Skip to content

ദുർഗ്ഗ – ഭാഗം 2

durga novel

“പകരം ആരെങ്കിലും ഉണ്ടോ? മുഹൂർത്തം ഇനിയും കഴിഞ്ഞിട്ടില്യ…”

ശാന്തി വേഗം വന്നു ചോദിച്ചു. പകരം എടുക്കാൻ ഇതെന്താ? എനിക്ക് ദേഷ്യം വന്നു..

“ഉണ്ട്.. ഉണ്ട്.. എന്റെ ഇളയ മോൾ.. ദുർഗ്ഗ….!”

അവളുടെ അച്ഛൻ അത് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാൻ മാത്രം അല്ല.. എല്ലാവരും ഒരുമിച്ചു ഞെട്ടി.. അത് കേട്ട് വിറച്ചു ചോര വാർന്നു നിൽക്കുന്ന ദുർഗ്ഗയെ ഞാൻ കണ്ടു.

“ഏയ് വേണ്ട.. അതൊന്നും ശരിയാകില്ല…”

ഞാൻ അയാളുടെ കൈ വിടുവിച്ചു നടന്നു..

“മോളെ.. ഒന്ന് പറയടീ… എന്റെ പൊന്നു മോളല്ലേ ? അച്ഛന്റെ മാനം രക്ഷിക്ക്‌ മോളെ…നമ്മൾ കാരണം ആ ചെക്കൻ…..”

അയാൾ അവളോട് കെഞ്ചുന്നത് ഞാൻ കെട്ടു..

“സമ്മതം.. എനിക്ക് സമ്മതം.. “

ദുർഗ്ഗയുടെ വാക്കുകൾ അടുത്ത ഇടിമുഴക്കി.. ഒരു നിമിഷം.. എല്ലാവരും നിശബ്ദർ ആയി..

എന്റെ കാലുകൾ നിലത്തു ഉറച്ചത് പോലെ ആയി.. അപ്പു എന്റെ കയ്യിൽ പിടിച്ചു..

“എന്നാൽ ഇരുത്തിക്കോളൂ.. സമയം ഇല്ല്യ..”

ശാന്തി തിടുക്കം കൂട്ടി.. അത് കേട്ടതും അപ്പു എന്നെ വലിച്ചു കൊണ്ടുപോയി മണ്ഡപത്തിൽ എത്തിച്ചു..

“ഇല്ല മോളെ.. ഇത് ശരിയാകില്ല.. പ്ലീസ്‌…”

ഞാൻ അപ്പുവിനോട് കെഞ്ചി പറഞ്ഞു..

“ഷറ്റ്‌ ദി ഹെൽ അപ്പ് ഏട്ടാ.. ഡോണ്ട് സെ എ ഡാം വേർഡ്…!”

അവൾ അതും പറഞ്ഞു എന്നെ ബലം പിടിച്ചു മണ്ഡപത്തിൽ ഇരുത്തി. ഞാൻ എണീറ്റ് പോകാൻ നോക്കി.. അമ്മ എന്നെ അവിടെ പിടിച്ചു ഇരുത്തി..

“മോനെ.. കുഴപ്പം ഒന്നും കാണിക്കല്ലേ.. മോൻ അവളെ കെട്ടണം…”

അമ്മ കൂടി അത് പറഞ്ഞതോടെ ഞാൻ അകെ ചെകുത്താനും കടലിനും നടുക്ക് പെട്ടത് പോലെ ആയി.. നിമിഷ നേരം കൊണ്ട് അവർ ദുർഗ്ഗയെ ഒരുക്കി കൊണ്ടുവന്നു..

എനിക്ക് ഇറങ്ങി ഓടാൻ തോന്നി.. കാരണം ഞാൻ വന്നപ്പോൾ ദുർഗ്ഗയെ ആഗ്രഹിച്ചിരുന്നു എങ്കിലും ഞാൻ ലക്ഷ്മിയും ആയി പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു.. ലച്ചുവിന് പകരം വേറെ ആരും ഇല്ല എന്ന നില..

അപ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്..

അവൾ വന്നു എന്റെ അടുത്ത് ഇരുന്നു…

ദുർഗയെ ഞാൻ ഒന്ന് പാളി നോക്കി.. എന്താണ് ഭാവം എന്ന് പറയാൻ പറ്റുന്നില്ല.. നിർവികാരം ആണെന്ന് തോന്നി..

