ഒരു മാനിക്വിൻ കഥ
8 – പരിണാമം
വെള്ളകീറിയ ആകാശത്തിനു കുറുകെ പക്ഷിക്കൂട്ടങ്ങൾ പറന്നുപോയി വഴിയുണർത്തുന്ന വണ്ടികൾ എത്തി. ഉണരാത്ത മനുഷ്യരെ ഉണർത്താൻ പട്ടികൾ നീട്ടിക്കുരക്കുകയും കോഴികൾ നീട്ടിക്കൂവുകയും ചെയ്തു.
സുകു വീട്ടിലേക്കു പോവാതെ അവിടെ ചുറ്റിപ്പറ്റി നിന്ന്.ഒൻപതു മണിക്ക് മുൻപേ രാജിയും, അമ്മിണിയും ജെസ്സിയും എത്തി. ഷേർളിയും ചിന്നമ്മക്കും കുട്ടികളെ സ്കൂളിൽ ഒരുക്കി വിടേണ്ടതുകൊണ്ടു വരുമ്പോൾ കുറച്ചു താമസിക്കും.
പീതാംബരനും സുഗുണനും ബൈക്കിൽ വന്നിറങ്ങി. സുഗുണൻ ലോക്ക് തുറന്നു ഷട്ടർ പൊന്തിച്ചു.
സുകുവിനെ കണ്ടു പീതാംബരൻ കുശലം ചോദിച്ചു.
“എന്താ സുകു.. ഇതുവരെ പോയില്ലേ?”
“ചേട്ടാ.. ഒരു കാര്യം പറഞ്ഞിട്ട് പോകാമെന്നു കരുതി നിന്നതാ ..”
“എന്നോടോ?”
“അതെ..”
ഏതാനും ദിവസങ്ങൾക്കു ശേഷം ലക്ഷ്മി റെഡിമേഡ് ഷോപ്പിൽ കുറെ മാറ്റിമറിക്കാൻ ചെയ്തു. ഗാർമെന്റ്സുകളുടെ സ്ഥലം മാറി. ലേഡീസ് ഗാർമെന്റ്സ്, കുട്ടികളുടെ ഡ്രെസ്സുകൾക്ക് അടുത്തേക്കായി. കാഷ്യൽവെയർ മുൻപിലെത്തി.
എല്ലായിടവും ഡെറ്റോളും മഞ്ഞൾ വെള്ളവും തളിച്ച് തുടച്ചെടുത്തു.
ക്യാഷ് കൗണ്ടറിന്റെ പിന്നിൽ ചുവരിലെ ശാസ്താവിന്റെ ചിത്രം തുടച്ചു മിനുക്കി, പുതിയ ജമന്തിപ്പൂക്കൾ അണിയിച്ചു.
മാനിക്വിനുകളെ പിൻഭാഗത്തു കൊണ്ടുപോയി തുണിയുരിഞ്ഞു മഞ്ഞൾ വെള്ളത്തിൽ കുളിപ്പിച്ച് തോർത്തിയെടുത്തു. അവർക്ക് നിൽക്കാൻ പുതിയ സ്ഥാനങ്ങൾ കൊടുത്തു. എല്ലാ മൂന്നു ദിവസങ്ങൾ കൂടുമ്പോഴും അവരുടെ വേഷങ്ങൾ മാറുന്നതിന്റെ ചുമതല ഷേർളിയെയും ചിന്നമ്മയെയും ഏല്പിച്ചു.
കടയുടെ ഉള്ളിലെ സ്റ്റോർ റൂമും പുതിയ രീതിയിൽ അടുക്കിവച്ചു. കടയുടെ ഓരോ കോണിലും നിന്ന് അയാൾ വീക്ഷിച്ചു വീണ്ടും ചിലതൊക്കെ മാറ്റി സ്ഥാപിച്ചു. ഷോപ്പിനു ആകെപ്പാടെ ഒരു പുതുമയും വെളിച്ചവും വന്നുവെന്നു പീതാംബരൻ ഉറപ്പു വരുത്തി.
