സുധയുടെ അലർച്ചകേട്ടാണ് നവീനും ലാവണ്യയും കണ്ണു തുറന്നത്
എന്താമ്മേ എന്തു പറ്റി ? ലാവണ്യ അമ്മുടെ ചുമലിൽ തട്ടികൊണ്ട് ചോദിച്ചു.
മക്കളേ നിങ്ങളുടെ അച്ഛൻ…. എൻ്റെ സുധാകരേട്ടൻ….???
അച്ഛന് എന്തു പറ്റി ?
നിങ്ങളുടെ അച്ഛൻ നമ്മളെ വിട്ടു പോയി
അമ്മയോട് ആരാ പറഞ്ഞത്. ഓരോന്ന് ചിന്തിച്ചു കൂട്ടി രാത്രി ഉറങ്ങാൻ കിടക്കും അതാ ഇങ്ങനെ ഓരോ സ്വപ്നങ്ങൾ കണ്ട് അലറി വിളിക്കുന്നത്.
അപ്പോ ഞാൻ കണ്ടത് സ്വപ്നമാണോ ? മോനെ നവീനേ മോളു പറഞ്ഞത് സത്യമാണോ അച്ഛന് ആപത്ത് ഒന്നും ഇല്ലാല്ലോ അല്ലേ?
ഇല്ലമ്മേ ഞങ്ങളാരും ഒന്നും അറിഞ്ഞില്ല ഒത്തിരി നാളു കൂടി സന്തോഷമായി നല്ല സുഖമായി ഉറങ്ങുകയായിരുന്നു. അമ്മയുടെ അലറൽ കേട്ട് അത് നശിപ്പിച്ചു.
എന്നാൽ എൻ്റെ മക്കൾ ഉറങ്ങിക്കോ ഞാനിനി കിടന്നാലും ഉറങ്ങില്ല എന്നും പറഞ്ഞ് സുധ എഴുന്നേറ്റു സമയം നോക്കി
സമയം അഞ്ചരയായി ഇനി നിങ്ങളും കിടക്കണ്ട എഴുന്നേൽക്ക് രാവിലത്തെ ഭക്ഷണം കഴിച്ച ഉടൻ നമുക്ക് അച്ഛനെ കാണാൻ പോകാം
ഇന്നലെയല്ലേ നമ്മൾ അച്ഛനെ കണ്ടിട്ടു വന്നത്. ഇന്നിനി പോകുന്നില്ല. നമ്മളെ കാണുമ്പോൾ അച്ഛൻ്റെ പ്രഷർ കുടും അമ്മ പോയി നല്ലൊരു ചായ ഇട്ടോണ്ട് വാ
അതു പറഞ്ഞാ പറ്റില്ല എനിക്ക് അച്ഛനെ കാണണം
എപ്പോഴും അവിടേക്ക് ചെന്നാൽ അവരു കാണാൻ അനുവധിക്കില്ല. രണ്ടു ദിവസം കഴിഞ്ഞ് പോകാം.
സുധ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
നമ്മുടെ അച്ഛൻ ഇനി എന്നാ ചേച്ചി ഒന്നു നന്നാകുക ഇത്രയൊക്കെ സംഭവിച്ചിട്ടും അച്ഛന് ഹരിയേട്ടനോടും കുടുംബത്തോടുമുള്ള പക അവസാനിച്ചിട്ടില്ല.
അച്ഛൻ ഹരിയേട്ടനോടും കുടുംബത്തോടും ക്ഷമിച്ച് അവരെ സ്നേഹിക്കാതെ എനിക്ക് അച്ഛനേയും സ്നേഹിക്കാൻ കഴിയില്ല അത്രക്കും വെറുപ്പാ എനിക്ക് അച്ഛനോട് .