അവൾ എന്റെ അടുത്ത് വന്നിരുന്നു. ചടങ്ങുകൾ തുടങ്ങി. ശാന്തി താലി എന്റെ കയ്യിൽ തന്നു..

അവളുടെ മുടി പൊക്കി എനിക്ക് കെട്ടാൻ പാകത്തിന് ആരോ അവളെ തയാറാക്കി.. എന്നാൽ താലി പൊക്കി അവളുടെ കഴുത്തിൽ എത്തിച്ച ഞാൻ.. എനിക്ക് ശക്തമായ വികാരത്തള്ളിച്ച ഉണ്ടായി..

ചുണ്ടുകൾ കടിച്ചമർത്തി മുഖം കുനിച്ച എന്റെ കണ്ണിൽ നിന്നും കണ്ണുനീർ കുടുകുടെ ചാടി…

“മോനെ.. ദേവിയെ മനസ്സിൽ വിളിച്ചു താലി കെട്ടുക…ഇത് ദേവിയുടെ തീരുമാനം ആണ്..”

ശാന്തിയുടെ വാക്കുകൾ..

“കെട്ടിക്കോട്ടെ?”

ഞാൻ കരച്ചിൽ ഒതുക്കി അവളോട് ചോദിച്ചു.. അവൾ എന്നെ ഒന്ന് നോക്കി.. മെല്ലെ തല ആട്ടി കാണിച്ചു.. കെട്ടിക്കോളു എന്ന്..

കെട്ടി.. കരഞ്ഞു കൊണ്ട് തന്നെ താലി കെട്ടി..

തകർന്നിരുന്നു എന്റെ ഹൃദയം.. എന്റെ എല്ലാം എല്ലാം ആയ ലച്ചു പോയി.. എന്നെ വിട്ടു പോയി..

പകരം അനിയത്തിയുടെ സ്ഥാനത്തു കണ്ടിരുന്ന ദുർഗ്ഗ ഇതാ എന്റെ ഭാര്യാ ആയിരിക്കുന്നു..

അവളുടെ നെറ്റിയിൽ സിന്ധുരം തൊടുവിച്ചു..

അവൾ എനിക്ക് പൂവും തുളസിയും കെട്ടിയ മാല അണിയിച്ചു തന്നപ്പോൾ മിഴികൾ പൊക്കി എന്നെ ഒന്ന് നോക്കി.. നനഞ്ഞിരുന്നു ആ കരിംകൂവള മിഴികൾ..

തിരിച്ചു മാല ഇട്ടു കൊടുത്തു..

അവളുടെ കൈ പിടിച്ചു മണ്ഡപം ചുറ്റുമ്പോൾ എനിക്ക് ആ കൈ പൊള്ളുന്നത് പോലെ തോന്നി..

ബാക്കി എല്ലാം യാന്ദ്രികം ആയിരുന്നു.. ഊണ് കഴിക്കാൻ ഇരുത്തിയ ഞങ്ങൾ ചോറിൽ വിരൽ ഇട്ടു ഇളക്കി വെറുതെ ഇരുന്നു.

ഞാൻ അവളോട് പറയാതെ തന്നെ എണീറ്റ് കൈ കഴുകി.. എങ്ങനെ എങ്കിലും വീട്ടിൽ ഒന്ന് എത്തിയാൽ മതി എന്ന് തോന്നി..

ഞങ്ങളെ അവിടെ നിന്നും യാത്ര ആക്കുമ്പോൾ അവർ അവളെ കെട്ടിപിടിച്ചു കരഞ്ഞു.. ഈ മകളെ പിരിയേണ്ടി വരും എന്ന് അവർ വിചാരിച്ചിട്ടുണ്ടാകില്ല.. എനിക്കും സങ്കടം തോന്നി..

ദുർഗ്ഗ അനങ്ങാതെ നിൽക്കുകയായിരുന്നു.. അവൾ കാറിൽ കയറി തല കുനിച്ചു ഇരുന്നു..

