Skip to content

കൊലക്കൊമ്പൻ – 24

kolakomban

രാവിലെ മുതൽ കോരിച്ചൊരിയുന്ന മഴയാണ്. തുള്ളിക്കൊരുകുടം കണക്കെ മഴത്തുള്ളികൾ ശക്തിയായി മണ്ണിൽ വീണുകൊണ്ടിരുന്നു!!

വക്കച്ചന്റെ ഡിപ്പോയിൽ മഴനനഞ്ഞു കൊണ്ട് തൊഴിലാളികൾ ലോഡ് കയറ്റുന്നതും നോക്കി ടോമിച്ചൻ പലക ബെഞ്ചിൽ ഇരുന്നു.

“മനുഷ്യർ പ്രകൃതിയെ നശിപ്പിച്ച് വച്ചിരിക്കുവല്ലേ, അതാ കാലം തെറ്റിയുള്ള മഴ, പണ്ട് കാലാവർഷവും വേനൽക്കാലവും തിരിച്ചറിയാൻ പറ്റുമായിരുന്നു. ഇപ്പോൾ മഴ എപ്പോ വരും, വെയിൽ എപ്പോ വരും എന്ന് യാതൊരു ഉറപ്പുമില്ല…”

മഴയിലേക്ക് നോക്കി കറിയാച്ചൻ പറഞ്ഞു.

“അത് ശരിയാ..ഇന്നത്തെ കാലത്തു എപ്പോ എന്ത് സംഭവിക്കും എന്ന് ആർക്കെങ്കിലും നിച്ഛയമുണ്ടോ? മനുഷ്യന്റെ ജീവിതത്തിന് പട്ടിയുടെ ജീവന്റെ വിലപോലുമില്ല.രാത്രി കിടന്നാൽ രാവിലെ എഴുനേറ്റാൽ ഭാഗ്യം, അത്ര തന്നെ, എന്നിട്ടാണ് മനുഷ്യർ വാശിയും വൈരാഗ്യവും മൂത്തു നേർക്കുനേരെ കണ്ടാൽ തലതല്ലി ചാകാൻ ഇരിക്കുന്നത്”

കുഴിമറ്റം ജോസ് നെടുവീർപ്പെട്ടു.

“പഴയകാലമാണ് കാലം, അധികം ടെക്‌നോളജിയും കോപ്പും ഒന്നുമില്ലെങ്കിലും ആ കാലത്തിനു ഒരു സൗന്ദര്യം ഉണ്ടായിരുന്നു. മനുഷ്യർ തമ്മിൽ ഒത്തൊരുമയും ബന്ധങ്ങൾക്ക് ഒരു ശക്തിയും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം മറ്റുള്ളവരുടെ മുൻപിൽ  ആഡംബരവും, പ്രൗഡിയും കാണിച്ചു നടക്കാനും മാത്രമായി മാറിയിരിക്കുന്നു “

വക്കച്ചൻ മുതലാളി പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ വന്നു.

അങ്ങേ തലക്കൽ ഉപ്പുകണ്ടം കാർലോസ് ആയിരുന്നു.

“ങ്ങാ വക്കച്ച, ഒരു കാര്യം പറയാനാ വിളിച്ചത്, നമ്മുടെ ആളുകളോടൊക്കെ ഒന്ന് തയ്യാറായി നിൽക്കാൻ പറ, ആ ഷണ്മുഖം എന്ന് പറയുന്ന പാണ്ടി കഴുവേറി ആളുകളെയും കൂട്ടി ഇങ്ങോട്ട് വരുന്നുണ്ടെന്ന്‌, രഹസ്യ വിവരം കിട്ടിയതാ.അവന്റെ വിചാരം നമ്മൾ മലയാളികൾ വെറും ഉണ്ണാക്കൻമാരാണെന്നാണ്. വന്നാൽ ഒറ്റയെണ്ണത്തിനെ ഈ ഇടുക്കിയിൽ നിന്നും തിരിച്ചു വിടരുത്.അവന് കുറച്ച് സ്പിരിറ്റിന്റെ ബിസിനസ്‌ ഒക്കെ ഉണ്ടിവിടെ, അതൊക്കെ ഞാൻ പൊളിച്ചടുക്കിക്കൊള്ളാം, എന്റെ ആളുകൾ ഒക്കെ റെഡിയായിട്ടിരിക്കുവാ, ഇരുട്ടടിക്ക് വന്നാലേ പതറി പോകത്തുള്ളൂ, അല്ലെ അടിച്ചു പതം വരുത്തി വിടും, അവനെ ആസിഡിൽ മുക്കി പൊരിച്ചെടുക്കാൻ ഒരു വീപ്പ നിറച്ച തയ്യാറാക്കി വച്ചിരിക്കുന്നത്. വക്കച്ചന്റെ സഹായം കൂടി വേണം. അത് പറയാനാ വിളിച്ചത്, ഈ കാര്യം പെണ്ണുങ്ങളെ ഒന്നും അറിയിക്കേണ്ട “

കാർലോസ് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

“കാർലോസെ ഇന്നുമുതൽ എന്റെ ആളുകളുടെയും ശ്രെദ്ധ എല്ലായിടത്തും ഉണ്ടാകും. നമ്മുക്കിട്ട് ഏമാത്തിയിട്ടു ഒരു നാറിയും ഇവിടെനിന്നും പോകത്തില്ല. അതിന് നമ്മള് സമ്മതിക്കത്തില്ല “

വക്കച്ചൻ കാർലോസിനു വാക്ക് കൊടുത്തു.