അങ്ങനെയൊന്നും പറയാതെ ചേച്ചി. അച്ഛന് ഒരു മാറ്റം വരും എനിക്കുറപ്പുണ്ട്. അമ്മക്ക് മാറ്റം വന്നില്ലേ അതുപോലെ
നമുക്ക് കാത്തിരുന്ന് കാണാം അതും പറഞ്ഞ് ലാവണ്യ തൻ്റെ നീണ്ട ഇടതൂർന്ന മുടിയും വാരിക്കെട്ടി ബെഡിൽ നിന്നെഴുന്നേറ്റു
അമ്മയോടൊപ്പം അടുക്കളയിൽ കയറി അമ്മയെ സഹായിച്ചു.
എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോളാണ് സുധയുടെ ഫോൺ ബെല്ലടിച്ചത് –
സുധ ഫോണെടുത്ത് ചെവിയോട് ചേർത്തു പിടിച്ചു
ഇത് സുധാകരൻ്റെ ഭാര്യയാണോ
അതെ ഞാൻ സുധാകരൻ്റെ ഭാര്യയാണ്. ഇത് ആരാണ്.
ഞാൻ സെൻട്രൽ ജയിലിലെ ജയിൽ സൂപ്രണ്ട് ആണ്.
എന്താ സാർ ? എൻ്റെ സുധാകരേട്ടന് എന്തെങ്കിലും ആപത്ത്? സുധ പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.
എന്താമ്മേ ?ആരാ വിളിക്കുന്നത്? എന്നു ചോദിച്ചു കൊണ്ട് നവീൻ അമ്മയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി തൻ്റെ ചെവിയോട് ചേർത്തു വെച്ചു.
ആ സമയത്താണ് നന്ദൻ്റെ ഫോൺ റിംഗ് ചെയ്തത്
നന്ദൻ ഫോണെടുത്ത് നോക്കി വിഷ്ണു ആണല്ലോ
നന്ദൻ വിഷ്ണുവിൻ്റെ കോൾ അറ്റൻ്റ് ചെയ്തു
നന്ദാ നീ അറിഞ്ഞോ ?
എന്താ വിഷ്ണു എന്താ ?
അമ്മാവന് ജയിലിൽ വെച്ച് സ്ടോക്ക് ഉണ്ടായി ഒരു വശം തളർന്നു പോയി.
നേരാണോ നീ പറഞ്ഞത്
അതെ നന്ദാ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
നന്ദേട്ടാ….. അച്ഛൻ?
നവീൻ ഫോണുമായി നന്ദൻ്റെ അടുത്തേക്ക് വന്നു.
ശരി വിഷ്ണു നീ വേണ്ടത് എന്താന്നു വെച്ചാൽ ചെയ്യ് ഞങ്ങൾ ഉടനെ എത്താം
കോൾ കട്ട് ചെയ്ത് നന്ദൻ നവീനെ ചേർത്തു പിടിച്ചു. നമുക്ക് ഉടൻ പുറപ്പെടാം ഭയപ്പെടാൻ ഒന്നും ഇല്ല. നമ്മുടെ വിഷ്ണുവിൻ്റെ അടുത്തെത്തിച്ചല്ലോ അവർ അമ്മാവനെ ഇനി അവൻ നോക്കിക്കോളും.
നന്ദൻ പോയി കൈകഴുകി വന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന സുധയുടെ അടുത്തെത്തി –
അമ്മായി സങ്കടപ്പെടാതെ അമ്മാവന് ഒന്നും വരില്ല എല്ലാം ദൈവനിശ്ചയം ആണ്.
ലാവണ്യ വേഗം അമ്മയെയും കൂട്ടി പോയി ഒരുങ്ങ് നമുക്ക് ഉടൻ പുറപ്പെടണം
ഈ സമയത്ത് ഹരിയുടെ ഫോണിലേക്ക് വിഷ്ണുവിൻ്റെ കോൾ എത്തിയത്. മറുതലയ്ക്കൽ നിന്ന് വിഷ്ണു പറഞ്ഞതു കേട്ട് ഹരിക്ക് സന്തോഷമടക്കാനായില്ല.