ഷോറൂമിന്റെ പിന്നിലെ കോറിഡോറിന്റെ ഇടതു വശത്തായാണ് സ്റ്റോർറൂം. അശ്രദ്ധമായി കിടന്നിരുന്ന കെട്ടുകൾക്കിരിക്കാൻ പുതിയ ഷെൽഫുകൾ എത്തി. സ്റ്റോറിന്റെ വാതിലിൽ അഴികളിട്ട ജനാല പുതിയതായി പിടിപ്പിച്ചതാണ്. സ്റ്റോറിനുള്ളിലെ ലൈറ്റുകളുടെ വോൾടേജ് കൂട്ടുകയും പുതിയ ഒരു ലൈറ്റ് കൂടി പിടിപ്പിക്കുകയും ചെയ്തപ്പോൾ സ്റ്റോർ റൂമിന്റെ രഹസ്യങ്ങൾ മൂടിയ ഇരുട്ടിന്റെ കോണുകൾ ഇല്ലാതായി. പീതാംബരൻ കുറേനേരം അതിനുള്ളിൽ നിശബ്ദനായി കണ്ണടച്ചു നിന്നു. കേൾകാതെ പോയ അടക്കംപറച്ചിലുകളും വികാരവിക്ഷോഭങ്ങളും ഇനിയും തങ്ങി നിൽക്കുന്നുണ്ടോ? കാണാതെ പോയ തോൽ പാവക്കൂത്തിന്റെ ഇടം. ചെണ്ടയും മദ്ദളവും ഇലത്താളവുമില്ലാതെ ആടിയ നിഴൽകൂത്തുകളുടെ അവശേഷിപ്പുകൾ ഇനിയുമുണ്ടോ?
ഏതാനും ദിവസങ്ങൾക്കു മുൻപ് വാങ്ങി സ്റ്റോർറൂമിൽ ഉറപ്പിച്ചിരുന്ന സിസിടിവി ക്യാമറ മാത്രം മാറ്റേണ്ടെന്ന് പീതാംബരൻ തീരുമാനിച്ചു.
ഒരു പുത്തൻ ഗാംഭിര്യത്തോടെ കട വീണ്ടും തുറന്നപ്പോൾ രാവിലെ എല്ലാവരും കടയ്ക്കുള്ളിൽ നിന്ന് പ്രാർത്ഥിച്ചു.
ഓം ഗണപതയെ നമഹ.. ഒൻപതു തവണ..
ഹാലേലുയ്യ വിളിക്കുന്ന ചിന്നമ്മയും, ഓർത്തഡോൿസ് ക്രിസ്ത്യാനിയായ ഷേർളിയും അതിൽ മടിയില്ലാതെ പങ്കെടുത്തു.
തുടർന്ന് ക്യാഷ് കൗണ്ടറിനു പിന്നിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്ന് ബാക്കിയുള്ള പ്രാർത്ഥനകൾ ചൊല്ലി നൂറ്റിയെട്ടു തികച്ചു.
ആ കൂട്ടത്തിൽ സുഗുണനും ജെസ്സിയും ഉണ്ടായിരുന്നില്ല.
രാത്രിയിൽ വീട്ടിലേക്കു പോകും മുൻപേ പീതാംബരൻ പതിവ് പോലെ സുകുവിനോട് പറഞ്ഞു.
“സുകുവേ.. പോകുവാ..നമ്മുടെ കടേം കൂടി നോക്കിയേക്കണേ..”
“തീർച്ചയായും…”
സുകു അടുത്തു ചെന്ന് പീതാംബരനോട് ചോദിച്ചു
“ചേട്ടാ.. എന്താണ് സംഭവിച്ചത്?”
“സുകു.. ഓരോന്നിനും ഓരോ കാരണങ്ങളുണ്ടാവും. അത് നമ്മുടെ മുൻപിൽ ഓരോ സമയത്തു ഓരോരോ ലക്ഷണങ്ങളുമായി കടന്നുപോകും. കണ്ണുള്ളവർ കാണും കാതുള്ളവൻ കേൾക്കും എന്നല്ലേ?.
“വെള്ളത്തിലെ ഒരു മഞ്ഞുകട്ടക്കു കീഴിൽ, കാണാൻ പറ്റാത്ത ഒരു മലതന്നെയുണ്ടാവും. ഞാൻ ഗൾഫിൽ നിന്ന് പഠിച്ച ഒരു കാര്യമുണ്ട്.. കാണുന്നതിനേം കേൾക്കുന്നതിനേം ഒന്നും അവഗണിക്കരുത്.. അതിന്റെ സത്യാവസ്ഥ കണ്ടെത്തി നടപടി എടുക്കുക
ഇഫ് യു സീ സംതിങ് .. ഡു സംതിങ് എബൌട്ട് ഇറ്റ്..”
