ലേബർ റൂമിന്റെ മുന്നിലെ വിസിറ്റിങ് റൂമിൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹവുമായി ഇരിക്കുന്ന ആളുകൾക്കിടയിൽ, നന്ദനും അമ്മയും അച്ഛനും ആമിത്തയും ഷഹാനക്കും കുഞ്ഞിനുമായുള്ള പ്രാർത്ഥനയും പ്രതീക്ഷകളുമായി ഇരുന്നു… അപ്പോഴാണ് രാഖി ക്ലാസ് കഴിഞ്ഞു അങ്ങോട്ട് വന്നത്. രാഖി നന്ദനെ കണ്ടതും നിറ കണ്ണുകളോടെ അവന്റെ അടുത്തു വന്നിരുന്നു. അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു…
“ഏട്ടത്തിയമ്മയെ എപ്പോഴാ ഏട്ടാ ലേബർറൂമിലോട്ട് മാറ്റിയെ….?”
“കുറച്ചു നേരമായി.. മോളെന്താ ഇത്ര വൈകിയേ…?’
“ബസ്സ് കിട്ടിയില്ല.. ഞാൻ ഒരു ഓട്ടോ പിടിച്ചാണ് വന്നത്. എനിക്ക് ഏട്ടത്തിയമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു “… അവൾ വിഷമത്തോടെ പറഞ്ഞു.
“അവൾ വരും മോളേ, എന്റെ മോൾക്ക് കളിപ്പിക്കാൻ ഒരു കുഞ്ഞുമായി “… അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
ലേബർ റൂമിന്റെ വാതിൽ ഇടയ്ക്കിടയ്ക്ക് തുറന്നും അടഞ്ഞും കൊണ്ടിരുന്നു. ഓരോ വട്ടം തുറക്കുമ്പോഴും അവിടെ ഇരിക്കുന്ന ഓരോരുത്തരും പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി. ഒരു തലയ്ക്കൽ സ്വന്തം പ്രാണൻ പ്രസവവേദന എന്ന മരണ വേദനയുമായി മല്ലിടുന്ന വേദനയുമായും മറുതലയ്ക്കൽ. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഒന്നു കാണാൻ വേണ്ടിയും….
പെട്ടന്നാണ് ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ പുറത്തോട്ട് വന്നത്. എല്ലാവരും ആകാംഷയോടെ പിടയ്ക്കുന്ന മനസ്സോടെ അവരുടെ മുഖത്തോട്ട് നോക്കി…
“ആരാണ്…. രാധികയുടെ ഹസ്ബന്റ് നിരഞ്ജൻ…?”
അതു കേട്ടതും നന്ദന്റെ നേരെ മുന്നിൽ തല കുനിച്ചു കണ്ണീരോടെ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരൻ തല ഉയർത്തി, ചാടി എഴുന്നേറ്റ് സിസ്റ്ററുടെ അടുത്തേക്ക് ചെന്നത്…
“ഞാനാണ് സിസ്റ്റർ ….”
“നിങ്ങളുടെ ഭാര്യ പ്രസവിച്ചു… ആണ്കുഞ്ഞാണ് “. അതു കേട്ടതും നിറഞ്ഞു നിന്നിരുന്ന അയാളുടെ കണ്ണുകൾ തുളുമ്പി. അയാൾ കൈ രണ്ടും കൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു.തൂവി ഒലിച്ച കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു…
“സിസ്റ്റർ എന്റെ കുഞ്ഞിനും രാധികക്കും കുഴപ്പം ഒന്നും ഇല്ലല്ലോ…?”
“കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല. കുഞ്ഞിനെ ഇപ്പോൾ പുറത്തോട്ട് കൊണ്ട് വരും. അമ്മക്ക് നല്ല ബ്ലീഡിങ് ഉണ്ട്. ബ്ലഡ് ഇനിയും വേണം. ബ്ലഡ് ബാങ്കിൽ അവയ്ലബിൾ അല്ല. ഉടൻ തന്നെ ഒരു ഡോണറെ കണ്ടു പിടിക്കണം. കിട്ടിയാൽ ഉടൻ തന്നെ ലാബിൽ പോയി ബ്ലഡ് കൊടുക്കണം “.അതും പറഞ്ഞു സിസ്റ്റർ അകത്തോട്ട് പോയി
അതു കേട്ടതും അയാളുടെ മുഖത്ത് വീണ്ടും വിഷമവും സങ്കടവും വന്നു. അയാൾ വെപ്രാളത്തോടെയും നിസഹായവസ്ഥയോടെയും അവിടെ കൂടിയിരിക്കുന്ന എല്ലാവരുടെയും മുഖത്തോട്ട് നോക്കി…. പിന്നെ അയാൾ മൊബൈൽ എടുത്തു പലരെയും വിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അയാളുടെ വിഷമം കണ്ട നന്ദൻ അയാളോട് ചോദിച്ചു….
“ആരെങ്കിലും കിട്ടിയോ…?”
“ഇല്ല. പെട്ടന്ന് ആയത് കൊണ്ട് ആരെയും കിട്ടുന്നില്ല. അവരെല്ലാം കുറച്ചു കഴിഞ്ഞു വിളിക്കാം എന്നാണ് പറയുന്നത്.. കുറച്ചു റെയർ ആയ ഗ്രൂപ്പാണ്… നിങ്ങൾക്ക് ആരെയെങ്കിലും പരിചയം ഉണ്ടോ…എന്തു വേണമെങ്കിലും കൊടുക്കാം….?” അയാളുടെ നിസഹായവസ്ഥയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ നന്ദന് ആകെ വിഷമം ആയി.കാരണം നന്ദനും അതു അനുഭവിച്ചതാണ്.നന്ദൻ അയാളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു….
“നിങ്ങൾ വിഷമിക്കാതെയിരിക്കൂ. നമുക്ക് അന്വേഷിക്കാം. ഏതാ ബ്ലഡ് ഗ്രൂപ്പ് ?”