എന്താ ഹരിയേട്ടാ ഇത്ര സന്തോഷം ആരാ വിളിച്ചത്. ?
എടി എനിക്ക് കുറെ നാളായി സന്തോഷത്തിൻ്റെ നാളുകളാണ് ദാ ഇന്നും രാവിലെ തന്നെ സന്തോഷമുള്ള വാർത്ത
എന്താ ഹരിയേട്ടന് ഇത്ര സന്തോഷം തരുന്ന വാർത്ത എന്നോടും കൂടി പറ
അതെ എൻ്റെ അമ്മാവനില്ലേ ആ സുധാകരൻ അവനിപ്പോ എവിടാന്ന് നിനക്കറിയോ?
ഓ അതാണോ ഇത്ര വലിയ കാര്യം അയാൾ ജയിലിൽ ആയതിന് ഇപ്പോഴാണോ സന്തോഷം
ഇപ്പോ അയാൾ ജയിലിൽ അല്ലടി അതല്ലേ എൻ്റെ സന്തോഷം
അയാളെന്താ ജയിൽ ചാടിയോ
അതൊന്നും അല്ല അയാളിപ്പോ മരണത്തോട് മല്ലടിച്ച് ഒരുവശം തളർന്ന് പരസഹായം ഇല്ലാതെ ഒന്നു മൂത്രം ഒഴിക്കാൻ പോലും പറ്റാതെ എൻ്റെ വിഷ്ണുവിൻ്റെ മുന്നിൽ കിടക്കുന്നുണ്ട് ഞാൻ വർഷങ്ങളായി കാണാൻ ആഗ്രഹിച്ച കാഴ്ച ആ കാഴ്ചയൊന്നു ഞാൻ കൺകുളിർക്കെ ഒന്നു കണ്ടിട്ടു വരാം
ഹരിയേട്ടാ ഇത്ര സന്തോഷം വേണ്ട. അയാളു നമ്മളെ ഒരു പാട് ദ്രോഹിച്ച ആളു തന്നെയാ എന്നു വെച്ച് അയാളു മരിക്കാൻ കിടക്കുമ്പോൾ നമ്മൾ സന്തോഷിക്കുകയല്ല വേണ്ടത് അയാൾക്കു വേണ്ടി പ്രാർത്ഥിക്കണം
നീ ഇവിടെ ഇരുന്ന് പ്രാർത്ഥിച്ചോ ഞാൻ പോയി ആ കാഴ്ച ഒന്നു കണ്ടിട്ടു വരാം.
ഹരി കാറിൻ്റെ കീയും എടുത്ത് മുറ്റത്തേക്കിറങ്ങി.
ഹരി ആശുപത്രിയിൽ എത്തുമ്പോൾ കാർത്തിക്കും രണ്ട് പോലീസുകാരും സംസാരിച്ചുകൊണ്ട് ഐസിയുവിന് വെളിയിൽ നിൽക്കുന്നതു കണ്ടു.
മോനെ കാർത്തി
ആ ഏട്ടൻ എത്തിയല്ലോ ഇത് എൻ്റെ മൂത്ത ഏട്ടൻ ഹരി കൂടെ നിന്ന പോലീസുകാർക്ക് ഹരിയെ പരിചയപ്പെടുത്തി കൊണ്ട് കാർത്തി പറഞ്ഞു.
ഏട്ടാ അമ്മാവൻ്റ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
ബോധം ഉണ്ടോ അയാൾക്ക്.
ബോധം ഉണ്ട് സംസാരിക്കാൻ ശ്രമിക്കുന്നുണ് പക്ഷേ ഒന്നും നമുക്ക് തിരിയുന്നില്ല
ഇനി എപ്പോഴാണ് സന്ദർശന സമയം എനിക്കൊന്ന് കാണണം അങ്ങനെ
ഇനി ഉച്ചക്കേ കാണാൻ പറ്റു അപ്പോഴെക്കും അവരും എത്തും
എനിക്ക് അദ്ദേഹത്തെ ഒറ്റക്കാണ് കാണേണ്ടത്.
എന്താ ഹരി പക വീട്ടാൻ വല്ല ഉദ്ദേശ്യവും ഉണ്ടോ
ഏയ്യ് അതിനൊന്നും അല്ല സാർ …..വെറുതെ ഒന്നു രണ്ടു വാക്കുകൾ പറയണം.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് അവരെത്തിയത്.
ഹരിയെ കണ്ടതും സുധ പൊട്ടികരഞ്ഞുകൊണ്ട് ഹരിയുടെ തോളിലേക്ക് ചാഞ്ഞു.
സുധയെ ചേർത്തു പിടിച്ചു കൊണ്ട് ഹരി അടുത്ത കണ്ട കസേരയിലേക്ക് ഇരുന്നു.
മോനോടും കുടുംബത്തോടും എത്ര ദ്രോഹം ചെയ്തു ഞങ്ങൾ എന്നിട്ടും ഞങ്ങൾക്കൊരാവശ്യം വന്നപ്പോ മോനതെല്ലാം മറന്ന് ഓടി വന്നല്ലോ
എനിക്ക് വരാതിരിക്കാൻ പറ്റുമോ അമ്മായി. നിങ്ങൾ അന്ന് ആട്ടി പായിച്ചതുകൊണ്ടാണ് ഞാനിന്ന് ഇത്രയും വളർന്നത്. അമ്മാവൻ്റെ മുന്നിൽ ജയിക്കണം എന്ന വാശിയാണ് എനിക്ക് വിജയിക്കാൻ പ്രചോദനം ആയത്.
അപ്പോ മോന് അമ്മാവനോട് സ്നേഹം ഉണ്ടല്ലേ
ഇല്ല ഒരിക്കലും ഇല്ല .ഞാൻ വിജയിച്ചത് എന്തിനാന്ന് അറിയോ അയാൾ തോറ്റു പോയത് എനിക്ക് കാണാൻ വേണ്ടിയാ പിച്ചക്കാര പോലെ ഞങ്ങളെ രണ്ടു പേരെ അവിടുന്ന് ഇറക്കി വിട്ടപ്പോ താങ്ങിയ നാലു കരങ്ങൾ ഉണ്ട് അവരു അവരുടെ മക്കളോടൊപ്പം ചേർത്തിരുത്തി. മുന്തിയ പങ്ക് ഞങ്ങൾക്കു വിളമ്പി തന്ന ഒരു അച്ഛനും അമ്മയും ഞങ്ങൾക്കുണ്ട്. അവരെ തോൽപ്പിക്കാതെയിരിക്കാൻ കൂടി വേണ്ടിയാണ് ഞാൻ ജയിച്ചത്.
സുധയിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു.
മോൻ അമ്മാവനോട് ക്ഷമിക്കണം അമ്മാവന് വേണ്ടി ഞാൻ ക്ഷമ ചേദിക്കാം
എന്തിന് അന്ന് ഞങ്ങൾ രണ്ടുപേരേയും അവിടുന്ന് ആട്ടിയിറക്കി വിട്ടപ്പോൾ അമ്മാവന് കൂട്ടായി ഈ അമ്മായിയും ഉണ്ടായിരുന്നല്ലോ അന്ന് അമ്മായിക്ക് പറയാമായിരുന്നില്ലേ കൂടപ്പിറപ്പിൻ്റെ മക്കളല്ലേ അവരെ ആട്ടയോടിക്കല്ലേ ഈ ചായ്പ്പിൽ എങ്കിലും കിടന്നോളുംമെന്ന്.