അമ്പലത്തിൽ പോയി പ്രാർത്ഥിച്ചപ്പോൾ എനിക്ക് വീണ്ടും കണ്ണ് നിറഞ്ഞു.. എന്നാൽ ദുർഗ്ഗ അപ്പോഴും ഒരു നിർവികാരതയിൽ ആയിരുന്നു..

“ദേവീ മാറി നിൽക്കുമല്ലോ…”

പുറകിൽ നിന്നും ആരോ പറഞ്ഞത് കേട്ട് ഞാൻ ദുർഗ്ഗയെ നോക്കി..

കൈ കൂപ്പി കണ്ണുകൾ അടച്ചു പട്ടിൽ പൊതിഞ്ഞു നിൽക്കുന്ന സ്ത്രീ രൂപം.. തിങ്ങിയ കൺപീലികൾ നനഞ്ഞിട്ടുണ്ടോ..?

ഞാൻ നോട്ടം മാറ്റി..

വീട്ടിൽ എത്തി..

ലക്ഷ്മിക്ക് പകരം ദുർഗ്ഗ വലത് കാൽ വച്ച് നിലവിളക്കും ആയി അകത്തേക്ക് കയറി..

ഞാൻ നേരെ റൂമിൽ പോയി ഇരുന്നു. വേഗം കുളിച്ചു ഡ്രസ്സ് മാറി. മുണ്ടും ഒരു ക്രീം കളർ ഷർട്ടും ഇട്ടു. എന്തൊക്കെയോ യാന്ദ്രികം ആയി ചെയ്യുന്നു.

ഞാൻ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ദുർഗ്ഗ സ്റ്റെപ് കയറി വന്നു.. അപ്പു ഉണ്ടായിരുന്നു ഒപ്പം..

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു.. ഞാൻ താഴേക്ക് നടന്നു..

അവൾ തിരിച്ചു വന്നത് പച്ച കളർ സാരി ചുറ്റി ആണ്..

ആളുകൾ ഒക്കെ അവളെ നോക്കി നിൽക്കുന്നത് കണ്ടു.. എല്ലാവരും എന്റെ ഭാഗ്യം ആയി ആണ് കണക്കാക്കുന്നത്.. എന്നാൽ എന്റെ ഹൃദയം ഇപ്പോഴും ലക്ഷ്മിയുടെ കയ്യിൽ ആണെന്ന് ആരറിഞ്ഞു? 

എന്തൊക്കെ നടന്നു എന്ന് എനിക്ക് പോലും ഓർമ ഇല്ല.. ബഫൂൺ പോലെ നിന്ന് കൊടുത്തു.. ഞാനും അവളും.

എല്ലാം തീർത്തു വീണ്ടും റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു..

വെളുത്ത അനാർക്കലി ചുരിദാർ.. ദേവത പോലെ ഉണ്ട്..

ഞാൻ റൂമിൽ കയറിയതും അവൾ എണീറ്റ് നിന്നു..

“ദുർഗ്ഗാ എന്നോട് ക്ഷമിക്കണം….”

ഞാൻ അത് പറഞ്ഞപ്പോൾ..

“ക്ഷമ ചോദിക്കാനുള്ള യോഗ്യത പോലും ഇല്ലാത്തവർ അല്ലെ ഏട്ടാ ഞങ്ങൾ ഒക്കെ? ചേച്ചി ഇങ്ങനെ ചെയ്യും എന്ന്… ആരും നിരീച്ചില്ല….”

അവൾ തല താഴ്ത്തി..

“എന്നാലും ദുർഗ്ഗെ.. നിനക്ക് ഒരു കാമുകൻ ഉണ്ടായിട്ടും നീ സമ്മതിച്ചത് എന്തിനാ മോളെ? “

ഞാൻ സങ്കടത്തോടെ അവളോട് ചോദിച്ചു.. അവൾ മുഖം ഉയർത്തി.. ബെഡിൽ ചാരി ഇരുന്നു.

ഞാനും ബെഡിൽ ഇരുന്നു..

“ഏട്ടാ.. ഞാൻ കഴിഞ്ഞ ആഴ്ച അവനുമായി ബ്രേക്ക്അപ്പ് ആയി…”

അവൾ തെല്ലു വേദനയോടെ പറഞ്ഞു..

“ങേ? എന്തിന്? നിനക്ക് അവനെ വലിയ ഇഷ്ട്ടം ആണെന്നല്ല പറഞ്ഞത്?”

“ആയിരുന്നു.. എന്നാൽ കഴിഞ്ഞ ആഴ്ച അവൻ എന്നെ അവന്റെ വീട്ടിലേക്ക് വിളിച്ചു അമ്മയെ കാണിക്കാം എന്ന് പറഞ്ഞു.. ഞാൻ ചെന്നു.. എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നു.. അപ്പോഴേ എനിക്ക് സംശയം തോന്നി.. പിന്നെ അവൻ വിളിച്ചപ്പോൾ അവന്റെ ഒപ്പം റൂമിൽ ചെന്നു.. എനിക്ക് വേറെ ഉദ്ദേശം ഒന്നും ഇല്ലായിരുന്നു.. എന്നാൽ അവൻ കതക് അടച്ചപ്പോൾ എനിക്ക് അപകടം മണത്തു.. അത് പോലെ മേശയിൽ ബുക്കിന്റെ ഇടയിൽ ഇരിക്കുന്ന ക്യാമറയും ഞാൻ കണ്ടു..

ഞാൻ വേഗം ബാഗിൽ നിന്നും പേപ്പർ സ്പ്രൈ എടുത്തു അവന്റെ കണ്ണിൽ അടിച്ചു, അവന്റെനാഭിക്ക് ഒരു ചവിട്ടും കൊടുത്തു,  ക്യാമറയും എടുത്തു അവരുടെ വീട്ടിലെ കിണറ്റിൽ ഇട്ടിട്ടാണ് വന്നത്.. എല്ലാം അവസാനിപ്പിച്ചു.. അവൻ സോറി പറഞ്ഞു.. എന്നാലും വേണ്ട.. കാരണം പെണ്ണിന്റെ മനസിനെ സ്നേഹിക്കുന്നവൻ ആണ് യഥാർത്ഥ പുരുഷൻ..”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ആരാധനയോടെ അവളെ നോക്കി.. എല്ലാം പെൺപിള്ളേരും ഇങ്ങനെ ഒരു വീക്ഷണം ഉള്ളവർ ആയിരുന്നുങ്കിൽ പലരുടെയും മാനം പോകില്ലായിരുന്നു..

“മ്മ്മ്.. സോറി.. വേണ്ടാത്തത് ജീവിതത്തിൽ നിന്നും താനേ പോകും…”

ഞാൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

“ഏട്ടന് ചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലെ? ഒരു ഔട്ട് ഓഫ് 10… എത്ര? ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അറിഞ്ഞു പെരുമാറാൻ ആണ്..”

അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ഉത്തരം പറയാൻ കഴിഞ്ഞില്ല..

“ഞാൻ.. എനിക്ക്.. അങ്ങനെ പറയാൻ പറ്റില്ല.. ആദ്യ പ്രണയം ആണ് നിന്റെ ചേച്ചി.. ഒന്ന് പറയാം.. ഇന്ന് നിന്റെ സ്ഥാനത്ത് അവൾ ആയിരുന്നു ഇവിടെ എങ്കിൽ ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ളയാൾ ഞാൻ തന്നെ ആയേനെ..”

അത് പറഞ്ഞു മുഖം താഴ്ത്തിയപ്പോൾ എന്റെ കണ്ണിൽ നിന്നും ചൂട് നീര് താഴ്ത്തേക്കു ഉറ്റി..

“ഏട്ടാ.. കരയരുത്.. ഏട്ടൻ ജനിച്ചത് അവളുടെ ഒപ്പം അല്ലല്ലോ.. അത് കൊണ്ട് ന്റെഏട്ടന് അവൾ ഇല്ലാതെയും ജീവിക്കാം.. ഞാൻ മാറ്റാം ഏട്ടന്റെ സങ്കടങ്ങൾ… ഇത് ദുർഗ്ഗ ആണ്.. ലക്ഷ്മി അല്ല…”

അവൾ അത് പറഞ്ഞു എന്റെ മുടിയിൽ കൂടി ഒന്ന് വിരൽ ഓടിച്ചു.. എനിക്ക് ഒത്തിരി സമാധാനം തോന്നി.. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമം നടത്തി..

“ഏട്ടൻ കുളിച്ചിട്ട് വാ.. അകെ കരഞ്ഞു.. ആണുങ്ങൾ ഇങ്ങനെ കരയാൻ പാടില്ല..”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒരു പുഞ്ചിരിയോടെ ബാത്റൂമിലേക്ക് നടന്നു.

ഒരു സമാധാനം തോന്നി.. വന്നവൾ ഇപ്പോൾ തന്നെ എന്റെ വലംകൈ ആയതു പോലെ..

ശരിയാണ്.. ലക്ഷ്മി അല്ല ദുർഗ്ഗ.. എല്ലാം കലങ്ങി തെളിഞ്ഞു വരുന്നത് പോലെ എനിക്ക് തോന്നി..

എന്നാലും ലച്ചു ഒരു വേദന ആയി മനസ്സിൽ.. അവൾ ഒരു സൂചന പോലും തന്നില്ലല്ലോ.. അവളുടെ കണ്ണുകളിൽ കത്തുന്ന പ്രണയം ഞാൻ കണ്ടതാണ്.. ആ അല്ലിചുണ്ടുകളിൽ ഉണ്ടായിരുന്നത് പ്രേമത്തിൽ ചാലിച്ച തേൻ ആയിരുന്നല്ലോ…?

അടുത്ത് നിൽക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ തുള്ളിയിരുന്നു… എന്നിട്ട്.. എന്നിട്ട് എന്നെ ഒരു നോക്കുകുത്തി ആക്കി നിർത്തി അവൾ പൊയ്‌കളഞ്ഞില്ലേ?

ഞാൻ എന്റെ സങ്കടങ്ങൾ ഷവറിൽ നിന്നും ചീറ്റുന്ന വെള്ളത്തിൽ ഒഴുക്കി.. കണ്ണുനീർ തുള്ളികൾ ആയി…

കുളി കഴിഞ്ഞു ഞാൻ തോർത്ത് ചുറ്റി വന്നു.. ഡുർഗ്ഗ തല താഴ്ത്തി എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ടായിരുന്നു.. പുറം കഴുത്തിൽ നിന്നും മുടി മാറി മാല കാണാം.. അല്പം രോമം ഉള്ള കഴുത്ത്.. എന്നാൽ അവളുടെ നിറവും സ്വർണത്തിന്റെ നിറവും ഏതാണെന്നു അറിയുന്നില്ല.

ഞാൻ ഒരു ഷോർട്സും ബനിയനും ഇട്ടു മുടി ഒന്ന് ഒതുക്കി..

“ഈ റൂം വേറെ ആരെങ്കിലും കിടക്കാൻ ഉപയോഗിച്ചിരുന്നോ?”

അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. അവൾ കരഞ്ഞോ? മുഖം വല്ലാതെ ഇരിക്കുന്നു.. ഇത്ര നേരം കണ്ടതുപോലെ അല്ല.

“ഇല്ല.. ഇതിൽ അപ്പു പോലും കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല…”

ഞാൻ അവൾക്ക് നേരെ തിരിഞ്ഞു. ബെഡിൽ ഇരുന്നു. അവൾ ഗൗരവത്തിൽ ആണ്.

“ഇന്നലെ ഒറ്റക്ക് ആയിരുന്നോ? ഇവിടെ ആണോ കിടന്നത്?”

“എന്താ? ഞാൻ കിടന്നതു 4 മണി ആയി. അത് വരെ റൂം പൂട്ടി താക്കോൽ എന്റെ കയ്യിൽ തന്നെ ആയിരുന്നു.. വേറെ ആരും കയറില്ല.. എന്താ ദുർഗ്ഗെ?”

“അപ്പോൾ.. അപ്പോൾ എന്റെ ചേച്ചിയെ അടക്കം ചതിക്കുക ആയിരുന്നു അല്ലെ നിങ്ങൾ?”

അത് ചോദിച്ചു അവൾ പല്ലുഞെരിച്ചു കൊണ്ട് മുഖം പൊക്കി.. കരിമഷി എഴുതിയ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ ഞാൻ ഒന്ന് പതറി..

ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖം… അവളുടെ ഭാവമാറ്റം കണ്ടു ഞെട്ടിവിറച്ചു ഞാൻ ഇരുന്നു.. ശ്വാസം പോലും വലിക്കാൻ മറന്ന്…

തുടരും

 

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!