തൊട്ടടുത്തിരുന്ന ടോമിച്ചൻ അത് കേൾക്കുന്നുണ്ടായിരുന്നു.

ഫോൺ വച്ചു കഴിഞ്ഞതും വക്കച്ചൻ ടോമിച്ചനെ നോക്കി.

“ടോമിച്ചാ, നീയും, ആ ജെസ്സിയും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ, ആ ഷണ്മുഖം ഇങ്ങോട്ട് അവന്റെ ആളുകളുമായി വരുന്നുണ്ട് എന്ന്.ഒരിക്കൽ തലനാരിഴക്ക നീ അവന്റെ കയ്യിൽ നിന്നും രക്ഷപെട്ടത്, എപ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. ചോരകണ്ടു അറപ്പുമാറിയവനാ അവൻ, അതുകൊണ്ട് സൂക്ഷിക്കണം,ഈ പണിക്കാരൊക്കെ എന്ത് സഹായത്തിനും നിന്റെ കൂടെ കാണും  “

വക്കച്ചൻ ടോമിച്ചനോട് ഒരു മുന്നറിയിപ്പ് എന്നോണം കാരണം

വക്കച്ചൻ പറയുന്നത് കേട്ടു കുറച്ച് നേരം ചിന്തധീനനായി നിന്നശേഷം വക്കച്ചനെ നോക്കി.

“എനിക്കൊരുത്തനെയും പേടിയില്ല, ജീവനിൽ കൊതിയുമില്ല. പക്ഷെ എനിക്കിപ്പോൾ ജീവിച്ചിരുന്നേ പറ്റു. കാരണം ഞാൻ എന്ന ചിന്തയിൽ കഴിയുന്ന രണ്ടു മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്. അവർക്കു വേണ്ടി എനിക്ക് ജീവിച്ചിരിക്കണം.ഞാനില്ലെങ്കിൽ അവരുടെ ജീവിതം അർഥമില്ലാത്തതായി പോകും.അതുകൊണ്ട് വരുന്നിടത്തു വച്ചു കാണാം. ഞാൻ ലോഡുമായി പോകുവാ “

മഴ ഒന്ന് ശമിച്ചപ്പോൾ ടോമിച്ചൻ ലോറിയുമായി വണ്ടിപെരിയാറിനു  തിരിച്ചു.

വക്കച്ചൻ ഓഫീസിലേക്ക് ചെന്നു.

“റോണി “

വിളികേട്ട് ഫയൽ പരിശോധിച്ചുകൊണ്ടിരുന്ന റോണി തല ഉയർത്തി നോക്കിയ ശേഷം എഴുനേറ്റു.

“എന്താ പപ്പാ കാര്യം “

റോണി ചോദ്യഭാവത്തിൽ വക്കച്ചനെ നോക്കി.

“നമ്മുടെ ആളുകളോട് രണ്ടു ദിവസത്തേക്ക് ഒന്ന് റെഡി ആയിരിക്കുവാൻ പറ. കാർലോസിനോട് കണക്കു തീർക്കുവാൻ ഒരു ഷണ്മുഖം വരുന്നുണ്ടെന്ന്‌. അവൻ കമ്പത്തെ വലിയ ക്രിമിനലാ, കമ്പം ഷണ്മുഖം എന്ന് കേട്ടാൽ അവിടെ ഉള്ളവർ പേടിച്ചു കാലുവഴി മൂത്രമൊഴിക്കും. കൊല്ലാനും തിന്നാനും മടിയില്ലാത്തവനാ. സെലിനോട് ഒന്നും പറയണ്ട.പെണ്ണുങ്ങള് പേടിക്കും, കുറച്ച് പേര് ഉപ്പുകണ്ടത്തേക്ക് ചെല്ലാൻ പറ. പിന്നെ ടോമിച്ചനും ജെസ്സിക്കും ഭീക്ഷണി ഉണ്ട്. സ്വത്ത് തട്ടാൻ.ടോമിച്ചനെ ഒരു തവണ അപായപെടുത്താൻ നോക്കിയവനാ, സൂക്ഷിക്കണം “

വക്കച്ചൻ പറഞ്ഞു.

“അത് നമ്മുടെ ആളുകളോട്  ഇപ്പോൾ തന്നെ പറഞ്ഞേക്കാം. സെലിന്റെ വീട്ടിലേക്കു രണ്ടുവണ്ടി ആളിനെ വിട്ടേക്കാം. സെലിന്റെ വീട്ടുകാർക്ക് ഒരാപത്ത് വരുമ്പോൾ നമുക്ക് കയ്യും കെട്ടി ഇരിക്കാൻ പറ്റുമോ “

റോണി പറഞ്ഞു കൊണ്ട് മുൻപിൽ തുറന്നു വച്ചിരുന്ന ഫയൽ അടച്ചു വച്ചു.

പുറത്തിറങ്ങി തടി കയറ്റികൊണ്ടിരുന്ന വാക്കത്തി വാസുവിനെ വിളിച്ചു.

“എന്താ റോണി കുഞ്ഞേ “

വാസുവിന്റെ ചോദ്യം കേട്ടു റോണി കാര്യങ്ങൾ വിശതികരിച്ചു കൊടുത്തു.

“കാലം പോയ പോക്കേ, വരുന്നവർക്കും പോകുന്നവർക്കും പന്ത് തട്ടികളിക്കാൻ ഉള്ള ആളുകളാണോ കേരളത്തിൽ ജീവിക്കുന്നവർ. കണ്ട പാണ്ടികളെയും ബംഗാളികളെയും കേരളത്തിലോട്ടു കെട്ടിയെടുത്തോണ്ട് വരുന്നതിനു പിന്നിൽ ഇവിടുത്തെ നാറിയ രാഷ്ട്രീയക്കാര. കൊല്ലാനും ചാകാനും മടിയില്ലാത്ത ഇവന്മാർക്ക് കോഴിക്കാലും ജവാനും മേടിച്ചു കൊടുത്താൽ രാഷ്ട്രീയ കാർക്ക് വേണ്ടി എന്ത് ചെറ്റത്തരം കാണിക്കാനും തയ്യാറാകും . മലയാളികൾക്ക് അന്തി ഉറങ്ങാൻ കൂരയില്ലാതെ വഴിയോരത്തു കിടക്കുമ്പോഴാ ഇവന്മാർക്ക് സർക്കാർ ഫ്ലാറ്റ് പണിതു കൊടുക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്തു വോട്ടാക്കി മാറ്റാനുള്ള തന്ത്രം. പകൽ ചേരി തിരിഞ്ഞു തമ്മിലടിക്കുന്ന രാഷ്ട്രീയ നപുംസകങ്ങൾ രാത്രി ആയാൽ  മദ്യവും മതിരാക്ഷിയുമായി ഒന്നിച്ചു കൂടി നികുതി പണം അടിച്ചു മാറ്റിയത് തുല്യമായി വീതിക്കും . ബംഗ്ലാദേശിൽ നിന്നും പുഴ നീന്തി കേറി ഇവിടെ എത്തുന്നവന്മാരാണ് ഒറ്റയ്ക്ക് പോകുന്ന പെണ്ണുങ്ങളെ പീഡിപ്പിക്കുന്നതും, പ്രായമായ സ്ത്രികൾ തനിച്ചു താമസിക്കുന്ന വീട്ടിൽ കേറി കഴുത്തു മുറിച്ചു സ്വണ്ണവും പണവും കവരുന്നതും. ദുരന്തം മുഴുവൻ അനുഭവിക്കുന്നത് ഇവിടുത്തെ പാവപെട്ട ജനങ്ങൾ.ഇതിനെല്ലാം കൂട്ട് നിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ച  കഴുവേറികളെ അറബികടലിൽ താഴ്ത്തുന്ന ദിവസമേ കേരളം രക്ഷപെടൂ “

രോക്ഷത്തോടെ വക്കച്ചൻ മുതലാളി പറഞ്ഞു.

“മുതലാളി പറഞ്ഞത് ശരിയാ. വോട്ടു കിട്ടാൻ ഈ പരനാറികൾ നമ്മുടെ മുൻപിൽ വന്ന് കേഴും, വേണ്ടി വന്നാൽ കാല് വരെ നക്കി തരും. ജയിച്ചു കഴിഞ്ഞാലോ, ഖജനാവിൽ നിന്നും നികുതി പണം കുറച്ചേ ആയി അടിച്ചു മാറ്റി വീട്ടിൽ കൊണ്ട് പോകും. ജയ് വിളിച്ചു നടന്നവരും രക്തസാക്ഷി ആയവരും, തല്ലു മേടിച്ചവരും വെറും ഊമ്പികളാകും . അത്ര തന്നെ.ഇവിടെ രാഷ്ട്രിയ കാരുടെ  സപ്പോർട്ടില ഇതുപോലെ ഉള്ള പാണ്ടികൾ നമുക്കിട്ടു ഏമാതാൻ കേരളത്തിൽ ഒരു പേടിയുമില്ലാതെ കേറിവരുന്നതെങ്കിൽ പിന്നെ കേറുന്നവന്മാരെ തിരിച്ചു വിട്ടാൽ നമ്മൾ വെറും ഉണ്ണാക്കൻ മാരായി പോകും മുതലാളി. ഏതു ഷണ്മുഖനല്ല അവന്റെ തന്ത വന്നാലും സാധാരണക്കാരായ നമ്മളൊറ്റ ക്കെട്ടായി നിൽക്കും. ഒരു പുല്ലനും തിരിച്ചു പോകത്തില്ല… നമ്മള് ഇപ്പോഴേ റെഡിയാ മുതലാളി “

വാക്കത്തി വാസു മീശ പിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ജീപ്പ് നിറയെ ആളുകൾ ഉപ്പുതറക്ക് തിരിച്ചു.

ടോമിച്ചൻ വണ്ടിപെരിയാറിൽ ലോഡ് ഇറക്കിയ ശേഷം ലോറി തിരിക്കുമ്പോഴാണ് ഷണ്മുഖത്തിന്റെ കാര്യം വീണ്ടും ഓർത്തത്‌. ജെസ്സിയെ വിവരമറിയിക്കണ്ടേ… അവളൊന്നുമറിഞ്ഞിട്ടില്ല. ഒന്ന് കരുതി ഇരിക്കണമെങ്കിൽ അവൾ ഇതറിഞ്ഞിരിക്കണം. ടോമിച്ചൻ ലോറി നേരെ കുമളിക്ക് വിട്ടു. പുലിമാക്കിൽ ബംഗ്ലാവിന്റെ മുൻപിൽ ഗേറ്റിനു പുറത്തു ലോറി പാർക്കു ചെയ്തു ടോമിച്ചൻ ഇറങ്ങി. ഗേറ്റ് തുറന്നു അകത്തേക്ക് കയറി. സിറ്റൗട്ടിൽ ജെസ്സിയുടെ കാറ് കിടപ്പുണ്ട്.