ഓ നെഗറ്റിവ്. നന്ദന്റെ അതേ ബ്ലഡ് ഗ്രൂപ്പ്. നന്ദന്റെ മാത്രമല്ല രാഖിയുടെയും, നന്ദൻ സന്തോഷത്തോടെ പറഞ്ഞു…
“എന്റെ ഗ്രൂപ് ഓ നെഗറ്റിവ് ആണ്. ഞാൻ തരാം. അതു പോരെങ്കിൽ എന്റെ അനിയത്തിയുടെയും ഈ ഗ്രൂപ്പ് തന്നെയാണ് “.അതു കേട്ടതും അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അയാൾ നന്ദന്റെ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു.
“നിങ്ങളെ ദൈവം രക്ഷിക്കും . ഒരു നിമിഷം ഞാൻ ആകെ തളർന്നു പോയി. ആരും ഒരു സഹായത്തിനു കിട്ടാതെ”… അതു പറഞ്ഞു പൂർത്തിയാക്കാൻ അയാൾക്ക് പറ്റിയില്ല. ആ വാക്കുകൾ നിറഞ്ഞ കണ്ണുകളോടെ തൊണ്ടയിൽ കുരുങ്ങി നിന്നു….
ലേബർ റൂമിന്റെ വാതിൽ വീണ്ടും തുറന്നു. സിസ്റ്ററുടെ കയ്യിൽ അയാളുടെ കുഞ്ഞും ഉണ്ടായിരുന്നു.സിസ്റ്റർ കുഞ്ഞിനെ അയാളുടെ കയ്യിൽ കൊടുത്തു.കുഞ്ഞിനെ കയ്യിൽ കിട്ടിയതും അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, അയാൾ കണ്ണീരോടെ കുഞ്ഞിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അവൻ അയാളുടെ കയ്യിൽ കിടന്നു പതിയെ അവന്റെ കുഞ്ഞി കണ്ണുകൾ തുറന്നു അയാളുടെ മുഖത്തേക്ക് നോക്കി.കുഞ്ഞിനെ കണ്ട നന്ദനും ഒരുപാട് സന്തോഷം ആയി… അയാൾ സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെ നന്ദനോട് പറഞ്ഞു…
“അഞ്ചു വർഷം നോയമ്പും വഴിപാടും കൊണ്ടു നടന്നു കിട്ടിയ എന്റെ മുത്താണ് ഇത് “…അതും പറഞ്ഞു അയാൾ കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചു…
സിസ്റ്റർ കുഞ്ഞിനെ തിരിച്ചു വാങ്ങിച്ചു കൊണ്ട് പറഞ്ഞു… കുറച്ചു വിഷമത്തോടെ പറഞ്ഞു…
“നിങ്ങളെ ഭാര്യക്ക് കുറച്ചു സീരിയസ് ആണ്. ബ്ലീഡിങ് നിൽക്കുന്നില്ല…ICU വിലോട്ട് മാറ്റുകയാണ് “.
അതു കേട്ടതും അയാൾക്ക് എന്താ ചെയ്യണ്ടതെന്നു അറിയാതെ ആയി. അയാൾ പിടക്കുന്ന മനസ്സുമായി നന്ദനെ നോക്കി…
“ഞാനിപ്പോ എന്താ ചെയ്യാ…..?”
കുറച്ചു സമയത്തിനുള്ളിൽ തന്നെ രാധികയെ ഓക്സിജനൊക്കെ കൊടുത്തു ഒരു സ്‌ട്രെച്ചറിൽ ഡോക്ടർമാരുടെ അകമ്പടിയോടെ icu വിലോട്ട് മാറ്റി… നന്ദൻ ലാബിൽ പോയി ബ്ലഡ് കൊടുത്തു വന്നപ്പോഴാണ്… അച്ഛൻ പറഞ്ഞത്. ഷഹാനക്ക് സർജറി വേണം എന്ന് ഡോക്ടർ പറഞ്ഞു എന്നും സർജറിക്കുള്ള പേപ്പറിൽ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞു എന്നും.
ഷഹാനയെ ഓപ്പറേഷൻ തിയേറ്ററിലോട്ടു മാറ്റി.. സെഡേഷൻ കൊടുത്തത് കൊണ്ട് അവൾ മയക്കത്തിൽ ആയിരുന്നു…
ഒരു സിസ്റ്റർ വന്നു ഒരു ഫോം നന്ദന്റെ കയ്യിൽ കൊടുത്തു പറഞ്ഞു….
“ഇതു വായിച്ചിട്ട് ഇതിൽ ഒന്നു ഒപ്പിടണം “.
നന്ദൻ ആ പേപ്പർ വായിച്ചു.. സർജറിക്കിടയിൽ അമ്മയ്ക്കോ കുഞ്ഞിനോ ജീവൻ നഷ്ടപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ അതിന് ഹോസ്പിറ്റൽ മാനേജ്‌മെന്റോ ഡോക്ടർമാരോ ഉത്തരവാദികൾ അല്ല. എല്ലാം നിങ്ങളുടെ സമ്മതപ്രകാരമാണ്…. നന്ദൻ വായിച്ചതിനു ശേഷം തകർന്ന മനസ്സോടെ അച്ഛനെ നോക്കി. അച്ഛൻ അവന്റെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു. നന്ദൻ പേപ്പറിൽ ഒപ്പിടുമ്പോൾ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഒപ്പിട്ട പേപ്പർ സിസ്റ്ററെ ഏല്പിച്ചു സിസ്റ്റർ അകത്തോട്ട് പോയതും തിയേറ്ററിന്റെ മുകളിലത്തെ പച്ച ലൈറ്റ് കത്തി…… പിന്നെ അവിടെ ഒരു മൂകത മാത്രം ആയിരുന്നു. നന്ദൻ വാടി തളർന്നുകൊണ്ടു തിയേറ്ററിന്റെ ചുമരിൽ ചാരി നിന്നു…
കുറച്ചു സമയങ്ങൾക്ക് ശേഷം തിയേറ്ററിന്റെ മുകളിലത്തെ പച്ച ലൈറ്റ് കെട്ടു. അൽപ സമയത്തിനുള്ളിൽ. സിസ്റ്റർ പുറത്തേക്ക് വന്നു പറഞ്ഞു…
“ഷഹാനയുടെ സർജറി കഴിഞ്ഞു.. പെണ്കുഞ്ഞാണ് “…അതു കേട്ടതും എല്ലാവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
“ഞങ്ങളുടെ മോൾക്കും കുഞ്ഞിനും കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ… അച്ഛൻ സിസ്റ്ററോട് ചോദിച്ചു….
“അതൊക്കെ ഡോക്ടർ പറയും. ഡോക്ടർ ഇപ്പൊ പുറത്തോട്ട് വരും “.ഡോക്ടർ പുറത്തോട്ട് വന്നതും അച്ഛൻ ചോദിച്ചു…
“എന്റെ മക്കൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ഡോക്റ്റർ ?”ഡോക്ടറുടെ മറുപടിക്കായി എല്ലാവരും പേടിച്ച മനസ്സാലെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി….
“ഇല്ല കുഴപ്പം ഒന്നും ഇല്ല. ഇപ്പൊ സെഡേഷനിൽ ആണ്.. കുറച്ചു സമയത്തിന് ശേഷം റൂമിലോട്ട് മാറ്റും.. പിന്നെ കുഞ്ഞിന് തൂക്കം വളരെ കുറവാണ്… അതുകൊണ്ടു ഒരു 4 ദിവസം ഇവിടെ കിടക്കേണ്ടി വരും. എല്ലാം ശുഭമായി തീർന്നതിന് ദൈവത്തിനോട് നന്ദി പറയൂ “… അതു കേട്ടതും… എല്ലാവരും കൈ കൂപ്പി ദൈവത്തിനോട് നന്ദി പറഞ്ഞു. ആ വാർത്ത കേട്ടതും നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…
അൽപ സമയത്തിനുള്ളിൽ ടർക്കിയിൽ പൊതിഞ്ഞു അവരുടെ ഓമന കണ്മണിയെ സിസ്റ്റർ അമ്മയുടെ കയ്യിൽ ഏല്പിച്ചു. ‘അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയതും പള്ളിയിൽ ബാംഗ് വിളിച്ചതും ഒരുമിച്ചായിരുന്നു… എല്ലാവരും അവളുടെ കുഞ്ഞി കയ്യിലും കാലിലും എല്ലാം ഉമ്മവെച്ചു. അവൾ കണ്ണു തുറന്നു എല്ലാവരെയും നോക്കി. അച്ഛൻ അവളുടെ കുഞ്ഞു വായയിൽ തേനും വയമ്പും ചലിച്ചത് തൊട്ടു കൊടുത്തു വായിൽ മധുരം തട്ടിയതും അവൾ അത് ഞൊട്ടി നുണഞ്ഞു ഇറക്കി..അമ്മ കുഞ്ഞിനെ നന്ദന്റെ കയ്യിൽ കൊടുത്തു. നന്ദൻ അവളെ കയ്യിലെടുത്തതും അവന്റെ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ ഉറ്റി വീണു. അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു ഈശ്വരമ്മാരോട് നന്ദി പറഞ്ഞു. നന്ദന്റെ ആഗ്രഹപ്രകാരം ഒരു പെണ്കുഞ്ഞിനെ തന്നെ അവന് കിട്ടി.. പക്ഷെ അവളുടെ കണ്ണുകൾ വെള്ളാരം കണ്ണല്ലായിരുന്നു. ഷഹാനയുടെ കണ്ണുപോലത്തെ നല്ല തിളക്കമുള്ള കാഴ്ചയുള്ള കണ്ണുകളായിരുന്നു….
മയക്കത്തിൽ നിന്നും ഉണർന്ന ഷഹാന ആദ്യം ചോദിച്ചത് നന്ദനെയാണ്.. നന്ദൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു അവളുടെ നെറ്റിയിൽ ആധരംഅമർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തുളുമ്പി ഒലിച്ച കണ്ണുനീർ തുടച്ചു കൊണ്ട് നന്ദൻ അവളുടെ വലത്തെ സൈഡിൽ കിടത്തിയ കുഞ്ഞിനെ എടുത്തു അവളുടെ മാറത്തു കിടത്തി കൊടുത്തു. അവൾ ഒരു കരച്ചിലോടെ നിറഞ്ഞു തുളുമ്പിയ വെളിച്ചമില്ലാ കണ്ണുകളുമായി കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചു തുരു തുരാ ഉമ്മ വെച്ചു. എന്റ പൊന്നുമോൾ എന്നും പറഞ്ഞു കൊണ്ട്. അതു കണ്ട ചുറ്റും കൂടിനിൽക്കുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി…. പിന്നെ അവൾ നന്ദനെ അടുത്തേക്ക് വിളിച്ചു കൊണ്ട് ചോദിച്ചു….
“നന്ദേട്ടാ നമ്മുടെ മോളെ കണ്ണ് എന്റ നന്ദേട്ടന്റെ കണ്ണു പോലെ വെള്ളാരം കണ്ണാണോ “..അതു കേട്ട നന്ദൻ അവളുടെ അടുത്തിരുന്നു വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു….
“അല്ല വാവേ നമ്മുടെ മോളുടെ കണ്ണുകൾ എന്റെ വാവയുടെ കണ്ണുകളെ പോലെയുള്ള തിളക്കമുള്ള നല്ല വെളിച്ച മുള്ള കണ്ണുകളാണ്…” അതു കേട്ടതും വീണ്ടും അവളുടെ തൊണ്ട ഇടറി അവളുടെ മുഖത്ത് വിഷമം തിങ്ങി നിറഞ്ഞു…
“എന്റെ നന്ദേട്ടന് നന്ദേട്ടന്റെ കണ്ണുകളെ പോലത്തെ ഒരു വെള്ളാരം കണ്ണുള്ള മോളെ തരാനായിരുന്നു. എനിക്ക് ആഗ്രഹം. എനിക്ക് അതിന് കഴിഞ്ഞില്ല “.. അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…അതു കണ്ട നന്ദൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഇതാപ്പോ നന്നായെ എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ മോളുടെ ഈ കണ്ണുകളാണ്.. എന്റെ വാവയുടെ കണ്ണുകളെ പോലത്തെ ഈ കണ്ണുകൾ “.. അതും പറഞ്ഞു അവൻ അവളെ അവന്റെ മാറോട് ചേർത്തു പിടിച്ചു….അതു കേട്ടതും അവൾക്ക് സന്തോഷായി…
പിന്നെ അവൾ അച്ഛനെ വിളിച്ചു അച്ഛനോട് ആവേഷത്തോടും സന്തോഷത്തോടും പറഞ്ഞു….
“അച്ഛാ ഞാൻ കുഞ്ഞിന് ഒരു പേര് കണ്ട് വെച്ചിട്ടുണ്ട് ഇവൾ പെണ്ണാണെങ്കിൽ ഇടാൻ വെച്ച ഒരു പേര്. ആ പേര് അച്ഛൻ തന്നെ ഇപ്പോൾ ഇവളുടെ കാതിൽ ചൊല്ലണം.. ഇവൾ ജനിക്കുന്നതിന് മുന്നേ ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചതാണ്. ഇവളെ അച്ഛന്റെ മടിയിൽ കിടത്തി അച്ഛൻ ഇവളെ പേര് ചൊല്ലി വിളിക്കണം എന്ന്….”
അതു കേട്ടതും അച്ഛന്റെ മനസ്സ് നിറഞ്ഞു..അച്ഛൻ അവളുടെ അടുത്തു ചെന്ന് അവളുടെ ശിരസ്സിൽ തലോടി കൊണ്ട് നിറകണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു……
“അച്ഛന് സന്തോഷായി. സാധാരണ കുഞ്ഞിന് പേരിടൽ മാസങ്ങൾ കഴിഞ്ഞിട്ടാണ്. പക്ഷെ എന്റെ മോളുടെ ആഗ്രഹം ഇവൾക്ക് ഇപ്പോൾ പേരിടണം എന്നാണെങ്കിൽ അച്ഛൻ അതു നടത്തി തരും. പറ എന്താ എന്റ മോള് ഇവൾക്ക് കണ്ട് വച്ച പേര്…”
“അവൾ എല്ലാവരെയും നിറമില്ലാ കണ്ണുകളുമായി നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു….
“പറയട്ടെ ഞാൻ ആ പേര് “….. അതു കേട്ടതും എല്ലാവരും ഒരേ സ്വരത്തിൽ ആവേഷത്തോടെയും ആകാംഷയോടെയും സന്തോഷത്തോടെയും പുഞ്ചിരിച്ചു കൊണ്ട് പറയാൻ പറഞ്ഞു….അതു കേട്ടതും അവൾ ഒരു ആവേശത്തോടെ പറഞ്ഞു…..
“നന്ദന…. നന്ദനാ നന്ദൻ…. ഈ പേരാണ് ഞാൻ എന്റെ മോൾക്ക് കണ്ടു വെച്ചിരുന്നത്… എന്റെ നന്ദേട്ടന്റെ പേര്… എന്റെ ജീവിതത്തിൽ ഏറ്റവും വിലമതിക്കാത്ത ഒന്നാണ് എന്റെ നന്ദേട്ടൻ. ഈ പൊട്ടകണ്ണിക്ക് കിട്ടിയ പടച്ചവന്റെ തുല്യമായ സമ്മാനം.. ആ നന്ദേട്ടന്റെ പേരാണ് ഞാൻ എന്റെ മോൾക്ക് കണ്ടു വെച്ചിരുന്നത് “….. അതു കേട്ടതും നന്ദന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……
ഷഹാന കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തു.. അച്ഛനും അമ്മയും നിലത്ത് ചമ്രം പടിഞ്ഞു ഇരുന്നു. ഒപ്പം നന്ദനും ഇരുന്നു. ആമിത്തയും രാഖിയും ഷഹാനയുടെ കൂടെ ഇരുന്നു സന്തോഷത്തോടെ അതു നോക്കിയിരുന്നു… ‘അമ്മ അച്ഛന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്തു.. അച്ഛൻ അവളെ കൈക്കുമ്പിളിൽ കോരിയെടുത്തു ചുണ്ട് അവളുടെ കുഞ്ഞി കാതിനോട് ചേർത്തു പിടിച്ചു പതിയെ മൂന്നു വട്ടം നന്ദന എന്ന് ചൊല്ലി വിളിച്ചു. ആ വിളി അവൾ കേട്ടതും അവൾ അച്ഛന്റെ കയ്യിൽ കിടന്നു ഒന്നു പുഞ്ചിരിച്ചു… പിന്നെ നന്ദനും അമ്മയും ഷഹാനയും ആമിത്തയും രാഖിയും എല്ലാം അവളെ പേര് ചൊല്ലി വിളിച്ചു……………………
പിറ്റേ ദിവസം നന്ദനെ ഡോക്ടർ ക്യാബിനിലോട്ട് വിളിപ്പിച്ചു… നന്ദന്റെ മനസ്സിൽ ഭയം വീണ്ടും ഉരുണ്ടു കൂടി. എന്തിനായിരിക്കും ഡോക്ടർ വിളിച്ചത്. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഷഹാനക്ക്….
നന്ദനും അച്ഛനും ഡോക്ടറുടെ അടുത്തോട്ട് പോയി….
“എന്തിനാ ഡോക്ടർ വിളിപ്പിച്ചത്. ഷഹാനക്കോ കുഞ്ഞിനോ എന്തെങ്കിലും പ്രശ്നം ഉണ്ടോ… ? “അതു കേട്ടതും ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….
“ഇല്ല അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ല… ഞാൻ നിങ്ങളോട് ഒരു കാര്യം പറയാനാണ് വിളിപ്പിച്ചത് “….
അവർ ഒന്നും മനസ്സിലാകാതെ ഡോക്ടറെ നോക്കി….
“ഇന്നലെ മിസ്റ്റർ നന്ദൻ ബ്ലഡ് കൊടുത്ത ഒരു പെണ്കുട്ടി ഉണ്ടല്ലോ രാധിക…ആ കുട്ടി മരിച്ചു “.. ആ വാർത്ത കേട്ടതും നന്ദന്റെ ഉള്ളിൽ ഒരു സ്ഫോടനം ഉണ്ടായി. നന്ദന് തന്റെ ദേഹം മൊത്തം തളരുന്ന പോലെ തോന്നി… നന്ദൻ ഇരിക്കുന്ന കസേരയിൽ നിന്നും ചാടിയെണീറ്റു ചോദിച്ചു…
“എപ്പോഴാണ് ഡോക്റ്റർ രാധിക മരിച്ചത്..അതു ചോദിക്കുമ്പോൾ അവന്റെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു “… നന്ദന്റെ മനസ്സിലൂടെ നിരഞ്ജന്റെ ദയനീയ അവസ്ഥയിൽ ഉള്ള മുഖവും ആ ചോര കുഞ്ഞിന്റെ മുഖവും രാധികയുടെ മുഖവും എല്ലാം മിന്നി മറഞ്ഞു…
“ഇപ്പൊ കുറച്ചു മുന്നേ ഒരു മണിക്ക്യൂർ ആയികാണും എന്തു ചെയ്യാം. എല്ലാം ദൈവത്തിന്റെ ഓരോ വികൃതികൾ. പാവം പെണ്കുട്ടി. ആ കുഞ്ഞിന്റെ മുഖം പോലും ആ കുട്ടിക്ക് നല്ല പോലെ ഒന്നു കാണാൻ പറ്റിയില്ല.” അതു പറയുമ്പോൾ ഡോക്റ്ററുടെ കണ്ണും നിറഞ്ഞിരുന്നു….. “ഞാൻ നിങ്ങളെ വിളിപ്പിച്ചത് വേറെ ഒരു കാര്യം പറയാനാണ്. ഇപ്പൊൾ പറയാൻ പാടില്ലാത്ത ഒന്നാണ്… മരിച്ച ആ കുട്ടിയുടെ കണ്ണുകൾ ദാനം ചെയ്യാം എന്ന് ആ കുട്ടി എഴുതി ഒപ്പിട്ടു കൊടുത്തിരുന്നത്രെ. നിങ്ങൾ ആ കുട്ടിയുടെ ഹസ്ബന്റുമായി ഒന്നു സംസാരിച്ചാൽ ചിലപ്പോൾ നിങ്ങളുടെ ഭാര്യക്ക് ആ കുട്ടിയുടെ കണ്ണുകളിലൂടെ ഈ ലോകം കാണാം.അയാൾ തയ്യാറാണ്.. കാരണം അവളുടെ അവസാനത്തെ ആഗ്രഹം അതായിരുന്നത്രെ… മരിക്കുമ്പോൾ ആണെങ്കിലും ഒരു പുണ്യ കർമം ചെയ്തിട്ട് ഈ ലോകം വിട്ട് പോകണം എന്നായിരുന്നത്രെ ആ കുട്ടിയുടെ അവസാനത്തെ ആഗ്രഹം. അതറിഞ്ഞപ്പോൾ തന്നെ ഞാൻ ആ കുട്ടിയുടെ ഹസ്ബന്റ് മായി നിങ്ങളുടെ കാര്യം സംസാരിച്ചിരുന്നു. അയാൾ കൊടുക്കാം എന്ന് സമ്മതിച്ചിട്ടും ഉണ്ട്. ഇനി നിങ്ങളും കൂടി ഒന്നു സംസാരിച്ചാൽ മതി…ഞാൻ അയാളെ ഇങ്ങോട്ട് വിളിപ്പിക്കാം “….
ഡോക്റ്റർ സിസ്റ്ററെ വിട്ടു അയാളെ വിളിപ്പിച്ചു. സിസ്റ്റർ അയാളെ കൂട്ടിക്കൊണ്ടു വന്നു…
നന്ദൻ നോക്കിയപ്പോൾ അയാളുടെ കയ്യിൽ അയാളുടെ കുഞ്ഞും ഉണ്ടായിരുന്നു. അയാൾ കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചാണ് കൊണ്ടു വന്നത്. അതു കണ്ടപ്പോൾ നന്ദന്റെ സങ്കടം ഇരട്ടിച്ചു..ഡോക്ടർ അയാളോട് ഇരിക്കാൻ പറഞ്ഞു.അയാൾ നന്ദനേയും അച്ഛനെയും നോക്കി. അയാളുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല നന്ദന്… അയാൾ വാടി തളർന്നു ആകെ അവശനായിരുന്നു.
“നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്കറിയാം. പക്ഷെ നിങ്ങളുടെ ഭാര്യയുടെ അവസാനത്തെ ആഗ്രഹം, അത് നടത്തണ്ടേ.. അവയവദാനം മഹാദാനം എന്നല്ലേ. അതിനാത്രം പുണ്യം വേറെ ഒന്നും ഇല്ല ഭൂമിയിൽ. അതു നിങ്ങളുടെ ഭാര്യക്ക് നല്ല പോലെ അറിയാം അതു കൊണ്ടാണ് അവൾ മരിക്കുന്നതിന് മുന്നേ ഇങ്ങനെ ഒരു തീരുമാനം എടുത്തത്…ഇയാളുടെ ഭാര്യക്കാണ് ഞാൻ പറഞ്ഞിരുന്നത് “.
അതു കേട്ടതും അയാൾ തൊണ്ട ഇടറി കൊണ്ട് പറഞ്ഞു..
“അറിയാം ഡോക്റ്റർ എന്റെ രാധുവിന് അവസാനമായി രക്തം കൊടുത്തത് നന്ദനാണ്.. അതിന് പതില് അവൾ അവളുടെ കണ്ണുകൾ തന്നെ ഇപ്പോൾ ഇവർക്ക് കൊടുക്കുന്നു. അത്രക്കും വലിയ മനസ്സാണ് എന്റെ രാധുവിന്റേത്. കൊടുക്കാം സാർ അവളുടെ അവസാനത്തെ ആഗ്രഹമാണ്… അവളെ ഞാൻ അവളുടെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു വന്നതിന് ശേഷം ഇന്നേവരെ അവൾ ഒരു ആഗ്രഹവും എന്നോട് പറഞ്ഞിട്ടില്ല. അവളുടെ അച്ഛനെയും അമ്മയെയും പോലും ഒരു വട്ടം കാണണം എന്ന് പോലും അവൾ എന്നോട് പറഞ്ഞിട്ടില്ല. എന്നിട്ടും ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടു പോകാം എല്ലാവരെയും കാണിക്കാം ഞാൻ അവരോട് മാപ്പ് പറയാം എന്ന് പറഞ്ഞപ്പോഴും അവൾ പറഞ്ഞത്. അനാഥനായ എന്നെ അംഗീകരിക്കാത്ത അവരെ അവൾക്ക് വേണ്ടാ എന്നാണ്..ആദ്യമായിട്ടും അവസാനമായിട്ടും അവൾ എന്നോട് പറഞ്ഞ ഒരേ ഒരു ആഗ്രഹം ഇതാണ്. അവൾ എന്നെയും എന്റെ മോനെയും വിട്ടു പോയില്ലേ ഇനി അവളുടെ കണ്ണുകൾ ഞങ്ങൾക്ക് എന്തിനാ..അവളുടെ കണ്ണുകൾ വേറെ ഒരാൾക്ക് വെളിച്ചം ആകുന്നത് ഒരു പുണ്യം അല്ലെ. അവരുടെ പ്രാർത്ഥനയും അവൾക്ക് കിട്ടുമല്ലോ., അവൾക്ക് വീണ്ടും ഈ ലോകം കാണാൻ പറ്റുന്നതിന് തുല്യമല്ലെ അത് “…. അതു പറഞ്ഞു തീർന്നപോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. സ്വരം ഇടറിയിരുന്നു… അതു കണ്ട നന്ദന്റെയും അച്ഛന്റെയും ഡോക്റ്ററുടെയും കണ്ണുകളെല്ലാം നിറഞ്ഞു…പിന്നെ ഡോക്റ്റർ പറഞ്ഞു…
“ഈ വിഷമഘട്ടത്തിലും നിങ്ങളുടെ ഈ ഉറച്ച വലിയ മനസ്സുണ്ടല്ലോ അതാണ് ഇനിയും നിങ്ങൾക്ക് വേണ്ടത്. നഷ്ട പെട്ടതിനെ ഓർത്തു ഒരിക്കലും വിഷ്‌മിക്കരുത് എന്ന് ഞാൻ പറയില്ല നിങ്ങളുടെ പാതിയാണ് പോയത്. എന്നാലും എല്ലാം നിങ്ങൾ സഹിക്കണം നിങ്ങളുടെ ഈ കുഞ്ഞിന് വേണ്ടി. നമ്മൾ എല്ലാവരും ഒരു ദിവസം ഇവിടം വിട്ട് പോകും. ഇതു ഒരു ചാറ്റൽ മഴയത്ത് മഴ നനയാതെ ഇരിക്കാൻ കയറി നിൽക്കുന്ന ഒരു ഇടത്താവളം മാത്രമാണ്… അവൾ ഈ ഇരുണ്ട ലോകത്ത് നിന്ന് കുറച്ചു നേരത്തെ പോയന്ന് മാത്രം.. ഈ ഒരു അവയവദാനം നാളെ ചരിത്രത്തിൽ തന്നെ ഒരു ഏടായി മാറും “.
അതും പറഞ്ഞു ഡോക്ടർ അയാളുടെ കയ്യിൽ പിടിച്ചു….
ഡോക്ടറുടെ ക്യാമ്പനിൽ നിന്നും പുറത്തോട്ട് വന്നതും നന്ദൻ അയാളുടെ കൈകളിൽ പിടിച്ചു കണ്ണീരോടെ നന്ദി അറിയിച്ചു….
“ഈ വിഷമഘട്ടത്തിലും. ഇങ്ങനെ ഒരു പുണ്യം ഞങ്ങൾക്ക് ചെയ്തു തന്ന നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. നിങ്ങളും രാധികയും ഇപ്പോൾ ഞങ്ങൾക്ക് ഈശ്വരന് തുല്യമാണ്. ഞാനും എന്റെ ഭാര്യയും കുഞ്ഞും എന്റെ കുടുംബവും എല്ലാം നിങ്ങളോട് എന്നും കടപെട്ടിരിക്കും. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയിലും ഞങ്ങൾ നിങ്ങളെ ഉൾപ്പെടുത്തും മരണം വരെ.. ഇതിന് പ്രത്യുപകാരമായി എന്താ ഞാൻ നിങ്ങൾക്ക് തരാ. എന്ത് തന്നാലാണ് ഇതിന് പകരമാകാ…”
അതു കേട്ടതും നിറഞ്ഞ കണ്ണുകളോടെയും നിറഞ്ഞ മനസ്സോടെയും അയാൾ ഒന്നു മാത്രമേ നന്ദനോട് ആവശ്യപ്പെട്ടൊള്ളൂ….
“എന്റെ കുഞ്ഞിന് അവന്റെ അമ്മയുടെ കണ്ണ് കാണണം എന്ന് തോന്നുമ്പോൾ അവൻ നിങ്ങളുടെ അടുത്തേക്ക് വരും ആ ആഗ്രഹം മാത്രം നിരസിക്കരുത്.. അവന്റെ അമ്മയുടേതായിട്ട് ഈ ഭൂമിയിൽ ഇനി ഉള്ളത് ആ രണ്ട് കണ്ണുകൾ മാത്രമാണ്…. വല്ലപ്പോഴും അവൻ ആ കണ്ണുകളിൽ നോക്കി അമ്മേ എന്നു വിളിക്കുമ്പോൾ ആ വിളി നിങ്ങൾ കേൾക്കാതിരിക്കരുത്. അവന് അങ്ങനെ വിളിക്കാൻ ഈ ഭൂമിയിൽ വേറെ ആരും ഇല്ല.. അവനു അങ്ങനെ വിളിക്കാൻ നിങ്ങളുടെ ഭാര്യയോളം അവകാശം വേറെ ആരെയും ഇല്ല ” അതു പറയുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്നു ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു…ഇതു മാത്രം മതി എനിക്ക് പ്രത്യുപകാരമായി “… അതും പറഞ്ഞു അയാൾ നടന്നു നീങ്ങി…
പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആ ഹോസ്പിറ്റലിലെ ഒരു കണ്ണു സ്പെഷ്യലിസ്റ്റ് സർജൻ തന്നെ രാധികയുടെ കണ്ണുകൾ ഷഹാനയുടെ കണ്ണിൽ വെച്ചു പിടിപ്പിച്ചു. ഷഹാന ആദ്യമായിട്ട് ഈ ലോകം കാണാൻ പോകുന്നു…
ആഴ്ചകൾക്ക് ശേഷം…… ഇന്ന് ഷഹാനയുടെ കണ്ണിലെ കെട്ടഴിക്കുന്ന ദിവസമാണ്.എല്ലാവരും ഷഹാനയുടെ ചുറ്റും കൂടി നിന്നു. മുൻനിരയിൽ തന്നെ നന്ദൻ നിന്നിരുന്നു. അവളുടെ അരികത്തായിട്ട് . ഡോക്ടർ ഷഹാനയുടെ കണ്ണുകളിലെ കെട്ട് പതുക്കെ അഴിച്ചു.
“ഷഹാന ഇനി പതുക്കെ കണ്ണു തുറക്കൂ…”.
അതു കേട്ടതും ഷഹാന പതുക്കെ കണ്ണുകൾ തുറന്നു… അവളുടെ കണ്ണുകളിൽ പ്രകാശം സൂചി കണക്കെ കുത്തികയറുന്ന പോലെ അവൾക്കു തോന്നി. അവൾ കണ്ണുകൾ വീണ്ടും ഇറുക്കി അടച്ചു. അതു കണ്ട ഡോക്ടർ കണ്ണുകൾ വീണ്ടും തുറക്കാൻ പറഞ്ഞു.അവൾ പതുക്കെ തുറന്നു… എല്ലാം ഒരു മങ്ങിയ വെളിച്ചത്തിൽ അവൾ കാണാൻ തുടങ്ങി. അവൾ എല്ലാവരെയും നോക്കി..അവൾക്ക് ആരെയും വ്യക്തമായി മനസ്സിലായില്ല. അതു കണ്ട ഡോക്ടർ അവളോട് ചോദിച്ചു ;
“ഇത് ആരൊക്കെയാണെന്ന് മനസ്സിലായോ ഷഹാനക്ക്…”
അതു കേട്ടതും അവളുടെ മുഖത്തേക്ക് നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്ന നന്ദനെ നോക്കി കൊണ്ട് ഇടറുന്ന സ്വരത്തിൽ പറഞ്ഞു.. എന്റെ നന്ദേട്ടൻ… അതു കേട്ടതും നിറഞ്ഞ കണ്ണുകളോടെ നന്ദൻ അവളെ വിളിച്ചു വാവേ എന്ന്….
പിന്നെ അമ്മ കുഞ്ഞിനെയും കൊണ്ട് അവളുടെ അരികിൽ ഇരുന്നു. അവൾ ആദ്യമായി അവളുടെ കുഞ്ഞിനെ കണ്ടു അവൾ കുഞ്ഞിനെ തുരു തുരാ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു. ” എന്റെ കുഞ് “. അവൾ അമ്മയുടെ നെഞ്ചിൽ തലചായിച്ചു കൊണ്ട് “‘അമ്മ എന്ന് വിളിച്ചു. ആ വിളികേട്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തൂവി ‘അമ്മ അവളുടെ ശിരസ്സിൽ ഉമ്മവെച്ചു. പിന്നെ ആമിത്തയെ നോക്കി വിളിച്ചു. എന്റെ ആമിത്ത എന്റെ ഉമ്മ. അതു കേട്ടതും ആമിത്തയുടെ കണ്ണും മനസ്സും നിറഞ്ഞു. പിന്നെ അച്ഛനെയും രാഖിയെയും ഓരോരുത്തരെയും ശബ്ദം മനസ്സിലാക്കി പേര് വിളിച്ചു.അവരെല്ലാം വാത്സല്യത്തോടെ സ്നേഹം കൊണ്ട് അവളെ പൊതിഞ്ഞു… പിന്നെ അവൾ ഒരാളെയും കൂടി അന്വേഷിച്ചു വേറെ ആരെയും അല്ല… അവൾക്ക് കണ്ണു കൊടുത്ത രാധികയുടെ ഭർത്താവ് നിരഞ്ജനേയും കുഞ്ഞിനെയും… അവൾ അവൾക്ക് അവരെ കാണണം എന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി.
ആമിത്തയെ നന്ദൻ വീട്ടിൽ കൊണ്ടു വിടാൻ നിന്നതും ഷഹാന ആമിത്തയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു… ആമിത്തയെ നിറഞ്ഞ മനസ്സോടെ എല്ലാവരും യാത്രയാക്കി.. ആമിത്തയെ വീട്ടിൽ കൊണ്ടു വിട്ട് നന്ദൻ തിരിച്ചു വന്നതും എല്ലാവരും കൂടി നേരെ പോയത്, നിരഞ്ജനേയും കുഞ്ഞിനെയും കാണാൻ ആയിരുന്നു…
അവൾ നിരഞ്ജന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി നിന്ന് നന്ദി അറിയിച്ചു. പിന്നെ നിരഞ്ജന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തുരു തുരെ ഉമ്മ വെച്ചു കൊണ്ട് കുഞ്ഞിനെയും കൊണ്ട്, രാധികയുടെ കുഴിമാടത്തിൽ നിന്നു നിറ കണ്ണുകളോടെ പറഞ്ഞു…
“നിന്റെ കുഞ്ഞു ഒരിക്കലും അമ്മയില്ലാതെ വളരില്ല. ഇനി ഇവന്റെ അമ്മ ഞാനാണ്… എനിക്ക് ഇനി രണ്ട് മക്കളാണ്….”
അപ്പോഴാണ് കുഞ്ഞു അവളുടെ കയ്യിൽ കിടന്നു വിശന്ന് കരഞ്ഞത്. അതു മനസ്സിലായ ഷഹാന നിരഞ്ജനോട് ചോദിച്ചു അവന് മുല കൊടുത്തോട്ടെ എന്ന്. നിരഞ്ജൻ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് നിറഞ്ഞ മനസ്സാലെ കൊടുക്കാൻ പറഞ്ഞു.. ഷഹാന അവന് മുല കൊടുത്തു. അവന്റെ ചുണ്ട് മുലയിൽ തട്ടിയതും ഷഹാന അപ്പോൾ മുതൽ അവന്റെ അമ്മയും കൂടി ആവുകയായിരുന്നു. അപ്പോഴാണ് മറ്റവളും വിശന്ന് കരഞ്ഞത്. നന്ദൻ അവളെയും ഷഹാനയുടെ കൈകളിൽ കൊടുത്തു. അവൾക്കും മുല കൊടുത്തു…. അവളുടെ രണ്ട് കരങ്ങളിൽ കിടന്നു രണ്ടു കുഞ്ഞുങ്ങളും മുല കുടിക്കുമ്പോൾ, ആ രണ്ടു കുഞ്ഞുങ്ങളുടെയും കുഞ്ഞി കൈകൾ അവർ കോർത്തു പിടിച്ചിരുന്നു… അതു കണ്ട നന്ദന്റെയും നിരഞ്ജന്റെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു… അന്ന് മുതൽ അവിടെ ഒരു ആങ്ങളയും പെങ്ങളും പിറക്കുകയായിരുന്നു… നന്ദൻ നിരഞ്ജനോട് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞു……
“നിരഞ്ജൻ ഇന്ന് മുതൽ നിങ്ങൾ എന്റെ കൂടപിറപ്പാണ്.. ഇന്ന് മുതൽ എന്റെ മകൾക്ക് ഒരു സഹോദരനെ കിട്ടി. നിന്റെ മകന് ഒരു സഹോദരിയെയും കിട്ടി….. ഇനി ഇവരായിരിക്കട്ടെ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സഹോദരങ്ങൾ….ഇനി ഇവരിലൂടെ തുടങ്ങട്ടെ നാളത്തെ നല്ല ഒരു അധ്യായം……….
ഷഹാന കുഞ്ഞിനെ നിരഞ്ജന്റെ കയ്യിൽ തിരിച്ചേല്പിക്കുമ്പോൾ അവളുടെ മാതൃത്വം വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചു ഉമ്മവെച്ചു… അതു കണ്ട നിരഞ്ജന്റെ കണ്ണും മനസ്സും നിറഞ്ഞു.. അതു കണ്ടു കൊണ്ടിരുന്ന അച്ഛന്റെയും അമ്മയുടെയും രാഖിയുടെയും കണ്ണുകൾ നിറഞ്ഞു. അവൾ കുഞ്ഞിനെ നിരഞ്ജന്റെ കയ്യിൽ മനസ്സല്ലാ മനസ്സോടെ തിരിച്ചേല്പിച്ചു…. ഇനി പിന്നൊരിക്കൽ വരാം എന്നും പറഞ്ഞു… കുറച്ചു ദിവസ്സം കഴിഞ്ഞു നിരഞ്ജനോട് കുഞ്ഞിനെയും കൊണ്ട് വീട്ടിലോട്ട് വരാനും പറഞ്ഞു. കുറച്ചു ദിവസം അവിടെ താമസിക്കണം എന്നും പറഞ്ഞു. നരഞ്ജൻ വരാം എന്ന് സമ്മതിച്ചു. നിരഞ്ജൻ അവരെ നിറഞ്ഞ മനസ്സാലെ യാത്രയാക്കി……
വീട്ടിൽ എത്തിയതും ‘അമ്മ കുഞ്ഞിനെ രാഖിയുടെ കയ്യിൽ ഏല്പിച്ചു അകത്തു പോയി ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കുമായി വന്നു ഷഹാനയുടെ വലതു കയ്യിൽ കൊടുത്തു. ആരതി ഉഴിഞ്ഞു നിറഞ്ഞ മനസ്സാലെ വലതു കാൽ വെപ്പിച്ചു അകത്തു കയറ്റി……
രാത്രി എല്ലാവരും ചിരിയും കളിയുമായി ഭക്ഷണം എല്ലാം കഴിച്ചു. ഇന്ന് ആ നാലുകെട്ടിനുള്ളിൽ ആഘോഷത്തിന്റെ രാത്രിയാണ്…… രാത്രി എല്ലാവരും മാനത്തു ഉദിച്ചു നിൽക്കുന്ന ചന്ദ്രകലയുടെ അരണ്ട വെളിച്ചത്തിൽ നടുമുറ്റത്തു കൂടിയിരുന്നു….
അപ്പോഴാണ് അച്ഛൻ ഷഹാനയോട് ഒരു ആഗ്രഹം പറഞ്ഞത്…..
“മോളേ… വാവേ.. ഇന്ന് ഞങ്ങൾക്ക് എല്ലാവർക്കും നിന്റെ ആ ഗിറ്റാർ വായന ഒന്നു കേൾക്കണം.. നന്ദു പറഞ്ഞു. മോള് നന്നായിട്ട് ഗിറ്റാർ വായിക്കും എന്ന് നിന്റെ ഒരു ഫേവറേറ്റ് പാട്ടും ഉണ്ടന്ന്….ആ പാട്ട് ഇന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഒന്നു കേൾക്കണം…. അതു കേട്ടതും അവൾ ഒരു പുഞ്ചിരിയോടെ വായിക്കാം എന്നു പറഞ്ഞു…
രാഖി അകത്തു പോയി ഷഹാനയുടെ ഗിറ്റാറുമായി വന്നു… ഷഹാന ഗിറ്റാർ വാങ്ങി എല്ലാവരെയും ഒരു പുഞ്ചിരിയോടെ നോക്കി. പിന്നെ അവൾ അവൾക്ക് ദൈവം വരാധാനമായി നൽകിയ കണ്ണുകൾ അടച്ചു പിടിച്ച് നന്ദന്റെ മാറോട് ചാരിയിരുന്നു… ഗിറ്റാറിൽ….തളിരണിഞ്ഞൊരു കിളി മരത്തിന്റെ എന്ന മിന്നാരം സിനിമയിലെ ആ ഫേവറേറ്റ് ഗാനം ഗിറ്റാറിൽ അവൾ സാഗരം തീർത്തു… ആ പാട്ട് കുഞ്ഞു നന്ദന അമ്മയുടെ മടിയിൽ കിടന്നു ആസ്വദിച്ചു… ഗിറ്റാറിൽ ഈണം ആ സായം സന്ധ്യയിൽ ആ നാലുകെട്ടിന്റെ അകത്തളങ്ങളിൽ സാഗരം കണക്കെ അലയടിച്ചു കൊണ്ടിരുന്നു……………….
#ശുഭം……?
#അവസാനിച്ചു…
#ഫൈസൽ_കണിയാരി
Wow supper ����
Thanks
😘
വളരെ നന്നായിട്ടുണ്ട്……..