ളൂ. അതിലൊരാൾ മകന്റെയൊപ്പം പോയിട്ട് ഏതാനും മാസങ്ങളേയായിരുന്നുള്ളൂ.
ഒരു വീടിന് കേടുപാട് സംഭവിച്ചിട്ടുമില്ല.
ടീച്ചർക്ക് മാത്രം…!!!! വല്ലാത്ത കഷ്ടമായിപ്പോയല്ലോ ഈശ്വരാ. ജീവിതം തന്നെ അരക്ഷിതാവസ്ഥയിലായിരിക്കുന്നു.
ഇത്രയും ദിവസം,,, അതെങ്ങനെ കടന്നുപോയെന്ന് അവിടെയാരും അറിയുന്നുണ്ടായിരുന്നില്ല. കാരണം പലരും ഏതാണ്ട് മരവിച്ച പോലെയായിരുന്നു.പലർക്കും തിരികെപ്പോവാൻ വീടില്ല. തിരികെച്ചെന്നാലും ജീവിതം നരകതുല്യം. എത്രനാൾ ഇവിടെക്കഴിയാനാകും.
ഒരു പരിതിവരെ നോക്കാനാളുകാണും അതു കഴിഞ്ഞാൽ….?
ആ പൊള്ളുന്ന യാഥാർത്ഥ്യത്തിനു മുൻപിൽ പകച്ച് അവരങ്ങനെ നിന്നു…. അപ്പോഴും മഴ തകർത്തു പെയ്യുകയായിരുന്നു. എല്ലാം തച്ചുടക്കാനുള്ള കലിപ്പോടെ…
രചന : ജിഷസുരേഷ്
എല്ലാ മനുഷ്യരും ഈ നടന്നതൊക്കെ മനസ്സിൽ നിന്ന് മായ്ക്കാതെ ഇരുന്നെങ്കിൽ ഇ ലോകത്ത് അല്ലെങ്കിൽ നമ്മുടെ കേരളത്തിൽ ഒരു ശക്തിക്കും നമ്മളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കാനും കൊന്നൊടുക്കാനും സാധിക്കില്ലായിരുന്നു .എന്തെ നമ്മൾ മറക്കുന്നു ഇതെല്ലാം . ഇപ്പോഴും ഈ ദുരന്തത്തിൽ നിന്ന് കാരകേറാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട് . ആർക്കും സമയമില്ല…… ഞാനും ഇതെഴുതി കഴിഞ്ഞു എന്റെ ജോലി തിരക്കുകളിലേക്ക് പോകും . ഇങ്ങനെയാണ് ജീവിതം എന്ന് പിന്നെയും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടു.
Yaa.. മറവി ഒരേ സമയം ഗുണവും ദോഷവും ആണ്.. ഇവിടെ ദോഷമായി സംഭവിക്കുന്നു. ഈ ഒരു സംഭവം ഒരുപാട് പേർക്ക് ഓര്മയുണ്ടെങ്കിലും നമടക്കം എല്ലാവരും ജീവിതത്തിരക്കിൽ പെട്ടു മനഃപൂർവം മറക്കാൻ ശ്രമിക്കുന്നു. തുടർന്നും അത് പ്രകൃതി ഓർമിപ്പിക്കും.. വായനക്കും ഈ വിശകലനത്തിനും ഒരുപാട് നന്ദി.. തുടർന്നും അക്ഷരത്താളുകളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..