അമ്മാവനും ഈ ഞാനും നിങ്ങളെ ഒത്തിരി ഉപദ്രവിച്ചു. അതെല്ലാം മറന്നുകള മക്കളെ
ഞാനൊന്നും മറന്നു കളയില്ല അമ്മായി. വേണമെങ്കിൽ പൊറുക്കാം
അതുമതി
ഈ സമയത്താണ് വിഷ്ണു ഐസിയുവിൻ്റെ വാതിൽ തുറന്നു പുറത്തേക്കു വന്നത്. വിഷ്ണുവിനെ കണ്ടതും ഹരിയും നന്ദനും നവീനും വിഷ്ണുവിൻ്റെ അടുത്തേക്ക് വന്നു.
വിഷ്ണുവേട്ടാ എങ്ങനെയുണ്ട് അച്ഛനിപ്പോ ഞങ്ങൾക്കൊന്ന് കാണാൻ പറ്റുമോ അച്ഛനെ
വിഷ്ണു നവീ നെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
റിക്കവർ ആയി വരുന്നുണ്ട് ഭയപ്പെടാൻ ഒന്നുമില്ല പിന്നെ നന്നായി പ്രർത്ഥിക്കുക
ഞങ്ങൾക്ക് അച്ഛനെ കാണാൻ പറ്റുമോ വിഷ്ണുവേട്ടാ
കാണാൻ അവസരം ഒരുക്കി തരാം അവിടെ ചെന്ന് ഒച്ചയും ബഹളവും ഒന്നും ഉണ്ടാക്കരുത്. വേറേയും ‘രോഗികൾ ഉള്ളതാണ്.
ശരി ഞങ്ങൾ ഒച്ചവെയ്ക്കില്ല –
രണ്ടു പേർ രണ്ടു പേർ വെച്ച് കയറി കണ്ടോളു . പിന്നെ അമ്മാവനെ കൊണ്ട് അധികം സംസാരിപ്പിക്കരുത്
ആദ്യം സുധയും നവീനും കയറി കണ്ടു. അവരെ കണ്ടപ്പോൾ സുധാകരൻ എന്തൊക്കെയോ വാ തോരാതെ സംസാരിച്ചു എന്നാൽ അച്ചൻ എന്താ പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല
അച്ഛൻ അധികം സംസരിക്കണ്ട
നന്ദനെയും ലാവണ്യയേയും കണ്ടപ്പോളും അവരോടും എന്തൊക്കെയോ സംസാരിച്ചു
അവസാനമാണ് ഹരി കാണാൻ ചെന്നത്
ഹരിയെ കണ്ടതും സുധാകരൻ്റെ ഇരു കണ്ണുകളും നിറഞ്ഞ് നിർ കണങ്ങൾ കവിളിലൂടെ ഒഴുകി
ഹരി കുനിഞ്ഞ് സുധാകരൻ്റെ മുഖത്തേക്കും നോക്കി കൊണ്ട് ചോദിച്ചു.
ഒരിക്കൽ ഞാനും എൻ്റെ അനിയനും നിൻ്റെ മുന്നിൽ വന്നത് തല ചായ്ക്കാനൊരിടം ചോദിച്ചാണ് എന്നാൽ നീയും നിൻ്റെ കുടുംബവും എൻ്റെ അനിയനോട് യാചിക്കുന്നത് നിൻ്റെ ജീവനാണ്.
എന്താണ് ഞാൻ എൻ്റെ അനിയനോട് പറയേണ്ടത് നിന്നെ. രക്ഷിക്കണമെന്നോ? അതോ മരണത്തിന് വിട്ടുകൊടുക്കണമെന്നോ.?
സുധാകരൻ എന്തോ പറയാൻ വേണ്ടി വാ തുറന്നെങ്കിലും ഒന്നും പറയാൻ പറ്റാതെ ഹരിയുടെ നേരെ നോക്കി കണ്ണീർ പൊഴിച്ചു കൊണ്ട് നിസ്സഹായനായി കിടന്നു.സുധാകരൻ്റെ ആ കിടപ്പുകണ്ട് ഹരി പുഞ്ചിരിയോടെ ഐ സി യു വിൽ നിന്നിറങ്ങി.