മുഴുവൻ മനസ്സിലായില്ലെങ്കിലും, എന്തോ വലിയ കാര്യമാണ് ഇന്ഗ്ലീഷിൽ പറഞ്ഞതെന്ന് സുകു മനസ്സിലാക്കി.
സ്കൂട്ടർ ഓടിച്ചു പോകുന്ന പീതാംബരനെ നോക്കി സുകു ഒരു പുഞ്ചിരിയോടെ നിന്നു.
സ്കൂട്ടർ കാർഷെഡിലേക്ക് കയറ്റി നിർത്തി ഇറങ്ങുമ്പോഴേക്ക് മീനാക്ഷി കതകു തുറന്നു. അവളുടെ മുഖം കരിവാളിച്ചിരിക്കുന്നതു അയാൾ ശ്രദ്ധിക്കാതെ അകത്തേക്കു കയറി.
“മോളോറങ്ങിയോ?”
“ഉറങ്ങി..”
മീനാക്ഷിക്കു പറയാൻ വിങ്ങി നിന്ന കുറെ പരാതികൾ പുറത്തേക്കു വന്നു.
“അച്ഛൻ വിളിച്ചിരുന്നു.. എന്റെ അനിയനോട് നിങ്ങൾ കാണിച്ചത് അന്യായമല്ലേ? തല്ലി, വീടിനു പുറത്താക്കാൻ മാത്രം അവനെന്തു തെറ്റാണ് ചെയ്തത് ? നിങ്ങൾ ഇത്ര ദുഷ്ടനാവാൻ പാടില്ല.. ലക്ഷ്മിയോട് അവനെന്തു ജീവനായിരുന്നു..”
മീനാക്ഷി പരാതികൾ തുടർന്നുകൊണ്ടിരുന്നു. പീതാംബരൻ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മിയെ നോക്കിനിന്നു . പിന്നെ അവളുടെ ദേഹത്തെ ഉടുപ്പ് നേരെയാക്കിയിട്ടിട്ട് അയാൾ അവളുടെ മുടിയിഴകളിൽ വിരലോടിച്ചു.
തിരിഞ്ഞു മീനാക്ഷിയെ നോക്കി പീതാംബരൻ പറഞ്ഞു.
“നമ്മുടേതിനെ നമ്മൾ നോക്കണം..ചിരിക്കുന്നവരുടെ ഉള്ളു കാണാൻ ചിലപ്പോൾ നമ്മൾ താമസിച്ചു പോയെന്നു വരാം “
മുറ്റത്തു നിലാവ് വെട്ടിത്തിളങ്ങുന്നു. ഡാഷ് ഡോഗ് തന്റെ തളർന്ന ചെവികളുമായി കാൽക്കൽ കിടക്കുന്നു.
പീതാംബരൻ ഉള്ളിലേക്ക് ഒരു ദീർഘശ്വാസം എടുത്തു.
തൂണിലും തുരുമ്പിലും ജീവചൈതന്യമുണ്ട്. ചെവി തുറന്നു പിടിച്ചാൽ സാധാരണ നാം കേൾക്കാത്ത പലതും കേട്ടെന്നു വരും.
നമ്മുടെ വീടിന്റെ ഭിത്തിയും, കതകും, ജനലും, പൂച്ചെട്ടികളും അവയിലെ ചെടികളും, വളർത്തു പട്ടിയുമൊക്കെ നമ്മോടു സംസാരിക്കുന്നുണ്ട്,
ആവലാതികൾ പറയുന്നുണ്ട്
മുന്നറിയിപ്പുകൾ നൽകുന്നുണ്ട്..
പക്ഷെ ഓട്ടങ്ങൾക്കിടയിൽ, നമ്മൾ ഒരു നിമിഷം നിശബ്ദമായിരുന്നു അവക്ക് ചെവി കൊടുക്കണമെന്നു മാത്രം.
0 — 0 — 0 — 0 — 0 — 0
(‘ഒരു മാനിക്വിൻ കഥ’ അവസാനിക്കുന്നു)
എബി ചാക്സ്
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Maniquin Kadha written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission