ഞാൻ പെട്ടന്ന് അവളെ കണ്ട് പേടിച്ച് എഴുന്നേറ്റു. അപ്പോഴാണ് അമ്മ അവളെ തിരിഞ്ഞ് നോക്കിയത്. നോക്കിയതും അമ്മയും ഒന്ന് പകച്ചെന്ന് തോന്നുന്നു.
അമ്മ വേഗം കണ്ണും തുടച്ച് ഞങ്ങളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് അവളുടെ കൂടെ അകത്തോട്ട് പോയി. ഓഷിനെ നോക്കിയപ്പോൾ അവൾ എന്നെ നോക്കുന്നു പോലും ഇല്ലാ. മുഖം വീർപ്പിച്ച് അമ്മയുടെ പിന്നാലെ പോകുന്നുണ്ട്.
എന്റെ ശ്വാസഗതി കൂടി കൂടി വന്നു. ഈ പറഞ്ഞതെല്ലാം ഓഷിൻ കേട്ടിട്ടുണ്ടാവോ. എനിക്ക് എന്തോ ചുറ്റുമുള്ളത് എല്ലാം വട്ടം തിരിയുന്ന പോലെ. വരണ്ടായിരുന്നു മര്യാദക്ക് വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും അമ്മ തിരിച്ചു വന്നു. മുഖത്ത് ഒരു പുഞ്ചിരി തെളിയിക്കാൻ ശ്രമിക്കുന്നുണ്ട്. ഭാഗ്യം അവൾ ഒന്നും കേട്ടിട്ടില്ലാന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പൊ രണ്ടിലൊന്ന് കഴിഞ്ഞെന്നേ.
ഞാൻ ഒരു ദീർഘശ്വാസം വലിച്ച് ശ്രീയോട് “നമുക്ക് പോകാം” എന്ന് പറഞ്ഞ് അവിടെ നിന്ന് പതുക്കെ എണീറ്റു. “സാർ വരുമ്പോൾ പറയാമെന്നും” പറഞ്ഞ് ഞങ്ങളെ ദയനീയമായ കണ്ണുകളോടെ അമ്മ പറഞ്ഞയച്ചു.
ആ കണ്ണുകളുടെ അർത്ഥം പറയാതെ തന്നെ വായിച്ചെടുക്കാമായിരുന്നു. ഞാൻ ഒന്ന് പുഞ്ചരിച്ചൂന്ന് വരുത്തി അവിടെ നിന്ന് ഇറങ്ങി. വീട്ടിൽ എത്തുന്ന വരെ ഞാനും ശ്രീയും ഒന്നും സംസാരിച്ചില്ല.
എത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞ് എന്നെ വീട്ടിൽ ഇറക്കി അവൻ പോയി.
വീടിന്റെ പടി തുറന്നപ്പോൾ തന്നെ ടിവിയിൽ ഏതോ ഒരു പാട്ട് ചെവിപൊട്ടുന്ന രീതിയിൽ വെച്ചിട്ടുള്ളത് കേൾക്കാം. ആ അനിയൻ തെണ്ടിയുടെ പണിയാണ്.
എന്നും ഈ സമയത്തെ ഒരു പതിവ് കാഴ്ച്ചയാണിത്. കോളേജിൽ വന്നാൽ ഇതൊന്ന് ഓണാക്കി നാട്ടാരുടെ തെറി കേൾക്കാതെ അവന് ഒരു സമാധാനവും ഇല്ലാന്ന് തോന്നുന്നു.
ആദ്യമൊക്കെ അപ്പുറത്തെ വീട്ടിലെ ചേച്ചി ചീത്ത പറയാറുണ്ടായിരുന്നു. ഇപ്പൊ കുറച്ച് നാളായിട്ട് അവരും ഒന്നും പറയാറില്ല. അവർക്കും പറഞ്ഞ് മടുത്തിണ്ടാകും.
ഞാൻ ഒന്നും മിണ്ടാതെ അകത്തോട്ട് കയറി. അവൻ എന്നെ ഒന്ന് നോക്കും പോലും ചെയ്തില്ല. ഞാനും നോക്കാൻ പോയില്ല എന്തേലൊക്കെ ചെയ്യട്ടെ. അവനോട് വല്ലതും പറയുന്നതിനേക്കാൾ നല്ലത് ഒന്നും മിണ്ടാതെ എവിടേലും പോയി ഇരിക്കുന്നതാ.
ഞാൻ എന്റെ മുറിയിൽ കയറിയപ്പോൾ, പോകാൻ നേരം വലിച്ചെറിഞ്ഞ മൊബൈൽ കട്ടിലിൽ എന്നെ നോക്കി കിടക്കുന്നുണ്ട്. നോക്കിയപ്പോൾ 5% ചാർജ്.
വെറുതെ മൊബൈലിൽ നോക്കി. നോക്കണ്ടായിരുന്നു അതിൽ അവളുടെ ഫോട്ടോ കണ്ടപ്പോൾ അറിയാതെ വീണ്ടും കണ്ണ് നിറഞ്ഞു. മൊബൈൽ ചാർജിൽ കുത്തി വെച്ച് പുറത്തോട്ട് വന്നു.
നോക്കിയപ്പോൾ സോഫായിൽ ന്യൂസ് പേപ്പർ കിടക്കുന്നുണ്ട്. അതും എടുത്ത് പുറത്ത് ഉമ്മറത്ത് വന്നിരുന്നു. അവിടെ അമ്മ എങ്ങോട്ടോ നോക്കി കാലും നീട്ടി ഇരിക്കുന്നുണ്ടായിരുന്നു.
മുഖത്തോട്ട് നോക്കിയപ്പോൾ എന്തോ ഒരു ദുഃഖത്തിന്റെ മൂകത വായിച്ചെടുക്കാം. എന്റെ കാര്യം ആലോചിച്ച് തന്നെയായിരിക്കും.
അവൾ സമുദ്രയാണെന്ന് ഉറപ്പുണ്ടെങ്കിൽ കല്യാണത്തിന് സമ്മതമാണെന്ന് എനിക്ക് ഇപ്പോൾ തന്നെ അമ്മയോട് പറയായിരുന്നു. അമ്മയുടെ ഈ അവസ്ഥയിൽ ഇനി സമുദ്ര തന്നെ വേണമെന്നില്ല ആരെയാണെങ്കിലും ഞാൻ സമ്മതിച്ചെന്നേ. അത്രയും ആ പാവം വിഷമിച്ചിരിക്കുകയാണ്.
ഇത് പക്ഷെ എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി. ശ്രീ സാറിനെ പറ്റി ഇങ്ങനൊക്കെ പറയുമ്പോൾ ഞാൻ അമ്മയോട് എന്ത് പറയാനാ. ആലോചിക്കുന്തോറും ആകെ ഒരു ദുരൂഹത. എന്റെ ശ്വാസഗതി ഉയർന്ന് താണുകൊണ്ടിരിന്നു.
പേപ്പറും വിരിച്ച് പിടിച്ച് അതിൽ നോക്കിയിരുന്നിട്ടും ഒന്നും എനിക്ക് വായിക്കാൻ പറ്റുന്നില്ല. എന്നാലും അതും നോക്കി എന്തൊക്കെയോ ആലോചിച്ച് ഇരുന്നു.
പെട്ടന്ന് ഒന്ന് ശ്രദ്ധിച്ചപ്പോൾ ടിവിയിലെ പാട്ടിന്റെ ഇടയിൽ കൂടെ പതിഞ്ഞ ശബ്ദത്തിൽ വേറെ ഒരു പാട്ട് ഒഴുകി വരുന്നു. ഈ പാട്ട് എവിടെയോ ഒരു കേട്ട് പരിചയം. പെട്ടന്നാണ് ഓർമ്മ വന്നത് എന്റെ മൊബൈളിലെ റിങ്ങ്ട്യൂൺ ആണ്.
വേഗം റൂമിലേക്ക് പോയി. ഫോൺ ചാർജറിൽ നിന്ന് വലിച്ചൂരി നോക്കിയപ്പോൾ വിഷ്ണു ആണ്. വിഷ്ണു ഞാൻ വർക്ക് ചെയുന്ന സ്ഥലത്തെ എന്റെ ഫ്രണ്ട് ആണ്.
അയ്യോ ഞാൻ പറഞ്ഞില്ലാലേ ഞാൻ ഒരു ഷിപ്പിൽ ആണ് വർക്ക് ചെയുന്നത്. ബിടെക്കും പഠിച്ച് വെറുതെ ഇരിക്കുമ്പോൾ സമുദ്രയെ ഒന്ന് മറക്കാൻ വേണ്ടി അങ്കിൾ പറഞ്ഞ ഒരു ഇന്റർവ്യൂന് ഒന്ന് പോയി നോക്കിയതായിരുന്നു. എന്തോ വേഗം തന്നെ ജോലിയും കിട്ടി.
അവളെ മറക്കാൻ വേണ്ടി പോയ ഞാൻ അവിടെയും തോറ്റു. അവസാനങ്ങൾ ഇല്ലാത്ത പോലെ തോന്നിച്ചിരുന്ന ആ കടൽവെള്ളത്തിൽ ഞാൻ അവളുടെ മുഖമായിരുന്നു കണ്ടിരുന്നത്.
ഇപ്പോൾ എനിക്ക് ലീവ് ആണ്. നാട്ടിൽ വന്ന് നാല് മാസം ആയി. എന്ത് വേഗമാണ് ദിവസങ്ങൾ പോകുന്നത്. ഇനി രണ്ട് മാസം കഴിയുമ്പോഴേക്കും ആ കടലിലോട്ട് വീണ്ടും പോകേണ്ടി വരും.
വിഷ്ണുവും ഞാനും ഒരുമിച്ചാണ് വർക്ക് ചെയുന്നത്. അവൻ പാലക്കാടുക്കാരനാണ്. അവൻ എന്നെ വിളിച്ചിട്ട് കുറേ നാളായി. ഞാനും ഇപ്പൊ ആരെയും വിളിക്കാറില്ല.
എന്തിനാകും ഇപ്പോൾ അവൻ എന്നെ വിളിച്ചത് എന്ന് പേടിച്ച് ഞാൻ ഫോൺ വേഗം എടുത്തപ്പോൾ അവൻ ചുമ്മാ വിളിച്ചതാണ്. കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചിരുന്നപ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം. ഫോൺ വെച്ചപ്പോഴേക്കും അടുത്ത കോൾ വന്നു. ശ്രീ ആണ്.
“ഡാ എത്ര നേരായി വിളിക്കുന്നു. ഫോൺ ബിസിയാലോ.. ആരാ അത് “
“അത് വിഷ്ണുവാ.. അവൻ ചുമ്മാ വിളിച്ചതാ.. നീ കാര്യം പറാ എന്താ വിളിച്ചേ”
“ഡാ അത് ആ സി ഐ ഇപ്പൊ വിളിച്ചിരുന്നു. ആൾ തന്നെ നമ്മോട് നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”
“എന്താ പെട്ടന്ന്.. കാര്യം വല്ലതും പറഞ്ഞോ “
“ഏയ് നാളെ രാവിലെ തന്നെ വരാൻ പറഞ്ഞ് വെച്ചു. എന്തോ കാര്യമായിട്ട് പറയാൻ ഉണ്ടെന്ന് തോന്നുന്നു. നീയും ഞാനും കൂടെ വരാനാ പറഞ്ഞേ. വേറെ ആരെയും കൂട്ടരുതെന്ന്. നീ ടെൻഷൻ ആവണ്ട. നാളെ നമ്മക്ക് എല്ലാം അറിയാം. നാളെ ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം ട്ടാ. അപ്പൊ ശരി നാളെ കാണാം.”
ഇതും പറഞ്ഞ് അവൻ ഫോൺ വെച്ചു. ഞാൻ ഓരോന്ന് ആലോചിച്ച് ടെൻഷൻ അടിച്ച് ചാവാറായി. പിന്നെ എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു.
രാവിലെ നേരത്തെ തന്നെ അവൻ വിളിച്ചു. കുറച്ച് കഴിയുമ്പോഴേക്കും അവൻ ബൈക്കും കൊണ്ട് എത്തിയിരുന്നു.
ഒറ്റപ്പാലം ആണ് ആ സി ഐ ടെ വീട്. അത്ര ദൂരം ഒന്നുല്ല ഒരു എട്ട് പത്ത് കിലോമീറ്റർ. വേഗം തന്നെ അവിടെ എത്തി. ശ്രീ മുൻപ് പോയിട്ടുള്ളത് കൊണ്ട് അവനെ കറക്റ്റ് വഴിയറിയാം. ഒരു ഇടവഴിയിൽ കൂടെ വളഞ്ഞും തിരിഞ്ഞും കുറേ പോയി ഒരു ഇരുനില വീടിന്റെ മുൻപിൽ അവൻ ബൈക്ക് നിർത്തി.
അതാണ് സി ഐ ടെ വീടെന്നും പറഞ്ഞ് അവൻ ഗേറ്റ് തുറന്നു. മുറ്റത്ത് രണ്ട് പിള്ളേർ കളിക്കുന്നുണ്ട്. അവരോട് അച്ഛൻ ഇല്ലെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നും പറഞ്ഞ് അകത്തേക്ക് കയറി പോയി. അവരുടെ പിന്നാലെ ഞങ്ങളും കയറി.
കോളിങ് ബെല്ലടിച്ചപ്പോൾ അകത്തോട്ട് പോയ പിള്ളേർ ഞങ്ങളോട് ഉള്ളിലേക്ക് വരാൻ പറഞ്ഞുന്ന് പറഞ്ഞ് പുറത്ത് ഇറങ്ങി കളിക്കാൻ പോയി.
ഞങ്ങൾ ഉള്ളിലോട്ട് കയറിയപ്പോൾ സി ഐ അവിടെ വിസിറ്റിങ് റൂമിൽ ടേബിളിൽ പരത്തിയിട്ട കുറേ പേപ്പറുകളും നോക്കിയിരിക്കാണ്. ഞങ്ങളെ കണ്ടപ്പോൾ കുറച്ച് പേപ്പർ ഒക്കെ ഒതുക്കി അടുത്തുള്ള സോഫയിൽ ഇരിക്കാൻ പറഞ്ഞു.
സി ഐ യെ നോക്കിയപ്പോൾ ആൾ ആ ഫയലിൽ എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. പെട്ടന്ന് എന്തോ കിട്ടിയ പോലെ ഒരു പേപ്പർ എടുത്ത് ഞങ്ങൾക്ക് തന്നു.
“നൊക്കൂ. ഇത് അവളുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ആണ്.”
അത് കേട്ടതും എടുക്കാൻ പോയ എന്റെ കയ്യ് ഒന്ന് വിറച്ചു. മുട്ടുകൈ തൊട്ട് താഴോട്ട് ആകെ ഒരു മരവിപ്പ് പോലെ.
തുടരും..
Click Here to read full parts of the novel