ദിവസങ്ങൾ വേഗം കടന്നു പോയി സുധാകരൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഫിസിയോ തെറാപ്പിയുടെയും ചികിത്സയുടെയും ഫലമായി പരസഹായത്തോടെ നടക്കാമെന്നായി ഒരു വിധം സംസാരിക്കാമെന്നുമായി.
സുധേ എനിക്ക് ഹരിയെ ഒന്നു കാണണം
എന്തിനാ വീണ്ടും അവനോട് വഴക്കിടാനാണോ?
അല്ലടി എനിക്ക് അവനോടും വിഷ്ണുവിനോടും ക്ഷമ ചോദിക്കണം പിന്നെ അവരെ സ്വന്തമക്കളായി കണ്ട് വളർത്തിയ ആ ശേഖരനോടും സുമിത്രയോടും നന്ദി പറയണം എന്നിട്ടു വേണം എനിക്കു പോകാൻ
എവിടേക്ക് ?
നീ പേടിക്കണ്ട മരണത്തെ കുറിച്ചല്ല ഞാൻ പറഞ്ഞത്. ജയിലിലേക്ക് തിരിച്ചു പോകുന്ന കാര്യമാ ഞാൻ പറഞ്ഞത് –
നന്ദനും നവീനും കൂടി നിങ്ങളെ ജാമ്യത്തിലെടുക്കാൻ ശ്രമിക്കുന്നുണ്ട്. ലാവണ്യകൊടുത്ത കേസ് പിൻവലിക്കാനും സാധ്യതയുണ്ട്
വേണ്ട എനിക്ക് ജാമ്യവും വേണ്ട ശിക്ഷയിൽ ഇളവും വേണ്ട ഞാൻ ചെയ്തു കൂട്ടിയ ക്രൂരതക്ക് എനിക്ക് ശിക്ഷ കിട്ടണം. ആ ശിക്ഷ ഞാൻ അനുഭവിക്കാനും തയ്യാറാണ്.
അപ്പോ ഞാനും ? ഞാനും നിങ്ങളുടെ ക്രൂരതക്ക് കൂട്ട് നിന്നവളല്ലേ എനിക്കും ശിക്ഷ വേണ്ടേ.
ഭർത്താവ് ജീവനോടെ ഉണ്ടായിട്ടും വിധവയെ പോലെ കഴിയേണ്ടേ നീ അതാണ് നിനക്കുള്ള ശിക്ഷ.
ഹരി ജീവനോടെ ഉള്ളിടത്തോളം കാലം എനിക്ക് നിങ്ങളെ ഓർത്ത് ടെൻഷൻ ഇല്ല ഞാൻ സന്തോഷത്തോടെയാണ് ജയിലിലേക്കു പോകുന്നത്.
സുധാകരൻ്റെയും സുധയുടെയും സംസാരമെല്ലാം കേട്ടുകൊണ്ട് ഹരിയും ലാവണ്യയും നവീനും നന്ദനും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
ഹരിയേട്ടാ അച്ഛൻ ജയിലിലേക്ക് പോവുകയാണന്ന്. ഞാനും നന്ദേട്ടനും കൂടി ജാമ്യപേക്ഷ നൽകിയിരുന്നു.