ടോമിച്ചൻ മുറ്റത്തേക്ക് കയറി വരുന്നത് കണ്ട വേലക്കാരി ശാന്ത ഓടി വന്നു.

“പോയതിൽ പിന്നെ ഇങ്ങോട്ടൊന്നും വന്നില്ലല്ലോ, ജെസ്സി കൊച്ചിനോട് ശോശാമ്മച്ചിയെ കുറിച്ച് എന്നും ചോദിക്കും. ശോശാമ്മച്ചി സുഖമായിട്ടിരിക്കുന്നോ “?

ശാന്തയുടെ ചോദ്യം കേട്ടു “സുഖമായി ഇരിക്കുന്നു ” എന്ന് മറുപടി കൊടുത്തു.

“ജെസ്സി ഇല്ലേ ഇവിടെ? ഇങ്ങോട്ടൊന്നു വിളിക്ക് “

ടോമിച്ചൻ ശാന്തയോടു പറഞ്ഞിട്ട് സിറ്റൗട്ടിലെ അരമതിലിൽ ഇരുന്നു.

“ഇപ്പൊ വിളിക്കാം “എന്ന് പറഞ്ഞു അകത്തേക്ക് ശാന്ത പോയി ഒരു നിമിഷം കഴിഞ്ഞപ്പോൾ വാതിൽക്കൽ ജെസ്സി വന്നു.ടോമിച്ചൻ ജെസ്സിയെ ഒന്ന് നോക്കി.

ദുഃഖം തളം കെട്ടി കിടക്കുന്ന മുഖത്തു തന്നെ കണ്ടപ്പോൾ ഒരത്ഭുതഭാവം വന്നത് ശ്രെദ്ധിച്ചു.

“എന്താ അവിടെ വന്നിരുന്നത്, ഇവിടെ ഇട്ടിരിക്കുന്ന കസേരകളിൽ ഇരിക്കാൻ പറ്റാത്ത രീതിയിൽ ആണി തറച്ചു വച്ചിട്ടുണ്ടോ? അതുമല്ലങ്കിൽ അകത്തേക്ക് കയറി വരാൻ ആരെങ്കിലും ക്ഷെണിക്കാനോ? നമ്മളൊക്കെ അന്യരായി പോയി നിങ്ങക്ക് അല്ലെ “

ജെസ്സി വേദനയോടെ ചോദിച്ചു.

“ഞാൻ ലോഡ് ഇറക്കിയിട്ടു വരുന്ന വഴിയാ, ആകെ വിയർപ്പും പൊടിയുമാ, അതുകൊണ്ടാ ഇവിടെ ഇരുന്നത്.”

ടോമിച്ചൻ തോർത്തെടുത്തു ദേഹത്തെ വിയർപ്പു തുടച്ചു.

“എന്ന വാ, അകത്ത് കയറി വാ, വിയർപ്പും പൊടിയുമായി നിങ്ങൾ വീടിനകത്തു കയറി എന്ന് വച്ചു ഇവിടെ ആരും അലർജി വന്നു ചാകത്തൊന്നുമില്ല.”

ജെസ്സി ടോമിച്ചനെ അകത്തേക്ക് ക്ഷണിച്ചു.

“വേണ്ട, കേറുന്നില്ല, ഞാനൊരു കാര്യം നിന്നെ അറിയിക്കാനാണ് വന്നത്. നീ പേടിക്കുകയൊന്നും വേണ്ട, ഒരു മുൻകരുതലിനു വേണ്ടി പറയുന്നു എന്ന് മാത്രം. ഷണ്മുഖം കേരളത്തിലേക്കു വരുന്നു എന്നൊരു വിവരം കിട്ടിയിട്ടുണ്ട്. സെലിന്റെ പപ്പാ വിളിച്ചു വക്കച്ചൻ മുതലാളിയോട് പറഞ്ഞതാ.അവരുമായി എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. നമ്മളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. അത് പറയാനാ ഞാൻ വന്നത് “

പറഞ്ഞിട്ട് ടോമിച്ചൻ എഴുനേറ്റു. അപ്പോഴേക്കും ശാന്ത ഒരു ഗ്ലാസിൽ ടോമിച്ചന് ചായയുമായി വന്നു.

ടോമിച്ചൻ ചായമേടിച്ചു കുടിച്ചു കൊണ്ട് ജെസ്സിയെ നോക്കി.

“നിനക്ക് ഇതു കേട്ടിട്ട് പേടിയൊന്നും തോന്നുന്നില്ലേ. പേ പിടിച്ച പട്ടിയ അവൻ “

ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി നിസാരമായി ചിരിച്ചു.

“പേടിച്ചിട്ടു എന്ത് കാര്യം, എന്റെ പപ്പയെയും മമ്മിയെയും അവൻ കൊന്നു. ഇനി എന്റെ ശവം കൂടി അവന് വേണമെങ്കിൽ കൊണ്ട് പോകട്ടെ. അതോടെ തീരുമല്ലോ എല്ലാം. അല്ലെങ്കിലും എങ്ങനെയെങ്കിലും ഒന്ന് ചത്തു കിട്ടിയാൽ മതി എന്നോർത്ത ഞാൻ നടക്കുന്നത്. ശപിക്കപ്പെട്ട ജന്മം ആണ് എന്റേത്.നാളുകൾക്കു ശേഷം കണ്ടു മുട്ടിയ കൂടെ പിറപ്പിന് എന്നെ കല്യാണം കഴിച്ചു വിട്ടു അതിൽ നിന്നും കിട്ടുന്ന ബിസിനസ്‌ ലാഭത്തില കണ്ണ്. ജീവിച്ചു മടുത്തു.”

ജെസ്സി നിറഞ്ഞു വന്ന മിഴികൾ തുടച്ചു  കൊണ്ട് ഭിത്തിയിൽ ചാരി നിന്നു.

“നീ ഇപ്പോ ചാകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട.ഈ ഭൂമിയിൽ നമുക്കൊക്കെ ആകെ ഒരു ജീവിതമേ ഉള്ളു.അത് ദുഖിച്ചും, നിരാശ ബാധിച്ചു ചാകണമെന്നും പറഞ്ഞു നടക്കാതെ സന്തോഷത്തോടെ ഇരിക്കാൻ നോക്ക്.ബാക്കിയൊക്കെ വരുന്നത് പോലെ വരട്ടെ “

ടോമിച്ചൻ പറഞ്ഞിട്ട് ഗ്ലാസ്‌ ജെസ്സിയെ ഏൽപ്പിച്ചു.

“ആദർശം പറയാൻ ആർക്കും പറ്റും, ഒറ്റപെടലിന്റെയും അവഗണനയുടെയും ഇടയിലൂടെ കടന്നുപോകുന്ന ഒരു പെണ്ണിനറിയാം ആ അവസ്ഥ  . ചങ്ക് പൊട്ടിപോകും.”

ജെസ്സി ഗ്ലാസ്‌ കയ്യിലിട്ട് ഉരുട്ടികൊണ്ട് പറഞ്ഞിട്ടു തുടർന്നു.

“നിങ്ങക്ക് അറിയാം ഭൂമിയിൽ ആകെ ഒരു ചെറിയ ജീവിതമേ ഉള്ളു എന്ന് അല്ലെ. ഇഷ്ടത്തോടെ അടുത്ത് വരുന്നവളെ പുല്ലുപോലെ  പുറംകാലുകൊണ്ട് തൊഴിച്ചെറിയുമ്പോൾ അവളുടെ ഉള്ളിലുണ്ടാകുന്ന പിടച്ചിൽ, ഹൃദയം തകർന്നു പുറത്തേക്കു തെറിക്കുന്ന കരച്ചിൽ ആരും കാണാതിരിക്കാൻ കടിച്ചമർത്തുമ്പോൾ ഉണ്ടാകുന്ന നൊമ്പരം, സ്നേഹം നിരസിച്ചു അവഹേളിക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചിലെ നീറ്റൽ ചുണ്ടിൽ പുഞ്ചിരിയാക്കി നിൽക്കുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ അവസ്ഥ,അതൊക്കെ  ഭീകരമാ. പറഞ്ഞാൽ മനസ്സിലാകാതില്ല.എന്തായാലും നിങ്ങള് സൂക്ഷിച്ചോണം. എനിക്കെന്തു സംഭവിച്ചാലും നിങ്ങളുടെ ദേഹത്ത് ഒരു പോറലുപോലും വീഴരുത്. ചത്താലും അതെന്റെ ആത്മാവിന് താങ്ങാൻ പറ്റത്തില്ല “

ജെസ്സി പറഞ്ഞപ്പോൾ ടോമിച്ചൻ അവളെ സൂക്ഷിച്ചു നോക്കി.

“നീ സങ്കടപെടേണ്ട,നിനക്കൊന്നും വരാതെ ഈ ടോമിച്ചൻ നോക്കും. ഇതെല്ലാം കഴിയുമ്പോൾ ടോമിച്ചൻ ബാക്കി ഉണ്ടെങ്കിൽ വരും.”

“എന്തിന് “

ടോമിച്ചൻ പറഞ്ഞ് തീർന്നതും ജെസ്സി ഇടക്ക് കേറി ചോദിച്ചു.

“എന്തിനാ, നിന്നെ കൊണ്ടുപോകാൻ, അല്ലാതെ എന്തിനാ “

ടോമിച്ചൻ പറഞ്ഞപ്പോൾ ജെസ്സി വർധിച്ച  സന്തോഷത്തോടെ മുൻപിൽ കയറി നിന്നു.

“അപ്പോ നിങ്ങൾക്കെന്നെ ഇഷ്ടമായിരുന്നോ, സത്യമായിട്ടും “

ജെസ്സിയുടെ മുഖം സന്തോഷത്താൽ തുടുത്തു.

“പിന്നെ അല്ലാതെ, നിന്നെ പോലത്തെ ഒരു സുന്ദരി വന്നു ഇഷ്ടമാണെന്ന് പറഞ്ഞാൽ ഇഷ്ടപെടാത്ത ആണുങ്ങളുണ്ടോ? പക്ഷെ സമ്പന്നതയുടെ മടിത്തട്ടിലുറങ്ങുന്ന നിന്നെ ഇല്ലായ്മയിലേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ എനിക്ക് പറ്റില്ല.എല്ലാ സ്ത്രികളും സ്നേഹം കൊണ്ട് അന്ധത ബാധിക്കുമ്പോൾ ഏതു കുടിലിൽ വേണമെങ്കിലും ജീവിക്കാൻ തയ്യാറാണെന്നു തട്ടിവിടും. ഒരുമിച്ചു കഴിയാൻ തുടങ്ങി,കുറച്ച് നാള് കഴിഞ്ഞു  ശരീരത്തോടുള്ള താത്പര്യം കുറഞ്ഞു ,കുടുംബജീവിതത്തിന്റെ യഥാർഥ്യത്തിലേക്കു വരുമ്പോൾ, കഷ്ടപ്പാടൊക്കെയായി മുൻപോട്ടു പോകുമ്പോൾ പ്രശ്നം തുടങ്ങും. ഇല്ലായ്മയിൽ കഴിയുമ്പോൾ” ഇതു വേണ്ടിയിരുന്നില്ല ” എന്ന് എങ്ങാനും നിനക്ക് തോന്നിയാൽ പിന്നെ കുടുംബജീവിതത്തിന്റെ കേട്ടുറപ്പും വിശ്വാസവും തകർന്നു വീഴും. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും സഹകരണത്തിലും കെട്ടിപ്പൊക്കുന്ന ഒരു വീടാണ് കുടുംബജീവിതം. വിള്ളല് വീണാൽ പിന്നെ നേരെ ആകത്തില്ല.പെട്ടന്ന് ഒരുത്തനോട് തോന്നുന്ന സ്നേഹത്തിന്റെ പേരിൽ സൗഭാഗ്യവും നേട്ടങ്ങളും നഷ്ടപ്പെടുത്തരുതെന്നെ ഞാൻ കരുതിയൊള്ളു. എന്തായാലും ഒരുത്തന്റെ ഭീഷണിക്കു മുൻപിൽ പേടിച്ചു കഴിയാൻ എനിക്ക് പറ്റത്തില്ല. ഈ കളി തീരുമ്പോൾ ടോമിച്ചന്റെ കഴുത്തിനു മുകളിൽ തല ഉണ്ട്, ജീവനുണ്ട്, എങ്കിൽ ഞാൻ വരും, നിന്നെ വിളിച്ചോണ്ട് പോകാൻ.”

പറഞ്ഞിട്ട് ടോമിച്ചൻ ഗേറ്റിനു നേർക്കു നടന്നു. ജെസ്സിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ, തുള്ളി ചാടണോ, ചിരിക്കണോ, കരയണോ എന്നറിയാതെ ഗേറ്റ് കടന്നു പോകുന്ന ടോമിച്ചനെ നോക്കി നിന്നു.

ലോറിയുടെ അടുത്തേക്ക് നടക്കുമ്പോൾ ടോമിച്ചൻ കണ്ടു.ലോറിയിൽ ചാരി സ്റ്റാലിൻ നിൽക്കുന്നു.

“ടോമിച്ചൻ എന്താ ഇവിടെ “

സ്റ്റാലിന്റെ ചോദ്ധ്യത്തിലെ കാഠിന്യം ടോമിച്ചൻ തിരിച്ചറിഞ്ഞു.

“ഞാൻ ജെസ്സിയോട് ഒരു കാര്യം പറയാൻ വന്നതാ…”

ടോമിച്ചൻ ഒരു ബീഡി പോക്കറ്റിൽ നിന്നുമെടുത്തു കൊണ്ട് കാര്യങ്ങൾ സ്റ്റാലിനോട് പറഞ്ഞു.

“ടോമിച്ച, കാര്യങ്ങളൊക്കെ ശരി, നിങ്ങൾ ഒരുപാടു സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട്. പക്ഷെ അതിന്റെ പ്രതിഫലമായി എന്റെ പെങ്ങളുടെ ജീവിതം ചോദിക്കരുത്. അവൾക്ക് കല്യാണം പറഞ്ഞ് വച്ചവനെ തല്ലി ഓടിച്ചപ്പോൾ തന്നെ എനിക്ക് കാര്യങ്ങൾ മനസ്സിലായി.വെറും ഒരു ലോറിക്കാരനായ, ദാരിദ്രത്തിൽ കഴിയുന്ന നിങ്ങടെ കൂടെ എന്റെ പെങ്ങളെ വിടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. പുലിമാക്കിൽകാരുടെ അടുത്ത് നിൽക്കാൻ പറ്റുന്ന സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ പറ, അവളെ കെട്ടിച്ചു തരാം. അല്ലാതെ ഒരു ദേരിദ്രവാസിക്ക് പുലിമാക്കിലെ പെണ്ണിനെ കൊടുക്കത്തില്ല. ഇനി പുലിമാക്കിൽകാരുടെ കാര്യങ്ങളിൽ ടോമിച്ചൻ ഇടപെടേണ്ട. ഷണ്മുഖത്തെ എങ്ങനെ നേരിടണം എന്നെനിക്കറിയാം. എന്റെ കയ്യിലും ഉണ്ട്, കൊല്ലാനും ചാകാനും മടിയില്ലാത്തവർ. കാശെറിഞ്ഞാൽ കിട്ടാത്തതൊന്നുമില്ല. ജെസ്സിയോട് എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതങ്ങു മറന്നു കളഞ്ഞേക്ക് “

സ്റ്റാലിൻ പരുഷമായി പറഞ്ഞു.

“സ്റ്റാലിനെ നീ ഇപ്പോൾ ഇതു പറഞ്ഞത് നന്നായി. മനസ്സിലുള്ള ഇഷ്ടക്കേടുകൾ തുറന്നു പറഞ്ഞതിൽ സന്തോഷം.ടോമിച്ചൻ ദരിദ്രവാസിയാ… വെറും ഒരു  ലോറിക്കാരൻ. ഞാൻ ചെയ്തു തന്ന സഹായത്തിനു പ്രതിഫലമൊന്നും ചോദിക്കതില്ല. എന്തെങ്കിലും സഹായം ചെയ്തു കൊടുത്താൽ പറഞ്ഞോണ്ട് നടക്കാറുമില്ല, അതിനെ കുറിച്ച് ഓർക്കാറുപോലുമില്ല. അതാ ഈ ടോമിച്ചൻ.”

സ്റ്റാലിനെ ഒന്ന് നോക്കി ഒരു ചിരി വരുത്തിയ ശേഷം ലോറിയിൽ കയറി സ്റ്റാർട് ചെയ്തു.

“സ്റ്റാലിനെ നിന്റെ പെങ്ങൾ ഇന്ന് ഞാൻ വിളിച്ചാൽ എന്റെ കൂടെ ഇറങ്ങി വരും. ഒരുത്തരും തടയതില്ല. പക്ഷെ ഒരു വാക്ക് നിനക്ക് തരുന്നു. ദരിദ്രവാസിയായ ടോമിച്ചൻ ഒരിക്കലും നിന്റെ പെങ്ങളെ വിളിച്ചോണ്ട് പോകത്തില്ല. ടോമിച്ചന് തന്ത ഒന്നേ ഉള്ളു. ഒരു വാക്കും “

തല പുറത്തെക്കു ഇട്ടു പറഞ്ഞിട്ട് ലോറി മുൻപോട്ടെടുത്തു.

കലിയോടെ സ്റ്റാലിൻ അകത്തേക്ക് നടന്നു.

“ജെസ്സി, എടി ജെസ്സി “

സ്റ്റാലിൻ ഉറക്കെ വിളിച്ചു കൊണ്ട് വീടിനുള്ളിലേക്ക് കയറി. അടുക്കളയില്ലായിരുന്ന ജെസ്സി വിളികേട്ട് ഹാളിലേക്ക് വന്നു.

“ആ ടോമിച്ചൻ എന്തിനാ ഇവിടെ ഇപ്പോൾ വന്നത്, ങേ, ഓരോ കാര്യങ്ങളും പറഞ്ഞ് ഇവിടെ കേറി ഇറങ്ങി നിരങ്ങാൻ ആണ് പരിപാടിയെങ്കിൽ നടക്കത്തില്ല. പറഞ്ഞേക്കാം. അവന്റെ അമ്മേടെ ഒരു സംരക്ഷണം. ഇവിടെ ഉള്ളവരുടെ കാര്യം നോക്കാൻ ഇവിടെ ഉള്ളവർക്കറിയാം. കണ്ട വരത്തൻമാരുടെ ഔതാര്യം വേണ്ട”

സ്റ്റാലിൻ കലികൊണ്ട് വിറച്ചു.

“ഇച്ചായ, അയാളുടെ കൂടെ ഇറങ്ങി പോകണമെങ്കിൽ എനിക്ക് എന്നേ ആകാമായിരുന്നു.ലോറിക്കാരന, പക്ഷെ അയാൾ അഭിമാനമുള്ളവനാ, അന്തസ്സുള്ളവനാ, നെറികേട് കാണിക്കത്തില്ല, ജീവൻപോയാലും ആരുടെ മുൻപിലും തല കുനിക്കതില്ല. നമ്മളായിട്ട് നന്ദികേട് കാണിക്കരുത്. ലോകത്താരും ചെയ്തു തരാത്ത സഹായങ്ങള ആ മനുഷ്യൻ നമുക്ക് ചെയ്തു തന്നത്. അതും ജീവൻ പണയം വച്ചു. അത് മറന്നു ആ മനുഷ്യനെ അപമാനിക്കരുത്. ഇച്ചായന് നാണക്കേട് ഉണ്ടാക്കി ഞാനിറങ്ങി പോകുന്നില്ല. ഇച്ചായൻ നന്നായി ജീവിക്ക് “

പറഞ്ഞിട്ട് വെട്ടി തിരിഞ്ഞു ജെസ്സി മുറിയിലേക്ക് പോയി കതകടച്ചു.

വാക്ക് തർക്കം കേട്ടു അടുക്കളയിൽ നിന്നും ശാന്ത എത്തി നോക്കിയിട്ട് പോയി.

മുറിയിലെ ബെഡിൽ ഇരുന്നതും അതുവരെ ഉള്ളിൽ അടക്കി വച്ച സങ്കടം ഒരു മഴവെള്ളപ്പാച്ചിൽ പോലെ പുറത്തേക്കു തെറിച്ചു. കൈകൾ രണ്ടും മുഖത്തമർത്തി ജെസ്സി പൊട്ടി കരഞ്ഞു.

ദേവികുളത്തെ ബാർ പത്തു മണി ആയപ്പോൾ അടച്ചു ജോഷി കൂടെയുള്ള മൂന്നുപേരുമായി ജീപ്പിൽ ഉപ്പുതറക്ക് തിരിച്ചു. ഷണ്മുഖത്തിന്റെ ഭീക്ഷണി വന്നത് മുതൽ  ജോഷിയുടെ കൂടെ  എപ്പോഴും മൂന്നുപേർ ഉണ്ട്.കാർലോസിന്റെ നിർദേശപ്രേകാരം ആണത്.നെടുംകണ്ടം ടൌൺ കഴിഞ്ഞു, മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ അടുത്തെത്തിയപ്പോൾ നേർത്ത മൂടൽ മഞ്ഞു ചുറ്റും വ്യാപിക്കാൻ തുടങ്ങി. ഫോഗ് ലാമ്പ് ഇട്ടു ഇറക്കമിറങ്ങി വളവു തിരിഞ്ഞപ്പോൾ വഴിയുടെ സൈഡിൽ നിന്നും ഒരാൾ കൈ വീശി കാണിച്ചു. ജീപ്പ് അയാളുടെ അടുത്ത് നിർത്തി ജോഷി തലപ്പുറത്തേക്കിട്ട് നോക്കി.

“എന്ത് പറ്റിയതാ “

ജോഷി ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

“വണ്ടിയുടെ ഒരു ടയർ വഴിയുടെ സൈഡിൽ നിന്നും താഴെക്കിറങ്ങി പോയതാ. ഒന്ന് തള്ളി കേറ്റാൻ സഹായിക്കണം. കുറച്ച് സമയമായി ഇവിടെ നിന്നു കൈകാണിക്കുന്നു. ആരും നിർത്തുന്നില്ല “

കൈ വീശി കാണിച്ചയാൾ വഴിയുടെ സൈഡിൽ കിടക്കുന്ന ഒമിനി വാൻ ചൂണ്ടി കാണിച്ചു പറഞ്ഞു.

“അതിനെന്താ, സഹായിക്കാമല്ലോ,”

പറഞ്ഞിട്ട് ജോഷി കൂടെ ഉള്ളവരോടും വരുവാൻ പറഞ്ഞു മുൻപോട്ടു നടന്നു.

അതേ സമയം മൂടൽമഞ്ഞിനുള്ളിൽ മനുഷ്യരൂപങ്ങൾ ചലിച്ചു. ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയ ജോഷിയുടെ കൂടെ വന്നവർക്ക്‌  എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുൻപ് വടിവാള് കൊണ്ടുള്ള വെട്ടേറ്റു വഴിയിലേക്ക് വീണു.വഴിയിൽ വെട്ടുകൊണ്ട് വീണവരെ ആരൊക്കെയോ ദൂരേക്ക് വലിച്ചുകൊണ്ട് പോയി.

ഒമിനി വാനിന്റെ അടുത്തെത്തിയ ജോഷി  താഴേക്കു കുനിഞ്ഞു ടയറിലേക്ക് നോക്കി. അതേ സമയം ഒമിനി വാനിന്റെ സൈഡ് ഡോർ തുറന്നു ഒരാൾ പുറത്തേക്കിറങ്ങി. ശബ്‌ദം കേട്ടു ജോഷി  തിരിഞ്ഞു നോക്കിയതും മുൻപിൽ നിന്നയാളുടെ കയ്യിലിരുന്ന കത്തി ജോഷിയുടെ വയറിനുള്ളിലൂടെ കടന്നു പോയി. നിലവിളിച്ച ജോഷിയുടെ മുഖം പുറകിൽ നിന്നും മറ്റൊരാൾ തുണികൊണ്ട് മൂടി.  വയറിൽ കുത്തി ഇറക്കിയ കത്തി  വലിച്ചൂരി  അയാൾ വീണ്ടും വീണ്ടും ജോഷിയുടെ നെഞ്ചിൽ കുത്തിയിറക്കി….

ജോഷിയെ നോക്കിയിരുന്നു മയങ്ങി പോയ കാർലോസ് ഗേറ്റിൽ ഏതോ വണ്ടിയുടെ ഒച്ച കേട്ടാണ് ഉണർന്നത്. കുറച്ചുനേരം നിർത്തിയ വാഹനം മുൻപോട്ടു പോയി.

നേരം വെളുക്കാറായിരിക്കുന്നു.

കാർലോസ് കതകു തുറന്നു പുറത്തേക്കിറങ്ങി. മുറ്റത്തും പരിസരത്തും  മഞ്ഞു മൂടി കിടക്കുകയാണ്. സൂക്ഷിച്ചു നോക്കിയ കാർലോസ് മുറ്റത്തു ഒരു വീപ്പ ഇരിക്കുന്നത് കണ്ടു. ആസിഡ് ഒഴിച്ചു വയ്ക്കുന്ന വീപ്പ ആര് ഇവിടെ കൊണ്ട് വച്ചു എന്നോർത്ത് ഒന്ന് കൂടി നോക്കിയപ്പോൾ വീപ്പയുടെ മുകളിലേക്കു എന്തോ പൊങ്ങി നിൽക്കുന്നത് പോലെ തോന്നി.

കാർലോസ് മുറ്റത്തേക്കിറങ്ങി വീപ്പയുടെ അടുത്തേക്ക് നടന്നു. അടുത്ത് ചെന്നു സൂക്ഷിച്ചു നോക്കിയ കാർലോസ് ഞെട്ടി പുറകോട്ടു മാറി. വീപ്പക്കുള്ളിലെ ആസിഡിൽ തലകുത്തി നിർത്തിയ ഒരു മനുഷ്യ ശരീരം ആസിഡിനുള്ളിൽ മുങ്ങി കിടന്ന തലയും നെഞ്ചിന്റെ ഭാഗവും ദ്രവിച്ചിരിക്കുന്നു. കാലിലേക്ക് നോക്കിയ കാർലോസ് അലറി വിളിച്ചു.

അത് ജോഷിയുടെ ശരീരം ആയിരുന്നു!!!

                              (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

3.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!