അമ്മാവൻ ശരിക്കും മാറി നല്ലൊരു വ്യക്തിയായി മാറി അപ്പോൾ ചെയ്ത തെറ്റിന് ശിക്ഷ കിട്ടണം എന്നേ ആഗ്രഹിക്കു അമ്മാവൻ്റെ ഇഷ്ടം അതാണങ്കിൽ അമ്മാവനെ നിർബന്ധിക്കണ്ട
ഈ അവസ്ഥയിൽ അച്ഛൻ ജയിലിലേക്ക് പോവുകയാണന്ന് പറഞ്ഞാൽ
പരസഹായത്തോടെ നടക്കാലോ ഇപ്പോ ആശുപത്രി വിടുമ്പോഴെക്കും ആരോഗ്യം ഇത്തിരി കൂടി മെച്ചപ്പെടും
നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി എൻ്റെ അമ്മാവനെ ഒന്നു കണ്ടിട്ടു വരാം
ഹരി മുറിയിലേക്ക് ചെല്ലുമ്പോൾ സുധാകരൻ ബെഡിൽ ചാരി കിടക്കുകയാണ്. സുധ ഓറഞ്ചിൻ്റെ അല്ലികൾ പൊളിച്ച് സുധാകരൻ്റെ. വായിൽ വെച്ചു കൊടുക്കുകയാണ്.
ഹരിയെ കണ്ടതും സുധാകരൻ്റെ മുഖം പ്രസന്നമായി
ഞാനിപ്പോ മോൻ്റെ കാര്യം പറഞ്ഞതേയുള്ളു.
എങ്ങനെ എന്നെ നശിപ്പിക്കാം എന്നാണോ
അല്ല മോനെ അമ്മാവൻ ഒരിക്കലും ഇനി അങ്ങനെ ചിന്തിക്കില്ല
അമ്മായി ആ ഓറഞ്ച് ഇങ്ങു തരു ഞാൻ കൊടുക്കാം
സുധ ഓറഞ്ച് ഹരിയുടെ കൈയിൽ കൊടുത്തിട്ട് കസേരയിൽ നിന്നെഴുന്നേറ്റു പുറത്തേക്കു പോയി
ഹരി ഓറഞ്ചിൻ്റെ അല്ലികൾ ഓരോന്നെടുത്ത് സുധാകരൻ്റെ വായിൽ വെച്ചു കൊടുത്തു.
മോന് ഇപ്പോ അമ്മാവനോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ ?അമ്മാവൻ മോൻ്റെ അച്ഛനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും നിങ്ങളോടും തെറ്റു മാത്രമേ ചെയ്തിട്ടുള്ളു. മോൻ ഈ അമ്മാവനോട് ക്ഷമിക്കണം .. മറക്കണം എന്നു പറയില്ല പക്ഷേ ഈ അമ്മാവനോട് പൊറുത്തു എന്നൊരു വാക്ക് അതു മാത്രം മതി
സുധാകരൻ്റെ വാക്കുകൾ കേട്ട് ഹരി ഒന്നു ചിരിക്കുക മാത്രം ചെയ്തു
എന്താ ഹരി നിനക്ക് ഈ അമ്മാവനോട് പൊറുക്കാൻ പറ്റില്ലേ? എനിക്കറിയാം നിനക്ക് പറ്റില്ലന്ന് അത്രയും ദ്രോഹിച്ചിട്ടുണ്ട് ഞാൻ നിങ്ങളെ
ഹരി അപ്പോഴും ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
ആ സമയത്താണ് മുറിയുടെ വാതിൽ തുറന്ന് തുളസിയും ആൻസിയും കൈകുഞ്ഞുമായി അകത്തേക്ക് വന്നത്.
തുളസി കുഞ്ഞിനെ സുധാകരൻ്റെ അടുത്തായി കിടത്തി സുധാകരൻ സന്തോഷത്തോടെ കുഞ്ഞിനെ തലോടികൊണ്ട് പറഞ്ഞു.
നീ ഭാഗ്യം ചെയ്തവനാ ഇവളെ പോലെ ഒരു പെണ്ണിനെ നിനക്ക് ഭാര്യയായി കിട്ടിയത്
അതെ….അമ്മാവൻ എന്നോട് ചോദിച്ചില്ലേ അമ്മാവനോട് ദേഷ്യം ഉണ്ടോ എന്ന്. ദേഷ്യം മാത്രമല്ല പകയും വെറുപ്പും ആയിരുന്നു ഞാൻ ഇങ്ങോട് വരുന്നതിന് കുറച്ച് നിമിഷം മുൻപു വരെ പക്ഷേ എൻ്റെ ഭാര്യ ഇവൾ ആ ദേഷ്യവും പകയും വെറുപ്പും എല്ലാം അലിയിപ്പിച്ച് കളഞ്ഞു. ഇവളാണ് ഇവിടേക്ക് എന്നെ പറഞ്ഞു വിട്ടത്.
അതെയച്ഛാ ഞങ്ങളുടെ വീട്ടിലെ നിലവിളക്കാണ് ഞങ്ങളുടെ ഏട്ടത്തി. ഞങ്ങളെയെല്ലാവരേയും കോർത്തിണക്കി കൊണ്ടു പോകുന്ന ഇതുപോലെ ഒരേട്ടത്തിയെ കിട്ടിയ ഞങ്ങളും ഭാഗ്യം ചെയ്തവർ ആണ്
മോളെ ആൻസി നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും അല്ലേ നിൻ്റെ അമ്മയുടെ കാലനായ എന്നോട് നിനക്ക് ക്ഷമിക്കാൻ പറ്റില്ലന്നറിയാം എന്നാലും പറയുകയാ വെറുക്കരുത്.
എനിക്ക് ആരേയും വെറുക്കാൻ അറിയില്ല. ആരോടും ദേഷ്യവും ഇല്ല
ആ സമയത്താണ് കാർത്തിയും വിഷ്ണുവും റൂമിലേക്ക് കയറി വന്നത്.
എന്താ വിശേഷം എല്ലാവരും ഉണ്ടല്ലോ
വെറുതെ ഞങ്ങളെല്ലാവരും കൂടി അമ്മാവനെ കാണാൻ വന്നതാണ്.
ജയിലിലേക്ക് തിരിച്ചു പോകും മുൻപ് എല്ലാവരേയും കാണണം എന്നുണ്ടായിരുന്നു ആഗ്രഹം പോലെ എല്ലാവരേയും കണ്ടു. സന്തോഷമായി. ഇനി സമാധാനമായി തിരിച്ചു പോകാലോ
അച്ഛൻ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചോ
ഉവ്വ്. നിങ്ങളാരും എനിക്കും വേണ്ടി നിയമത്തിൻ്റെ ഒരു ആനുകൂല്യവും വാങ്ങി തരണ്ട എനിക്ക് അർഹതപ്പെട്ട ശിക്ഷ കിട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എങ്കിലേ ശിഷ്ടകാലം സമാധാനം കിട്ടു .
അച്ഛൻ്റെ ആഗ്രഹം അതാണങ്കിൽ അതു നടക്കട്ടെ. അച്ഛൻ ഞങ്ങൾ ആഗ്രഹിച്ച പോലെ നല്ലൊരു മനുഷ്യനായപ്പോൾ ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി.
അതോർത്ത് വിഷമിക്കണ്ട നിങ്ങൾക്ക് എപ്പോ എന്നെ കാണണം എന്നു തോന്നുന്നോ അപ്പോ വരാലോ ജയിലിലേക്ക്
ദിവസങ്ങൾ കടന്നു പോയി സുധാകരൻ സുഖം പ്രാപിച്ച് ആശുപത്രി വിട്ട് ജയിലിലേക്ക് പോകുന്ന ദിവസം എല്ലാവരും ആശുപത്രിയിൽ എത്തി.
എല്ലാവരോടും യാത്ര പറഞ്ഞ് സുധാകരൻ പോലീസിൽ ജീപ്പിൽ കയറി പോകുന്നത് എല്ലാവരും നിറമിഴികളോടെ നോക്കി നിന്നു.
അവസാനിച്ചു.
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission